Poems

'ജലം'- രശ്മി കിട്ടപ്പ എഴുതിയ കവിത

വരള്‍ച്ചയുടെ നിവര്‍ത്തിവെച്ച ഭൂപടത്തില്‍എന്റെയിടവുമുണ്ട്അതിന്റെ വരളുന്ന ചുണ്ടുകള്‍വിണ്ടുകീറുന്ന ഉപ്പൂറ്റിപൊള്ളുന്ന ഹൃദയം

രശ്മി കിട്ടപ്പ

രള്‍ച്ചയുടെ നിവര്‍ത്തിവെച്ച ഭൂപടത്തില്‍
എന്റെയിടവുമുണ്ട്
അതിന്റെ വരളുന്ന ചുണ്ടുകള്‍
വിണ്ടുകീറുന്ന ഉപ്പൂറ്റി
പൊള്ളുന്ന ഹൃദയം

ഞാനോ
ജലത്തെയറിഞ്ഞില്ല
ക്ഷാമം എന്റെ ചുറ്റുപാടുകളെ തൊട്ടില്ല

എനിക്ക് ഗംഗയുണ്ടായിരുന്നു
ലജ്ജയില്ലാതെ നിശ്ശബ്ദയായി 
എന്തിനിങ്ങനെ ഒഴുകുന്നുവെന്ന്
ഭൂപന്‍ ഹസാരിക പാടിയ അതേ ഗംഗ
മുകളിലെ കറുത്ത സിന്റക്‌സ് ടാങ്കില്‍
ശ്വാസംമുട്ടിയിരിക്കുന്നവള്‍
അളകനന്ദയുടേയും ഭാഗീരഥിയുടേയും മകള്‍

ശുദ്ധവായുവിനേക്കാള്‍ സുലഭമായവളെ
പച്ചപ്പുല്‍ത്തകിടിയിലേയ്ക്ക് ഞാന്‍ തുറന്നിട്ടു
അരിയും പരിപ്പും പച്ചക്കറികളും
അവളുടെ ധാരാളിത്തത്തില്‍ ചിരിച്ചാര്‍ത്തു 
പ്ലാസ്റ്റിക് കാനുകള്‍ പുറത്തേറ്റി നടക്കുന്ന
എത്യോപ്യയിലെ വരണ്ടമുഖമുള്ള സ്ത്രീകളും
ചാഡിലെ നിത്യവും ചുരുങ്ങുന്ന തടാകവും
ഇരുണ്ട ഭൂഖണ്ഡത്തില്‍നിന്നും എന്നെ തറപ്പിച്ചുനോക്കി
എനിക്ക് ഗംഗയുണ്ടായിരുന്നു
മഹാകുംഭങ്ങളെ നെഞ്ചിലേറ്റുന്നവള്‍

രാജ്ഗീറിലെ ചൂടുറവയെ ഒരിക്കല്‍ തൊട്ടിട്ടുണ്ട്
ബിയാസിന്റെ കൈവഴിയായ 
മനൂനിയുടെ തണുപ്പിലേക്കിറങ്ങിയിട്ടുണ്ട്
എവിടുന്നുവരുന്നെന്നോ എങ്ങോട്ടു പോകുന്നെന്നോ 
അവരോട് ഞാന്‍ ചോദിച്ചില്ല 
അമ്മവീട്ടിലെ കൂവളത്തിനപ്പുറത്തെ വേനല്‍ക്കുളം
എന്റെ ഓര്‍മ്മകളെ നനച്ചതേയില്ല
എനിക്കു ഗംഗയുണ്ടായിരുന്നു
അതിര്‍ത്തിക്കപ്പുറത്ത് പദ്മയെന്ന് പേരുള്ളവള്‍

വേനലിനെ ഞാനകത്തേയ്ക്ക് കടത്തിയില്ല
എന്റെയുള്‍ത്തളങ്ങള്‍ തണുത്തുമരവിച്ചു
പുറത്തെ ഇലയില്ലാമരങ്ങളെ നോക്കി
ചെടിച്ചട്ടികള്‍ അഹങ്കരിച്ചു
ഉണങ്ങിയ മരച്ചില്ലയില്‍
ദാഹം ചിറകുമിനുക്കി
എനിക്ക് ഗംഗയുണ്ടായിരുന്നു
കാശീനാഥനെ കാണാന്‍ ഗതിമാറിയൊഴുകിയവള്‍

വേനല്‍ കത്തി
ഗംഗ ചടച്ചു
പിറകെ ടീസ്റ്റയും യമുനയും
ദൂരെ കൊളറാഡോയും
അമു ദാര്യയും സിന്ധുവും
പിന്നെ മഞ്ഞനദിയും
ചാനലുകളില്‍ വരള്‍ച്ച പടര്‍ന്നു
വെളുത്ത വട്ടമുഖമുള്ള സ്ത്രീകള്‍
എന്റെ ടെലിവിഷനില്‍
ആണുങ്ങളെച്ചൊല്ലി കലഹിച്ചു
എനിക്ക് ഗംഗയുണ്ടായിരുന്നു
ചരിത്രത്തിനപ്പുറത്തുനിന്നും കിതച്ചെത്തിയവള്‍

സീരിയലുകളുടെ ഇടവേളകള്‍
വാര്‍ത്തകള്‍ക്കു വഴിമാറി
സ്‌ക്രീനില്‍ തുള്ളികള്‍ കാത്തിരിക്കുന്ന 
ചളുങ്ങിയ പാത്രങ്ങളുടെ ഒടുങ്ങാത്ത നിരകള്‍
വെള്ളം തൊടാത്ത വെയിലേറ്റ ദേഹങ്ങള്‍
കിണറോളം ശൂന്യമായ കണ്ണുകള്‍
ജലം ജലമെന്നാര്‍ക്കുന്ന നിസ്സഹായത
ബാര്‍ബഡോസ്, സൊമാലിയ, 
ലാവുസ്, തായ്ലാന്റ്
എവിടെയാണത്?
തിരിച്ചു ചാനല്‍ മാറ്റുന്നതിനിടയില്‍
മിന്നിമാഞ്ഞ കനകാംബരങ്ങള്‍
എന്റെ കണ്ണില്‍പ്പെട്ടില്ല
ഗംഗ പിന്നെയും പിന്നെയും ചടച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

'ഓപ്പറേഷന്‍ സിന്ദൂര്‍ കോണ്‍ഗ്രസ് രാജകുടുംബത്തിന്റെ ഉറക്കം കെടുത്തി'; രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി

കണക്കുകൂട്ടല്‍ തെറ്റിച്ച 5ാം വിക്കറ്റ് കൂട്ടുകെട്ട്! ഇന്ത്യക്ക് ജയിക്കാന്‍ 187 റണ്‍സ്

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

SCROLL FOR NEXT