Poems

ഒരുക്കങ്ങള്‍: ചന്ദ്രമതി എഴുതിയ കവിത

നോക്കൂ, ഞാന്‍ മരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതു സംഭവിക്കും.എന്റെ ശരീരം കാണാന്‍ നീ വരണം.

Author : ചന്ദ്രമതി

നോക്കൂ, ഞാന്‍ മരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അതു സംഭവിക്കും.
എന്റെ ശരീരം കാണാന്‍ നീ വരണം.

ഞാന്‍ പറഞ്ഞിട്ടുണ്ട്,
ആവശ്യമില്ലാതെ എന്നെ വിരൂപയാക്കരുത്.
മൂക്കിലെ പഞ്ഞി, താടിയിലെ കെട്ട്,
മുറുക്കെ പിടിച്ചുകെട്ടിയ മുടി,
മൊബൈല്‍ മോര്‍ച്ചറി,
ഇതൊക്കെ ഏറ്റം അനിവാര്യമെങ്കില്‍ മാത്രം.

നല്ല നിറമുള്ള സാരി ഉടുപ്പിക്കണം.
പച്ച, നീല, മെറൂണ്‍...
പുതപ്പിക്കുന്നെങ്കില്‍ നെഞ്ചിനു താഴെ മാത്രം.
മുടി മുഖത്തിനു ചുറ്റും വിടര്‍ത്തിയിടണം
പുരികമെഴുതണം, പൊട്ടുവേണം,
ഇമകളില്‍ കരിപ്പെന്‍സിലോടണം
ചത്തുകിടന്നാലും ചമഞ്ഞു വേണ്ടേ കിടക്കാന്‍?
കാരണം നീ എന്നെക്കാണാന്‍ വരില്ലേ!

എന്റെ സന്തോഷവും കണ്ണുനീരും
വാശിയും പിണക്കവും സ്വപ്നവും ഭീതിയും
എന്നേക്കാളറിഞ്ഞവന്‍
കത്തികള്‍ കൊണ്ട് അവര്‍ വരഞ്ഞ മുറിവുകള്‍
വടുപോലുമില്ലാതെ തലോടി മായ്ച്ചവന്‍
നിന്റെ ലാളനയില്‍
പ്രണയവും കാമവും ജ്വലിച്ചു കത്തിയിരുന്ന
ഈ ശരീരത്തെ അവര്‍ കത്തിച്ചുകളയും
അപ്പോള്‍,
അന്ത്യദര്‍ശനം മനോഹരമാക്കണ്ടേ?

പ്രിയനെ, നീ വരുമ്പോള്‍
ശരീരം വിട്ടുയര്‍ന്നു നില്‍ക്കുന്ന ഞാന്‍
കുളിര്‍മയായി നിന്നെത്തഴുകും
അതു നീ തിരിച്ചറിയണം
പുകച്ചുരുളുകളെ കാണാന്‍ നീ നില്‍ക്കണ്ട.
വിഷാദ ബിന്ദുവായി നിന്‍ മനസ്സില്‍
ഒരു മാത്ര നിന്നിട്ട് ഞാനലിഞ്ഞുപോകും.

ശരീരമില്ലാതെ നമ്മള്‍ നേര്‍ക്കുനേര്‍ വന്നാല്‍
ജീവനേ, നീയെന്നെ തിരിച്ചറിയുമോ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT