'എഴുത്തച്ഛനെഴുതുമ്പോള്‍
സംഭവിപ്പതെന്തെന്നു ഞാനറിയുന്നു'
- സച്ചിദാനന്ദന്‍
കവിയുടെ മൗനത്തില്‍നിന്ന്
മൗനത്വം വാര്‍ന്നുപോകുന്നു.
എവിടെനിന്നോ കൂട്ട നിലവിളി-
ത്തിരകള്‍ വന്നലയ്ക്കുന്നൂ.
രോഷമേഘങ്ങള്‍ മേലെ
ചുവന്നു പരക്കുന്നു
തീമാരിയില്‍ ഭൂമി പനിച്ചൂടില്‍ തിളയ്ക്കുന്നു.
മൗനച്ചുമരുകള്‍ വിണ്ടുകീറുന്നു.
തടവറകളില്‍നിന്ന് തീപ്പക്ഷികള്‍ വന്ന്
കവിമൗനശിഖരത്തില്‍ കുറുകിയിരിക്കുന്നു...
യുദ്ധകാണ്ഡത്തിന്റെ ശബ്ദജാലം വന്ന്
മൗനത്തിരശ്ശീല വലിച്ചുലയ്ക്കുന്നു.
തെളിയുന്നു നരബലിയായ പിതാവിന്റെ
മക്കളുടെ ചാമ്പല്‍മുഖങ്ങള്‍.
കത്തിക്കരിഞ്ഞ പെണ്ണുടലുകള്‍;
വെറുപ്പിന്‍ ചുഴികളില്‍ മുങ്ങി മരിച്ചവര്‍;
വ്യാജച്ചതുപ്പില്‍പ്പുതഞ്ഞ പ്രതീക്ഷകള്‍;
മിണ്ടാതെ മിണ്ടാതെ ഒച്ചായ്ച്ചുരുണ്ടവര്‍;
മിണ്ടിയ തെറ്റിന് മിണ്ടാതെയായവര്‍.
മൗനമനസ്സില്‍ ഒഴിയാത്ത ശബ്ദങ്ങള്‍!
കവിയുടെ കണ്ണില്‍ നിലയ്ക്കാത്ത ദൃശ്യങ്ങള്‍!
ആത്മാവിനുള്ളിലെയൊരു സാന്ദ്ര ബിന്ദുവില്‍
അഗാധ നിശ്ശബ്ദത സ്വന്തമാക്കീ കവി.
ആ മഹാധ്യാന മൗനത്തില്‍ കവിയുടെ
ഹൃദയത്തില്‍ കവിത കണ്ണീരായ് ചുരന്നു പോയ്.
ആ മഹാദുഃഖത്തിനൂര്‍ജ്ജ തരംഗങ്ങള്‍
സഞ്ചരിക്കുന്നൂ മണ്ണിലെല്ലാടവും.
പ്രകമ്പിതം ഭൂമിയുടെ നെഞ്ചം;
ഭയാനകം വേലിയേറ്റം, നിലയ്ക്കാത്ത
മേഘ വിസ്ഫോടനം.
പെരുമ്പാമ്പ് തിരകള്‍ക്കു
തീരത്തു തലയടിച്ചന്ത്യം.
ഒരുപാട് ഹൃദയത്തിലാ മഹാസ്പന്ദനം
പുതിയൊരുന്മാദമായ്ത്തീര്‍ന്നു.
കൊള്ളിമീന്‍ തെരുതെരെ മിന്നിപ്പുളഞ്ഞു;
ആകാശമാഗ്‌നേയ മന്ത്രം ജപിച്ചൂ.
വാക്കിന്‍ കൊടുങ്കാറ്റില്‍ അകലങ്ങള്‍ വഴിമാറി;
കാലം ഗതിമാറിയൊഴുകീ;
മൃതിയെഴാ വചനങ്ങള്‍
ഹൃദയങ്ങളില്‍ കുടിയേറി.
കാരാഗൃഹങ്ങളുടെ കരിങ്കല്‍ച്ചുമരുകള്‍
താനേ വിറച്ചു വീഴുന്നു.
തെരുവുകളില്‍ വാക്കിന്റെ തിരയുയരുന്നു;
മേടകളില്‍ വാക്കിന്റെ കൊടിയുയരുന്നു.
സിരകളില്‍ വാക്കിന്റെ തീ പടരുന്നു;
പ്രണയങ്ങളില്‍ വാക്കു ലഹരിയാവുന്നു.
ഭയത്തിന്റെ ഇരുളറയില്‍ വാക്ക് തിരിവയ്ക്കുന്നു;
കയറിന്‍ കുരുക്കില്‍ വാക്കൊരരളി മലര്‍ വയ്ക്കുന്നു.
വാക്ക് കവിയിലെരിയുന്നു
കവി വാക്കിലെരിയുന്നു,
വാക്ക് കവിയാവുന്നു.
എഴുത്തച്ഛനെഴുതുമ്പോള്‍
വാക്കഗ്‌നിയും ജലവും കൊടുങ്കാറ്റുമാവുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates