'ഞങ്ങള്‍ ദളിതര്‍ക്ക് ഇനി അതാവര്‍ത്തിക്കാന്‍ മനസ്സില്ല'

ക്വാറിക്കെതിരെ ചിലര്‍ ഉയര്‍ത്തുന്ന എതിര്‍പ്പും ജലവിതരണത്തിലെ പ്രശ്‌നങ്ങളും തമ്മില്‍ ബന്ധപ്പെടുത്തി കാണേണ്ടതില്ലെന്ന് കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് പറയുന്നു
'ഞങ്ങള്‍ ദളിതര്‍ക്ക് ഇനി അതാവര്‍ത്തിക്കാന്‍ മനസ്സില്ല'

2011-ലെ ജനസംഖ്യാ കണക്കെടുപ്പു പ്രകാരം ദളിതുകള്‍ എന്നു വിളിക്കുന്ന, പട്ടികജാതിയില്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങളില്‍പ്പെടുന്നവരുടെ സംഖ്യ 30,39,573 ആണ്. അതായത് ആകെ ജനസംഖ്യയുടെ 9.1 ശതമാനം. പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യയാകട്ടെ, 4,84,839-ഉം. 88 ശതമാനമാണ് പട്ടികജാതി/പട്ടികവര്‍ഗ്ഗ ജനതയുടെ സാക്ഷരത. അഭ്യസ്തവിദ്യരുടെ എണ്ണത്തിലും കാലക്രമേണ വര്‍ദ്ധനയുണ്ടായതായാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. എന്നാല്‍, പൊതുവെ സാമൂഹ്യവും സാമ്പത്തികവുമായ ശോചനീയാവസ്ഥയില്‍ ജീവിക്കുന്നവരാണ് നമ്മുടെ ദളിത് ജനത. സാമൂഹികമായി അങ്ങേയറ്റം ദുര്‍ബ്ബലമായ വിഭാഗം. അതുകൊണ്ടുതന്നെ കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഈ വിഭാഗങ്ങളെത്തന്നെ. കൊവിഡ് പടര്‍ന്നുപിടിച്ചതോടെ അടച്ചിടലും സാമൂഹ്യമായ നിയന്ത്രണങ്ങളും അവരുടെ ജീവിതം ദുസ്സഹമാക്കിത്തീര്‍ത്തു. ജീവിതപ്രയാസങ്ങളെ മറികടക്കാന്‍ കഴിയാതെ മരണത്തിലഭയം തേടിയവര്‍ കൂടുതലും ഈ വിഭാഗത്തില്‍ നിന്നായിരുന്നു. ദളിത്/ആദിവാസി വിഭാഗങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസംപോലും വഴിമുട്ടിനിന്നു. വീട്ടില്‍ സ്മാര്‍ട്ട്ഫോണും ടെലിവിഷനും ഇല്ലാത്തതുകൊണ്ട് പഠനം മുടങ്ങുമോ എന്ന ആശങ്കയില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരി മങ്കേരി ദളിത് കോളനിയിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ദേവിക തീകൊളുത്തി മരിച്ചതാണ് കൊവിഡ് കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൗമാര ആത്മഹത്യകളില്‍ ആദ്യത്തേത്. കേരളത്തില്‍, മരിച്ചാല്‍ കുഴിവെട്ടി മൂടാന്‍ ഒരു തുണ്ടു ഭൂമിയില്ലാതെ രണ്ടര ലക്ഷം കുടുംബങ്ങള്‍ ഈ വിഭാഗത്തില്‍നിന്നുണ്ട് എന്നതാണ് ഔദ്യോഗിക കണക്ക്. നാല് ലക്ഷത്തോളം കുടുംബങ്ങള്‍ ഇങ്ങനെ ജീവിക്കുന്നു എന്നതാണ് അനൗദ്യോഗികമായ കണക്ക്. കേരളത്തിലെ 79 ശതമാനം ദളിതരും കഴിയുന്നത് 26,193 കോളനികളിലാണ്. 14,000 അധിവാസ മേഖലകളിലും 6742 കോളനികളിലുമായി ആദിവാസികളും പതിനായിരത്തിലധികം ലയങ്ങളില്‍ തോട്ടം തൊഴിലാളികളും 522 കോളനികളില്‍ മത്സ്യത്തൊഴിലാളികളും ജീവിതം തള്ളിനീക്കുന്നു. എന്നാല്‍, കേരളത്തിന്റെ 58 ശതമാനം റവന്യൂ ഭൂമി ഇരുന്നൂറോളം വരുന്ന കുത്തകകള്‍ നിയമവിരുദ്ധമായും അനധികൃതമായും കയ്യടക്കിവെച്ച് അനുഭവിക്കുകയാണ് എന്നും ഓര്‍ക്കണം. 

വൈദ്യുതിയില്ലാത്ത, മൊബൈലോ ടി.വിയോ ഇല്ലാത്ത നിരവധി വീടുകള്‍ ഇപ്പോഴും ഈ ദളിത്/ആദിവാസി മേഖലയില്‍ ഉണ്ട്. മഴപെയ്താല്‍ ചോരുകയും കാറ്റടിച്ചാല്‍ പറന്നുപോകുകയും ചെയ്യുന്ന മേല്‍ക്കൂരകള്‍ക്കു താഴെ ആയിരക്കണക്കിന് ദളിതരും ആദിവാസികളും നമ്മുടെ നാട്ടിലുണ്ട്. സ്വന്തമെന്നു പറയാന്‍ ഒരു തുണ്ടു ഭൂമിപോലും ഇല്ലാത്തവര്‍. വികസനഭീകരതയുടെ ഇരകളായി സ്വന്തം ഭൂമിയില്‍നിന്നും പലപ്പോഴും കുടിയിറക്കപ്പെടാറുള്ളത് ഈ ജനവിഭാഗമാണ്. ഭൂമിക്കുവേണ്ടിയും കിട്ടിയ ഭൂമിയില്‍ ജീവിക്കാനും വേണ്ടി നിരന്തരമായി സമരം ചെയ്തുകൊണ്ടേ ഇരിക്കുന്ന ജനത. ലോകമെങ്ങും പുകള്‍പെറ്റ കേരളമാതൃകയ്ക്കും പുരോഗമനസമൂഹത്തിനും പുറത്തു ജീവിക്കുന്നവര്‍. ഇങ്ങനെ ജീവിക്കുന്നവരുടെ അതിജീവനത്തിനും ഭൂമിക്കും കിടപ്പാടത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ അനേകം ഉദാഹരണങ്ങളില്‍ ശ്രദ്ധേയമാകുകയാണ് കിളിമാനൂര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡ് തോപ്പില്‍ കോളനിയിലെ നൂറ്റി ഇരുപതോളം കുടുംബങ്ങളുടെ ക്വാറിവിരുദ്ധ സമരം. 

തോപ്പിൽ കോളനി നിവാസികളുടെ സം​ഗമത്തിൽ പെമ്പിളൈ ഒരുമ സമര നായിക ​ഗോമതി
തോപ്പിൽ കോളനി നിവാസികളുടെ സം​ഗമത്തിൽ പെമ്പിളൈ ഒരുമ സമര നായിക ​ഗോമതി

കിടപ്പാടത്തിനും കുടിവെള്ളത്തിനും വേണ്ടി 

1972-ല്‍ കിളിമാനൂര്‍ കൊട്ടാരത്തിന്റെ കൈവശമുണ്ടായിരുന്ന മിച്ചഭൂമിയിലാണ് ദളിത് കോളനി സ്ഥാപിക്കപ്പെടുന്നത്. കുറവ സമുദായത്തില്‍പ്പെട്ടവരാണ് ഇങ്ങനെ ഭൂമി ലഭിച്ചവരില്‍ ഏറിയ കൂറും. ഓരോ കുടുംബത്തിനും പത്തുസെന്റ് വീതം. ഇങ്ങനെ കുടിപാര്‍പ്പിക്കപ്പെട്ട ഭൂമിയോടു ചേര്‍ന്നുകിടക്കുന്ന പാറത്തരിശിലാണ് 24 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കപ്പെടുന്നത്. ആദ്യമൊക്കെ പുറമേനിന്നു പാറക്കല്ലുകള്‍ കൊണ്ടുവന്ന് തദ്ദേശവാസികള്‍ക്കു ജോലി നല്‍കിക്കൊണ്ട് മെറ്റലുണ്ടാക്കുകയായിരുന്നു ചെയ്തുപോന്നത്. എന്നാല്‍, പിന്നീട് ക്രഷര്‍ യൂണിറ്റിനോടു ചേര്‍ന്ന് ഒരു ക്വാറിയും പ്രവര്‍ത്തനമാരംഭിച്ചു. അതോടെ പരിസരവാസികളുടെ ജീവിതം ദുസ്സഹമാകുകയും പൊട്ടിത്തെറിച്ചു വീഴുന്ന പാറക്കല്ലുകളെ ഭയന്നു ജീവിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകുകയും അവരില്‍ പലര്‍ക്കും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ പിടിപെടുകയും ചെയ്തുവെന്ന്, ക്വാറി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിനു നേതൃത്വം നല്‍കുന്ന ജനകീയ മുന്നേറ്റ സമരസമിതി ആരോപിക്കുന്നു. ജനാധിവാസ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറിക്ക് അനധികൃതമായും നിയമവിരുദ്ധമായും സമ്പാദിച്ചതാണ് ക്വാറി നടത്താനുള്ള ലൈസന്‍സ് എന്ന് സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

ക്വാറിയുടെ പ്രവര്‍ത്തനം പ്രദേശത്തെ ജനജീവിതത്തെ സാരമായി ബാധിച്ചതോടെ 2014-ല്‍ ജനകീയ മുന്നേറ്റ സമരസമിതി പ്രക്ഷോഭം ശക്തമാക്കി. ഇതിനിടയില്‍ പ്രദേശത്തു കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുണ്ടായിരുന്നു. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടും വീടുകളില്‍ വെള്ളമെത്തിയിരുന്നില്ല. പല വീടുകളിലും രണ്ടു കുടം വെള്ളം എല്ലാ ദിവസവും കിട്ടുകയെന്നത് ഒരു വലിയ അനുഗ്രഹമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ക്വാറിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക, പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ സമിതി കണ്‍വീനറായ സേതുവിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. കുടിവെള്ളത്തിനായി പല ഘട്ടങ്ങളിലായി 780 ദിവസത്തോളം സമരം നടന്നു. സമരത്തെ തുടര്‍ന്ന് കോളനിയില്‍ വെള്ളമെത്തിക്കാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതരായി. 2013-'14 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഒരു കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി കോളനിയില്‍ മൂന്ന് കുഴല്‍ കിണറുകളും കുത്തി. എന്നിട്ടും പല വീടുകളിലും വെള്ളമെത്താത്ത അവസ്ഥ വന്നപ്പോള്‍ ജനകീയ മുന്നേറ്റ സമിതി വീണ്ടും സമരത്തിലേക്കു തിരിഞ്ഞു. ''സമരത്തിനു നേതൃത്വം നല്‍കിയവരെ വ്യക്തിപരമായി പീഡിപ്പിക്കുന്ന മുറകളിലേക്കു വരെ അധികാരികള്‍ അന്നു തിരിഞ്ഞു. രണ്ടു തവണ എന്നെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുകയും മാനസികരോഗിയെന്നു മുദ്രകുത്തി ഊളമ്പാറ ആശുപത്രിയിലാക്കുകയും ചെയ്തു'' -സമരസമിതി കണ്‍വീനര്‍ സേതു സമരം പറയുന്നു. മുഖ്യമന്ത്രിയെ കാണുന്നതിനു സമരക്കാര്‍ക്ക് അനുമതി നിഷേധിച്ചതായുള്ള വാര്‍ത്ത 2019-ല്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. 2019 ഏപ്രില്‍ മൂന്നിന് ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതി പൂര്‍ത്തീകരിച്ച് കുടിവെള്ളമെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയതായിരുന്നു. എന്നാല്‍, നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയും 96 ടാപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു എന്നല്ലാതെ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വതപരിഹാരം ആയില്ല. ''കുടിവെള്ളമില്ലാത്ത ഒരു പ്രദേശത്ത് നിങ്ങളെന്തിനു നില്‍ക്കണമെന്ന ക്വാറി ഉടമയുടെ ചോദ്യത്തിനു സാധുത നല്‍കാനായാണ് അധികൃതര്‍ ഇക്കാര്യത്തില്‍ ഉഴപ്പിയത്. ഇവിടുത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ക്വാറി കാര്യത്തിലായാലും കുടിവെള്ളക്കാര്യത്തിലായാലും മനപ്പൂര്‍വ്വമുള്ള അലംഭാവം തുടരുകയാണ് ഉണ്ടായത്'' -സേതു സമരം പറയുന്നു.  സമരത്തിന്റെ ഫലമായി ജലവിതരണ പദ്ധതി പ്രാവര്‍ത്തികമാകുകയും പൈപ്പിട്ട് ജലവിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍, ക്വാറിക്കെതിരെ സമരം ശക്തമാക്കിയപ്പോള്‍ ക്വാറിയുടമ ഇടപെട്ട് കുടിവെള്ളം മുടക്കിയെന്നും അന്നത്തെ പഞ്ചായത്ത് ഭരണസമിതി അതിന് ഒത്താശ ചെയ്യുകയായിരുന്നെന്നും സമരസമിതി ആരോപിച്ചിരുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ വിളിച്ച യോഗത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടിക്കുമെന്ന് വൈസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേ ദിവസം രാവിലെ പൈപ്പുകള്‍ തകര്‍ന്നു കിടക്കുന്നതാണ് ജനം കണ്ടതെന്ന് സേതു സമരം ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള പദ്ധതിയുടെ താക്കോല്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കാത്തതിനാല്‍ വെള്ളം പമ്പ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ഒരു കുടം വെള്ളത്തിനായി ഏഴും എട്ടും കിണറുകള്‍ക്കു മുന്നില്‍ പോയി മടങ്ങിയിട്ടും വാട്ടര്‍ടാങ്കിന്റെ താക്കോല്‍ നല്‍കിയില്ല. പ്രതിഷേധിക്കില്ലെന്ന് ഉറപ്പ് കൊടുത്തവര്‍ക്കു മാത്രം വെള്ളം നല്‍കി. അധികൃതര്‍ക്കു പരാതി നല്‍കാന്‍ തുടങ്ങിയപ്പോള്‍ താക്കോല്‍ തന്നു. അതിനു പിറകേയാണ് അന്ന് പൈപ്പ് തകര്‍ക്കുന്ന സംഭവം ഉണ്ടായത്. 

എന്നാല്‍, ക്വാറിക്കെതിരെ ചിലര്‍ ഉയര്‍ത്തുന്ന എതിര്‍പ്പും ജലവിതരണത്തിലെ പ്രശ്‌നങ്ങളും തമ്മില്‍ ബന്ധപ്പെടുത്തി കാണേണ്ടതില്ലെന്ന് കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് പറയുന്നു. ''ജലവിതരണത്തിലെ പ്രശ്‌നം ജലജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ഏറെക്കുറെ പരിഹരിച്ചു കഴിഞ്ഞു. ജലവിതരണം ഭരണകൂടത്തിന്റെ ഉത്തരവാദിത്വത്തില്‍പ്പെട്ടതാണ്. ഏതു ക്വാറി നടത്തിപ്പുകാര്‍ക്കാണ് കോളനി നിവാസികള്‍ക്ക് വെള്ളമെത്തിക്കുന്നതിനെ തടസ്സപ്പെടുത്താന്‍ സാധിക്കുക?'' -അദ്ദേഹം ചോദിക്കുന്നു. ക്വാറി ജനാധിവാസ മേഖലയിലല്ല. അതിനെ എതിര്‍ക്കുന്നവര്‍ കോളനിയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. വര്‍ഷങ്ങളായി നിരന്തരം ആ പ്രദേശത്ത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തി സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് ക്വാറിയെ എതിര്‍ക്കുന്നവര്‍ -മനോജ് ആരോപിക്കുന്നു. 

എന്തായാലും മാര്‍ച്ച് 15-ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാല്‍, ഇപ്പോഴും ക്വാറിയുടെ പ്രവര്‍ത്തനം ഭാഗികമായി നടക്കുന്നുവെന്നാണ് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ക്വാറിയിലെ സ്‌ഫോടനത്തെ തുടര്‍ന്നു ക്വാറിയില്‍നിന്നും ഏതാണ്ട് 60 മീറ്റര്‍ അകലെയുള്ള വീട്ടില്‍ കല്ലു വന്നുവീഴുകയും വീട്ടിലുണ്ടായിരുന്ന അമ്മയും കുഞ്ഞും പരുക്കൊന്നും കൂടാതെ കഷ്ടിച്ചു രക്ഷപ്പെടുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ ഉണ്ടായത്. ക്വാറിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയാണെന്നു കണ്ടതോടെ ഉടമ തീറ്റിപ്പോറ്റുന്നവരും കോളനിയില്‍ തന്നെ ഉള്ളവരുമായ ചിലര്‍ ജനകീയ മുന്നേറ്റ സമിതിയുടെ പ്രവര്‍ത്തകരെ ശാരീരികമായി ആക്രമിച്ചു എന്നതാണ് തോപ്പില്‍ കോളനി സമരത്തിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസം. ക്വാറി പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിപ്പിക്കുകയും ക്വാറി പ്രവര്‍ത്തനം കൊണ്ടു കഷ്ടനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കും ശ്വാസകോശരോഗങ്ങളടക്കം ബാധിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പോസ്റ്റര്‍ പതിച്ചതില്‍ പ്രകോപിതരായി ക്വാറിയില്‍ ജോലിയെടുക്കുന്ന ചിലര്‍ തന്നേയും സമിതിയുടെ മറ്റൊരു പ്രവര്‍ത്തകനായ ഗോപാലനേയും ആക്രമിക്കുകയായിരുന്നുവെന്ന് സമിതി കണ്‍വീനറായ സേതു സമരം പറയുന്നു. നിരവധി ജലവിതരണ പദ്ധതികള്‍ വന്നിട്ടും കുടിവെള്ളക്ഷാമം എന്തായാലും മാറിയിട്ടില്ലെന്നതാണ് തോപ്പില്‍ കോളനിവാസികളുടെ അനുഭവം -സേതു ചൂണ്ടിക്കാട്ടുന്നു. 

ഏതായാലും തോപ്പില്‍ കോളനി നിവാസികളുടെ പ്രശ്‌നം കേരളത്തിലെ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതായി അറിയുന്നു. ഏപ്രില്‍ 18-ന് കിളിമാനൂര്‍ തോപ്പില്‍ കോളനിയില്‍ സംഘടിപ്പിക്കപ്പെട്ട വസ്തുതാന്വേഷണവും പ്രതിഷേധ സംഗമവും പൊമ്പളൈ ഒരുമ സമരനായിക ഗോമതി ഉദ്ഘാടനം ചെയ്തിരുന്നു. ക്വാറി പൂര്‍ണ്ണമായും അടച്ചുപൂട്ടാനും ക്വാറിക്കുവേണ്ടി ദളിത് കോളനി ഒഴിപ്പിക്കാന്‍ അനുവദിക്കരുതെന്നും ജനകീയ മുന്നേറ്റ സമിതി നേതാക്കളായ സേതുവിനേയും ഗോപാലനേയും ആക്രമിച്ച കേസില്‍ ക്വാറി ഉടമകളെ പ്രതിചേര്‍ത്ത് വധശ്രമത്തിനു കേസെടുക്കാനും ആവശ്യപ്പെട്ടായിരുന്നു യോഗം. യോഗത്തില്‍ രവി എസ്., അഡ്വ. പൗരന്‍, ഡോ. പി.ജി. ഹരി, നാടക പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സ്വപ്നേഷ് ബാബു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

അശാസ്ത്രീയ ഭൂവിതരണത്തിന്റെ ഇരകള്‍

സ്വപ്നേഷ് ബാബു 
(നാടക പ്രവര്‍ത്തകന്‍, ആക്ടിവിസ്റ്റ്)

ക്വാറി ഉടമകള്‍ക്കുവേണ്ടി പ്രദേശവാസികളെ കോളനിയില്‍നിന്ന് ഒഴിവാക്കാന്‍ പഞ്ചായത്ത് അധികൃതരുടേയും പൊലീസിന്റേയും സഹായത്തോടെ ക്വാറി മാഫിയാ ഏജന്റുമാര്‍ കോളനിക്കകത്ത് കയറി ഇറങ്ങുകയാണ്. ക്വാറി കോളനിക്കുള്ളില്‍ത്തന്നെയായതിനാല്‍ പാറ പൊട്ടിക്കുമ്പോള്‍ വീടുകള്‍ക്കു മുകളില്‍ വീഴുന്നത് പതിവാണ് പ്രാഥമിക ആവശ്യമായ കുടിവെള്ളത്തിനായിപോലും നിരന്തരം സമരം ചെയ്യേണ്ടി വന്നു. ''എന്തിനാണ് ഈ സമരമൊക്കെ.., നിങ്ങള്‍ക്ക് ഫ്‌ലാറ്റ് നിര്‍മ്മിച്ചു നല്‍കാം.., ഈ ഭൂമിക്കു നല്ല വിലവാങ്ങി നല്‍കാം...'' എന്നെല്ലാമാണ് വാഗ്ദാനങ്ങള്‍. ജനങ്ങള്‍ ഇതെല്ലാം നിരസിക്കുന്നു. തങ്ങള്‍ക്കു ഭീഷണിയായ ക്വാറി അടച്ചുപൂട്ടുന്നതില്‍ കുറഞ്ഞൊരാവശ്യം അവര്‍ക്കില്ല. അതുകൊണ്ടുതന്നെ കോളനിയിലെ ജനങ്ങളെ ഭീഷണിപ്പെടുത്താനും പ്രലോഭനങ്ങള്‍ക്കും ഒറ്റപ്പെടുത്തലിനുമാണ് ക്വാറി മാഫിയ ശ്രമിച്ചുവരുന്നത്. ഇതിനെതിരെ നില്‍ക്കുന്ന ജനകീയ മുന്നേറ്റ സമിതിയുടെ നേതൃത്വത്തെ ഇല്ലായ്മ ചെയ്യുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുകയും സേതു, ഗോപാലന്‍ എന്നിവരെ ആക്രമിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. ഈ ആക്രമണം നടത്തിയ കേസില്‍ ക്വാറി ഉടമകളെ കൂടി പ്രതിചേര്‍ക്കണമെന്നാണ് മുന്നേറ്റ സമിതിയുടെ ആവശ്യം.

ഇത് കിളിമാനൂര്‍ തോപ്പില്‍ കോളനിയുടെ മാത്രം വിഷയമല്ല. ഇന്ത്യയിലും കേരളത്തിലും വ്യാപിക്കുന്ന വികസന ഭീകരതയുടേയും ജാതി വിവേചനത്തിന്റേയും കൂടി ഭാഗമാണ്. ഇത്തരം ജനകീയ സമരങ്ങള്‍ക്കെതിരെ പൊലീസിന്റെ സഹായത്തോടെ ഭരണകൂടം നടത്തുന്ന ഭീകര പ്രവര്‍ത്തനത്തെ തുറന്നെതിര്‍ക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ അശാസ്ത്രീയമായ ഭൂവിതരണത്തിന്റെ ഇരകളാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ദളിത് കോളനികളില്‍ ജീവിക്കുന്നവര്‍. തോപ്പില്‍ കോളനിയില്‍ വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികള്‍ ക്വാറി ഉടമകള്‍ക്കുവേണ്ടി അവിഹിത ഇടപെടല്‍ നടത്തുകയാണ്. കോളനി നിവാസികളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നു.

ഒഴിഞ്ഞുപോകാന്‍ മനസ്സില്ല

സേതു സമരം
(ജനകീയ മുന്നേറ്റ മുന്നണി കണ്‍വീനര്‍)

എല്ലാക്കാലത്തും മേലാളരാല്‍ പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട ഞങ്ങള്‍ ദളിതര്‍ക്ക് ഇനി അതാവര്‍ത്തിക്കാന്‍ മനസ്സില്ല എന്നാണ് ആദ്യമായി പറയാനുള്ളത്. മനുഷ്യരായിപോലും ഞങ്ങളെ കാണാന്‍ ഭരണാധികാരികള്‍ തയ്യാറില്ല. ഏതു വികസന പ്രവര്‍ത്തനമുണ്ടായാലും അതിന്റെ കഷ്ടനഷ്ടങ്ങള്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കുമാണ്. തോപ്പില്‍ കോളനിയിലേത് അതിജീവനത്തിനുവേണ്ടിയുള്ള സമരമാണ്. ഈ സമരത്തില്‍ തോറ്റുകൊടുക്കുന്ന പ്രശ്‌നമില്ല. ക്വാറിയുടെ പ്രവര്‍ത്തനം മൂലം കഷ്ടനഷ്ടങ്ങള്‍ വന്നവര്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന പോസ്റ്റര്‍ പതിച്ചതിനെത്തുടര്‍ന്നാണ് ക്വാറി ഉടമയുടെ ഗുണ്ടകള്‍ എന്നേയും മറ്റൊരു സമര സഖാവായ ഗോപാലനേയും ആക്രമിച്ചത്. ഈ സംഭവത്തില്‍ ക്വാറി ഉടമയേയും പ്രതിചേര്‍ത്തു പൊലീസ് കേസെടുക്കണമെന്നതാണ് ഞങ്ങളുടെ ഒരാവശ്യം. ക്വാറി പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തുകയും ക്വാറി കൊണ്ട് ആരോഗ്യപ്രശ്‌നങ്ങളും മറ്റു നഷ്ടങ്ങളും ഉണ്ടായവര്‍ക്ക് ഗവണ്‍മെന്റ് നഷ്ടപരിഹാരം നല്‍കുകയും വേണം.

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com