കവിതയോരോന്നിലും നിന്‍ വിരലുതന്‍
മൃദുലമാംസ്വേദഗന്ധമീര്‍പ്പങ്ങളും
ധ്വനിതരംമൂകമര്‍ത്ഥകാലങ്ങള്‍തന്‍
വനികയില്‍ പൂത്ത പാരിജാതങ്ങളും
പടരുമേതോപ്രപഞ്ചസ്വപ്നങ്ങള്‍തന്‍
പരിധിയില്‍ പൂത്ത രാഗമീണങ്ങളും
കവിത പെയ്യുന്ന വര്‍ണ്ണബിംബങ്ങള്‍തന്‍
തടിനിതന്നടരിന്നൊഴുക്കത്തു ഞാന്‍
പറയുമോ സഖീ, പണ്ടാ സുമേരുതന്‍
കരയിലായ് പൂത്ത കല്പകേദാരവും
നിധിതിളങ്ങുന്നരുണ വര്‍ണ്ണാഭമാം
ശിലകളില്‍പൂത്ത കാവ്യരൂപങ്ങളും
ശിവദകൈലാസകാഞ്ചനകാന്തിതന്‍
വലയമൊന്നിലായ് ദിവ്യതേജസ്വികള്‍
വിവിധപക്ഷിജാലംദിവ്യമൗഷധ
പ്പൊലിമയേല്‍ക്കുന്ന സ്വര്‍ണ്ണമരീചികള്‍
ലളിതകൂജനത്താലന്തരീക്ഷമുത്
ഗളിതമാകുന്നസംഗീതവേദികള്‍
നിറയെ രത്‌നങ്ങള്‍, മുത്തുകള്‍ മുക്കോടി
മുനികള്‍ ദൈവങ്ങള്‍ ഗന്ധര്‍വ്വ കിന്നരര്‍
ബ്രഹ്മ, വിഷ്ണു, വസിഷ്ഠര്‍, സപ്തര്‍ഷികള്‍
ചന്ദ്രസൂര്യ പ്രദക്ഷിണവീഥികള്‍
ജഠര, ദേവകൂടങ്ങള്‍ പോല്‍ പര്‍വ്വത
ഗരിമയിലഷ്ട  ഗോപുരവീഥികള്‍
ചതുരമാകുംചതുര്‍മുഖലോകമ
ത്യുയരെയഷ്ടദിക്പാലകര്‍തന്‍ പുരി
അവനിമധ്യ മനോവതി ഇന്ദ്രനു
മതിപ്രതാപം പറഞ്ഞമരാവതി
അഗ്‌നിദേവന്റെ സിദ്ധി തേജോവതി
സത്യധര്‍മ്മദേവന്റെ സംയമിനി
നിരവധി രത്‌നപുഷ്പ പൂവാടികള്‍ 
ഉഴറിയെത്തുന്ന വണ്ടിണക്കണ്ണുകള്‍
നിഭൃതമാമിരുള്‍ ചൂഴുമേകങ്ങളില്‍
നിണമണിഞ്ഞു തുടിക്കുന്ന ജീവികള്‍
ചലനമാകും വിശാലതയേ സ്വയം
ജ്വലനമാകുന്ന ചിന്താരഥങ്ങളും
മമതയില്‍താനുദിച്ചും മുദാതെളി
ഞ്ഞുടലുണരുന്ന പ്രേമഹര്‍ഷങ്ങളും
കവിതയാകും തളിര്‍ചില്ലയില്‍ സ്വയം
വരികളാകുന്ന വര്‍ത്തമാനങ്ങളും...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates