Poems

'സിംഗിള്‍ ബെഞ്ച്'- കെ.ജി.എസ് എഴുതിയ കവിത

ഈ രാത്രി പോവുന്നതുംപുലരി വരുന്നതുംഞാന്‍ വിധിക്കാതെ

കെ.ജി.എസ്

ഈ രാത്രി പോവുന്നതും
പുലരി വരുന്നതും
ഞാന്‍ വിധിക്കാതെ.

കുറയ്ക്കുമോ
കൂട്ടുമോ
പോയവ
വരുന്നവയും
എന്നും തനിച്ചായൊ-
രെന്റെ ദു:ഖങ്ങള്‍, 
മുന്‍വിധി, ആധി, ഭീതികള്‍,  
ഞാന്‍ വിധിച്ചാലും? 

ഉദിക്കുമോ തെളിമ, 
വാദ എതിര്‍വാദക്കലക്കങ്ങ-
ളെത്ര ഞാനരിച്ചാലും?
തരുമോ പരമനിഷ്പക്ഷനീതിയെ-
ന്നാത്മ സംവാദം, ഞാന്‍
ലോകാദ്ധ്യക്ഷനായിരുന്നുരുവിടും
വിധിന്യായം? 

മാറി നില്‍ക്കുമോ, ദുര?  ദാരിദ്ര്യം? 
ജാതി? ക്രൗര്യം, അനീതികള്‍?  
കാക്കയുടെ നിറം? പര്‍വ്വതം? 
ഞാന്‍ വിധിച്ചാലും? 
ക്രിസ്തു ചൊന്ന പോല്‍ കടുകിന്‍ മണിയോളമ-
ല്ലൂഴിവാഴ്വോളം ഞാന്‍
എന്നില്‍, എന്‍ വിധിയില്‍, 
വിശ്വസിച്ചാലും?

മാറി നിന്നില്ല, 
വന്നു പിന്നെയും മഴു,
മാറാത്ത കടുവൃദ്ധയെയൊടുക്കാന്‍ മറ്റൊരു 
റസ്‌കോള്‍ നിക്കോഫിനൊപ്പം; യുവ-
കാമുകിയെയൊടുക്കാന്‍ ശങ്കാഹതന്‍
കാമുകന്നൊപ്പം; അറിയാ മാലോകരെ
കൂലിക്ക് കൊല്ലാന്‍ പശ്ചാത്താപ രഹിതര്‍
പാര്‍ട്ടി ഗൂണ്ടകള്‍ക്കൊപ്പം.  

നേതി നേതിയെന്നല്ല
നീതി നീതിയെന്ന്  
വിധി ജപിച്ച് ജപിച്ച് ഞാ-
നീയിരിപ്പിരുന്നിട്ടും.
 
ഈയിടെയൊരു കൊടും വിടനെ
ഞാന്‍ വിധിച്ചു പുണ്യാളനെ, ന്നത് മുതല്‍
എന്നുള്‍ത്തുറുങ്കില്‍ ഞാന്‍ ബന്ദി.
ഞാനെന്റെ നേര്‍ക്കെറിഞ്ഞേക്കുമോ 
മൃതിയെന്ന പേടിയില്‍
സ്വേച്ഛാധിപതി പോലൊറ്റപ്പെടുന്നു 
നീതിപതി ഞാന്‍.

ജഡ്ജി ഞാന്‍ ഈ ജില്ല  
തീരും വര വരെ.
നിയമത്തിന്റെ ഈ കര 
തീര്‍ന്നെന്ന് കടല്‍ 
കോറും വര വരെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: , ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ആദായനികുതി നിയമം, നിരക്കിൽ മാറ്റമില്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT