രാജ്യത്തിന്റെ അനൗപചാരിക സമ്പദ്വ്യവസ്ഥയുടെ ഗണ്യമായ ഒരു ഭാഗമാണ് വഴിയോര-തെരുവു കച്ചവടക്കാര്‍. ഇന്ത്യയില്‍ ഏകദേശം 10 ദശലക്ഷത്തോളം തെരുവു കച്ചവടക്കാരുണ്ടെന്നാണ് കണക്ക്. മൊത്തം നഗര ജനസംഖ്യയുടെ ഏകദേശം രണ്ടു ശതമാനം തെരുവ് കച്ചവടക്കാരാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്തിലേക്കും ജി.ഡി.പിയിലേക്കും വലിയ സംഭാവനയാണ് തെരുവു കച്ചവടം പ്രദാനം ചെയ്യുന്നത്. എന്നാല്‍, വഴിയോര-തെരുവു കച്ചവടമെന്നത് അനിയന്ത്രിത അനൗപചാരിക സമ്പദ്വ്യവസ്ഥയുടെ ഭാഗമായിട്ടാണ് നിലകൊള്ളുന്നത്; അതുകൊണ്ടുതന്നെ അതു നിയന്ത്രിക്കാനും നിരോധിക്കാനും വരെ നീക്കങ്ങള്‍ ഉണ്ടാകുന്നു. അതിന്റെ അനൗപചാരിക, അനിയന്ത്രിത സ്വഭാവം ഒന്നുകൊണ്ടുതന്നെ നഗരസഭാ ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, മൊത്തക്കച്ചവടക്കാര്‍, റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍ തുടങ്ങിയവരെല്ലാം വഴിയോര-തെരുവു കച്ചവടത്തെ തടസ്സപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.
രാജ്യതലസ്ഥാനത്തു തന്നെ ഏകദേശം 3,00,000 വഴിയോര കച്ചവടക്കാരുണ്ടെന്നാണ് കണക്ക്. എന്നാല്‍, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം നിയമപ്രകാരം വഴിയോര കച്ചവടത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഏകദേശം 1,25,000 വരുമെന്നാണ്. അതില്‍ 30 ശതമാനം സ്ത്രീകളാണ്.
വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗിര്‍പുരി, രഘുബീര്‍നഗര്‍, പശ്ചിമ ഡല്‍ഹി, സുന്ദര്‍നഗരി, സീലംപൂര്‍ എന്നിവിടങ്ങളില്‍ വലിയ തോതിലുള്ള വഴിയോര-തെരുവു കച്ചവടക്കാരുണ്ട്. അവിടങ്ങളിലെ തെരുവു കച്ചവടത്തെ നിയന്ത്രണവിധേയമാക്കാനും അവരുടെ തൊഴില്‍ നഷ്ടപ്പെടാതെ സംരക്ഷിക്കാനും സേവപോലുള്ള സംഘടനകള്‍ ശക്തമായ ഇടപെടല്‍ നടത്തിപ്പോരുന്നുണ്ട്.
അതീവ സുരക്ഷ ഏര്‍പ്പാടാക്കിയിട്ടുള്ള വി.വി.ഐ.പി മേഖലയിലൊഴികെ ഡല്‍ഹിയില്‍ എല്ലായിടത്തും ആഴ്ച വിപണികള്‍ പ്രവര്‍ത്തിച്ചു പോരുന്നുണ്ട്. ഈ ആഴ്ച വിപണികളില്‍ ലഭിക്കാത്തതായി ഒന്നുമില്ലെന്നു പറയാം. കച്ചവടമെല്ലാം വഴിയോരത്താണ്. കൊവിഡ് പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് മറ്റു മേഖലകളിലെ തൊഴില്‍ നഷ്ടം നിമിത്തം തെരുവു കച്ചവടത്തിലേക്ക് തിരിയാന്‍ നിരവധി പേരെ പ്രേരിപ്പിച്ചിട്ടുണ്ട്. ഏറെ സാമൂഹ്യ സുരക്ഷാസംവിധാനങ്ങളുള്ള കേരളത്തിലടക്കം കൊവിഡ് നമ്മുടെ ജീവിതത്തെ എത്രമാത്രം അരക്ഷിതമാക്കി എന്നു നമുക്കറിയാം. അത്തരമൊരു സന്ദര്‍ഭത്തില്‍, ഇന്ത്യയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്കു കാല്‍നടയായി തൊഴിലാളികള്‍ പലായനം ചെയ്യേണ്ടിവന്ന ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളിലെ അവശിഷ്ട ദരിദ്രജനതയുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. നമ്മുടെ നാട്ടില്‍ത്തന്നെ വീടുകളില്‍നിന്നു ഭക്ഷണമുണ്ടാക്കി പൊതികളാക്കി കൊണ്ടുവന്ന് വഴിയോരങ്ങളില്‍ വില്‍ക്കുന്ന ഐ.ടി മേഖലയില്‍നിന്നടക്കമുള്ള തൊഴില്‍രഹിതരുടെ കഥകള്‍ നാം മാധ്യമങ്ങളില്‍ നിന്നറിഞ്ഞതാണ്.
തെരുവോര കച്ചവടത്തെ നിയന്ത്രണവിധേയമാക്കാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. അവരുടെ പുനരധിവാസത്തിനു സേവപോലുള്ള പല സംഘടനകളുമുണ്ട്. എന്തെങ്കിലും ജോലി ചെയ്തു മനുഷ്യര്‍ അവരുടെ ജീവിതം പുലര്‍ത്തട്ടെ എന്ന ദാക്ഷിണ്യത്തിന് അധികാരികളെ നിശ്ചയമായും പ്രേരിപ്പിക്കേണ്ടുന്ന തരത്തിലുള്ള കൊവിഡ് അനന്തര സാമൂഹ്യ സാഹചര്യമുണ്ട്. എന്നിട്ടും ജഹാംഗീര്‍പുരിയില്‍ പെട്ടെന്നൊരു ദിവസം ഉത്തരദില്ലിയിലെ നഗരസഭാ അധികൃതര്‍ക്ക് തെരുവോരത്തെ, വിശേഷിച്ച് സി. ബ്ലോക്കിലെ അനധികൃത കച്ചവടങ്ങള്‍ ബലാല്‍ ഒഴിപ്പിക്കണമെന്നും നിര്‍മ്മിതികള്‍ തകര്‍ത്തുകളയണമെന്നും തോന്നിയതിനു പിറകിലെ ചേതോവികാരം എന്തായിരിക്കും?
തൊഴിലില്ലായ്മ അങ്ങേയറ്റം രൂക്ഷമായ സംസ്ഥാനമാണ് ഡല്‍ഹി എന്ന് ഓര്‍ക്കുക. തൊഴില്‍ ചെയ്യാന്‍ കഴിയുന്നവരില്‍ 20 ശതമാനം പേരും തൊഴില്‍രഹിതരോ തൊഴില്‍ അന്വേഷിക്കുന്നവരോ ആണെന്നാണ് ലോക് നിധി-സി.എസ്.ഡി.എസ് കണക്ക്. സംസ്ഥാനത്തെ ഗ്രാമസ്വഭാവമുള്ള പിന്നാക്ക പ്രദേശങ്ങളേക്കാള്‍ രൂക്ഷമാണ് നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ എന്ന് 2021-2022ലെ ഡല്‍ഹി ഇക്കണോമിക് സര്‍വ്വേയും പറയുന്നു. പുരുഷന്മാരില്‍ 34 ശതമാനം പേര്‍ ചെറിയ കച്ചവടങ്ങളിലും മറ്റും ഏര്‍പ്പെട്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് നഗരവാസികളില്‍ വലിയൊരു വിഭാഗം കഴിയുന്നത്. ഡല്‍ഹിയില്‍ത്തന്നെ ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള മേഖലകളാണ് വടക്കുകിഴക്കന്‍, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങള്‍.
നിലനില്‍പ്പിനുവേണ്ടിയുള്ള കടുത്ത മത്സരം നിലനില്‍ക്കുന്ന ഇടങ്ങളില്‍ സാമൂഹിക സുരക്ഷിതത്വം കൂടുതലുള്ള മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പത്തില്‍ അന്യമത വിദ്വേഷവും വൈരാഗ്യവും കത്തിപ്പിടിക്കുമെന്നാണ് നമ്മുടെ സാമൂഹികാനുഭവം. 1969-ല്‍, ഗുജറാത്ത് കലാപത്തിനു വഴിതെളിച്ചത് അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളുടെ വളര്‍ച്ചയും ചേരികളുടെ പെരുപ്പവും ടെക്‌സ്‌റ്റൈല്‍ മില്ലുകളുടെ അടച്ചുപൂട്ടലിനെ തുടര്‍ന്നുണ്ടായ തൊഴില്‍രാഹിത്യവും അതേത്തുടര്‍ന്നുണ്ടായ വമ്പിച്ച സാമൂഹികാസംതൃപ്തിയുമാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അന്ന് ആ സാഹചര്യം മുതലെടുത്ത് വര്‍ഗ്ഗീയമായ ചേരിതിരിവ് സൃഷ്ടിച്ചതില്‍ ഹിന്ദുത്വ ദേശീയവാദികളുടെ പങ്ക് ഹിതേന്ദ്ര ദേസായിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് നിയോഗിച്ച ജസ്റ്റിസ് റെഡ്ഡി കമ്മിഷന്‍ എടുത്തുപറയുകയുമുണ്ടായിട്ടുണ്ട്. ഇന്ത്യയുടെ ഹിന്ദുത്വവല്‍ക്കരണത്തിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയം ആദ്യമായി വേരൂന്നിയതും മുസ്ലിങ്ങള്‍ കൃത്യമായി അപരവല്‍ക്കരിക്കപ്പെടുകയും ചെയ്ത ഗുജറാത്തിന്റെ മാതൃക ആവര്‍ത്തിക്കാനുള്ള ശ്രമങ്ങളാണ് ഡല്‍ഹിയിലും നടക്കുന്നത് എന്ന് അവിടത്തെ സംഭവവികാസങ്ങളിലേക്ക് ഒന്നു കണ്ണോടിച്ചാല്‍ത്തന്നെ മനസ്സിലാകും.
ചരിത്രത്തിന്റെ തനിയാവര്‍ത്തനം
നമ്മുടെ ദേശീയമായ ഐക്യവും ദേശാഭിമാനവും സാംസ്‌കാരികമായ വൈവിധ്യം നിലനിര്‍ത്തുമ്പോള്‍ തന്നെ ജനതയിലുള്‍ച്ചേര്‍ന്നിട്ടുള്ള ഏകത്വബോധവും വിളംബരം ചെയ്യാനുള്ള അവസരമായി ആഘോഷങ്ങളെ മാറ്റിയ ചരിത്രം നമുക്കു മുന്‍പിലുണ്ട്. ബാല്‍ഗംഗാധര തിലകിന്റെ നേതൃത്വത്തില്‍ ഗണേശ് പൂജയും ബംഗാളിലെ കോണ്‍ഗ്രസ് സാര്‍ബജനീന്‍ പൂജയുമെല്ലാം ഉദാഹരണങ്ങളാണ്. എന്നാല്‍, സംഘ്പരിവാര്‍ മിക്കപ്പോഴും ഈ ആഘോഷാവസരങ്ങളെ വര്‍ഗ്ഗീയ വിഭജനത്തിനുള്ള അവസരമായി കാണുന്നുവെന്നു വിലയിരുത്തലുകളുണ്ട്. 1920-കളില്‍ നാഗ്പുരില്‍ ഹെഡ്ഗേവാറിന്റേയും മൂഞ്ചേയുടേയും നേതൃത്വത്തില്‍ ഇതേ മാതൃകയില്‍ പള്ളിയാക്രമണവും കലാപത്തിനുള്ള നീക്കവും നടന്നിട്ടുണ്ട്. ഈ സംഭവങ്ങളെ പില്‍ക്കാലത്ത് സംഘപരിവാര്‍ ചിന്തകര്‍ അവതരിപ്പിക്കുന്നത് തികഞ്ഞ അഭിമാന ബോധത്തോടെയാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ആക്രോശവുമായി പ്രകോപനപരമായ രീതിയില്‍ നടത്തുന്ന ഘോഷയാത്രയും തുടര്‍ന്നുണ്ടാകുന്ന പ്രതികരണവും ഉപയോഗപ്പെടുത്തി വ്യാപകമായ ആക്രമണം അഴിച്ചുവിടുന്ന ശൈലി ഹിന്ദുത്വവാദികള്‍ അവലംബിക്കാറുണ്ട്. തുടര്‍ന്ന് ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന വീടുകളുടേയും ചേരികളുടേയും നേരെ ആക്രമണം അഴിച്ചുവിടുന്നു. ജീവിതപ്രശ്‌നങ്ങളില്‍നിന്നു സാധാരണക്കാരന്റെ ശ്രദ്ധയെ മാറ്റി, വര്‍ഗ്ഗീയതയില്‍ കൊണ്ടുപോയി തളയ്ക്കാനുള്ള സ്ഥിരം തന്ത്രം.
ജഹാംഗീര്‍പുരിയില്‍ തിരക്കേറിയ പ്രദേശത്ത് പുറത്തുനിന്നുമെത്തി സംഘടിച്ച ഇരുന്നൂറോളം പേരായിരുന്നു ഹനുമാന്‍ ജയന്തി ഘോഷയാത്ര നടത്തിയത്. ഹിന്ദു പൗരുഷത്തിന്റെ പ്രതീകങ്ങളായി കൃപാണങ്ങളും ദണ്ഡകളും ചുഴറ്റി ഡി.ജെ സംഗീതത്തിന്റെ അകമ്പടിയോടെ. ബജ്രംഗ്ദള്‍ ആണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ഘോഷയാത്രയ്ക്കു മുന്‍പിലും പിന്നിലും രണ്ടു പൊലീസ് ജീപ്പുകളുമുണ്ടായിരുന്നു. ഈ ഘോഷയാത്രയിലാണ് അക്രമം ഉണ്ടായത്.
ഭാരതീയ ജനതാപാര്‍ട്ടിയുടെ ഒരു രാഷ്ട്രീയ പ്രതീകം എന്ന നിലയില്‍ രാമനെ ഉയര്‍ത്തിക്കാട്ടുന്നതിനെ തടയിടുന്നതിന് ഹനുമാന്‍ ഭക്തിയെ ആയുധമാക്കാനാണ് കുറച്ചുകാലമായി ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ശ്രമിച്ചുപോരുന്നത്. ഹനുമാനുമായി തങ്ങളെ 'ഐഡിന്റിഫൈ' ചെയ്തുകൊണ്ട് ബി.ജെ.പിക്കു ഒരു മുഴം മുന്‍പേ എറിയാനാണ് ആ പാര്‍ട്ടി താല്പര്യപ്പെടുന്നത്. 2020-ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ നടന്ന പത്ര സമ്മേളനത്തിനിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഹനുമാന്‍ ചാലിസ ചൊല്ലിയതും ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിച്ചതും വലിയ വാര്‍ത്തയായിരുന്നു. എ.എ.പിക്ക് അനുകൂലമായി ഫലങ്ങള്‍ വന്നപ്പോള്‍ കെജ്രിവാള്‍ ഹനുമാന്‍ സ്വാമിക്ക് നന്ദിയും പറഞ്ഞിരുന്നു. ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സൗരഭ് ഭരദ്വാജ് തന്റെ മണ്ഡലമായ ഗ്രേറ്റര്‍ കൈലാസിലെ വിവിധ ക്ഷേത്രങ്ങളില്‍ എല്ലാ മാസവും ആദ്യ ചൊവ്വാഴ്ച രാമായണത്തിലെ സുന്ദരകാണ്ഡം പാരായണം ചെയ്യുന്ന പരിപാടി സംഘടിപ്പിക്കുമെന്നും പറഞ്ഞിരുന്നു.
വരാനിരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയുടെ ആധിപത്യത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഹനുമാന്‍ ജയന്തിയില്‍ നടന്ന ഘോഷയാത്രയ്‌ക്കെതിരെ ആം ആദ്മി പാര്‍ട്ടിക്കാരായ ചിലര്‍ അതിക്രമം അഴിച്ചുവിട്ടുവെന്ന വാര്‍ത്ത തങ്ങള്‍ക്കനുകൂലമായ ചിന്താഗതി സാധാരണ ഹിന്ദു വോട്ടര്‍മാരില്‍ സൃഷ്ടിക്കുമെന്ന് ബി.ജെ.പി കരുതുന്നു. ഹനുമാന്‍ ജയന്തി ദിനത്തില്‍ അതിക്രമത്തിനു നേതൃത്വം നല്‍കിയ അന്‍സാറിന്റെ ആം ആദ്മി ബന്ധം അറസ്റ്റിനു ശേഷം പലവട്ടം എടുത്തുപറഞ്ഞത് ബി.ജെ.പി നേതാക്കളാണ്. അതേസമയം, ആക്രിക്കച്ചവടക്കാരനായ അന്‍സാര്‍ അടക്കമുള്ളവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്. എന്തായാലും ബി.ജെ.പിയെപ്പോലെ പൊളിച്ചുമാറ്റലിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ആ ആക്രിക്കച്ചവടക്കാരനായിരിക്കുമെന്നും നമുക്കു വേണമെങ്കില്‍ കരുതാം.
ഏപ്രില്‍ 16-നു നടന്ന ഘോഷയാത്രയ്ക്കു നേരെ അക്രമം നടന്നതിനു തൊട്ടുപിറകേ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ആദേശ് ഗുപ്ത, ഹനുമാന്‍ ജയന്തി ഘോഷയാത്ര തടഞ്ഞവര്‍ പ്രദേശത്ത് അനധികൃതമായി താമസിക്കുന്നവരാണെന്നും അവരെ ഉടന്‍ ഒഴിപ്പിക്കണമെന്നും കാണിച്ച് ഉത്തര ഡല്‍ഹി നഗരസഭാ അധികൃതര്‍ക്ക് കത്തെഴുതി. ബുള്‍ഡോസര്‍ പ്രയോഗിച്ച് കുഴപ്പക്കാരെ മര്യാദ പഠിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. നേരത്തെ, ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥും ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേലും മദ്ധ്യപ്രദേശില്‍ ശിവരാജ് പട്ടേലും പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാഷ്ട്രീയം ഡല്‍ഹിയിലും ആകാമെന്നാണ്.
ഡല്‍ഹിയാകട്ടെ, ഏറെ മുന്‍പുതന്നെ ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള വംശീയോന്മൂലനത്തിന്റെ നിന്ദ്യമായ മാതൃക സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇടമാണ്. 46 വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതുപോലെ ഒരു ഏപ്രില്‍ 19-ന്. കൃത്യമായി പറഞ്ഞാല്‍ 1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത്. ഇന്ദിരാഗാന്ധിയുടെ പുത്രന്‍ സഞ്ജയ് ഗാന്ധിയുടെ അനുചരവൃന്ദത്തില്‍ പെട്ടയാളും പിന്നീട് ജമ്മു-കശ്മീര്‍ ഗവര്‍ണറും ബി.ജെ.പി നേതാവുമായിരുന്ന ജഗ്‌മോഹന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ഡവലപ്‌മെന്റ് അഥോറിറ്റി ടര്‍ക്ക്മാന്‍ ഗേറ്റിലും മറ്റും കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തിയത് ചരിത്രത്തിലുണ്ട്.
അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികളേയും രോഹിംഗ്യകളേയുമാണ് ജഹാംഗീര്‍ കോളനിയില്‍നിന്നും ഒഴിപ്പിക്കുന്നത് എന്നായിരുന്നു ബി.ജെ.പി ഭാഷ്യം. എന്നാല്‍, ബംഗാള്‍ ക്ഷാമകാലത്ത് പശ്ചിമബംഗാളിലെ ഹാല്‍ദിയ, നോര്‍ത്ത് 24 പര്‍ഗാനാസ്, മാല്‍ഡ, ഹൗറ തുടങ്ങിയ ഇടങ്ങളില്‍നിന്നു കുടിയേറിയവരാണ് തങ്ങളെന്ന് ജഹാംഗീര്‍പുരിക്കാര്‍ പറയുന്നു. യമുനാതീരത്തായിരുന്നു കുറേക്കാലം ഇവര്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, നദീതീരത്ത് ചേരികളൊന്നും പാടില്ലെന്ന ഇന്ദിരാഗാന്ധിയുടെ നിര്‍ദ്ദേശമനുസരിച്ച് അടിയന്തരാവസ്ഥ കാലത്ത് ഇവരേയും അവിടങ്ങളില്‍നിന്ന് ഒഴിപ്പിച്ചു. പിന്നീട് ജഹാംഗീര്‍പുരി, ത്രിലോക്പുരി എന്നിവിടങ്ങളില്‍ പുനരധിവസിപ്പിക്കുകയായിരുന്നു. ഭൂരിപക്ഷവും മുസ്ലിം ജനവിഭാഗത്തില്‍ പെട്ടവര്‍. ഹിന്ദുക്കളും ഉണ്ട്.
ആം ആദ്മി പാര്‍ട്ടിക്കു ഹിന്ദു സമുദായത്തില്‍നിന്നും വര്‍ദ്ധിച്ചുവരുന്ന പിന്തുണ തടയുകയും ഗുജറാത്തിലും മറ്റും പരീക്ഷിച്ചു വിജയിച്ച തന്ത്രം ഇവിടെയും പയറ്റി മുസ്ലിങ്ങളെ അരികുവല്‍ക്കരിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പി ലക്ഷ്യമിട്ടത് എന്ന് ആരോപണമുണ്ട്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തുടര്‍ച്ചയായി പരാജയപ്പെടുകയാണ്. വരാനിരിക്കുന്ന ഡല്‍ഹി നഗരസഭാ തെരഞ്ഞെടുപ്പില്‍ ഈ ജനവിധി ആവര്‍ത്തിക്കുമെന്നും അവര്‍ ഭയക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടുകയും നഗരസഭകളെ സംയോജിപ്പിക്കുകയും ചെയ്തു പ്രതിസന്ധി മറികടക്കാമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. വാര്‍ഡുകളെ തങ്ങള്‍ക്കു ജയിക്കാവുന്ന തരത്തില്‍ വിഭജിക്കുകയും വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയും ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ കോട്ടം കൂടാതെ സൂക്ഷിക്കാമെന്നു കരുതുകയും ചെയ്യുന്നു. ഡല്‍ഹിയിലെ സാമാന്യ ജനത അനുഭവിക്കുന്ന ജീവിതപ്രയാസങ്ങളില്‍നിന്നും തല്‍ക്കാലം ശ്രദ്ധ തിരിക്കാനും സാധിക്കും. എന്നാല്‍, ഇങ്ങനെ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ട് പ്രശ്‌നത്തില്‍ ഇടപെടാതേയോ പ്രദേശം സന്ദര്‍ശിക്കാതേയോ ഒഴിഞ്ഞുനില്‍ക്കുകയാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആദ്യം ചെയ്തത്. ഡല്‍ഹിയില്‍ കാര്യമായ സ്വാധീനം ഇല്ലാത്ത സി.പി.ഐ (എം) മാത്രമാണ് തുടക്കം മുതല്‍ക്കേ പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചത്.
സി.പി.ഐ.എമ്മിന്റെ ഇടപെടല്‍
ഏപ്രില്‍ 20-നു മുന്നറിയിപ്പില്ലാതെ ന്യൂനപക്ഷങ്ങളുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും അനധികൃത കയ്യേറ്റം ആരോപിച്ച് ബുള്‍ഡോസര്‍കൊണ്ട് ഇടിച്ചുനിരത്താനുള്ള നടപടി സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തില്‍ തടഞ്ഞത് ദേശവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. രാവിലെ പത്തോടെയാണ് ഒന്‍പത് ബുള്‍ഡോസറുകളുമായി എത്തി അധികൃതര്‍ 'ഒഴിപ്പിക്കല്‍' തുടങ്ങിയത്. അതിനു മുന്നോടിയായി അഞ്ഞൂറിലധികം പൊലിസുകാര്‍ പ്രദേശത്തെ വഴിയടച്ചു. 1977-ല്‍ ലൈസന്‍സ് ലഭിച്ച ജ്യൂസ് കടയടക്കം കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ ഇടിച്ചുനിരത്തി. ഉന്തുവണ്ടികള്‍, കുടിവെള്ള പൈപ്പുകള്‍ തുടങ്ങിയവയും തകര്‍ക്കപ്പെട്ടു.
അതേസമയം, പൊളിക്കലിനെതിരായ അടിയന്തര ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് രാവിലെ 10.45-നു നടപടി നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, അതിനുശേഷവും രണ്ടു മണിക്കൂറോളം പൊളിച്ചുമാറ്റല്‍ തുടര്‍ന്നു.
ജഹാംഗീര്‍പുരിയിലെ മുസ്ലിംപള്ളിയുടെ ഗേറ്റും അതിര്‍ത്തിയിലെ ചെറുഭിത്തിയും അടുത്തുള്ള കടകളുമാണ് ഒഴിപ്പിക്കലിന്റെ ഭാഗമായി തകര്‍ത്തത്. ഉച്ചയോടെ ബൃന്ദ കാരാട്ട് എത്തി ബുള്‍ഡോസറുകള്‍ തടഞ്ഞു. ബൃന്ദയെ തടയാന്‍ പൊലീസിന്റെ ശ്രമമുണ്ടായതോടെ കോടതി ഉത്തരവ് ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പിന്‍വാങ്ങി. ബൃന്ദയും പാര്‍ട്ടി പ്രവര്‍ത്തകരടങ്ങിയ സംഘവും ബുള്‍ഡോസറുകള്‍ക്കു മുന്നില്‍ കുത്തിയിരിപ്പു നടത്തുകയും ചെയ്തു. പ്രദേശവാസികള്‍ സമാധാനം പാലിക്കണമെന്ന് ബൃന്ദ ആഹ്വാനംചെയ്തു. തുടര്‍ന്ന്, കോര്‍പ്പറേഷന്‍ അധികൃതരുമായും ഡല്‍ഹി നോര്‍ത്ത് സ്‌പെഷ്യല്‍ കമ്മിഷണര്‍ ദീപേന്ദ്ര പതക്കുമായും ചര്‍ച്ച നടത്തി. ഉടന്‍ കോടതി ഉത്തരവ് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് ബുള്‍ഡോസറുകള്‍ മാറ്റിയത്.
നവലിബറല്‍-ഫാസിസ്റ്റ് വാഴ്ചയുടെ ഇരകള്‍
ആനിരാജ
(ദേശീയ മഹിളാ ഫെഡറേഷന്‍, ജനറല്‍ സെക്രട്ടറി)
അധികൃതരുടെ അങ്ങേയറ്റമുള്ള അവഗണനയ്ക്ക് ഇരകളായി എല്ലാക്കാലവും ജീവിച്ചുപോരുന്ന ജനങ്ങളാണ് ജഹാംഗീര്‍പുരിയില്‍ കഴിയുന്നത്. ജഹാംഗീര്‍പുരി എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍മ്മവരിക അന്‍പതു പൈസ പ്ലാസ്റ്റിക് കൂടുകളില്‍ കെട്ടുകെട്ടായി ഒരു ഗവണ്‍മെന്റ് ഓഫീസ് മുറിയില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള റേഷന്‍ കാര്‍ഡുകളാണ്. അര്‍ഹരായവര്‍ക്ക് എത്തിച്ചു നല്‍കാതെ അവഗണിച്ചിട്ടിരിക്കയാണ് അവ. അവ ജില്ലാ ഭക്ഷ്യ ഓഫീസറുടെ ഓഫിസില്‍നിന്ന് അര്‍ഹരായവരുടെ കൈകളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്കു സമരം ചെയ്യേണ്ടിവന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മഹിളാസംഘത്തിന് പ്രവര്‍ത്തനനിരതമായ യൂണിറ്റുകളുള്ള ഇടമാണ് ജഹാംഗീര്‍പുരി. ഇങ്ങനെ ദരിദ്രരും സമൂഹത്തില്‍ താഴെത്തട്ടില്‍ ജീവിക്കുന്നവരുമായ ആളുകള്‍ക്കിടയിലേക്കാണ് കോര്‍പ്പറേറ്റ് ഫാസിസം ബുള്‍ഡോസറുകള്‍ ഉരുട്ടിയെത്തുന്നത്. അതും ഡീമോണിറ്റൈസേഷനും കൊവിഡിനെത്തുടര്‍ന്നുള്ള ലോക്ക്ഡൗണും മൂലം സാമ്പത്തികമായി പാപ്പരാവുകയും 'റേഡി പട്രി' പോലുള്ള ഉപാധികള്‍ ഉപയോഗിച്ച് കച്ചവടം നടത്തി എങ്ങനെയെങ്കിലുമൊക്കെ ജീവിച്ചുപോകാന്‍ പ്രയാസപ്പെടുകയും ചെയ്യുന്ന ഒരു ജനതയ്ക്കിടയിലേക്ക്.
ദശാബ്ദങ്ങള്‍ക്കു മുന്‍പുണ്ടായ ബംഗാള്‍ ക്ഷാമകാലത്ത് ബംഗാളിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് യമുനാതീരത്തേക്ക് കുടിയേറുകയും അവിടെനിന്ന് എഴുപതുകളില്‍ ജഹാംഗീര്‍പുരിയില്‍ പുനരധിവസിപ്പിക്കപ്പെടുകയും ചെയ്തവരാണ് അവിടെയുള്ളത്. തീര്‍ത്തും സാധാരണക്കാരായ മനുഷ്യര്‍. പരിമിത വിഭവങ്ങളേ ഉള്ളൂവെങ്കിലും ജീവിതപ്രയാസങ്ങളെ മറികടക്കാനുള്ള മത്സരത്തിനിടെ അവരാരും തങ്ങള്‍ മുസ്ലിമാണോ ഹിന്ദുവാണോ എന്നുപോലും ചിന്തിക്കുന്നില്ല. അന്നന്നു കഴിഞ്ഞുപോകണമെന്നല്ലാതെ. ഡല്‍ഹിയിലൊക്കെ മുസ്ലിങ്ങള്‍ പൊതുവേ വൈദഗ്ദ്ധ്യമുള്ള കൈത്തൊഴിലുകള്‍ നന്നായി ചെയ്യാന്‍ കഴിവുള്ളവരും സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്തു ജോലിയും ചെയ്തു ജീവിക്കാനും കഴിവുള്ളവരാണ്. അവരുടെ ഈ അഡാപ്റ്റബിലിറ്റി ചൂണ്ടിക്കാട്ടി ഹിന്ദു സഹോദരരില്‍ കാലുഷ്യമുണ്ടാക്കാനാണ് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്. നിങ്ങളുടെ അവസരം തട്ടിയെടുക്കുന്നത് അവരാണെന്നു പറഞ്ഞ് ഹിന്ദുക്കളെ ഭയപ്പെടുത്തുകയാണ് പതിവ്.
ഇന്ത്യയില്‍ ഇപ്പോഴുള്ളത് കോര്‍പ്പറേറ്റ് ഫാസിസമാണ്. സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ നഗരങ്ങളിലെ കണ്ണായ പ്രദേശങ്ങളില്‍നിന്നും ദരിദ്രര്‍ കുടിയൊഴിപ്പിക്കുകയും നവലിബറല്‍ വികസനത്തിനുവേണ്ടി ഇടമുണ്ടാക്കുകയുമാണ് ഇപ്പോള്‍ ചെയ്തുപോരുന്നത്. അതേസമയം ദളിതുകളേയും മുസ്ലിങ്ങളേയും നിരന്തരം ബഹിഷ്‌കൃതരാക്കുകയും ചെയ്യുന്നു. അതാണ് ജഹാംഗീര്‍പുരിയില്‍ നാം കണ്ടത്.
ബൃന്ദയുടെ ഇടപെടല്‍ നിര്‍ണ്ണായകമായി
സുഭാഷ്ചന്ദ്രന്‍ കെ.ആര്‍
(സുപ്രിംകോടതി അഭിഭാഷകന്‍)
ഒഴിപ്പിക്കലിനു തുടക്കമായതിനെത്തുടര്‍ന്ന് ബൃന്ദാ കാരാട്ട് വിളിച്ചുപറഞ്ഞതിനനുസരിച്ചാണ് AILU അഖിലേന്ത്യ സെക്രട്ടറി പി.വി. സുരേന്ദ്രനാഥിനൊപ്പം കോടതിയെ സമീപിക്കുന്നത്. ഉത്തരവില്‍ ഒന്നാമത്തെ വരിയില്‍ പറയുന്ന ഡയറി നമ്പര്‍ 12346 ഒഫ് 2020 എന്ന മാറ്ററാണ് ബൃന്ദാ കാരാട്ടിന്റേത്. അതു കോടതി അപ്പോള്‍ത്തന്നെ ഫയലില്‍ സ്വീകരിച്ചു. തുടര്‍ന്ന് നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും മറ്റു റെസ്പോന്‍ഡെന്‍സിനും നോട്ടീസ് അയച്ചു. ജംഇയ്യത്തുല്‍ ഉലമ ഹിന്ദിനുവേണ്ടി ദുഷ്യന്ത് ദാവേയും കപില്‍ സിബലും ഫയല്‍ ചെയ്ത കേസ് നേരത്തേയുണ്ടായിരുന്നു. മദ്ധ്യപ്രദേശിലെ പൊളിച്ചുനീക്കലുമായി ബന്ധപ്പെട്ടായിരുന്നു നേരത്തെ ഈ കേസ് ഫയല്‍ ചെയ്തിരുന്നത്. അവയും ഇതോടൊപ്പം ചേര്‍ത്തു പരിഗണിച്ചു. രാവിലെ 10.45 ആകുമ്പോഴേക്കും ഉത്തരവായി. എന്നാല്‍, അത് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടില്ല എന്ന മുട്ടുന്യായം ചൂണ്ടിക്കാട്ടി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ചുനീക്കുന്ന പ്രവൃത്തി അവസാനിപ്പിക്കാന്‍ കൂട്ടാക്കാതിരുന്നു. ആ സന്ദര്‍ഭത്തിലാണ് ഉത്തരവുമായി നേരിട്ടെത്തി ബൃന്ദാ കാരാട്ട് പൊളിച്ചുനീക്കല്‍ തടയുന്നത്. ബൃന്ദാ കാരാട്ട് ഇടപെട്ടില്ലായിരുന്നു എങ്കില്‍ പിറ്റേന്ന് കോടതി കൂടും മുന്‍പേ എല്ലാം പൊളിച്ചടക്കുമായിരുന്നുവെന്നത് തീര്‍ച്ചയായിരുന്നു.
ഈ റിപ്പോർട്ട് കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates