ഇളകിനില്‍ക്കുന്ന പാല്‍പ്പല്ലുപോലെ
വാര്‍ദ്ധക്യത്തിന്റെ ദിനരാശി
അടര്‍ത്തിക്കളയാന്‍ വയ്യാത്ത
കുഞ്ഞിനെപ്പോലെ.
അതിന്റെ കുലുക്കങ്ങള്‍, നോവ്.
നീരുവെച്ച വിരലുകള്‍ മെല്ലെത്തടവി
നിവര്‍ത്തുമ്പോള്‍
പെട്ടെന്ന് കഴുത്തിലേക്കൂര്‍ന്നുവീണ
വഴുവഴുത്തൊരു ജന്തുവിനെപ്പോലെ
ആ വിരലുകളുടെ
ചുളിയാത്ത, മിനുപ്പുള്ള
ഭൂതകാലം.
ഏറ്റവും നിസ്സഹായനായ കുട്ടിയായി
അച്ഛനിരിക്കുമ്പോള്‍
അവള്‍ക്ക് അയാളുടെ അമ്മയാവാനും
അവര്‍ക്കിടയില്‍ മാത്രം വായിക്കപ്പെട്ട
വേദനയുടെ അക്ഷരമാല പറഞ്ഞു കൊടുക്കുവാനും തോന്നി.
ഗൃഹപാഠം ചെയ്യുന്നൊരു കുട്ടിയെപ്പോലെ
വാക്കിലേക്ക് വഴങ്ങാത്ത വിരലുകള്‍കൊണ്ട്
അയാള്‍ മറന്ന ചിലതെഴുതിപ്പിക്കുവാനും.
മരുന്നുകള്‍ ശ്വാസമാവുന്ന
മുറിയിലെ വെളിച്ചം താഴ്ത്തി,
മറന്നുപോയെന്ന് വേട്ടക്കാരനും
മരിച്ചുപോയാലും മറവിയില്ലെന്ന് ഇരയും
ശഠിക്കുന്ന ഒരേ ഓര്‍മ്മയുടെ കഥ
പറഞ്ഞുകൊടുക്കുന്നു.
മറവിയുടെ മരക്കൂട്ടത്തിനിടയില്‍
ആകെ പൂത്തൊരു ചില്ല പോലെ
തെളിഞ്ഞുനില്‍ക്കുന്നുണ്ട്
അവളുടെ കുട്ടിക്കാലം.
ആ ചില്ലയിലാഴ്ന്ന
കത്തിമുനപോലെ ചിലത്
ഓരോ ഞരക്കത്തിനും കാവലായി
ഉറക്കമറ്റിരിക്കുന്നവള്‍
പണ്ടും ഉറങ്ങിയിട്ടില്ലച്ഛാ,
ഭയം തൊണ്ടവറ്റിച്ച രാത്രികളില്‍
ചുണ്ടോട് ചേര്‍ത്ത ചൂണ്ടുവിരലാല്‍
ശബ്ദങ്ങള്‍ മായ്ക്കപ്പെട്ട കുഞ്ഞുങ്ങള്‍,
അരക്ഷിതത്വങ്ങളുടെയും
അവിശ്വാസങ്ങളുടെയും
അന്തമില്ലാത്ത ഭയങ്ങളുടെയും
രാജ്യം ഓരോ കുഞ്ഞും.
ആ രാജ്യത്തിന്റെ ഭൂപടം നിവര്‍ത്തി
വിറയ്ക്കുന്ന കൈകള്‍ താങ്ങി
അതിലൂടെ അയാളെ
പിടിച്ചു നടത്തുന്നു.
അവിടെയെത്തുമ്പോള്‍ സത്യമായും
അയാള്‍ക്ക് മരിക്കാന്‍ തോന്നും
വിറച്ചുകൊണ്ടയാള്‍
ദാഹജലം പോലെ മരണം ചോദിക്കും
പക്ഷേ,
അങ്ങേയ്ക്കിനി എങ്ങനെയാണ്
മരിക്കാനാവുക?
പന്ത്രണ്ടുകാരി മകളുടെ
ഹൃദയത്തേക്കാള്‍ വലിയ കുഴിമാടം
എവിടെയാണങ്ങയെ കാത്തിരിക്കുന്നത് ?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates