

മലപ്പുറം: ഭാര്യ ഫാത്തിമക്കുട്ടി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന വേളയിൽ അവരെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കെടി ജലീൽ. ഈ സന്ദർഭത്തിൽ ഇതു പറയാതിരുന്നാൽ മനസ് വിങുമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
നല്ലപാതിയുടെ വിരമിക്കൽ
മൂന്നു പതിറ്റാണ്ടിലധികം നീണ്ട അദ്ധ്യാപന-ഭരണ ചുമതലാ ജോലികളിൽ നിന്ന് എൻ്റെ നല്ലപാതി ഇന്നലെ വിരമിച്ചു. മൂന്നുമക്കളും ഞാനുമടങ്ങുന്ന കുടുംബത്തിൻ്റെ നെടുംതൂണാണ് ഫാത്തിമക്കുട്ടി. ഭാര്യയും ഭർത്താവും ചുമക്കേണ്ട ഭാരങ്ങൾ മിക്കപ്പോഴും അവൾ ഒറ്റക്കാണ് വഹിച്ചത്. രാഷ്ട്രീയ രംഗത്ത് സജീവമായിരിക്കെയാണ് ഞങ്ങളുടെ വിവാഹം നടന്നത്. അവൾ അന്ന് ഫാറൂഖ് കോളേജിൽ എം.എസ്.സി ഫിസിക്സിന് പഠിക്കുന്നു. ഞാനാകട്ടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എംഫിൽ ചെയ്യുന്നു. മലപ്പുറം ജില്ലാ കൗൺസിൽ അംഗവുമായിരുന്നു. നാടുനീളെ പ്രസംഗിച്ചു നടന്ന നാളുകൾ. പ്രത്യേകിച്ച് വരുമാനമൊന്നുമില്ല. ഫാത്തിമക്കുട്ടിക്ക് പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റിൽ അസിസ്റ്റൻ്റ് പോസ്റ്റു മാസ്റ്ററായി അഡ്വൈസ് മെമൊ കിട്ടിയിരുന്നു.
വിവാഹം കഴിഞ്ഞ തൊട്ടുടനെയാണ് അവൾക്ക് ഫാറൂഖ് ട്രൈനിംഗ് കോളേജിൽ ബി.എഡിന് പ്രവേശനം ലഭിച്ചത്. പോസ്റ്റൽ വകുപ്പിൽ ജോലിയിൽ പ്രവേശിക്കാനുള്ള തിയ്യതി നീട്ടി വാങ്ങി. ബി.എഡ് കഴിഞ്ഞപ്പോൾ വളാഞ്ചേരി ഹൈസ്കൂളിൽ ഒരു ഫിസിക്സ് ടീച്ചറുടെ ഒഴിവു വന്നു. നിയമനം ഉറപ്പായതോടെ പോസ്റ്റൽ ഡിപ്പാർട്ടുമെൻ്റിലെ കേന്ദ്ര സർക്കാർ ജോലി രാജിവെച്ചു. അങ്ങിനെ 1993-ൽ ഫാത്തിമക്കുട്ടി അദ്ധ്യാപികയായി. കൃത്യം ഒരു വർഷത്തിനു ശേഷം 1994 നവംബറിൽ തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ഞാനും ലക്ചറർ ആയി ജോലിയിൽ പ്രവേശിച്ചു.
കൂട്ടുകുടുംബത്തിലെ തട്ടലും മുട്ടലുമൊക്കെ ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. എല്ലാറ്റിനെയും അവൾ ക്ഷമയോടെ നേരിട്ടു. ഏതു കൊടുങ്കാറ്റും അതോടെ മന്ദമാരുതനായി. ഒരിക്കൽപോലും എൻ്റെ മാതാപിതാക്കളെ കുറിച്ചോ സഹോദരിമാരെ കുറിച്ചോ അവൾ കുശുമ്പു പറഞ്ഞത് ഞാൻ ഓർക്കുന്നില്ല. രാവിലെ പോയി രാത്രി വൈകി വരുന്ന എന്നോട് പരാതികളോ പരിഭവങ്ങളോ പങ്കുവെച്ച് മുഷിപ്പിച്ചില്ല. ഞങ്ങൾക്ക് മൂന്നു കുട്ടികളാണ്. സിലിക്കൺ വാലിയിൽ എഞ്ചിനീയറായ അസ്മ ബീവി, അഭിഭാഷകനായ മുഹമ്മദ് ഫാറൂഖ്, ഡോക്ടറായ സുമയ്യാ ബീഗം.
വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും മക്കളുടെ എല്ലാ കാര്യങ്ങളും അവൾ തന്നെ നോക്കി. എം.എസ് കഴിഞ്ഞ എഞ്ചിനീയറും ഡിഗ്രി കഴിഞ്ഞ് ത്രിവൽസര എൽ.എൽ.ബി പൂർത്തിയാക്കിയ വക്കീലും കോഴിക്കോട് മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിനിൽ എം.ഡി ചെയ്യുന്ന ഡോക്ടറും ഞങ്ങളുടെ വീട്ടിൽ ഉണ്ടായതിൻ്റെ 100% ക്രെഡിറ്റും എൻ്റെ ജീവിത പങ്കാളിക്കാണ്. ഒരു ബുദ്ധിമുട്ടും അവളെന്നെ അറിയിച്ചില്ല. ആരെപ്പറ്റിയും കുറ്റങ്ങൾ പറഞ്ഞ് അലോസരപ്പെടുത്തിയില്ല. ലളിതമായി ജീവിച്ചു. വിലപിടിപ്പുള്ള ഒന്നും അവൾ ആവശ്യപ്പെട്ടില്ല. കുട്ടികളുടെ ഫീസും പുസ്തകവും എല്ലാം എന്നെ അറിയിക്കാതെ അവൾ തന്നെ കൊടുത്തു. അസുഖമാകുമ്പോൾ അവരെ ആശുപത്രിയിൽ കൊണ്ടുപോയി. ഒന്നിനും എന്നെ കാത്തു നിന്നില്ല. ഞാൻ വരണമെന്ന് വാശി പിടിച്ചില്ല.
2004-ലാണ് സ്വന്തം വീടുണ്ടാക്കി തറവാട്ടിൽ നിന്ന് കാവുംപുറത്തുള്ള വീട്ടിലേക്ക് ഞങ്ങൾ മാറിയത്. അന്നുമുതൽ വീടിൻ്റെ മുഴുഭരണവും നടത്തിയത് നല്ലപാതിയാണ്. കോളേജിൽ ഞാൻ ജോലി ചെയ്ത കാലത്ത് ക്ലാസ് കഴിഞ്ഞ് പല സ്ഥലങ്ങളിലും പ്രസംഗിക്കാൻ പോയി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറിയായപ്പോൾ തിരക്ക് കൂടി. 20 വർഷത്തെ എം.എൽ.എ ജീവിതത്തോട് നീതി പുലർത്താനായത് സഹധർമ്മിണിയുടെ ത്യാഗം കൊണ്ടു കൂടിയാണ്. വീടു വെച്ച ഘട്ടത്തിലും അവൾ കട്ടക്ക് കൂടെ നിന്നു. ജീവിതത്തിൽ സുഹൃത്തുക്കളിൽ നിന്ന് അഞ്ചാറ് ലക്ഷം രൂപ കടം വാങ്ങിയത് വീടുപണിയുടെ സന്ദർഭത്തിലാണ്. എല്ലാം ഒന്നു രണ്ടു വർഷത്തിനുള്ളിൽ തിരിച്ചു കൊടുത്തു. ആ ബാദ്ധ്യത ഭാര്യ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടേയിരുന്നു.
വീടു പണിക്കു ശേഷം ഞാൻ കടം വാങ്ങിയിട്ടേയില്ല. ആവശ്യമുള്ളപ്പോഴൊക്കെ അവൾ എൻ്റെ ബാങ്കറായി. എം.എൽ.എ ആയിരുന്നപ്പോഴും മന്ത്രിയായ ഘട്ടത്തിലും എനിക്ക് കിട്ടുന്ന ശമ്പളം എൻ്റെ വട്ടച്ചെലവുകൾക്കും നമ്മളോട് സഹായമഭ്യർത്ഥിക്കുന്നവരെ സഹായിക്കാനും മാത്രമേ തികയാറുള്ളൂ. വീട്ടിൽ കാര്യമായൊന്നും കൊടുക്കാൻ ഉണ്ടാകാറില്ല. അത് മനസ്സിലാക്കി അവൾ കിട്ടുന്ന വരുമാനത്തിൻ്റെ പരിധിയിൽ ഒതുങ്ങി' ജീവിച്ചു. ആ ശീലം മക്കളെയും പഠിപ്പിച്ചു. ഏതൊരു പുരുഷൻ്റെ ജീവിത വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടാകുമെന്ന് പറയാറുണ്ട്. എൻ്റെ ജീവിതത്തിൽ അത് ഫാത്തിമക്കുട്ടിയാണ്.
അദ്ധ്യാപിക എന്ന നിലയിൽ ടീച്ചർ എങ്ങിനെയായിരുന്നു എന്നു പറയേണ്ടത് കുട്ടികളാണ്. അതവർ പറയട്ടെ. പ്രിൻസിപ്പൽ എന്ന നിലയിൽ ഫാത്തിമക്കുട്ടിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തേണ്ടത് സഹപ്രവർത്തകരും മാനേജ്മെൻ്റുമാണ്. അതവർ നിരീക്ഷിക്കട്ടെ. ഞങ്ങളുടെ കുടുംബ കാര്യങ്ങളിൽ ഫാത്തിമക്കുട്ടി എങ്ങിനെയാണെന്നു മാത്രമാണ് ഞാനിവിടെ ഹ്രസ്വമായി സൂചിപ്പിച്ചത്. അതു പറയാതിരുന്നാൽ മനസ്സ് വിങ്ങും. ഇപ്പോഴല്ലാതെ എപ്പോഴാണ് ഞാനെൻ്റെ നല്ലപാതിയെ കുറിച്ച് പറയുക. മുഴുസമയം അവളുടെ സേവനം വീട്ടിൽ കിട്ടിയതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്.
(എൻ്റെ മകൾ ഡോ: സുമയ്യാ ബീഗം ഉമ്മയെ കുറിച്ച് അവളുടെ മുഖപുസ്തകത്തിൽ എഴുതിയ വരികൾ താഴെ ചേർക്കുന്നു)
“എന്റെ സ്കൂളും എന്റെ കുട്ടികളും” എന്ന് മന്ത്രിച്ചു മൂന്ന് പതിറ്റാണ്ടുകാലം ഉമ്മ ഓടിയ മാരത്തൺ റേസ് ഇന്ന് ഫിനിഷിങ് ലൈനിലെത്തി. വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിന്റെ പ്രിൻസിപ്പലായി ഉമ്മ ഇന്നു വിരമിക്കുകയാണ്. ഒരു യാഥാസ്ഥിതിക ചുറ്റുപാടിൽ നിന്നും കഠിനാധ്വാനവും പ്രതിബദ്ധതയും സമർപ്പണബോധവും മുറുകെ പിടിച്ചു ഉമ്മ നടന്നു കയറിയ ഏറെ പ്രയാസങ്ങൾ നിറഞ്ഞ നാൾ വഴികൾ കണ്ടും കേട്ടും വളർന്നത് കൊണ്ടാകാം എന്റെ ഉള്ളിലെ ഏറ്റവും വലിയ വിപ്ലവകാരിയും സൂപ്പർ ഹീറോയുമൊക്കെ അവർ തന്നെയാണ് . നാട്ടിലെ നേതാവ് ഉപ്പയാണെങ്കിലും വീട്ടിലെ ഞങ്ങളുടെ ചങ്കും ചങ്കിടിപ്പും അനിഷേധ്യ നേതാവും ഉമ്മയായിരുന്നു.
ഞങ്ങളുടെ ഗസൽ ഭവനത്തിൽ 3 തലമുറ പിറവി കൊണ്ടെങ്കിലും പഠിത്തത്തിൽ OG ഉമ്മ തന്നെ. ഒരു പക്ഷെ എന്റെ ഇത്താത്താനെക്കാൾ മുന്നെ സിലിക്കൺ വാലിയിൽ എഞ്ചിനീയറും ഇക്കാക്കനേക്കാൾ മുന്നേ അഡ്വക്കേറ്റും എന്നേക്കാൾ മുന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തേണ്ടിയിരുന്ന ആൾ... ഉമ്മാന്റെ കരുതലിന്റെ തണലിൽ ഞങ്ങൾ വളർന്നു .
ഉപ്പാന്റെ വെല്ലുവിളികളേറിയ രാഷ്ട്രീയ ജീവിതത്തിൽ താങ്ങായും മക്കളുടെ പടനായികയായും സ്കൂളിലെ Strict Physics ടീച്ചർ ആയും ഉമ്മ പകർന്നാടിയ വേഷങ്ങളെല്ലാം ഭംഗിയാക്കി. GenZ യോടൊപ്പം ഓടിയെത്താൻ പണ്ടത്തെ മുറകളൊക്കെ പുനർ പരിശോധിക്കുന്നതിനിടെ അറിയാതെ ഉമ്മ ഒരു Pookie യായി മാറിയിരിക്കുന്നു എന്ന സത്യം ഞങ്ങൾ പോലും വൈകിയാണ് മനസ്സിലാക്കിയത്. Annual Day ക്ക് Dabzee നെ കൊണ്ട് വരണം ടീച്ചറെ എന്ന് പിള്ളേരു പറഞ്ഞപ്പോൾ എന്റെ കുട്ടികളുടെ ഒരാഗ്രഹം അല്ലേന്നു വിചാരിച്ചു കിട്ടാവുന്ന contacts ഒക്കെ വെച്ചു ആള് Dabzee-നെ തേടി പിടിച്ചു . പക്ഷെ പുള്ളിക്കാരൻ maximum discount നു ശേഷം പറഞ്ഞ ഫീസ് കേട്ട് കൈ വിറച്ച ഉമ്മ അതുൽ നെറുകരയെയും റാസയെയും ഇറക്കി കുട്ടികളെ സമാശ്വസിപ്പിച്ചു.
ഏതായാലും ഓട്ടം അവസാനിപ്പിച്ച് വീടണഞ്ഞ ഞങ്ങളുടെ Hero നാളെ മുതൽ എന്ത് ചെയ്യും എന്ന് കട്ടായം ചോദിച്ചാൽ അതിനുമുണ്ട് മൂപത്യാർക്കു മറുപടി: നാട്ടിലെ സന്നദ്ധ സംഘടനയിൽ ചേരും, എന്റെ തൊടിയും ചെടികളും ഒക്കെയായി വേഗത കുറഞ്ഞ ഓട്ടം തുടരും 😊
എല്ലാവിധ ആശംസകളും ഉമ്മക്കുട്ടി..
സ്നേഹത്തോടെ- കുട്ടിമ്മു, അല്ലാ ചട്ടിമ്മു
ഡോ: സുമയ്യ ബീവി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates