ഡോ. തോമസ് മാത്യു 
Reports

ഡോ. തോമസ് മാത്യുവിന്റെ ജീവിതം കേരളത്തിലെ നെഫ്രോളജിയുടെ ചരിത്രമായതെങ്ങനെ?

കേരളത്തിലെ ആദ്യ നെഫ്രോളജിസ്റ്റ്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍ ആദ്യമായി പൂര്‍ണ്ണമായി സജ്ജീകരിക്കപ്പെട്ട ഡയാലിസിസ് ചികിത്സയ്ക്ക് തുടക്കക്കാരന്‍, കേരളത്തിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോക്ടര്‍മാരിലൊരാള്‍.

രേഖാചന്ദ്ര

രിഞ്ഞ ഒരു പൂവ് വീണ്ടും വിടര്‍ന്ന് മനോഹരമായി തീരുന്നതുപോലെയാണ് വൃക്കരോഗിയായ ഒരാള്‍ ചികിത്സ കിട്ടി ദിവസങ്ങള്‍ കഴിയുമ്പോഴേയ്ക്കും. അവരുടെ ശരീരം അത്രത്തോളം മനോഹരമായി തീരും''

കേരളത്തിലെ ആദ്യത്തെ നെഫ്രോളജിസ്റ്റ് ഡോ. തോമസ് മാത്യു തന്റെ 50 വര്‍ഷത്തെ വൈദ്യശാസ്ത്ര അനുഭവങ്ങള്‍ പറഞ്ഞുതുടങ്ങുകയായിരുന്നു. നെഫ്രോളജിയോ ഡയാലിസിസോ വൃക്ക മാറ്റിവെയ്ക്കലോ ഒന്നും പരിചിതമല്ലാതിരുന്ന ഒരു കാലത്ത് ആ ശാഖയില്‍ ഉപരിപഠനം നടത്തി ചികിത്സ തുടങ്ങിയ ഡോക്ടര്‍. ഒട്ടേറെ രോഗികളെ മരണത്തില്‍നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചു നടത്തിച്ചു. ഇന്ന് നമുക്കു ചിരപരിചിതമായ വൃക്കരോഗ ചികിത്സാരീതികള്‍ക്ക് കേരളത്തില്‍ തുടക്കമിടാന്‍ കഴിഞ്ഞത് ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു. 30 വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും റിട്ടയര്‍മെന്റിനു ശേഷം കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലും വിശ്രമമില്ലാതെ രോഗീപരിചരണത്തില്‍ സംതൃപ്തനാവുകയാണ് ഡോക്ടര്‍. കേരളത്തിലെ ആദ്യ നെഫ്രോളജിസ്റ്റ്, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കേരളത്തില്‍ ആദ്യമായി പൂര്‍ണ്ണമായി സജ്ജീകരിക്കപ്പെട്ട ഡയാലിസിസ് ചികിത്സയ്ക്ക് തുടക്കക്കാരന്‍, കേരളത്തിലെ ആദ്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോക്ടര്‍മാരിലൊരാള്‍. എണ്‍പതുകാരനായ ഡോ. തോമസ് മാത്യുവിന്റെ ജീവിതം കേരളത്തിലെ നെഫ്രോളജിയുടെ ചരിത്രം കൂടിയാണ്.

കിഡ്നി രോഗത്തിന് കേരളത്തില്‍ ആധുനിക ചികിത്സ ഇല്ലാത്ത കാലത്താണ് 1970-കളില്‍ നെഫ്രോളജിയില്‍ ഉന്നതപഠനം നടത്താന്‍ ഡോ. തോമസ് മാത്യു തീരുമാനിച്ചത്. തിരുവല്ലയ്ക്കടുത്ത് കവിയൂരായിരുന്നു തോമസ് മാത്യുവിന്റെ പിതാവിന്റെ വീട്. ബെര്‍മ ഷെല്‍ കമ്പനി ലോയറായിരുന്നു.
ഡോ. തോമസ് മാത്യു

ചണ്ഡീഗഢിലെ പഠനം

കിഡ്നി രോഗത്തിന് കേരളത്തില്‍ ആധുനിക ചികിത്സ ഇല്ലാത്ത കാലത്താണ് 1970-കളില്‍ നെഫ്രോളജിയില്‍ ഉന്നതപഠനം നടത്താന്‍ ഡോ. തോമസ് മാത്യു തീരുമാനിച്ചത്. തിരുവല്ലയ്ക്കടുത്ത് കവിയൂരായിരുന്നു തോമസ് മാത്യുവിന്റെ പിതാവിന്റെ വീട്. ബെര്‍മ ഷെല്‍ കമ്പനി ലോയറായിരുന്നു. പിന്നീട് താമരശ്ശേരിയില്‍ സ്ഥലം വാങ്ങി ഇങ്ങോട്ട് താമസം മാറി. അങ്ങനെ താമരശ്ശേരിയിലായിരുന്നു തോമസ് മാത്യുവിന്റെ പ്രൈമറി വിദ്യാഭ്യാസം. തുടര്‍ന്ന് അച്ഛന്റെ സഹോദരന്റെ ആലപ്പുഴയിലെ വീട്ടില്‍ താമസിച്ച് പന്ത്രണ്ടാം ക്ലാസ് വരെ പഠനം. പ്രീഡ്രിഗ്രിക്കു വീണ്ടും കോഴിക്കോട് ദേവഗിരി കോളേജില്‍. ഒരു വര്‍ഷം ആണ് അന്ന് പ്രീഡിഗ്രി. അതുകഴിഞ്ഞ് എം.ബി.ബി.എസിനു സെലക്ഷന്‍ കിട്ടി. ഒരു വര്‍ഷം ആലുവ യു.സി കോളേജില്‍ പ്രീ മെഡിക്കല്‍ പഠനം. അതിനുശേഷം 1963-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിനു ചേര്‍ന്നു. 1967-ല്‍ എം.ബി.ബി.എസ് പാസ്സായി ഒരു വര്‍ഷം ഹൗസ് സര്‍ജന്‍സി. തുടര്‍ന്ന് പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ വഴി കോട്ടയം മെഡിക്കല്‍ കോളേജില്‍ ട്യൂട്ടര്‍ ഇന്‍ മെഡിസിന്‍ ആയി.

ലീവെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ഡിക്കു ചേര്‍ന്നു. 1972-ല്‍ പഠനം പൂര്‍ത്തിയായി. പഠനത്തിനുശേഷം അമേരിക്കയില്‍ പോകാം എന്നാണ് തീരുമാനിച്ചിരുന്നത് എന്ന് ഡോ. തോമസ് മാത്യു പറയുന്നു: ''അതിനുവേണ്ട ടെസ്റ്റുകളൊക്കെ പൂര്‍ത്തിയാക്കി. എനിക്കും സുഹൃത്ത് സദാശിവനും അമേരിക്കയില്‍ അഡ്മിഷനും കിട്ടി. പ്രൊഫ കെ.എന്‍. പൈ ആയിരുന്നു അന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ ഹെഡ്. പൈ സാറിനെ കണ്ട് പോകുന്ന കാര്യം പറഞ്ഞു: ''വെള്ളക്കാരെ പരിശോധിക്കാനാണോ നിങ്ങള്‍ ഇത്രയും നാളും പഠിച്ചത്'' -അദ്ദേഹത്തിന്റെ ചോദ്യം. നിങ്ങളെപ്പോലുള്ളവരെ കേരളത്തില്‍ ആവശ്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. നെഫ്രോളജി പഠിക്കാനുള്ള തീരുമാനത്തിലേക്കെത്തുന്നത് അവിടെ വെച്ചായിരുന്നു. കേരളത്തിലിപ്പോള്‍ വൃക്കരോഗം ആളുകളിലുണ്ടെന്നും കിഡ്നി രോഗത്തിനു ചികിത്സിക്കാന്‍ യോഗ്യരായ ഡോക്ടര്‍മാര്‍ കേരളത്തില്‍ ആരും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പേര്‍ ആ രോഗം വന്നു മരിക്കുന്നുണ്ട്. അതിന്റെ ട്രെയിനിങിനു പോയിക്കൂടേ എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യയിലെവിടെയെങ്കിലും അതിനു ട്രെയിനിങ് നല്‍കുന്നുണ്ടോ എന്ന് അദ്ദേഹത്തിനും അറിയില്ല, എനിക്കും അറിയില്ല. അന്നൊക്കെ കിഡ്നിരോഗത്തെക്കുറിച്ച് തന്നെ ഒരു ചാപ്റ്ററെ ഉള്ളൂ പുസ്തകത്തില്‍. ചണ്ഡിഗഢ് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ ഒരു നെഫ്രോളജിസ്റ്റ് ഉണ്ട് എന്നു കേട്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ അവിടെനിന്ന് ഗ്യാസ്ട്രോ എന്‍ഡറോളജി പഠിച്ചുവന്ന ഡോ. ബാലകൃഷ്ണന്‍ തിരുവനന്തപുരത്തുണ്ട് എന്നും അദ്ദേഹത്തെ കണ്ട് ചോദിച്ചാല്‍ അവിടത്തെ കാര്യങ്ങള്‍ അറിയാമെന്നും പൈ സാര്‍ പറഞ്ഞു. ഞാന്‍ അന്നുതന്നെ ബാലകൃഷ്ണന്‍ സാറിനെ കാണാന്‍ പോയി. പ്രൊഫ. ചുഗ് എന്ന ഒരു സര്‍ദാര്‍ജി ഡോക്ടര്‍ അവിടെ നെഫ്രോളജി തുടങ്ങിയിട്ടുണ്ടെന്നും ട്രെയിനിങ് കൊടുക്കുന്നുണ്ടെന്നു തോന്നുന്നതായും അദ്ദേഹം പറഞ്ഞു. ഡോക്ടറോട് എഴുതി ചോദിച്ചാല്‍ കൂടുതല്‍ അറിയാം എന്നും പറഞ്ഞു. പൈ സാര്‍ അദ്ദേഹത്തിനു കത്തെഴുതി. പരിശീലനം നല്‍കാം എന്നും പറഞ്ഞു മറുപടിയും വന്നു. ഇന്ത്യയിലെ ആദ്യത്തെ നെഫ്രോളജിസ്റ്റായിരുന്നു വിദേശത്തുനിന്നും പഠിച്ചുവന്ന കിര്‍പാല്‍ സിങ് ചുഗ്. അങ്ങനെ അദ്ദേഹത്തിന്റെ കീഴില്‍ ഞാന്‍ ചണ്ഡിഗഢില്‍ ജോയിന്‍ ചെയ്തു. എനിക്കു മുന്‍പേ അവിടെ തമിഴ്നാട്ടില്‍നിന്നുള്ള ഡോ. അമരേശന്‍ നെഫ്രോളജി പഠിക്കാനെത്തിയിരുന്നു. രാജ്യത്തെ രണ്ടാമത്തെയാളാണ് ഞാന്‍. രണ്ട് വര്‍ഷത്തെ കോഴ്സാണ്. 1974-ല്‍ ഞാന്‍ കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ചുവന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ട്യൂട്ടര്‍ ഇന്‍ മെഡിസിന്‍ ആയി ചേര്‍ന്നു.

ഒരു മേശയോളം വലിപ്പമുണ്ടായിരുന്നു അന്നത്തെ ഡയാലിസിസ് മെഷീന്‍. അമേരിക്കയില്‍നിന്നു കപ്പലില്‍ കൊച്ചിയിലെത്തി അവിടെനിന്ന് കോഴിക്കോട്ടേയ്ക്ക് എത്തിക്കുകയായിരുന്നു. മെഷീന്‍ എത്തിയെങ്കിലും അതിനുള്ള പരിശീലനം ആവശ്യമായിരുന്നു. അതിനായി രണ്ട് നഴ്സുമാരെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ അയച്ച് പ്രത്യേക പരിശീലനം നല്‍കി.
ഡോ. തോമസ് എം മാത്യു

കപ്പലില്‍ എത്തിയ ഡയാലിസിസ് മെഷീന്‍

പഠിച്ചുവന്നെങ്കിലും നെഫ്രോളജി പ്രാക്ടീസ് ചെയ്യാന്‍ ഡോ. തോമസ് മാത്യുവിനു കഴിഞ്ഞില്ല. നെഫ്രോളജി ഡിപ്പാര്‍ട്ട്മെന്റോ ഡയാലിസിസ് മെഷീനോ മറ്റു സൗകര്യങ്ങളോ ഒന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അന്നുണ്ടായിരുന്നില്ല. ഡയാലിസിസ് ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ഒട്ടേറെ രോഗികള്‍ ദിനംപ്രതി മെഡിക്കല്‍ കോളേജില്‍ എത്തുന്നുമുണ്ടായിരുന്നു. പാമ്പ് കടിയേറ്റും എലിപ്പനി ബാധിച്ചുമൊക്കെ ധാരാളം രോഗികള്‍ എത്തിയിരുന്ന സമയം കൂടിയായിരുന്നു അത്. ഇത്രയും കഷ്ടപ്പെട്ട് പഠിച്ചിട്ടും രോഗികളെ ശുശ്രൂഷിക്കാന്‍ പറ്റാത്തതില്‍ താന്‍ ദുഃഖിതനായിരുന്നു എന്ന് തോമസ് മാത്യു പറയുന്നു. ''കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അങ്ങനെ ഒരു പോസ്റ്റില്ല, സര്‍ക്കാര്‍ ഒരു പോസ്റ്റ് അനുവദിക്കാന്‍ വര്‍ഷങ്ങളെടുക്കും. തല്‍ക്കാലം മെഡിസിനില്‍ തന്നെ വര്‍ക്ക് ചെയ്യാനായിരുന്നു അന്നു മെഡിസിന്‍ ഹെഡ് ആയിരുന്ന പ്രൊഫ. ജി.കെ. വാര്യര്‍ എന്നോട് പറഞ്ഞത്.

ഞാന്‍ എന്റെ പിതാവിനോട് ഇക്കാര്യം സൂചിപ്പിച്ചു. പത്രക്കാരെ കണ്ട് ഇക്കാര്യം പറയാന്‍ അദ്ദേഹം ഉപദേശിച്ചു. അന്ന് കോഴിക്കോട്ടൊക്കെ വയറിളക്കവും ഛര്‍ദ്ദിയും എലിപ്പനിയും പാമ്പുകടിയും അതിരൂക്ഷമായിരുന്ന കാലമാണ്. നിരവധി പേര്‍ മരിക്കുന്നു. കിഡ്നി തകരാറായാണ് പലരും മരിക്കുന്നത്. ഡയാലിസിസ് ഉണ്ടെങ്കില്‍ രക്ഷപ്പെടുത്താവുന്നതാണ്.

ഞാന്‍ അങ്ങനെ മാതൃഭൂമി എഡിറ്ററായിരുന്ന കെ.പി. കേശവമേനോന്‍ സാറിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തോട് സംസാരിച്ചു. മനോരമയുടെ എഡിറ്ററെ കൂടി കാണാന്‍ അദ്ദേഹം പറഞ്ഞു. അന്ന് രാജന്‍ മാത്യു ആണ് മനോരമയിലുണ്ടായിരുന്നത്. ഞാന്‍ അദ്ദേഹത്തേയും കണ്ടു. ഡോ. കെ.ജി. അടിയോടിയാണ് അന്ന് ധനകാര്യമന്ത്രി. അദ്ദേഹം കോഴിക്കോട് പേരാമ്പ്രയാണ്. കാസര്‍കോട് നിന്നുള്ള എന്‍.കെ. ബാലകൃഷ്ണന്‍ ആരോഗ്യമന്ത്രിയും. മന്ത്രിമാര്‍ കോഴിക്കോട് വരുന്ന ദിവസം ഡോക്ടറെ വിളിക്കാം എന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച കഴിഞ്ഞ് മന്ത്രിമാരെത്തിയപ്പോള്‍ കെ.പി. കേശവമേനോന്‍ എന്നെ വിളിച്ചു. അങ്ങനെ പോയി മന്ത്രിമാരെ കണ്ട് സംസാരിച്ചു.

കാര്യങ്ങള്‍ മനസ്സിലായതോടെ ഇടപെടാം എന്ന് അവര്‍ സമ്മതിച്ചു. മെഷീന്‍ വാങ്ങാം, സര്‍ക്കാറിലേയ്ക്ക് പ്രോപ്പോസല്‍ ഉണ്ടാക്കാം എന്നും പറഞ്ഞു. പിന്നെയും കാത്തിരിക്കേണ്ടിവന്നു. സര്‍ക്കാര്‍ തലത്തില്‍ മെഷീന്‍ വാങ്ങാനുള്ള നൂലാമാലകള്‍ കുറെ ഉണ്ടായിരുന്നു. അധിക ചെലവാണല്ലോ.

ഞാന്‍ ഇക്കാര്യങ്ങള്‍ പ്രൊഫ. ചുഗിനെ എഴുതി അറിയിച്ചു. അദ്ദേഹം അമേരിക്കയില്‍നിന്നു രണ്ട് മെഷീന്‍ സൗജന്യമായി കോഴിക്കോട്ടേയ്ക്ക് അയപ്പിച്ചു. മെഷീന്‍ വന്നതോടെ കാര്യങ്ങള്‍ സുഖമമായി. ഡയാലിസിസ് നടത്തി രോഗികള്‍ രക്ഷപ്പെടാന്‍ തുടങ്ങി. പത്രങ്ങളിലെല്ലാം വാര്‍ത്തവന്നു. അങ്ങനെ അതു സര്‍ക്കാര്‍ ശ്രദ്ധയില്‍ കൂടുതലായി വന്നു. നേരത്തെയുള്ള അപേക്ഷയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നെഫ്രോളജി എന്ന പോസ്റ്റുണ്ടാക്കി. 1980-ലാണ്. അഞ്ചു വര്‍ഷം എടുത്തു ആ പോസ്റ്റുണ്ടാവാന്‍. അതുവരെ ഞാന്‍ മെഡിസിനില്‍ തന്നെയായിരുന്നു. അന്നൊക്കെ കാസര്‍കോട് തൊട്ട് തിരുവനന്തപുരം വരെയുള്ള വൃക്ക രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വരും. കാരണം വേറെ എവിടെയും ഇല്ലല്ലോ. തിരുവനന്തപുരത്ത് ഒരു ഡോക്ടര്‍ ആ സമയത്ത് മെഷീന്‍ വാങ്ങിയിരുന്നു. പക്ഷേ, അതു തുടര്‍ച്ചയായി വര്‍ക്ക് ചെയ്യിച്ചിരുന്നില്ല. തിരുവല്ലയിലും പ്രൈവറ്റായി ഒരു ഡോക്ടര്‍ മെഷീന്‍ എത്തിച്ചിരുന്നു. പക്ഷേ, അതൊന്നും പൊതുജനങ്ങള്‍ക്ക് തുടര്‍ച്ചയായി ഉപയോഗിക്കാന്‍ സാധ്യമായിരുന്നില്ല.

ഒരു മേശയോളം വലിപ്പമുണ്ടായിരുന്നു അന്നത്തെ ഡയാലിസിസ് മെഷീന്‍. അമേരിക്കയില്‍നിന്നു കപ്പലില്‍ കൊച്ചിയിലെത്തി അവിടെനിന്ന് കോഴിക്കോട്ടേയ്ക്ക് എത്തിക്കുകയായിരുന്നു. മെഷീന്‍ എത്തിയെങ്കിലും അതിനുള്ള പരിശീലനം ആവശ്യമായിരുന്നു. അതിനായി രണ്ട് നഴ്സുമാരെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ അയച്ച് പ്രത്യേക പരിശീലനം നല്‍കി. ഒരു ടെക്നീഷ്യനെ ഞാന്‍ തന്നെ പരിശീലിപ്പിച്ചു. അങ്ങനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 1975-ല്‍ ഡയാലിസിസ് തുടങ്ങിയത്. ഗുരുതരാവസ്ഥയിലുണ്ടായിരുന്ന എല്ലാ രോഗികളേയും ശുശ്രൂഷിക്കാനായി. ഡയാലിസിസ് കിട്ടാതെ ആരും മരിക്കേണ്ടി വന്നില്ല. ഡയാലിസിസ് ചെയ്യാത്തതുകൊണ്ട് ജീവന്‍ നഷ്ടമായ കേസുകളൊന്നും ഈ സമയത്ത് ഉണ്ടായില്ല. ഒരു ചെലവും സര്‍ക്കാറിനു തുടക്കത്തില്‍ ഉണ്ടായില്ല. ഇതിന്റെ പ്രവര്‍ത്തനവും റിസല്‍ട്ടും കണ്ടതിനുശേഷമാണ് പിന്നീട് ഡയാലിസിസ് മെഷീന്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. രണ്ട് ബെഡിലായിരുന്നു തുടക്കം. പിന്നീട് 26 ബെഡുള്ള ഒരു വാര്‍ഡുതന്നെ ഉണ്ടാക്കാന്‍ പറ്റി'' -ഡോ. തോമസ് മാത്യു പറയുന്നു.

കെ.പി. കേശവമേനോന്‍, കിര്‍പാല്‍ സിങ് ചുഗ്, എന്‍.കെ. ബാലകൃഷ്ണന്‍, ഡോ.കെ.എന്‍. പൈ

പരാജയത്തില്‍നിന്നും വിജയത്തിലേയ്ക്ക്

1971-ലാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ഇന്ത്യയില്‍ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. 1985-ല്‍ കേരളത്തില്‍ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു.

''നെഫ്രോളജിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് യൂറോളജി വിഭാഗം. അന്നു മെഡിക്കല്‍ കോളേജില്‍ യൂറോളജി ഡിപ്പാര്‍ട്ട്മെന്റ് പൂര്‍ണ്ണമായി സജ്ജീകരിക്കപ്പെട്ടതായിരുന്നു. യൂറോളജിയില്‍ പ്രൊഫ. റോയ് ചാലിയടക്കമുള്ള ഡോക്ടര്‍മാരുണ്ടായിരുന്നു. 1980 മുതല്‍ തന്നെ ട്രാന്‍സ്പ്ലാന്റിനുവേണ്ടിയുള്ള ആലോചനകള്‍ ഞങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാറിന്റെ അനുമതി, രോഗികളെ തയ്യാറാക്കല്‍ അങ്ങനെ കുറേ നൂലാമാലകള്‍ ഉണ്ട്. 1985-ലാണ് സാധ്യമായത്. കാസര്‍കോട് സ്വദേശിക്കായിരുന്നു ശസ്ത്രക്രിയ. സഹോദരിയുടെ കിഡ്നിയാണ് നല്‍കിയത്. കുറെ ദിവസം കാത്തിരുന്നു തയ്യാറെടുത്ത് നല്ല ടെന്‍ഷനോടെയാണ് ആദ്യത്തെ ട്രാന്‍സ്പ്ലാന്റ് നടന്നത്. പക്ഷേ, അതു വിജയകരമായിരുന്നില്ല. അതില്‍ പിന്നീട് മെഡിക്കല്‍ എന്‍ക്വയറിയൊക്കെ വന്നിരുന്നു. പക്ഷേ, അതിലൊന്നും അപാകതകള്‍ കാണാതെ പിന്നെയും ട്രാന്‍സ്പ്ലാന്റ് ചെയ്തു തുടങ്ങി. പിന്നീടിങ്ങോട്ട് അഞ്ഞുറിലധികം ട്രാന്‍സ്പ്ലാന്റുകള്‍ക്കു നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞു. ഇപ്പോഴും ചെയ്യുന്നു.

ഇന്നും ടെന്‍ഷനു കുറവൊന്നുമില്ല. ട്രാന്‍സ്പ്ലാന്റ് ചെയ്താല്‍ വിജയിക്കുമോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ല. അതൊക്കെ ദൈവത്തിന്റെ നിശ്ചയമാണ്. എത്രയൊക്കെ ടെസ്റ്റ് ചെയ്താലും അതിനപ്പുറമൊരു ഈശ്വരനുണ്ട്. ആ ഈശ്വരന്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിച്ചാലെ നമുക്ക പോകാന്‍ പറ്റുള്ളൂ. മാറ്റിവെച്ചിട്ട് വര്‍ക്ക് ചെയ്തില്ലെങ്കില്‍ എന്തുചെയ്യാന്‍ പറ്റും. മെഷീന്‍പോലെ വര്‍ക്ക് ചെയ്യിക്കാന്‍ പറ്റില്ല. ഓട്ടോമാറ്റിക് ആയി വര്‍ക്ക് ചെയ്യണം. ഡോക്ടര്‍മാരെ സംബന്ധിച്ച് നല്ല ആധിയുണ്ടാകും. രണ്ട് പേര്, രണ്ട് കുടുംബം, പൊതുജനം, മീഡിയ എല്ലാം നമ്മള്‍ നോക്കണം. 90 ശതമാനവും ഡോക്ടര്‍മാരുടെ കയ്യിലല്ല. അത് ഈശ്വരന്റെ കയ്യിലാണ്. ഡോക്ടര്‍മാര്‍ക്ക് ആ ടെക്നിക് ചെയ്യാനേ പറ്റൂ. സങ്കല്പിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള സിറ്റുവേഷന്‍സ് ഉണ്ടാവാം ചിലപ്പോള്‍ ഒരുപാട് സംസാരിച്ച് മനസ്സിലാക്കിയാണ് ആളുകളെ ഇതിലേയ്ക്ക് കൊണ്ടുവരുന്നത്. കാലമിത്ര കഴിഞ്ഞിട്ടും ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. വൃക്ക മാറ്റിവെക്കാനും ഡയാലിസിസും അധികം രോഗികള്‍ സമ്മതിക്കില്ല. പേടിയാണ് ആളുകള്‍ക്ക്. കിഡ്നി കൊടുക്കുന്ന ആളുടെ ജീവിതം പോയി എന്ന തരത്തിലാണ് ആളുകള്‍ വിചാരിക്കുന്നത്. ഒരാള്‍ക്ക് ഒരു കിഡ്നികൊണ്ട് ജീവിക്കാന്‍ പറ്റും എന്ന് ആളുകള്‍ മനസ്സിലാക്കാറില്ല. കിഡ്നി എവിടെയാണ് എന്നറിയാത്ത ആളുകളുമുണ്ട്. സ്ത്രീകള്‍ക്ക് കിഡ്നി ഇല്ല എന്നു വിശ്വസിച്ചിരുന്നവരുണ്ട്. വൃഷണമാണ് കിഡ്നി എന്നു വിചാരിച്ചിട്ടാണ്. ഇപ്പോഴും ആ ധാരണയുള്ള പഴമക്കാരൊക്കെയുണ്ട്. സ്ത്രീകളുടെ കിഡ്നിയെടുത്താല്‍ പിന്നെ അവര്‍ക്കു വിവാഹജീവിതത്തിനു ബുദ്ധിമുട്ടാകുമെന്നും കുട്ടികളുണ്ടാവാന്‍ പ്രയാസമാണെന്നും ഒക്കെ ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നു. അതൊക്കെ പറഞ്ഞു മനസ്സിലാക്കി മാറ്റിയെടുക്കാന്‍ ഒരുപാട് കാലമെടുത്തു. നോര്‍മല്‍ ലൈഫിന് ഒരു കിഡ്നി മതി. ബോധവല്‍ക്കരണം വളരെ ആവശ്യമാണ് ഇക്കാര്യത്തില്‍. ദാനം ചെയ്യുന്നവരില്‍ സ്ത്രീകളാണ് കൂടുതല്‍.

സര്‍ക്കാര്‍ നിയമപ്രകാരം വൃക്ക പൈസകൊടുത്ത് വാങ്ങാന്‍ പറ്റില്ല. സ്വന്തക്കാരില്ലാത്തവരാണെങ്കില്‍ സര്‍ക്കാറിലേയ്ക്ക് അപേക്ഷിക്കാം. ഇന്നയാള്‍ തരാന്‍ സന്നദ്ധനാണ് എന്ന് അറിയിക്കാം. അതില്‍ അന്വേഷണം നടക്കും. എന്തെങ്കിലും വാഗ്ദാനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കും. ട്രാന്‍സാക്ഷന്‍ പലപ്പോഴും നടന്നേക്കാം. പക്ഷേ, ഔദ്യോഗികമായി ഇല്ല എന്നു ബോധ്യപ്പെടണം. ഭാര്യഭര്‍ത്താക്കന്മാരാണെങ്കില്‍ മാര്യേജ് സര്‍ട്ടിഫിക്കറ്റ് വേണം. റേഷന്‍ കാര്‍ഡും തഹസില്‍ദാറിന്റെ സാക്ഷ്യപ്പെടുത്തലും ഇപ്പോഴും വേണം. പണ്ടൊക്കെ മദ്രാസിലും ബോംബെയിലും ഭാര്യയാണെന്നു പറഞ്ഞ് ഓപ്പറേഷന്‍ നടക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും ചിലയിടങ്ങളില്‍ അതു നടക്കുന്നുണ്ട്. ഇതിനുവേണ്ടി മാത്രം രജിസ്റ്റര്‍ മാര്യേജ് ചെയ്ത് പിന്നീട് ഒഴിവാക്കുന്നവരുണ്ട്. മൂന്നോ നാലോ ലക്ഷം രൂപ നല്‍കും. അങ്ങനെയുള്ള കേസുകള്‍ ഉണ്ട്. അതൊക്കെ വരാതിരിക്കാനാണ് നമ്മുടെ സംസ്ഥാനം വളരെ ജാഗ്രതയോടെ പോകുന്നത്.''

ഡോ. തോമസ് മാത്യു

അനുഭവങ്ങള്‍

അദ്ഭുതകരമായി രോഗികള്‍ രക്ഷപ്പെട്ട ചില അനുഭവങ്ങളുണ്ട് ഡോക്ടറുടെ ജീവിതത്തില്‍. അത്തരത്തിലൊന്ന് അദ്ദേഹം ഓര്‍ത്തു പറയുന്നതിതാണ്: ''ഒരു കന്യാസ്ത്രീയുടെ ചികിത്സ ഒരിക്കലും മറക്കാനാവാത്ത സംഭവമാണ്. 1980-കളിലാണ്. ഡയാലിസിസിനുവേണ്ടി മെഷീന്‍ തയ്യാറാക്കി അതിന്റെ സൊല്യൂഷനൊക്കെ അപ്പോള്‍ത്തന്നെ ഉണ്ടാക്കണം. ഇപ്പോഴത്തെപ്പോലെ റെഡിമെയ്ഡ് കിട്ടില്ല. ആശുപത്രിയില്‍ത്തന്നെ തയ്യാറാക്കണം. ഒരു ദിവസം വൈകുന്നേരം അന്നത്തെ ഡയാലിസിസുകള്‍ ക്ലോസ് ചെയ്യാന്‍ നോക്കുകയാണ്. റൂമെല്ലാം അടച്ചുപൂട്ടുകയാണ്. അപ്പോഴാണ് കാഷ്വാലിറ്റിയില്‍ ഒരു രോഗി വന്നത്, കന്യാസ്ത്രീ. മൂന്നു ദിവസമായി കിഡ്നി വര്‍ക്ക് ചെയ്യുന്നില്ല. അതിഗുരുതരാവസ്ഥയിലാണ് തൃശൂര്‍ ഏങ്ങണ്ടിയൂരില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് ആംബുലന്‍സിലാണ് എത്തിച്ചത്. ഡയാലിസിസ് ചെയ്താല്‍ രക്ഷപ്പെടും ഇല്ലെങ്കില്‍ മരിച്ചുപോകും എന്നതായിരുന്നു അവസ്ഥ. ഇവിടെ മെഷീനിലേയ്ക്ക് സൊല്യൂഷന്‍ ഇല്ല. സൊല്യൂഷന്‍ ഉണ്ടാക്കുന്നത് ഫാര്‍മസിയിലാണ്. നോക്കിയപ്പോള്‍ അതിന്റെ ഇന്‍ ചാര്‍ജ് സിസ്റ്റര്‍മാരൊക്കെ ഡ്യൂട്ടി കഴിഞ്ഞു പോയി. അവരെ തിരിച്ചുവിളിക്കാന്‍ ഇന്നത്തെപ്പോലെ സംവിധാനം ഒന്നുമില്ലല്ലോ. ഫാര്‍മസി ചാര്‍ജുള്ള ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു: കെമിക്കല്‍സ് അവിടെയുണ്ടാകും, അതു പോയി എടുക്കാമെങ്കില്‍ എടുത്തു ചെയ്‌തോളൂ എന്നു പറഞ്ഞു. നമ്മള്‍ അതിനകത്തേയ്ക്ക് പോയിട്ടേയില്ല. ഒരു സ്ട്രോങ്‌റൂമിലാണ് ഇതൊക്കെ വെച്ചിരിക്കുന്നത്. മെയിന്‍ റൂം, അതിനുള്ളില്‍ വേറെ രണ്ട് റൂം. മൂന്നു റൂമുകള്‍ തുറക്കണം. ഒരുകൂട്ടം താക്കോല്‍ എനിക്ക് എടുത്തുതന്നു. താക്കോല്‍ എടുത്തു പോകുമ്പോള്‍ തന്നെ ലൈറ്റ് പോയി. ടോര്‍ച്ച് ആണ് പിന്നെയുള്ളത്. ഈ ഒരുകൂട്ടം താക്കോലില്‍ ഏതാണെന്ന് അറിയില്ല. ഒരു താക്കോല്‍ എടുത്തു തുറന്നുനോക്കി. അതു തുറന്നുവന്നു. അടുത്ത റൂമെത്തി. അവിടെയും താക്കോലിട്ടപ്പോള്‍ തുറന്നുവന്നു. പിന്നെയൊരു താക്കോലിട്ടപ്പോള്‍ മൂന്നാമത്തെ മുറിയും തുറന്നു. ഇതെങ്ങനെ കറക്ടായി സംഭവിച്ചു എന്നത് അദ്ഭുതമാണ്. മൂന്നാമത്തെ മുറിയില്‍ കെമിക്കല്‍ കണ്ടുപിടിക്കണം. നോക്കിയപ്പോള്‍ അതാ കെമിക്കല്‍സ് മേശപ്പുറത്ത് വെച്ചിരിക്കുന്നു. ഇതില്‍ കൂടുതല്‍ അദ്ഭുതം എന്താണ്. വേഗം ഡയാലിസിസ് ചെയ്ത് അവര്‍ രക്ഷപ്പെട്ടു. കെമിക്കല്‍സ് ആരാണ് അവിടെ എടുത്തുവെച്ചത് എന്നറിയില്ല. ഒരുപക്ഷേ, പൂട്ടിപ്പോയവര്‍ തിരക്കില്‍ എടുത്തുവെക്കാന്‍ മറന്നതായിരിക്കും. പക്ഷേ, ഈശ്വരന്‍ കരുതി ആ സിസ്റ്ററിനുവേണ്ടി അതു സംഭവിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എക്‌സറേയും സ്‌കാനും മറ്റ് ആധുനിക സൗകര്യങ്ങളൊന്നുമില്ലാതിരുന്ന കാലത്ത് ചികിത്സ തുടങ്ങിയ ആളാണ് ഡോ. തോമസ് മാത്യു. രോഗിയെ തൊട്ട് നോക്കി രോഗം കണ്ടെത്തുന്ന കാലം. ഇന്ന് ഏറ്റവും പുതിയ ടെക്നോളജിയിലാണ് ചികിത്സ. മെഡിക്കല്‍ രംഗത്ത് ഓരോ ഡവലപ്‌മെന്റ് വരുമ്പോഴും കൃത്യത കൂടുമെന്ന് അദ്ദേഹം പറയുന്നു: ''സര്‍ജറികളിലും പഴയ കാലത്തുനിന്നു വ്യത്യാസം വന്നു. നാല് ഇഞ്ച് നീളത്തില്‍ മുറിവ് ഉണ്ടാക്കേണ്ടയിടത്ത് ഇന്ന് ഒരിഞ്ച് മുറിവ് ഉണ്ടാക്കിയാല്‍ മതി. കൂടുതല്‍ കൃത്യമായതും വേണ്ടതു മാത്രവുമായ ചികിത്സ കൊടുക്കാനും ആശുപത്രി വാസത്തിന്റെ ദിവസങ്ങളുടെ എണ്ണം കുറയ്ക്കാനും മരുന്നിന്റെ ആവശ്യം കുറയ്ക്കാനും പഴുപ്പ് പോലുള്ളവ വരാതിരിക്കാനും പുതിയകാലത്ത് സാധിക്കും. രോഗികള്‍ക്ക് ആധുനിക ചികിത്സാരീതി വളരെ നല്ലതാണ്. പക്ഷേ, ചെലവ് കൂടും. ഒരു ഡോക്ടറെ മാത്രം കണ്ടാല്‍ ചിലപ്പോള്‍ മതിയാവില്ല. നാലു ഡോക്ടര്‍മാരെ കാണേണ്ടിവരും. ഉദാഹരണത്തിനു ഛര്‍ദ്ദിയാണെങ്കില്‍ ഒരു ഡോക്ടറെ കാണുന്നതിനു പകരം ഗ്യാസ്ട്രോയെ കാണണം, അതിനു ശേഷം സ്‌കാന്‍ എടുക്കാന്‍ പറയും, അതില്‍ കണ്ടില്ലെങ്കില്‍ സി.ടി സ്‌കാന്‍ പറയും. അതുകഴിഞ്ഞ് എം.ആര്‍.ഐ എടുക്കാന്‍ പറയും. തുടര്‍ന്ന് എന്‍ഡോസ്‌കോപ്പി വേണ്ടിവരും. അവസാനം ചിലപ്പോള്‍ ഒരു ഗുളികയിലെ എത്തുള്ളൂ. പക്ഷേ, മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നു പരിശോധിച്ചു നോക്കുന്നു. ഒരു അസുഖവും നമ്മള്‍ കാണാതിരിക്കാന്‍ പാടില്ല.

ഒരു രോഗി കാലിനു നീരുമായി വന്നെങ്കില്‍ യൂറിന്‍ നോക്കി കേടുണ്ടെന്നു കണ്ട് അതിനു മരുന്നുകൊടുക്കാം. പക്ഷേ, അതു പോര. എന്തുകൊണ്ട് നീര് വന്നു, എവിടുന്നു വന്നു, കാന്‍സറിന്റെ ഭാഗമാണോ, കിഡ്നിയുടെ പ്രശ്‌നമാണോ, ലിവറിന്റെ കേടാണോ, ഇങ്ങനെ മുഴുവന്‍ ടെസ്റ്റ് ചെയ്യണം. ഡോക്ടര്‍ മാത്രം പോര, ടെസ്റ്റുകളും ആവശ്യമാണ്. ടെസ്റ്റ് ചെയ്യാന്‍ ചെലവുവരും. ഇപ്പോഴത്തെ ചികിത്സാരീതി ചെലവ് കൂടും പക്ഷേ, കൂടുതല്‍ കൃത്യമാണ്. പേഷ്യന്റ് ഫ്രണ്ട്ലി ആണ്. കൃത്യമായ രോഗനിര്‍ണ്ണയം കൃത്യമായ ചികിത്സ-അതാണ് ഇപ്പോഴത്തെ ഗുണം. കേരളത്തിലുള്ളതിനെക്കാള്‍ വിദഗ്ദ്ധ ചികിത്സയൊന്നും വിദേശത്തില്ല. നമ്മുടെ ഡോക്ടര്‍മാരോട് കിടപിടിക്കാന്‍ പറ്റുന്ന ഡോക്ടര്‍മാരൊന്നും അവിടെയില്ല. കുറച്ച് എക്യുപ്മെന്റ് കൂടുതലുണ്ടാവും. ഡയഗ്നോസ് ചെയ്യാന്‍ ചിലപ്പോള്‍ ഒരു ദിവസം മുന്നേ സാധിച്ചെന്നുവരാം. അല്ലാതെ ഇവിടെയില്ലാത്ത ചികിത്സയൊന്നും അവിടെയില്ല. പിന്നെ ഒരു മാനസിക സംതൃപ്തിക്കു പോകുന്നു എന്നു മാത്രം.

യു.കെയിലൊക്കെ ആറുമാസം കാത്തിരിക്കണം ഒരു സ്പെഷലൈസ്ഡ് ഡോക്ടറെ കാണാന്‍. ഇവിടെ അപ്പോള്‍ തന്നെ അപ്പോയിന്‍മെന്റ് എടുത്തു കാണാം. ഒരേ യോഗ്യതയുള്ള ഡോക്ടര്‍മാര്‍ തന്നെയാണ്. ഇവിടെ ജനങ്ങള്‍ക്ക് എന്തു സൗകര്യമാണ്. ഒ.പിക്ക് കാത്തിരിക്കുന്നയിടത്ത് ശല്യംകൂടുന്നവരോട് ഞങ്ങള്‍ പറയാറുണ്ട്, വിദേശത്തൊക്കെ ആറുമാസം കാത്തുനിക്കണം, ഇവിടെ 15 മിനുട്ട് നില്‍ക്കാന്‍ പറ്റില്ലേ എന്ന്. വിദേശത്ത് ജോലിചെയ്യുന്ന നഴ്സുമാരുള്‍പ്പെടെ ട്രീറ്റ്മെന്റിന് ഇങ്ങോട്ടാണ് വരുന്നത്. അവര്‍ ജോലിചെയ്യുന്ന ആശുപത്രിയില്‍ പോലും അവര്‍ക്കു ചികിത്സിക്കാന്‍ പറ്റില്ല.''

തിരുവല്ല സ്വദേശി ഇന്ദിരയാണ് ഡോ. തോമസ് മാത്യുവിന്റെ ഭാര്യ. രണ്ടു മക്കളും വൃക്കരോഗ വിദഗ്ദ്ധരാണ്. മകന്‍ ഡോ. ജയന്ത് എറണാകുളം ലിസി ആശുപത്രിയില്‍ നെഫ്രോളജിസ്റ്റാണ്. മകള്‍ ഡോ. അനില ചെന്നൈയില്‍ നെഫ്രോ പത്തോളജിസ്റ്റും.

രോഗികളെ ശുശ്രൂഷിക്കുന്നതിലാണ് ഡോ. തോമസ് മാത്യു ഏറ്റവും സന്തോഷം കണ്ടെത്തുന്നത്. ''രോഗം മാറി അവര്‍ പോകുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം. മറ്റൊന്നും അല്ല. ഇതെനിക്ക് വെറുമൊരു ജോലിയല്ല. ഞാന്‍ എപ്പോഴും വിശ്വസിക്കുന്നത് ദൈവം രോഗങ്ങള്‍ സുഖമാക്കും, പക്ഷേ, അതു നമ്മളില്‍കൂടിയാണ് സാധ്യമാക്കുന്നത്. ദൈവത്തിന്റെ കൈകളാണ് ഡോക്ടര്‍മാര്‍. ഒരു മെഴുകുതിരി കത്തിച്ചതില്‍നിന്നും ആയിരത്തോളം മെഴുകുതിരികള്‍ ഇന്ന് കേരളത്തില്‍ മുഴുവന്‍ എത്തി. ആയിരത്തിലധികം ഡയാലിസിസ് സെന്ററുകള്‍ ഇന്ന് കേരളത്തിലുണ്ട്. ഒരു ഓട്ടോയില്‍ പോയിവരാവുന്ന ദൂരത്തില്‍ ഇപ്പോള്‍ എല്ലാവര്‍ക്കും സൗകര്യങ്ങളുണ്ട്. അതിലെനിക്ക് സംതൃപ്തിയുണ്ട്'' -ഡോക്ടര്‍ പറയുന്നു.

ഡോക്ടറുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ''രോഗം എന്നത് ഇരുട്ടാണ്, ആ ഇരുട്ടില്‍ വെളിച്ചം ഉണ്ടാക്കുന്നവരാണ് ഡോക്ടര്‍മാര്‍.'' തന്റെ 80-ാം വയസിലും രോഗികള്‍ക്കു വെളിച്ചം പകര്‍ന്ന് തോമസ് മാത്യു നമുക്കൊപ്പമുണ്ട്. അനുഭവങ്ങളെല്ലാം ചേര്‍ത്ത് ''ഒരു നെഫ്രോളജിസ്റ്റിന്റെ അന്‍പത് വര്‍ഷങ്ങള്‍' എന്ന ആത്മകഥയൊരുക്കുന്നതിന്റെ പണിപ്പുരയിലാണ് ഇദ്ദേഹം ഇപ്പോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT