ചപ്പാത്തിമാവുപോലെ ഉരുട്ടിക്കുഴച്ചിട്ടും
പൊറോട്ടപോലെ വലിച്ചുനീട്ടിയിട്ടും
മതിവരാഞ്ഞ്
കണ്ണുകള്‍ രണ്ടും കടിച്ചുപൊട്ടിച്ച്
ചോരയൊലിപ്പിച്ച്
മുറിവാക്കിയിട്ടേ വിട്ടുള്ളൂ കശ്മലന്‍!
ബ്ലൗസിനുള്ളിലേയ്ക്ക്
ആദ്യമേ തിരുകിക്കയറ്റിയ
മുഷിഞ്ഞുപഴകിയ വിയര്‍പ്പുനാറുന്ന
രണ്ടു നൂറുരൂപാ നോട്ടുകളുടെ ഹുങ്ക്!
കുടിക്കുമ്പോള്‍
പകല്‍ ഉണ്ണിക്കുട്ടന്മാര്‍
സമ്മാനിക്കുന്ന വേദനയോര്‍ത്ത്
അച്ഛനു മരുന്നുവാങ്ങാനുള്ള കാശില്‍നിന്ന്
മിച്ചംവെച്ച് അവള്‍ വാങ്ങിയ മില്‍മ
ഒട്ടും വേണ്ടായിരുന്നു ചുണക്കുട്ടന്മാര്‍ക്ക്.
നിങ്ങള്‍ കൂടി വലിച്ചുകുടിച്ച് മുറിവാക്കിക്കോ
എന്ന് സ്വയം ശപിച്ച്
വായില്‍ വെച്ചുകൊടുത്തതേയുള്ളൂ,
മസൃണതയുടെ യശോധാവള്യം
മുഴുവന്‍ കുടിച്ചുവറ്റിക്കവേ
ആത്മാവിലും ശരീരത്തിലും
ഒരുപോലെ മുറിവുണങ്ങുന്ന ധന്യതയില്‍
പാണ്ടിലോറിക്കാരന്‍ കണ്ണന്
മനസ്സില്‍ മാപ്പുനല്‍കി
അവള്‍ ചിന്മയിയായി;
അശ്വനീകുമാരസദൃശരായി നോവാറ്റുന്ന
കജ്ജളോച്ചാടനക്കാരായ
തന്റെ ഉണ്ണിക്കണ്ണന്മാരുടെ
ഔഷധാധരങ്ങളെ പ്രതി!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates