പ്രേതമൊന്നു നടന്നിറങ്ങിയോ-
1രാവിയായിത്തമിഴ്നാട്ടിലെത്തി
ചൂടുതിന്നും പകലിന്റെ നെഞ്ചം
ഞാനെടുത്തെന്റെ നെഞ്ചിലായ് വച്ചു.
ആവി വീണ്ടു2മാരല്‍വായ്മൊഴിക്കും
ആടിമാസക്കറുപ്പിന്‍വഴിക്കും
തെല്ലു ചുറ്റി ഞാന്‍ നോക്കിയിരിക്കെ
എല്ലുപോലെന്റെയുള്ളില്‍ക്കുരുങ്ങി
അന്തമറ്റൊരു പോക്കും വരവും!
പ്രേതമേ, ഞാന്‍ മടുത്തു നിന്നാണെ.
3കോയമ്പത്തൂരിലുക്കടം സ്റ്റാന്‍ഡില്‍
ഞാനുമെന്റെ പഴയ കിനാവും
നാട്ടുകാരെയൊളിച്ചൊരു രാത്രി
തങ്ങിയിട്ടു തിരിച്ചുപോരുമ്പോള്‍
ആവിയാകാതെ നില്‍ക്കുന്നു പ്രേതം!
പ്രേമമെന്നു കഴുത്തിലെ സ്റ്റിക്കര്‍
സംഗതി തമിഴ്പ്പേച്ചാണു ചുറ്റും,
ആവിയാവുകയില്ലയോ പ്രേതം?
4മാമല്ലപുരം പാണ്ടിനാടിന്‍മേല്‍
കല്ലുരുട്ടിവച്ചുള്ളതാം കാലം,
5പപ്പനാസ്വാമി പോലെ കിടക്കും
തേവരെക്കണ്ടു നില്‍ക്കുന്നു ഞങ്ങള്‍,
ഞങ്ങളെന്നാല്‍ പറഞ്ഞതുപോലെ
ഞാനുമെന്റെ പഴയകിനാവും.
ഒത്തിരിക്കണ്‍കള്‍ വെട്ടിച്ചു വീണ്ടും
ഒത്തുചേരുവാന്‍ വന്നവര്‍ ഞങ്ങള്‍
ആട്ടോറിക്ഷ തിരുക്കുറല്‍ പേശി
റോട്ടിലോടും തമിഴകച്ചന്തം.
ചേര്‍ന്നിരിക്കെയടുത്തിരിക്കുന്നു
ആവിയായി മറയാത്ത പ്രേതം
എന്റെ തീവ്രം പഴയകിനാവേ
എന്തിനെപ്പൊഴും ആവി കണ്‍മുന്നില്‍?
കണ്‍തുറിച്ചും കദനം നിറച്ചും
കണ്ണു കാണാതെ കണ്ണീര്‍തുളിച്ചും
രണ്ടിടത്തേക്കു പാഞ്ഞു നാം മാറി
കണ്ടിടത്തൊന്നുമെത്താതിരിക്കാന്‍
6മണ്ടയ്ക്കാട്ടു കുടവരുന്നേരം
7കൊല്ലങ്കോട്ടുള്ള തൂക്കം വരുമ്പോള്‍
8വൃശ്ചികക്കാറ്റിലോച്ചിറ നില്‍ക്കെ
9മേടമാസത്തില്‍ തൃശൂരു പോകെ
തമ്മില്‍ത്തമ്മിലറിയാത്തതായി
പേച്ചുപോലും തിരിയാത്തതായി
10ദപ്പാംകൂത്തിനും തായമ്പകയ്ക്കും
രണ്ടായ് താളം പിരിച്ചുതെറ്റിക്കെ
ആവിയാകാത്ത പ്രേതം, കണക്കും
കാലവും തെറ്റിയാകെക്കറങ്ങി
പദ്യമൊക്കെ വെടിഞ്ഞും വെറുത്തും
പട്ടുറുമാലു കീറിയപോലെ
കണ്ണില്‍ക്കണ്ട കവിതയിലെല്ലാം
ചെന്നുകേറിയലമ്പുകാട്ടുന്നു.
ആഭിചാരം പഠിച്ചതില്ലെന്നാല്‍
കാഞ്ഞിരമുട്ടികൊണ്ടുവാ, 11ചെല്ലാ!
12നെഞ്ചുകീറിത്തറയ്ക്കുക നേരിന്‍-
പുഞ്ചിരി! ഹാ കുലീനമാം കള്ളം.
*********************
1 ആവിക്ക് തമിഴിൽ പ്രേതം എന്നും അർത്ഥം
2 ആരൽ വായ്മൊഴി- പഴയ തിരുവിതാംകൂർ അതിർത്തി, ആരുവാമൊഴി എന്നും
3 കോയമ്പത്തൂരിലെ ബസ് സ്റ്റാൻഡ്
4 മാമല്ലപുരം- മഹാബലിപുരം
5 മഹാബലിപുരത്തെ സ്ഥലശായിപ്പെരുമാൾ ക്ഷേത്രം
6, 7 തെക്കൻ തിരുവിതാംകൂറിലെ പ്രസിദ്ധാമായ ഉത്സവങ്ങൾ
8 ഓച്ചിറ പന്ത്രണ്ട് വിളക്ക്
9 തൃശൂർ പൂരം
10 തമിഴിലെ താളപ്രധാനമായ കല
11തിരുവനന്തപുരത്തെ (തെക്കൻ തിരുവിതാംകൂറിലെ) ഒരു വിളിപ്പേര്
12 വൈലോപ്പിള്ളിയുടെ വരികൾ മാറ്റത്തോടെ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates