തണലില്‍നിന്ന് നോക്കുക.
നട്ടുച്ചയ്ക്ക്,
നടന്നും നാടലഞ്ഞും പൊള്ളുന്ന
കാലടികളാണ്
അയാളുടെ കവിതകള്‍.
പൊട്ടിയ വ്യാകരണ ചെരിപ്പിട്ടിരിക്കുന്ന
നഗ്‌ന വ്യവഹാരങ്ങള്‍.
പടി ചാരിയിറങ്ങുമ്പോള്‍
മിഴി മറയുന്നിടം, കരമണ്ണായ അച്ഛനും,
കാലവാതങ്ങള്‍
കുടഞ്ഞെറിഞ്ഞവയുടെ നിഴല്‍ വീഴുന്ന കടലളവോടെ അമ്മയും,
രണ്ടു പുറംചട്ടകളായി,
വ്യാകുലതയുടെ വൃത്താന്തങ്ങള്‍.
അതിലോരോന്നിലും
മുറിഞ്ഞും കീറിയും തുന്നിയ ഏടുകള്‍.
ഒഴുകിയുമുണങ്ങിയും,
ആദ്യം നിറമായും പിന്നെ കറയായും
മഷിക്കെട്ടുകള്‍.
ബിംബങ്ങളായി ഉടഞ്ഞും
അലങ്കാരങ്ങളായടര്‍ന്നും പടര്‍ന്നത്.
വാക്കുകളായി ഉദിച്ചത്,
വാത്സല്യവുമനുരാഗവും ഇളംചൂടില്‍.
അഴലും വൈരാഗ്യവും
മാരിയും, വെയിലുമായി നനഞ്ഞുണങ്ങി.
നേര്‍മൊഴികള്‍,
ദ്രവിച്ചടര്‍ന്നത് പുച്ഛത്താല്‍ മുഖം
വെട്ടിമാറുന്ന ദശയില്‍
വരിനീളെയര്‍ത്ഥങ്ങള്‍ ചേര്‍ത്തത്
മൃതമായി കമിഴ്ന്നഴുകാനല്ല.
കാതമേറെ പോകുന്ന ഉടലുകളുടെ ചൂടേറ്റ്,
തിളയ്ക്കുവാനാണ്.
കറുത്ത് കിടക്കുന്നത് പ്രണയഖണ്ഡികയല്ല
വേനലേറ്റ് കീറിയ കാലച്ചുകളില്‍
പൊടിഞ്ഞ കനദ്രവം.
പുറത്തിറങ്ങി, നോക്കുക
അയാള്‍ വളഞ്ഞിരുന്നു മിനുക്കുമ്പോള്‍
തെളിയുന്നു
വിയര്‍ത്ത വിരല്‍പ്പാടുകള്‍.
മുറിയാത്ത ഭാഷ കെട്ടിയ വൃത്തത്തില്‍.
നമ്മള്‍, ധരിച്ചിട്ടും
തിരിഞ്ഞു നോക്കാതെ പോകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates