Poems

'ഭൂപടത്തില്‍ ഇല്ലാത്തത്'- ശിവദാസ് പുറമേരി എഴുതിയ കവിത

ഉറക്കത്തിന്റെഊടുവഴിയിലൂടെ നടന്നുനടന്നുചിലപ്പോള്‍ നീ എത്തിച്ചേരുകമരിച്ചതുപോലെ മറന്നുപോയനിന്റെ പഴയ വീട്ടുമുറ്റത്തായിരിക്കും.

ശിവദാസ് പുറമേരി

റക്കത്തിന്റെ
ഊടുവഴിയിലൂടെ നടന്നുനടന്നു
ചിലപ്പോള്‍ നീ എത്തിച്ചേരുക
മരിച്ചതുപോലെ മറന്നുപോയ
നിന്റെ പഴയ വീട്ടുമുറ്റത്തായിരിക്കും.

അതിര്‍ത്തിവേലികടന്ന്
ഒതുക്കുകല്ലുകള്‍ കയറുമ്പോള്‍
പണ്ടെന്നോ വീശിയ
പരിചിതമായ
ഒരു തണുത്തകാറ്റ്
നിന്നെ തൊട്ടുതലോടി
കടന്നുപോകും.
പൊടിഞ്ഞുവീഴുന്ന
ചാറ്റല്‍മഴയും നനഞ്ഞ്
നീ നടന്നുവരുന്നതു കണ്ട്
കാറ്റ് ഇലകളോട്
സ്വകാര്യം പറയും.
ചില്ലകള്‍ നിന്നെ നോക്കി
തലയാട്ടും.
നിനക്കേറെയിഷ്ടപ്പെട്ട
പാര്‍വ്വതിപ്പൂക്കളും
ചെമ്പരത്തിയും
പതിവിലുമേറെ ഭംഗിയോടെ
വിരിഞ്ഞുനില്‍ക്കും.
നിന്റെ വരവുകണ്ടു മുത്തശ്ശി
ചിരിച്ചുകൊണ്ട്
മുറ്റത്തിറങ്ങിനില്‍ക്കും
ഓടിച്ചെന്ന് മുത്തശ്ശിയെ
കെട്ടിപ്പിടിക്കുമ്പോള്‍
നടവഴിയില്‍ ചിലച്ചുകൊണ്ടിരുന്ന
ചവേലാതിപ്പക്ഷികള്‍
പറന്നുപോകും.
മുത്തശ്ശി നിന്റെ നെറ്റിയില്‍
തണുത്ത ഉമ്മകള്‍ വെക്കും.

കോലായിലിരുന്ന്
മുത്തച്ഛന്‍ ചിരിക്കും
തണുത്ത കൈകളാല്‍
നിന്നെ ചേര്‍ത്തുപിടിച്ച്
വിശേഷങ്ങള്‍ തിരക്കും
അപ്പോള്‍ തണുത്ത കാറ്റ്
വീശിക്കൊണ്ടിരിക്കും.

അകത്തുനിന്ന്
ആരോ വിളിക്കുന്നതായി തോന്നും.
കാണാനാവാത്ത
ഒരു കുഞ്ഞുപാദസരക്കിലുക്കം
നിന്നെ കൈപിടിച്ച്
അകത്തേക്കു കൊണ്ടുപോകും.

പഴയൊരാ വീടിന്റെ
വെളിച്ചം കുറഞ്ഞ
കൊച്ചുമുറിയുടെ
ജാലകപ്പടിയിലും
കട്ടിലിനടിയിലും
നീയെന്തോ തിരഞ്ഞുകൊണ്ടിരിക്കും.

സമയം പോകുന്നതറിയില്ല.
യാത്ര പറഞ്ഞതും
ഇറങ്ങിയതും
ഓര്‍മ്മയുണ്ടാകില്ല.
തണുപ്പ് കൂടിവരുമ്പോള്‍
ഉറക്കത്തിന്റെ ഭൂഖണ്ഡത്തില്‍നിന്നും
പുറത്താക്കപ്പെട്ടതുപോലെ
പുതപ്പ് നേരെയാക്കി
ഇരുട്ടിലേക്ക് കണ്ണുകള്‍ തുറന്ന്
മഴയൊച്ചകേട്ട്
നീ വെറുതേ കിടക്കും.
മരിച്ചുപോയ പ്രിയപ്പെട്ടവര്‍
പാര്‍ക്കുന്ന
നിന്റെ നിലവിലില്ലാത്ത വീട്ടിലേക്കുള്ള വഴി
ഓര്‍ത്തെടുക്കാനാവാതെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം അയ്യപ്പന്‍ നോക്കിക്കോളും', ദൈവതുല്യന്‍ വേട്ടനായ്ക്കള്‍ അല്ലെന്ന് പത്മകുമാര്‍

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ അപ്രന്റീസ് അകാൻ അവസരം

സന്യാസിമാര്‍ എതിര്‍ത്തു, മഥുരയില്‍ സണ്ണി ലിയോണിയുടെ പരിപാടി റദ്ദാക്കി

ഇനിയെങ്കിലും ഹൃദയത്തിന് അൽപം പരി​ഗണന നൽകണം, പുതുവർഷം ഹെൽത്ത് സ്കോർകാർഡ് ഉണ്ടാക്കാം

'ശേഖർ ഇവിടം വിട്ട് മറ്റേതോ പ്രപഞ്ച പ്രതലത്തിലേക്ക് വരക്കാൻ പോയി, പിറകെ ഞാനും പോകും'; വൈകാരിക കുറിപ്പുമായി രഘുനാഥ് പലേരി

SCROLL FOR NEXT