Poems

തടുത്തുകൂട്ടല്‍: എംആര്‍ രേണുകുമാര്‍ എഴുതിയ കവിത

തെങ്ങോലത്തുമ്പില്‍ഊയലാടുന്ന കിളികളുടെ ചിലപ്പിനെ കവിതയിലേക്ക് തടുത്തുകൂട്ടുന്നു

Author : എം.ആര്‍ രേണുകുമാര്‍

തിണ്ണയിലങ്ങനെ ചുമ്മാതിരിക്കുമ്പോള്‍
ചോന്നുതുടങ്ങുന്ന
പടിഞ്ഞാറന്‍ 
മാനത്തുനിന്ന്
മേഘമിച്ചിരി 
തോണ്ടിയെടുത്ത്
കവിതയില്‍വെക്കുന്നു

പെരപ്പുറത്തേക്കു 
ചാഞ്ഞുമുത്തുന്ന
തെങ്ങോലത്തുമ്പില്‍
ഊയലാടുന്ന കിളികളുടെ ചിലപ്പിനെ 
കവിതയിലേക്ക് തടുത്തുകൂട്ടുന്നു

പാടവരമ്പിലൂടെ
പണികഴിഞ്ഞു 
മടങ്ങുന്ന പെണ്ണിനെ 
വരമ്പുവാരുന്നതിനിടയില്‍ 
തലയുയര്‍ത്തി നോക്കുന്ന 
ആണൊരുത്തന്റെ 
കൊതിനോട്ടത്തെ
കവിതയിലേക്ക് 
പറിച്ചുനടുന്നു

കളികഴിഞ്ഞെത്താന്‍
വൈകുന്ന കുട്ടിയെ ഒച്ചയെടുത്തുവിളിക്കുന്ന
അമ്മയുടെ 
ആധിപൂതിയെ  
കവിതയില്‍ 
തിരുകിവെക്കുന്നു

പുഴകടന്ന് 
കായലിലേക്ക് കടക്കുന്ന 
കനാലുബോട്ടിന്റെ 
അലിഞ്ഞലിഞ്ഞ് തീരുന്ന ഇരമ്പത്തെ 
കവിതയിലൂടെ 
കാതോര്‍ത്തു പിടിക്കുന്നു

തെല്ലുനേരം മുന്‍പ് 
ഉള്ളിലുള്ളതെല്ലാം 
പുറത്തുകാട്ടി 
തെളിഞ്ഞുകിടന്ന വെള്ളമാണല്ലോ 
ഇപ്പോഴിങ്ങനെ കലങ്ങിക്കിടക്കുന്നത് എന്നോര്‍ത്ത് 
ഇച്ചിരിനേരം കവിതയില്‍ 
മൗനമായ് ഇരിക്കുന്നു

കുട്ടിക്കാലത്ത്
തോട്ടില്‍ വീണുമരിച്ച കൂട്ടുകാരന്‍ 
ഇപ്പോഴും ബണ്ടിലേക്ക് പിടിച്ചുകയറാന്‍ 
ശ്രമിക്കുന്നതുകണ്ട് 
കവിതയില്‍ 
ഇരുട്ടുകേറുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു