Poems

'ദൈവത്തിന് നിരക്കാത്ത വൈദ്യുതി'- എം.ആര്‍. വിഷ്ണുപ്രസാദ് എഴുതിയ കവിത

വെട്ടം വീഴും മുന്നേമിക്‌സി കേടായി.ചമ്മന്തി അരയ്ക്കാനുള്ളതേങ്ങ കോവിലില്‍ഉടച്ചു പൊളിക്കാമെന്ന്വെച്ച് അമ്മയിരുന്നു

എം.ആര്‍ വിഷ്ണുപ്രസാദ്

വെട്ടം വീഴും മുന്നേ
മിക്‌സി കേടായി.
ചമ്മന്തി അരയ്ക്കാനുള്ള
തേങ്ങ കോവിലില്‍
ഉടച്ചു പൊളിക്കാമെന്ന്
വെച്ച് അമ്മയിരുന്നു.
മുറ്റത്ത് പത്തുപതിന്നാല്
കരിയിലകള്‍ വീണു കിടപ്പുണ്ട്.
രാവിലത്തെ കാറ്റ്
ഒരുപാട് കണ്ടിട്ടുള്ള അമ്മ
മിക്‌സി നന്നാക്കണോ
ഗണപതിയെ കാണണോ
തേങ്ങയുടയ്ക്കണോ
എന്ന് ശങ്കിച്ചിരുന്നു.
പതിന്നാല് കരിയിലകള്‍
കാറ്റത്ത് പറന്നുപോയിട്ടും
അവര്‍ ചൂലെടുത്ത് വീശി.
ഒന്നുമുണ്ടായിട്ടല്ല
പ്രവര്‍ത്തനശേഷിയില്ലാത്ത
മിക്‌സി മനസ്സില്‍ കിടന്ന്
തുരുമ്പിക്കയാണ്.
നേരത്തെ തന്നെ
ചമ്മന്തിയരച്ചുവെച്ച്
ഗണപതിക്ക്
തേങ്ങയുടയ്ക്കാനിരുന്നതാണ്.
മിക്‌സി കേടായിപ്പോയി.
അരയ്ക്കുമ്പോള്‍ തെളിയുന്ന
പ്രപഞ്ചത്തിന്റെ ചുഴിയില്‍
എത്രവട്ടം നോക്കിനിന്നിട്ടുണ്ട്.
കോവിലില്‍ പോകേണ്ടെന്ന്
തീരുമാനിച്ചു.
പകരം പിരിയാണിയൂരുന്ന
സ്‌ക്രൂഡ്രൈവര്‍ തപ്പിയെടുത്ത്
അരപ്പുയന്ത്രത്തിനുള്ളിലെ
പ്രപഞ്ചം കണ്ടു.
നിശ്ശബ്ദതയില്‍ കറങ്ങുന്ന മോട്ടോറും
രണ്ടു വള്ളികളുമുണ്ട്.
ചുവന്ന വള്ളിയില്‍ തൊട്ടപ്പോള്‍
തരിച്ചുപോയി.
അതില്‍ വൈദ്യുതിയുണ്ടായിരുന്നു.
കറുപ്പിന്റെ അറ്റത്ത് തൊട്ടപ്പോള്‍
കാറ്റ് വീശാത്ത മണ്ണുപോലെ
അമ്മ ശാന്തയായി.
അവര്‍ പിന്നെയും ചുവപ്പില്‍ തൊട്ടു.
വല്ലാതെ തരിച്ചുപോയി.
ദൈവത്തിനു നിരക്കാത്ത വൈദ്യുതി
അവരില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
കാറ്റ് വീശാത്ത മണ്ണുപോലെ
ചത്ത് കിടന്ന വയര്‍
വലിച്ചൂരിയെടുത്ത്
അതിന്റെ ചെമ്പു തിളക്കത്തെ
നന്നായി ഘടിപ്പിച്ചു.
രണ്ടിലും മാറി മാറി തൊട്ടു.
ദൈവത്തിന് നിരക്കാത്ത  വൈദ്യുതി
അവരെ ശാന്തയാക്കി.
പിരിയനാണികള്‍ തിരിച്ചു കയറ്റി
അരയുന്ന ചമ്മന്തിയില്‍
അവര്‍ പ്രപഞ്ചത്തെ കണ്ടു.
ഒന്ന് രണ്ട് മൂന്ന് എന്ന ക്രമത്തില്‍
കേടായ ഉപകരണങ്ങളിലൊക്കെയും
വൈദ്യുതി കടത്തിവിട്ടു.
പ്രാര്‍ത്ഥിക്കാതെ കിട്ടിയ
വെളിച്ചത്തില്‍
അമ്മ പൂത്തുലഞ്ഞു.
ദൈവത്തിന് നിരക്കാത്ത വൈദ്യുതി
കൊമ്പു കൊഴിയാത്ത
കാട്ടാനയെപ്പോലെ
വീടിനുള്ളില്‍ മേഞ്ഞുനടന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT