Poems

'തായ്‌വേരിനാല്‍'- സെറീന എഴുതിയ കവിത

ഉറക്കം മുറിയുന്ന രാത്രികളില്‍കഥകളുടെ പിരിയന്‍ ഗോവണിയിറങ്ങി അവരെന്റെ അരികില്‍ വന്നുഎനിക്കും എനിക്കറിയാത്ത മറ്റൊരു  എനിക്കുമിടയില്‍ അനേകംവിടവുകളെഅര്‍ത്ഥങ്ങളാക്കി,വിടര്‍ന്ന  ചിരിയോടെ അവരിരുന്നു

സെറീന

ന്റെ ഉമ്മുമ്മയുടെ ഉമ്മ
മുപ്പത്തിരണ്ടില്‍ ഭ്രാന്ത് വന്ന് മരിച്ചുപോയി
എന്റെ ഉമ്മ പോലും കണ്ടിട്ടില്ലാത്ത അവരെ
ഞാന്‍ കണ്ടിട്ടുണ്ട്.

ഉറക്കം മുറിയുന്ന രാത്രികളില്‍
കഥകളുടെ പിരിയന്‍ ഗോവണിയിറങ്ങി അവരെന്റെ അരികില്‍ വന്നു
എനിക്കും എനിക്കറിയാത്ത മറ്റൊരു  എനിക്കുമിടയില്‍ അനേകം
വിടവുകളെ
അര്‍ത്ഥങ്ങളാക്കി,
വിടര്‍ന്ന  ചിരിയോടെ അവരിരുന്നു

അവരെ കുറിച്ചു കേട്ട കഥകള്‍,
പൊടി പറ്റാത്ത
നിലക്കണ്ണാടിപോലെ തിളങ്ങി
അതില്‍ ഞാന്‍ നഗ്‌നയായി നിന്നു.

മറ്റെങ്ങും വെളിപ്പെടാത്ത
അടയാളങ്ങളുടെ ആഴവും
അകാരണമായ കരച്ചിലിന്റെ വേരുകളും
തെളിഞ്ഞു വന്നു

മരിച്ചതിനാല്‍ എന്നേക്കാള്‍  
ചെറുപ്പമായിരുന്ന,
എണ്ണ കിനിയുന്ന വിരലുകള്‍കൊണ്ട്
അവരെന്നെ തൊട്ടു.  
മറന്നേ പോയ ഇനിപ്പെന്ന വാക്ക് തെളിഞ്ഞു

ചൂരല്‍ക്കാട്ടിലേക്കുള്ള അവരുടെ
പ്രാന്തന്‍നടത്തങ്ങള്‍
കൊടും മഴയെ കരിം വേനലിനെ
തടുത്ത ഉടല്‍

ഒരു വ്യാകരണത്തിനും വഴങ്ങാതെ
ഉള്ളില്‍ കുതറുന്നതെന്തെന്ന്
കവിതപോലെ അറിഞ്ഞു
ഹൃദയത്തിന്റെ
കുരുക്കുകള്‍ ഓരോന്നായി
അഴിഞ്ഞഴിഞ്ഞു വന്നു

മരിച്ചുപോയതിനാല്‍ മാത്രം
അവരെ തൊടാതെ പോയ
ഉടവുകളും  ഉലച്ചിലുകളും
അവരുടെ ചുളിവുകളെ
ഏറ്റുവാങ്ങാനിരിക്കുന്ന
എന്റെ തൊലി

പരസ്പരം തോളത്തു കൈവെച്ചു
തീവണ്ടി മുറികളാകുന്ന
കുട്ടികളെപ്പോലെ
പുറത്ത് കേള്‍ക്കാത്തൊരു
ഇരമ്പത്തില്‍ മുങ്ങി
വണ്ടിയും യാത്രക്കാരും ഞങ്ങളായി
പാളം തെറ്റുന്നതും
വേഗം വന്നിടിച്ചു ചാവുന്നതും ഞങ്ങളായി

ഭ്രാന്തിയായിരിക്കാനും
മരിച്ചുപോവാനും
ബലമുണ്ടായിരുന്ന  ഒരുവളോട്,
മരുന്നുകളാലും  കീറിക്കളയുന്ന
മരണമൊഴികളാലും  
മറുകര കടക്കുന്ന
ഒരുവള്‍ക്ക് തോന്നുന്ന
പ്രേമമെന്നവര്‍ ചിരിച്ചു.

രണ്ട് തലമുറകളുടെ
വലിയ നദിക്കരയില്‍നിന്നും
മുങ്ങിപ്പോകാന്‍ വേണ്ടി മാത്രം
പുറപ്പെടുന്ന ഒരു  തോണിയില്‍
കയറുമ്പോള്‍ വീഴാതിരിക്കാന്‍
അവരെന്റെ കൈ മുറുകെ പിടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT