Poems

'പ്ലാസ്റ്റിക്'- എം.ആര്‍. വിഷ്ണുപ്രസാദ് എഴുതിയ കവിത

പ്രപഞ്ചമുണ്ടാകും മുന്‍പുള്ള  ദൈവം ഇന്നുമുണ്ടെങ്കില്‍ അയാള്‍ നല്ലയിനം പ്ലാസ്റ്റിക്കാണ്

Author : എം.ആര്‍ വിഷ്ണുപ്രസാദ്

പ്രപഞ്ചമുണ്ടാകും മുന്‍പുള്ള  
ദൈവം ഇന്നുമുണ്ടെങ്കില്‍ 
അയാള്‍ നല്ലയിനം പ്ലാസ്റ്റിക്കാണ്.
അഴുകിത്തീരാത്ത സത്യമേ   
തടഞ്ഞുവെച്ച ദുര്‍ഗന്ധമേ    
ശവങ്ങളുടെ നിത്യയൗവ്വനമേ!

'ഞാന്‍ നിന്നെ പ്രേമിക്കുന്നു'
കേള്‍ക്കാന്‍ രസമുണ്ട് 
'എത്ര നാള്‍' എന്ന മറുചോദ്യത്തില്‍
പങ്കിടാനുള്ള ഉമ്മയും 
ചെയ്യാനുള്ള യുദ്ധങ്ങളും 
അഴുകാതെ കിടക്കുന്നു.
അനശ്വരമായതെല്ലാം
പ്ലാസ്റ്റിക്കാണ്;
നമ്മുടെ പ്രേമംപോലെ
അത് രണ്ടുപേരില്‍ മാത്രം
അഴുകാതെ കിടക്കുന്നു.
വിവാഹശേഷമുള്ളതെല്ലാം 
പതുക്കെ മാത്രം അഴുകുന്നു.
വീട് എളുപ്പത്തില്‍ പിരമിഡാകുന്നു
സങ്കല്പിക്കാവുന്നതിലധികം 
പ്രായമുള്ള ശവങ്ങള്‍ നിരോധിച്ച 
പ്ലാസ്റ്റിക് അണിഞ്ഞുകൊണ്ട് 
ഇണചേരുന്നത്  
ഊണ് കഴിക്കുന്നത്
തമാശകള്‍ പറയുന്നത്
നിത്യവഴക്ക് കൊണ്ട്
കല്ലറ കുലുങ്ങുന്നത് 
ദിവ്യായുസ്സ് കൊണ്ട് 
അതിപ്രശസ്തരാകുന്നത്.

കളിപ്പാട്ടത്തിന്റെ 
മിനുസം തൊള്ളയില്‍ കുടുങ്ങി
പയ്യെപ്പയ്യെ  അഴുകാന്‍ തുടങ്ങുന്ന  
കളിക്കുഞ്ഞിന്റെ ചിരി
പിരമിഡിനുള്ളില്‍ മണം വറ്റാതെ. 
അവരുടെ ആയുസ്സ് 
ഭാഷയ്ക്ക് വെളിയിലാണ്.
ഭാഷയില്ലാതെ ജീവിക്കുന്നവര്‍ 
അഴുകാതെ കിടക്കുന്നത്
കുഞ്ഞുങ്ങളുടെ പിരമിഡിലാണ്.

ചൂടായാല്‍ മാത്രം വഴങ്ങുകയും
തല്‍ക്കാലരൂപങ്ങളില്‍
ഉറച്ചുനില്‍ക്കുകയും ചെയ്യുന്നവര്‍ 
ഉരുകുമ്പോള്‍ അവരുടെ 
മുഖഭാവം തന്നെ മാറും 
അവരില്ലാതായി എന്ന് അവര്‍ക്കു തോന്നും
സ്വയം കത്തുമ്പോള്‍ പഴുത്തു ചുളിയും
പുഴകള്‍ സ്വകീയമായി വരളും
മരങ്ങളില്ലാത്ത കൊടുമുടികള്‍
ശാന്തമായി പൊടിഞ്ഞുവീഴും.
കടല്‍ എന്തെന്നില്ലാത്ത
സ്വാഭാവികതയോടെ കരകയറും.
പ്രകൃതി ഒരിക്കലും നശിക്കില്ല.

പ്ലാസ്റ്റിക് അനശ്വരമാണ്
പ്രകൃതിദത്തമാണ്;
ആയുസ്സില്‍ മനുഷ്യനെ
വെല്ലുന്നതുകൊണ്ട്,
എളുപ്പത്തില്‍ അലിയാനുള്ള 
മനസ്സില്ലാത്തതു കൊണ്ട്
നാമതിനെ കൃത്രിമം എന്ന് 
വിളിക്കുന്നുവെന്നേയുള്ളൂ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം