

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം 16ന് ബുധനാഴ്ച അറിയാം. ടീമിനെ തിരഞ്ഞെടുക്കാൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി നാളെ യോഗം ചേരും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ഈ മാസം 27ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടക്കുന്നത്. ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ ഒക്ടോബർ ആറിന് ആരംഭിക്കാനിരിക്കെ, പ്രധാന താരങ്ങളുടെ അഭാവത്തിൽ മികച്ച ടീമിനെ കണ്ടെത്തുക എന്നത് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് വലിയ വെല്ലുവിളിയാണ്. അഗാർക്കർ ചെയർമാനായ കമ്മിറ്റിയുടെ ഒരുപക്ഷേ അവസാന ടീം തിരഞ്ഞെടുപ്പ് കൂടിയായിരിക്കും ഇത്. അഗാർക്കറുടെ കരാർ നീട്ടുന്നതിൽ രണ്ട് ദിവസത്തിനുള്ളിൽ ബിസിസിഐ തീരുമാനമെടുക്കാനിരിക്കെയാണ് ടീം തിരഞ്ഞെടുപ്പ്.
മോശം ഫോമിനെ തുടർന്ന് വൈറ്റ് ബോൾ ടീമുകളിൽ നിന്ന് പുറത്തായ റിഷഭ് പന്ത് തിരിച്ചുവരുമെന്നാണ് കരുതുന്നത്. ഏഷ്യൻ ഗെയിംസ് ടീമിൽ ഇഷാൻ കിഷൻ ഉൾപ്പെട്ടതാണ് പന്തിന് വീണ്ടും അവസരമൊരുക്കുന്നത്. കെഎൽ രാഹുൽ ഒന്നാം വിക്കറ്റ് കീപ്പറായി തുടരുമ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി പന്തിനെ 15 അംഗ സംഘത്തിൽ ഉൾപ്പെടുത്തിയേക്കും. പന്തിനെ പരിഗണിച്ചില്ലെങ്കിൽ ധ്രുവ് ജുറേലിനാണ് സാധ്യത.
അതേസമയം, പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തുന്ന ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ ഏകദിന ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. മത്സരത്തിൽ മുഴുവൻ സമയം ഫീൽഡ് ചെയ്യാനും 10 ഓവർ ബൗൾ ചെയ്യാനും പാണ്ഡ്യ പൂർണ കായികക്ഷമത കൈവരിച്ചോ എന്ന് ബോർഡ് വിലയിരുത്തും. അതിനു ശേഷമേ താരത്തെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനം വരു.
ഏഷ്യൻ ഗെയിംസ് ചുമതലയിലുള്ളതിനാൽ ശ്രേയസ് അയ്യർ ഈ പരമ്പരയിൽ ഉണ്ടാകില്ല. നാലാം നമ്പറിൽ ശ്രേയസിന് പകരം ഋതുരാജ് ഗെയ്ക്‌വാദിനേയും മധ്യനിര ബാറ്ററായി രജത് പടിദാറിനെയും പരിഗണിച്ചേക്കും. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ ബാറ്റിങ് നിരയ്ക്ക് കരുത്തേകും. റിസർവ് ഓപ്പണറായി യശസ്വി ജയ്‌സ്വാളും ടീമിലുണ്ടാകും.
ബൗളിംഗ് നിരയിലും ചില പ്രധാന മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. അക്ഷർ പട്ടേൽ ഏഷ്യൻ ഗെയിംസ് ടീമിലായതിനാലും യുവ താരം ഹർഷ് ദുബെയ്ക്ക് പരിക്കേറ്റതിനാലും വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഏകദിന ടീമിലേക്ക് തിരികെ വിളിച്ചേക്കും. ഇംഗ്ലണ്ട് പരമ്പരയിൽ വിശ്രമത്തിലായിരുന്ന പേസർ മുഹമ്മദ് സിറാജ് ടീമിലേക്ക് തിരിച്ചെത്തുമ്പോൾ ജസ്പ്രിത് ബുംറയുടെ അഭാവത്തിൽ പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, പ്രിൻസ് യാദവ് എന്നിവർ പേസ് ബൗളിങ് കൈകാര്യം ചെയ്യും. മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹൽ എന്നിവരെ പരിഗണിക്കാൻ സാധ്യത കുറവാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates