ഫഹീമ സമകാലിക മലയാളം വാരിക
Reports

10 വര്‍ഷം: ജീവിതം ‘അപ്രത്യക്ഷമായ കാലം’

രേഖാചന്ദ്ര

ലപ്പുറം ചേലേമ്പ്ര പെരിണ്ണീരിയിലെ പി. ഫഹീമ എന്ന വിദ്യാർത്ഥിനിയോട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചെയ്തത് ഞെട്ടിക്കുന്ന അനീതിയാണ്. ബിരുദ സർട്ടിഫിക്കറ്റിനായി പത്ത് വർഷമാണ് ഫഹീമ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ കയറിയിറങ്ങിയത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ പത്ത് വർഷം തുടർവിദ്യാഭ്യാസത്തിനോ ജോലിക്കോ പോകാനാവാത്ത തരത്തിൽ കുടുക്കിയിട്ടതിന്റെ യഥാർത്ഥ കാരണംപോലും ഇതുവരെ അവളോട് പറയാൻ യൂണിവേഴ്‌സിറ്റി തയ്യാറായിട്ടില്ല. സാമൂഹ്യവും സാമ്പത്തികവും കുടുംബപരവുമായ എല്ലാ പരിമിതികളേയും അതിജീവിച്ചുകൊണ്ടായിരുന്നു ഫഹീമ ബി.എസ്‌സി. കെമിസ്ട്രി ബിരുദം പൂർത്തിയാക്കിയത്. പക്ഷേ, ആ പെൺകുട്ടിയുടെ നിശ്ചയദാർഢ്യവും പോരാട്ടങ്ങളുമെല്ലാം മനുഷ്യാവകാശങ്ങളോ മനുഷ്യാവസ്ഥകളോ മനസ്സിലാവാത്ത നിസ്സംഗരായ ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ തട്ടിനിന്നു. 2015-ൽ പൂർത്തിയാക്കിയ ബിരുദത്തിന്റെ സർട്ടിഫിക്കറ്റ് ഒടുവിൽ ഫഹീമയ്ക്ക് കിട്ടിയത് 2025 ജൂൺ 20-നാണ്, 32-ാമത്തെ വയസ്സിൽ. ഇതിനിടയിൽ എത്രവട്ടം യൂണിവേഴ്‌സിറ്റിയിൽ കയറിയിറങ്ങിയെന്നോ എത്രയെത്ര പരാതികളും അപേക്ഷകളും കൊടുത്തെന്നോ എത്രയെത്ര ഉദ്യോഗസ്ഥരോടും അദ്ധ്യാപകരോടും തന്റെ അവസ്ഥ പറയേണ്ടി വന്നുവെന്നോ ഒരു നിശ്ചയവുമില്ല ഫഹീമയ്ക്ക്. എന്നിട്ടും ഒരു വിദ്യാർത്ഥിസംഘടനയോ അദ്ധ്യാപകസംഘടനയോ രാഷ്ട്രീയ പാർട്ടിയോ ഫഹീമയുടെ വിഷയത്തിൽ ഇടപെട്ടില്ല. പിന്തുണയ്ക്കാൻ സംഘടനാശക്തിയില്ലാത്ത ‘ദുർബലരായ’ വിദ്യാർത്ഥികളോട് ഉന്നത വിദ്യാഭ്യാസരംഗം ചെയ്യുന്ന അനീതിയുടെ ഒരുദാഹരണം കൂടിയാണ് ഫഹീമ. ഇതിന്റെ കാരണത്തേയോ കാരണക്കാരായവരേയോ അന്വേഷിക്കാനോ നടപടിയെടുക്കാനോ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒരു നീക്കവും ഇതുവരെ നടന്നിട്ടുമില്ല.

കാലിക്കറ്റ് സര്‍വകലാശാല

യൂണിവേഴ്‌സിറ്റിയുടെ അനാസ്ഥ

പഠിക്കാൻ മിടുക്കിയായിരുന്നു ഫഹീമ. പ്ലസ്‌ടുവിനു പഠിക്കുമ്പോൾത്തന്നെ വിവാഹം കഴിഞ്ഞെങ്കിലും പഠനം ഉപേക്ഷിക്കാതെ മഞ്ചേരി യൂണിറ്റി കോളേജിൽ 2011-ൽ ബി.എസ്‌സി. കെമിസ്ട്രിക്ക് ജോയിൻ ചെയ്തു. ഒന്നാം സെമസ്റ്ററും രണ്ടാം സെമസ്റ്ററും പൂർത്തിയാക്കി. ഇതിനിടയിൽ ഗർഭിണിയായ ഫഹീമ പഠനം താല്‍ക്കാലികമായി നിർത്തി. പ്രസവത്തിനു ശേഷം 2013-’14-ൽ റീ അഡ്മിഷൻ എടുത്തു. മൂന്നും നാലും സെമസ്റ്റർ പൂർത്തിയാക്കി. ഇതിന്റെ റിസൽട്ട് പക്ഷേ, യൂണിവേഴ്‌സിറ്റിയിൽനിന്നു ലഭ്യമായില്ല. അന്നു മുതൽ നിരന്തരമായ അപേക്ഷ കൊടുക്കലും ഫോൺ മുഖേനയുള്ള അന്വേഷണവും പരാതി നൽകലും ചെയ്തു തുടങ്ങിയിട്ടുണ്ട് ഫഹീമ. രണ്ടാമതും ഗർഭിണിയായപ്പോൾ പിന്നെയും ഡിസ്‌കണ്ടിന്യൂ ചെയ്തു. മടങ്ങിവന്ന് 2015-’16-ൽ അഞ്ചും ആറും സെമസ്റ്ററുകൾ പൂർത്തിയാക്കി. മൂന്നും നാലും സെമസ്റ്ററുകൾ ഒഴികെ ബാക്കിയെല്ലാ റിസൽട്ടുകളും ലഭിച്ചു. അവസാന സെമസ്റ്ററും പൂർത്തിയായപ്പോൾ പി.ജി. അഡ്മിഷനായി എൻട്രൻസ് പരീക്ഷ എഴുതി. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എം.എസ്‌സി. ഹൈഡ്രോ കെമിസ്ട്രിയിൽ റാങ്ക് ലിസ്റ്റിൽ വന്നു. എന്നാൽ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് പോലും കയ്യിലില്ലാത്തതിനാൽ അഡ്മിഷൻ എടുക്കാനായില്ല. പിന്നീട് സ്‌പോട്ട് അഡ്മിഷൻ സമയത്തും കുസാറ്റിൽനിന്നും വിളി വന്നെങ്കിലും അപ്പോഴും സർട്ടിഫിക്കറ്റില്ലാത്തതിനാൽ ഉപേക്ഷിക്കേണ്ടിവന്നു. സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നെങ്കിൽ 2016-ൽ തനിക്കവിടെ അഡ്മിഷൻ കിട്ടിയേനെ എന്ന് ഫഹീമ പറയുന്നു.

പിന്നീട് ഇതുവരെ ആ സർട്ടിഫിക്കറ്റിനായുള്ള അലച്ചിലായിരുന്നു. രണ്ട് തവണത്തെ ഗർഭകാലം, കുട്ടികൾ, ഇതിനിടയിലായിരുന്നു ഫഹീമ ഡിഗ്രി പൂർത്തിയാക്കിയത്. അസൈൻമെന്റും റെക്കോർഡും പരീക്ഷയും എല്ലാം അത്രയധികം ബുദ്ധിമുട്ടി പൂർത്തിയാക്കിയ ഒരു സർട്ടിഫിക്കറ്റായിരുന്നു ഇതൊന്നും അറിയുകയോ ആലോചിക്കുകയോ ചെയ്യാത്ത കുറേ മനുഷ്യർ പത്ത് വർഷം തട്ടിക്കളിച്ചത്. ഇതിനിടയിൽ മോശമായി സംസാരിച്ചവരും ഫോൺ ചെയ്താൽ കൃത്യമായി മറുപടി പറയാത്തവരുമായ നിരവധി ഉദ്യോഗസ്ഥരിലൂടെ ഫഹീമ കടന്നുപോയിട്ടുണ്ട്. സംസാരത്തിനിടയിൽ അവരെയൊന്നും ഫഹീമ ഒരിക്കലും കുറ്റപ്പെടുത്തിയില്ല. അവരുടെ അപ്പോഴത്തെ മൂഡ് അങ്ങനെയായതായിരിക്കാം എന്നു വിശ്വസിക്കാനാണ് ഫഹീമയ്ക്കിഷ്ടം. ഈ യാത്രയിൽ സഹായിച്ചവരെ മാത്രം ഓർമയിൽവെച്ചു. ബിരുദപഠനത്തിനു ശേഷം രണ്ട് മക്കൾ കൂടിയുണ്ടായി ഫഹീമയ്ക്ക്. പലപ്പോഴും കൈക്കുഞ്ഞുങ്ങളുമായിട്ടായിരുന്നു യൂണിവേഴ്‌സിറ്റിയിലേക്കുള്ള യാത്ര. ചില സമയങ്ങളിൽ കുഞ്ഞുങ്ങളെ ഉമ്മയെ ഏല്പിച്ച് പോയി വരും.

റീ അഡ്മിഷൻ എടുത്തപ്പോൾ വെവ്വേറെ രജിസ്റ്റർ നമ്പറായിരുന്നു ഫഹീമയ്ക്ക് കിട്ടിയത്. രജിസ്റ്റർ നമ്പറിലെ ഈ പ്രശ്നം കാരണമാണ് റിസൽട്ട് വൈകുന്നത് എന്നായിരുന്നു 2015 മുതൽ യൂണിവേഴ്‌സിറ്റിയിൽനിന്നു ലഭിക്കുന്ന മറുപടി. ആ മറുപടി വിശ്വസിച്ച് ആ സാങ്കേതികത്വം പരിഹരിച്ച് തരാനായിരുന്നു ഫഹീമ അപേക്ഷ നൽകിയതത്രയും. വൈസ് ചാൻസലർക്കും സ്റ്റുഡൻസ് വെൽഫയർ ഡീനിനും പരീക്ഷാ കൺട്രോളർക്കും വിവിധ സെക്ഷനുകളിലും എല്ലാം അപേക്ഷകൾ സമർപ്പിച്ചുകൊണ്ടേയിരുന്നു. പരിഹരിക്കാം എന്ന മറുപടി മാത്രം കേട്ടു. ഒടുവിൽ നാല് വർഷത്തിനുശേഷം 2019-ലാണ് ഫയൽ നോക്കിയ ഒരു ഉദ്യോഗസ്ഥൻ ഉത്തരക്കടലാസ് കാണാതായതാണ് കാരണം എന്ന് ഫഹീമയെ അറിയിക്കുന്നത്. ഉത്തരക്കടലാസ് മിസ്സിങ്ങായതിനാൽ മാർക്ക് അപ്‌ലോഡ് ചെയ്തിട്ടുമില്ല. ഫിസിക്സ്, മാത്‌സ്, അറബി, ഇംഗ്ലീഷ് പേപ്പറുകളാണ് കാണാതായതായി പറഞ്ഞത്.

ഇത്രയും വർഷം ഇവിടെ കയറിയിറങ്ങിയപ്പോൾ ഒരാൾപോലും തന്റെ കേസ് നോക്കുകയോ എന്താണ് പ്രശ്നം എന്നു കണ്ടെത്തുകയോ ചെയ്തില്ലേ എന്ന ചോദ്യത്തിനു മറുപടിയുണ്ടായില്ല. അത്രയും വർഷം ഒരു വിദ്യാർത്ഥിനിയെ കബളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു യൂണിവേഴ്‌സിറ്റി. ഇതിനിടയിൽ അറ്റൻഡൻസിന്റെ കോപ്പി, പരീക്ഷ എഴുതിയതിന്റെ തെളിവ് അങ്ങനെ നിരവധി രേഖകൾ യൂണിവേഴ്‌സിറ്റി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും അതെല്ലാം ഫഹീമ സമർപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. 2019-ൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന അദാലത്തിൽ ഫഹീമ പങ്കെടുത്തപ്പോൾ അതിലെ ഒരു ഫാക്കൽറ്റിയംഗം ചോദിച്ചത് ഉത്തരക്കടലാസ് കാണാനില്ല, നിങ്ങൾ പരീക്ഷ എഴുതിയിരുന്നോ എന്നായിരുന്നു. “എന്താണ് ആ ചോദ്യത്തിനു മറുപടി പറയേണ്ടത് എന്നുപോലും എനിക്കറിയില്ലായിരുന്നു. എഴുതാത്ത ഒരു പരീക്ഷയ്ക്കുവേണ്ടി ഇത്രയും വർഷം ഒരാൾ കയറിയിറങ്ങുമോ. പക്ഷേ, ഞാൻ ഒന്നും പറഞ്ഞില്ല. കയ്യിലുള്ള, പരീക്ഷ എഴുതി എന്നതിന്റെ തെളിവ് നൽകി” -ഫഹീമ പറയുന്നു. നിരവധി സാങ്കേതികത്വങ്ങളായിരുന്നു പിന്നീട് അവർ അവിടെ പറഞ്ഞത്. ഇനിയെന്താണ് തുടർനടപടി എന്നതാണ് തനിക്കറിയേണ്ടത് എന്ന് ഫഹീമ ചോദിച്ചപ്പോൾ വീണ്ടും പരീക്ഷ എഴുതേണ്ടിവരും എന്ന നിർദേശം വന്നു. സിലബസ് എല്ലാം അപ്പോഴേക്കും മാറിയിരുന്നു. അല്ലാതെ സർട്ടിഫിക്കറ്റ് കിട്ടില്ല എന്നറിയിച്ചപ്പോൾ ആ തീരുമാനത്തിന് ഫഹീമ സമ്മതം അറിയിച്ചു. അടുത്ത സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഇക്കാര്യം തീരുമാനമാക്കി പരീക്ഷത്തീയതി അറിയിക്കാം എന്നു പറഞ്ഞു. പുതിയ സിലബസ് പ്രകാരമുള്ള പഠനവും ആരംഭിച്ചു. എന്നാൽ, പരീക്ഷാത്തീയതി മാത്രം ലഭിച്ചില്ല. ആ സമയത്താണ് കൊവിഡ് വന്നത്. പിന്നീട് യൂണിവേഴ്‌സിറ്റിയിലേയ്ക്ക് വിളിച്ചാൽ യാതൊരു മറുപടിയും ഇല്ല. കൊവിഡ് ആയതുകാരണം ഒന്നും നടക്കുന്നില്ല എന്നുമാത്രം അറിയിക്കും. പിന്നീട് വിളിക്കുമ്പോഴും പോകുമ്പോഴും വാല്യുവേഷൻ സമയമാണ്, അഡ്മിഷൻ സമയമാണ്, എക്സാം സമയമാണ് തുടങ്ങിയ അവരുടേതായ തിരക്കുകളാണ് പറഞ്ഞുകൊണ്ടിരുന്നത്.

ഫഹീമ

സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദിനോട് ഫഹീമ ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വീണ്ടും വൈസ്ചാൻസലർക്ക് കത്ത് നൽകാൻ തീരുമാനിച്ചു. പുതിയ വി.സിയായി ഡോ. പി. രവീന്ദ്രൻ ചുമതലയേറ്റ സമയമായിരുന്നു. അദ്ദേഹത്തെ പോയി കണ്ട് അപേക്ഷ നൽകി. ഇത്രയും വർഷത്തെ അലച്ചിലിനുശേഷം ഒരു വി.സി ആദ്യമായി കാണാൻ അനുവദിച്ചതും ഇദ്ദേഹമായിരുന്നു എന്ന് ഫഹീമ പറയുന്നു. “ഇത്രയും വർഷം എന്താണ് താമസിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്റെ ഭാഗത്തുനിന്ന് ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടുണ്ട് എന്നു മറുപടി നൽകി. നിരവധി തവണ അപേക്ഷ നൽകിയതും അതുവരെ നടന്ന കാര്യങ്ങളും പറഞ്ഞു. പരീക്ഷയ്ക്ക് തീയതി കിട്ടുക എന്നതാണ് ആവശ്യം എന്നും അറിയിച്ചു. അടുത്ത സ്റ്റാൻഡിങ് കമ്മിറ്റിയിൽ വെച്ച് തീരുമാനമാക്കാം എന്ന് അദ്ദേഹം മറുപടി നൽകി” -ഫഹീമ പറയുന്നു. എന്നാൽ, കാര്യങ്ങൾ പിന്നെയും പഴയതുപോലെ തന്നെയായി. സ്റ്റാൻഡിങ് കമ്മിറ്റിയിൽ തീരുമാനമായില്ല എന്ന മറുപടിയാണ് ലഭിച്ചുകൊണ്ടിരുന്നത്. പിന്നീട് വീണ്ടും വി.സിക്ക് അപേക്ഷ നൽകിയപ്പോൾ പരീക്ഷ തീയതി ഉടൻ നൽകാൻ തീരുമാനമായി. പക്ഷേ, ആ സമയത്താണ് കാണാതെ പോയ പേപ്പർ കണ്ടെത്തി എന്ന വിവരം വന്നത്. കാണാതെ പോയ നാല് പേപ്പറിൽ രണ്ടെണ്ണം കണ്ടെത്തി എന്നും വാല്യു ചെയ്ത പേപ്പർ ആണെന്നും സെക്ഷനിൽനിന്നും അറിയിച്ചു. അത് എങ്ങനെ കിട്ടി, എവിടുന്നു കിട്ടി എന്നൊന്നും ഫഹീമയോട് പറയാൻ അവർ തയ്യാറുമായിരുന്നില്ല. അതറിയാനുള്ള അവകാശം ഒരു വിദ്യാർത്ഥിക്കില്ല എന്നു വിശ്വസിക്കുന്നവരാവാം അവിടെ ജോലി ചെയ്യുന്നവർ. സ്‌പെഷ്യൽ പരീക്ഷ നടത്താൻ തീരുമാനിച്ചപ്പോൾ ഉത്തരപേപ്പർ കാണാതായതിന്റെ ഉത്തരവാദി ആരാണെന്നു കണ്ടെത്തണമെന്ന് വൈസ് ചാൻസലർ നിർദേശിച്ചതിനുശേഷമാണ് പേപ്പർ കണ്ടെത്തിയത് എന്ന് സിൻഡിക്കേറ്റംഗം ഡോ. റഷീദ് അഹമ്മദ് പറയുന്നു.

ബാക്കി രണ്ടെണ്ണത്തിന്റെ പരീക്ഷാ ഫീസടക്കാൻ സെക്ഷനിൽനിന്ന് ആവശ്യപ്പെട്ടു. 2000 രൂപയോളമുണ്ടായിരുന്നു ഫീസ്. അത്രയും തുക കയ്യലില്ലാത്തതിനാൽ അടച്ചില്ല. പിറ്റേന്നു പണം സംഘടിപ്പിച്ച് യൂണിവേഴിസ്റ്റിയിൽ എത്തിയപ്പോൾ ഇപ്പോൾ പണം അടക്കേണ്ടെന്നും സെക്ഷനിൽനിന്നു തീരുമാനം വരാനുണ്ടെന്നും അറിയിച്ചു. അങ്ങനെ 2025 മാർച്ചിൽ നാല് പേപ്പറും കണ്ടെത്തി എന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. അത് അപ്‌ലോഡ് ചെയ്യാൻ ഡിജിറ്റൽ വിഭാഗത്തിലേക്ക് കൈമാറിയെന്നും രണ്ട് മാസംകൊണ്ട് സർട്ടിഫിക്കറ്റ് കിട്ടും എന്നും അറിയിച്ചു. മാർക്ക് അപ്‌ലോഡ് ചെയ്ത് അനുവദിക്കാൻ രണ്ടുമാസം ആണ്, പത്ത് വർഷമായി ഇതിനുവേണ്ടി നടക്കുന്ന ഒരാളോട് പിന്നെയും അവിടത്തെ ഉദ്യോഗസ്ഥർ പറഞ്ഞത്. ഫഹീമ പക്ഷേ, കാത്തിരുന്നു; രണ്ട് മാസം. പി.ജി അഡ്മിഷന് ഇത്തവണയെങ്കിലും അപേക്ഷിക്കാം എന്ന പ്രതീക്ഷയോടെ. പക്ഷേ, മാസം രണ്ടായിട്ടും മറുപടിയൊന്നുമില്ല. അന്വേഷിച്ചപ്പോൾ പറഞ്ഞത് ഡിജിറ്റലിൽ പുതിയ ആളുകളാണ്, പതുക്കെയാണ് കാര്യങ്ങൾ നടക്കുന്നത് എന്നാണ്. ജൂൺ 19-ന് ഫഹീമ വീണ്ടും വൈസ് ചാൻസലറെ കണ്ടു. ഇനിയും ഇതു കിട്ടിയില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹം നിർദേശം നൽകി. പിറ്റേന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ ഗ്രേഡ് കാർഡും സർട്ടിഫിക്കറ്റും റെഡിയായതായി അറിയിച്ചു. അപ്പോൾത്തന്നെ യൂണിവേഴ്‌സിറ്റിയിലെത്തി അത് കൈപ്പറ്റി. സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയ നിമിഷം സങ്കടംകൊണ്ട് കരഞ്ഞുപോയി എന്നാണ് ഫഹീമ പറയുന്നത്. “ആരൊക്കെയോ എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു. തുടർന്നു പഠിക്കണം എന്നും പി.എസ്.സി. എഴുതണം എന്നും ഒക്കെ പറയുന്നുണ്ടായിരുന്നു. പക്ഷേ, ഞാനതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല, സങ്കടവും കണ്ണീരും വന്നു മൂടിയതുകാരണം. വീട്ടിലെത്തുന്നതുവരെ അങ്ങനെയായിരുന്നു” -ഫഹീമ പറയുന്നു.

സർട്ടിഫിക്കറ്റ് കിട്ടിയത് ഈ വർഷത്തെ പി.ജി അഡ്മിഷൻ ക്ലോസ് ചെയ്തതിന്റെ പിറ്റേ ദിവസമാണ്. ഈ വർഷവും എവിടെയും അപേക്ഷിക്കാൻ കഴിയില്ല. പി.ജി അഡ്മിഷനായി വൈസ്ചാൻസലർക്ക് അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് ഫഹീമയിപ്പോൾ. ഇത്രയും വർഷത്തെ ഇടവേള, കുട്ടികൾ, ഇക്കാര്യങ്ങളൊക്കെക്കൊണ്ട് പി.ജി ഇനി സാധ്യമാകുമോ എന്ന് യൂണിവേഴ്‌സിറ്റിയിൽനിന്നുതന്നെ ഫഹീമ ചോദ്യം നേരിട്ടിരുന്നു. പറ്റും, എനിക്ക് പഠിക്കണം എന്നു മാത്രമായിരുന്നു ഫഹീമയുടെ മറുപടി. പഠിക്കുന്ന സമയത്ത് വീട്ടുകാർക്കൊക്കെ വലിയ പ്രതീക്ഷയായിരുന്നു, ഞാൻ എന്തെങ്കിലുമൊക്കെ ആകും എന്ന്; പക്ഷേ, അതിനൊന്നും ആ സമയത്ത് കഴിഞ്ഞില്ല’ ചിരിച്ചുകൊണ്ടാണ് ഫഹീമ പറയുന്നതെങ്കിലും വാക്കുകളിലെ സങ്കടം തൊട്ടറിയാം.

നിശ്ശബ്ദമായ ഒരു പോരാട്ടം തന്നെയായിരുന്നു ഫഹീമ നടത്തിയത്. ലക്ഷ്യം കാണും എന്ന നിശ്ചയദാർഢ്യം അതിനുണ്ടായിരുന്നു, സിസ്റ്റം തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടിയോടി രാഹുല്‍ കര്‍ണാടകയില്‍, കാറുകളും സിമ്മുകളും പലവട്ടം മാറ്റി; ഒളിക്കാന്‍ നിരവധിപ്പേരുടെ സഹായം

കൂടുതല്‍ കുരുക്കിലേക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; ഡിജിപിക്ക് കൈമാറി കെപിസിസി

'സത്യസന്ധമായ തെരഞ്ഞെടുപ്പ് നടത്തിയാല്‍...'; സാമന്തയുടെ വിവാഹത്തിന് പിന്നാലെ നാഗ ചൈതന്യ ; വജ്രത്തെ വിട്ടുകളഞ്ഞുവെന്ന് ആരാധകര്‍

എസ്‌ഐആറില്‍ പാര്‍ലമെന്റ് സ്തംഭിച്ചു; പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ച് ലോക്‌സഭാ സ്പീക്കര്‍

വെറുതെ കൊറിക്കാന്‍ മാത്രമല്ല, പോപ്കോണ്‍ ഉപയോഗിച്ച് വ്യത്യസ്ത വിഭവങ്ങള്‍

SCROLL FOR NEXT