Poems

'മനുഷ്യരില്‍ മാത്രമല്ല'- സച്ചിദാനന്ദന്‍ എഴുതിയ കവിത

മനുഷ്യരില്‍ മാത്രമല്ലകവിതയുള്ളത്, വസ്തുക്കളിലുമുണ്ട്.ഈ കസേരയില്‍,അത് വൃക്ഷമായിനിന്ന്വഴിപോക്കരെ മഴയില്‍നിന്ന്കാത്തതിന്റെ ഓര്‍മ്മകളുണ്ട്

സച്ചിദാനന്ദന്‍

നുഷ്യരില്‍ മാത്രമല്ല
കവിതയുള്ളത്, വസ്തുക്കളിലുമുണ്ട്.
ഈ കസേരയില്‍,
അത് വൃക്ഷമായിനിന്ന്
വഴിപോക്കരെ മഴയില്‍നിന്ന്
കാത്തതിന്റെ ഓര്‍മ്മകളുണ്ട്

ഈ മേശയില്‍ ഇതു പണിത
മനുഷ്യന്റെ അളവുകളും വിരല്‍പ്പാടുകളുമുണ്ട്
ഈ പുസ്തകത്തില്‍
മനുഷ്യര്‍ സ്‌നേഹിക്കുകയും കലഹിക്കുകയും
സന്തോഷിക്കുകയും സങ്കടപ്പെടുകയും
ചെയ്യുന്നുണ്ട്

ഈ നിലത്ത് നിറയെ മാഞ്ഞുപോയ
കാല്‍പ്പാടുകളുണ്ട്
ഈ കാറ്റില്‍ അനേകം മനുഷ്യരുടേയും
മൃഗങ്ങളുടേയും മണങ്ങളുണ്ട്
ഇതാ ഈ കല്ലില്‍പ്പോലും
ഏതോ പ്രാചീന ജീവിയുടെ
അവശിഷ്ടങ്ങളുണ്ട്.

കടല്‍ കരയുടെ തടവില്‍ കിടന്ന്
അലറുന്ന ഒരു ദ്രവജീവിയാണ്
അത് ആകാശത്തെ പ്രണയിച്ചു പ്രണയിച്ചാണ്
ഇത്രമേല്‍ നീലയായത്.

പുഴയില്‍ മുങ്ങി മരിച്ചവരുടെ
കണ്ണുകളാണ് മീനുകളായി പുനര്‍ജ്ജനിക്കുന്നത്
അവയെ ഭക്ഷിക്കുന്നവര്‍
കാഴ്ചകളെയാണ് ഭക്ഷിക്കുന്നത്.

തന്റെ നോട്ടുപുസ്തകത്തില്‍ ഒരു കൊച്ചുപെണ്‍കുട്ടി
കോറിയിട്ട വരകളാണ് മഴയായി പെയ്യുന്നത്

ഒന്നാലോചിച്ചാല്‍, കവിത എല്ലാറ്റിലുമുണ്ട്,
കവിതയില്‍ ഒഴിച്ച്.
അതില്‍ മനുഷ്യരുടെ ആത്മപ്രണയവും
അനശ്വരതയ്ക്കായുള്ള വ്യാമോഹവും മാത്രമേയുള്ളൂ.

മറഞ്ഞുപോയ ഏതോ ഭാഷയ്ക്കുവേണ്ടിയുള്ള
വെറും വിലാപമാണ് കവിത.
അഥവാ, നിലവില്‍ വരാനിടയില്ലാത്ത
ഏതോ ലോകത്തിനുവേണ്ടിയുള്ള
വ്യര്‍ത്ഥമായ നിലവിളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT