അച്ഛന്‍ വേണുജിയും അമ്മ നിര്‍മ്മലാ പണിക്കരും വിവിധ കലകളെ ഉപാസിക്കുന്നവരാണ്. അവരുടെ കീഴില്‍ അഭ്യസിച്ചതിനു ശേഷം കൂടിയാട്ടം തന്നെയാണ് തന്റെ മേഖല എന്നു തീരുമാനിച്ചത് എപ്പോഴാണ് ?
ഒരു കല തന്നെ ആഴത്തില്‍ പഠിക്കാന്‍ ഒരു ആയുഷ്‌കാലം മതിയാവില്ല. അങ്ങനൊരു അവസ്ഥയില്‍ രണ്ടു കലകള്‍ കൈകാര്യം ചെയ്യുമ്പോള്‍ രണ്ടിനോടും നീതിപുലര്‍ത്താന്‍ കുറച്ചു ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് പാരമ്പര്യകലകളുടെ കാര്യത്തില്‍. അവ വളരെ ശ്രദ്ധയോടെ, ആഴത്തില്‍ പഠിക്കേണ്ടതാണ്. അവയുടെ സാഹിത്യവും അഭ്യാസരീതികളും (text and techniques) വളരെ ആഴവും വ്യാപ്തവുമാണ്. അതുകൊണ്ടാണ് ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനമെടുത്തത്. പിന്നെ കൂടിയാട്ടം എന്റെ ശരീരത്തിനും മനസ്സിനും കൂടുതല്‍ ഇണങ്ങുമെന്ന തോന്നല്‍ ക്രമേണ എന്നില്‍ വന്നതും കൂടിയാട്ടം തന്നെ തിരഞ്ഞെടുക്കാന്‍ ഒരു കാരണമായി.
മറ്റു ഗുരുക്കന്മാരെക്കുറിച്ച്?
അമ്മന്നൂര്‍ മാധവചാക്യാര്‍ ആശാന്റെ കീഴിലാണ് കൂടിയാട്ടാഭിനയം അഭ്യസിച്ചത്. പിന്നീട് ഏറ്റവും പ്രധാനപ്പെട്ട ഗുരുക്കന്മാര്‍ അച്ഛന്‍ വേണുജിയും അമ്മ നിര്‍മ്മലാ പണിക്കരും തന്നെയാണ്. അമ്മന്നൂര്‍ ആശാന്റെ കീഴില്‍ അഭ്യസിച്ച വിദ്യയെ മിനുക്കി ഒരു അഭിനേതാവ് (performer) എന്ന നിലയിലേക്ക് പാകപ്പെടുത്തിയത് അച്ഛന്റെ ഉപദേശങ്ങളും മേല്‍നോട്ടവും ശിക്ഷണവുമാണ്. ഗുരു ഉഷാ നങ്ങ്യാരുടെ കീഴിലുള്ള അഭ്യസനവും എനിക്ക് സഹായകമായിട്ടുണ്ട്. മോഹിനിയാട്ടം അമ്മയുടെ കീഴിലാണ് അഭ്യസിച്ചത്. കളരിപ്പയറ്റ് അഭ്യസിപ്പിച്ച ബാലന്‍ ഗുരുക്കള്‍ തുടങ്ങി ഒട്ടേറെ വ്യക്തികള്‍ എനിക്ക് ഗുരുതുല്യരാണ്. ഒരു കലാഭ്യാസക എന്ന നിലയില്‍ എന്നില്‍ പിന്നീട് വളരെയധികം മാറ്റം കൊണ്ടുവന്നത് ജാപ്പനീസ് നര്‍ത്തകനായ മിന്‍ തനാക്കയാണ്. ആറു വര്‍ഷത്തോളം അദ്ദേഹത്തിന്റെ കീഴില്‍ പഠിച്ചു. അവിടെ പഠിച്ചപ്പോഴണ് കലയ്ക്ക് പ്രകടനത്തിന് അതീതമായൊരു, വിസ്തൃതമായൊരു മാനവും ദര്‍ശനവുമുണ്ട് എന്ന ചിന്ത കുറച്ചുകൂടി ദൃഢമായത്. കല ഒരു നൈപുണ്യമായോ വിനോദോപാധിയായോ മാത്രം നില്‍ക്കണം എന്ന ഉപരിപ്ലവമായ പ്രയോഗത്തില്‍നിന്നും ജീവിതത്തില്‍ ആഴത്തില്‍ വേരോടേണ്ട ഒരു ശൈലിയാക്കി മാറ്റേണ്ട ആവശ്യകത മനസ്സിലാക്കിത്തന്നതും അദ്ദേഹമാണ്.
കളരിയില്‍ പഠിക്കുമ്പോള്‍ ഉണ്ടായ മറക്കാനാവാത്ത അനുഭവമോ ഉപദേശങ്ങളോ?
അമ്മന്നൂരാശാന്‍ തന്ന ഏറ്റവും പ്രധാനപ്പെട്ട ഉപദേശം എല്ലാം നിരീക്ഷിക്കുക എന്നതാണ്. എല്ലാം അടുത്തുനിന്നു കണ്ടു മനസ്സിലാക്കുകതന്നെ വേണം. കൂടിയാട്ടത്തിലെ അഭിനയം വളരെ ശൈലീകൃതമാണെങ്കിലും പ്രേക്ഷകര്‍ക്ക് അവയുടെ അനുഭവം യാഥാര്‍ത്ഥ്യമായി തോന്നണമെങ്കില്‍ നിരീക്ഷണപാടവം അത്യാവശ്യമാണ്. ഉദാഹരണത്തിന് ആന എന്ന ശൈലീകൃത മുദ്ര ചെയ്യുമ്പോള്‍ അത് ആനയാണെന്നു തോന്നണമെങ്കില്‍ അതിന്റെ ചേഷ്ടകളും കൂടിച്ചേര്‍ന്നാല്‍ സാധാരണ പ്രേക്ഷകനും ഈ കല ഒരുപോലെ ആസ്വാദ്യകരമാവും എന്നായിരുന്നു ആശാന്റെ ചിന്ത. അത് ഉണ്ടാക്കിയ മാറ്റങ്ങള്‍ കണ്ടതുകൊണ്ട് ഞങ്ങളും ആ ചിട്ട ഇന്നും പിന്തുടര്‍ന്നു പോരുന്നു.
ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കൂടിയാട്ട അവതരണങ്ങളെ ചുരുക്കി, സമയബന്ധിതമായി അവതരിപ്പിക്കുമ്പോള്‍ വരുന്ന മാറ്റങ്ങള്‍?
പഴയ കൂടിയാട്ട സമ്പ്രദായത്തില്‍ ദീര്‍ഘമായ അവതരണങ്ങളാണ്. അതായത് ഒരു നാടകത്തിന്റെ ഒരങ്കമാണ് ഒരു കൂടിയാട്ടം. ഒരങ്കം തന്നെ അഞ്ച് മുതല്‍ നാല്‍പ്പത്തൊന്നു ദിവസങ്ങള്‍ വരെ നീളുന്ന അവതരണങ്ങളാണ്. അക്കാലത്ത് ആളുകള്‍ക്ക് അവ ആസ്വദിക്കാനുള്ള സാഹചര്യവും സമയവും ഉണ്ടായിരുന്നു. ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. എല്ലാ പ്രേക്ഷകര്‍ക്കും സമയം എന്നത് വളരെ വിലപ്പെട്ടതാണ്. കഷ്ടപ്പെട്ടു ജീവിക്കുന്ന സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സമയം എന്നത് വളരെയധികം അമൂല്യമാണ്. ഇന്നു കാണുന്ന കൂടിയാട്ടത്തിന്റെ ഹ്രസ്വാവതരണരീതി കേരള കലാമണ്ഡലത്തില്‍ പൈങ്കുളം രാമചാക്യാര്‍ ആശാനാണ് ആദ്യമായി പരീക്ഷിച്ചത്. ഈയൊരു അവതരണരീതി എന്തുകൊണ്ടും നല്ലതുതന്നെയാണ്; കാരണം ഈ കല സമയബന്ധിതമായിട്ടെങ്കിലും എല്ലാവരിലേക്കും എത്തും. അങ്ങനെ കാലക്രമേണ അതിനൊരു ജനകീയ മാനം കൈവരികയും ചെയ്യും. മറ്റൊരു കാര്യം എന്തെന്നാല്‍, ഈ കലയുടെ തനതുസ്വഭാവമായ ദീര്‍ഘാവതരണശൈലിയും പുതിയ അവതരണങ്ങളും തമ്മില്‍ ഒരു സന്തുലിതബന്ധം എക്കാലത്തും നിലനിര്‍ത്തേണ്ടതാണ്. കാരണം കൂടിയാട്ടത്തിന്റെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ശേഖരം (repertoire) അത്രമേല്‍ ഉല്‍കൃഷ്ടമാണ്.
കൂടിയാട്ടം പരമ്പരാഗതമായി സംസ്‌കൃതനാടകങ്ങളുടെ അവതരണങ്ങളാണല്ലൊ? എന്നാല്‍ മറ്റു ഭാഷകളിലെ ചില കൃതികള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന് തമിഴ് കൃതിയായ 'ശൈവക്കൂത്ത്' പോലുള്ളവ അവതരിപ്പിക്കപ്പെട്ടപ്പോള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ എന്തെല്ലാമാണ്?
കൂടിയാട്ടത്തിലും നങ്ങ്യാര്‍ക്കൂത്തിലും പരമ്പരാഗതമായി അവതരിപ്പിക്കപ്പെടുന്നവയാണ് സംസ്‌കൃത കൃതികള്‍. പരീക്ഷണാത്മകമായ പുതിയ ചിട്ടപ്പെടുത്തലുകള്‍ക്ക് ഭാഷാഘടന തന്നെയാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. കാരണം കൂടിയാട്ടത്തില്‍ സ്വതവേ വാചികാഭിനയം സംസ്‌കൃത ശ്ലോകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. അവ സ്വരിക്കുന്ന രീതിയില്‍ മറ്റൊരു ഭാഷയെ തൃപ്തികരമായി ചെയ്യുകയെന്നതും അത് ആസ്വാദകര്‍ക്കും ഒരുപോലെത്തന്നെ സ്വീകാര്യമാവേണ്ടതും തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. ഏതൊരു ഭാഷയ്ക്കും തനതായ ഭംഗിയുണ്ട്. അവയ്ക്ക് ഒരു ഘടനയുണ്ട്. ഇതെല്ലാം സശ്രദ്ധം മനസ്സിലാക്കി വേണം ഒരു കലാകാരന്‍ പ്രസ്തുത കഥയെ ചിട്ടപ്പെടുത്തിയെടുക്കാന്‍. ഞാന്‍ ചെയ്ത 'ശൈവക്കൂത്ത്' തമിഴ് കൃതിയായ 'കാരൈക്കാല്‍ അമ്മെയാര്‍ ചരിതം' എന്ന പേരില്‍ 'തിരുവാലങ്കാട്ടുമൂത്ത് തിരുപ്പക'ത്തില്‍ വരുന്നതാണ്. അതിന്റെ സവിശേഷതയെന്തെന്നാല്‍ അവയില്‍ ശക്തമായ ബിംബകല്പന (imagery) കാണാവുന്നതാണ്. ആ കഥാപാത്രത്തിന്റെ ശിവഭഗവാനോടുള്ള ഭക്തി, പരിശുദ്ധി, സ്നേഹം, ഇതിനു പുറമെ ഭയാനകവും ബീഭത്സവുമായ ചില ഭാഗങ്ങള്‍ എന്നിവയെല്ലാം തമിഴ് എന്ന സുന്ദരഭാഷയുടേയും കൂടിയാട്ടത്തിന്റേയും ചട്ടക്കൂടില്‍ പരസ്പരം ബന്ധിപ്പിക്കുക എന്നതായിരുന്നു ഗൗരവതരമായ ദൗത്യം.
കൂടിയാട്ടം എന്നത് എല്ലാവര്‍ക്കും പെട്ടെന്നു മനസ്സിലാക്കാന്‍ സാധിക്കാത്ത അല്ലെങ്കില്‍ പൊതുസമൂഹത്തിന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത കലയാണ് എന്ന ഒരു വീക്ഷണത്തോട് ഇപ്പോള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഈയൊരു പ്രസ്താവന ഇപ്പോഴും പ്രസക്തമാണെന്നു തോന്നുന്നുണ്ടോ?
നൂറ്റാണ്ടുകളായി കൂത്തമ്പലത്തില്‍ മാത്രം അവതരിപ്പിച്ചിരുന്ന കലാരൂപമാണ് കൂടിയാട്ടം. സ്വാഭാവികമായും പ്രേക്ഷകരാകട്ടെ, അമ്പലവുമായി അടുത്തുനില്‍ക്കുന്നവരും. അതില്‍ ഏറിയ പങ്കും പുരുഷന്മാരും. ഒരു പ്രത്യേക സദസ്സിനുവേണ്ടി അവതരിപ്പിച്ചിരുന്നതുകൊണ്ട് അത്തരം സദസ്സിന്റെ അഭിരുചികളും സൗന്ദര്യസങ്കല്പങ്ങളും കൂടിയാട്ടത്തിനെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കൂടിയാട്ടത്തിന്റെ ഭാഷ സുദീര്‍ഘമായ പാരമ്പര്യത്തിന്റെ പിന്‍ബലത്താല്‍ വളരെ സങ്കീര്‍ണ്ണവും സമ്പന്നവുമാണ്. ഇപ്പോള്‍ ചരിത്രം മാറുന്നു, സാമൂഹിക വ്യവസ്ഥിതികള്‍ മാറുന്നു, കൂടിയാട്ടം എന്ന കല ക്ഷേത്രങ്ങള്‍ക്കു പുറത്തുനിന്ന് എല്ലാവര്‍ക്കും വീക്ഷിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സ്വാഭാവികമായും ഏതൊരു രംഗകലയിലും സംഭവിക്കുന്നതുപോലെയുള്ള ഒരു സംവാദം (interaction) ഉണ്ടാവുകയും അതിലൂടെ അവരുടെ അഭിരുചികളെ മനസ്സിലാക്കാനും അവ സ്വാംശീകരിക്കാനും സാധിക്കുന്നതുവഴി കലയ്ക്ക് ഒരു പരിവര്‍ത്തനം സംഭവിക്കുന്നു. ആ കലയുടെ അന്തസ്സത്തയും വിശാലതയും ഗൗരവവും നഷ്ടപ്പെടാതെത്തന്നെ എല്ലാത്തരം പ്രേക്ഷകര്‍ക്കും ആസ്വാദ്യമാവുന്ന രീതിയിലേക്ക് കൂടിയാട്ടം മാറിവരുന്നു എന്നത് നല്ലതുതന്നെയാണ്. ഇതാണ് പരിവര്‍ത്തനത്തിന്റെ ഒരു വശം. ഇത് കാലികവും അനിവാര്യവുമാണ്. കൂടിയാട്ടത്തെ പരിശോധിക്കുകയാണെങ്കില്‍ അതിന്റെ ഭാഷ, സൗന്ദര്യം, ഹസ്താഭിനയം, അഭിനയസങ്കല്പങ്ങള്‍ എന്നിവ കൂടിയാട്ടം രൂപപ്പെട്ട കാലം മുതല്‍ക്കെ പ്രാദേശികമായിട്ടുള്ള ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഇതിനുപുറമെയായി പ്രാചീന അനുഷ്ഠാനകലകളില്‍ നിന്നെല്ലാം സ്വാംശീകരിച്ച സമ്പത്ത് കൂടിയാട്ടത്തിനുണ്ട്. അതുകൊണ്ട് കൂടിയാട്ടം ഒറ്റയ്ക്കായി (isolation) രൂപപ്പെട്ടതോ ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കേണ്ടതാണെന്നും വിചാരിക്കാന്‍ സാധിക്കില്ല. ഇതില്‍ എല്ലാത്തിന്റേയും അംശങ്ങളും ഉണ്ട്. ഇപ്പൊ അത് എല്ലാവര്‍ക്കുമായി തുറന്നുവന്നു. ഇതും പരിവര്‍ത്തനത്തിന്റെ ഭാഗമാണ്.
വിദേശീയര്‍ക്ക് തനതുകലളോട് പൊതുവേയുള്ള താല്പര്യം സ്വദേശികളില്‍ പലപ്പോഴായി കാണാറില്ല. എന്തുകൊണ്ടാണ് അങ്ങനൊരു സമീപനം?
ഇത് സ്വാഭാവികമായ കാര്യമാണ്. സാഹിത്യം പഠിക്കുമ്പോള്‍ നമുക്കെല്ലാം ഉണ്ടാവാറുള്ള ഒരു പ്രവണതയാണ് അന്യഭാഷാ കൃതികളുടെ സ്വാധീനം. മറ്റു സംസ്‌കാരങ്ങളോട് നമുക്ക് സ്വാഭാവികമായി തോന്നാവുന്ന ഒരു ജിജ്ഞാസയും അഭിരുചിയും തന്നെയാണ് വിദേശികള്‍ക്കും നമ്മുടെ കലാരൂപങ്ങളോടും തോന്നുന്നത്. അവരുടെ സമീപനത്തില്‍ ആ കലയോടുള്ള കൗതുകം കാണാന്‍ സാധിക്കും. നമ്മുടെ നാട്ടില്‍ കലയോടുള്ള താല്പര്യം കുറഞ്ഞുവരുന്നു എന്ന ഒരു പ്രസ്താവന നിലനില്‍ക്കെത്തന്നെ പ്രേക്ഷകരില്‍ താല്പര്യം ഉണ്ടാക്കുകയെന്നത് കലാകാരന്മാരുടേയും കലാഭ്യാസകരുടേയും കൂട്ടായ ഉത്തരവാദിത്വമാണ്. അതിനുവേണ്ടി എത്രമാത്രം പരിശ്രമിക്കുന്നുണ്ട് എന്നത് ചിന്തിക്കേണ്ട കാര്യം തന്നെയാണ്. കലാലോകത്തുള്ളവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സ്വദേശികള്‍ക്കും കലയില്‍ കൂടുതല്‍ പങ്കുചേരാന്‍ സാധിക്കും.
കൂടിയാട്ടത്തിന്റെ ഭാഷ സുദീര്‍ഘമായ പാരമ്പര്യത്തിന്റെ പിന്‍ബലത്താല്‍ വളരെ സങ്കീര്‍ണ്ണവും സമ്പന്നവുമാണ്. ഇപ്പോള്‍ ചരിത്രം മാറുന്നു, സാമൂഹിക വ്യവസ്ഥിതികള്‍ മാറുന്നു, കൂടിയാട്ടം എന്ന കല ക്ഷേത്രങ്ങള്‍ക്കു പുറത്തുനിന്ന് എല്ലാവര്‍ക്കും വീക്ഷിക്കാനും ആസ്വദിക്കാനും കഴിയുന്ന ഒരു തലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
കൂടിയാട്ടം പോലുള്ള ഒരു കലാരൂപത്തിലേക്ക് കുട്ടികളേയും പുതുതലമുറയേയും ചേര്‍ത്തുനിര്‍ത്താന്‍ എങ്ങനെയാണ് സാധിക്കുക?
കുട്ടികളുടെ താല്പര്യം സത്യസന്ധവും നിഷ്‌കളങ്കവുമാണ്. അവര്‍ക്ക് എന്തോ അപ്രാപ്യവും സങ്കീര്‍ണ്ണവുമായ കലാരൂപമാണിത് എന്ന ചിന്തയോടെ അവതരിപ്പിച്ചാല്‍ ഉള്ള താല്പര്യം കൂടി നഷ്ടപ്പെടാനാണ് സാധ്യത. കുട്ടികളുടെ മനസ്സിനോടും പൊതു ചിന്തകളോടും ഒരു പരിധിവരെ ചേര്‍ന്നുനില്‍ക്കുന്ന അവതരണങ്ങള്‍ അവരെ ആകര്‍ഷിക്കുമെന്നതു തീര്‍ച്ചയാണ്. ഇത് ഞാനുള്‍പ്പെടെയുള്ള കലാകാരന്മാരുടെ ഉത്തരവാദിത്വമാണ്. ഈ കലയുടെ ഭാഷ സാര്‍വ്വത്രികമാണെന്ന ചിന്ത അവരുടെ ഉള്ളില്‍ തോന്നിപ്പിക്കുകയും അവരുടെ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്യാനുള്ള മനസ്സും ചേര്‍ന്നാല്‍ ഈ കല കൂടുതല്‍ വിസ്തൃതമാവും.
സിനിമാമേഖലയിലേക്കു നടത്തിയ ചുവടുവയ്പ്പിനെക്കുറിച്ച്, പ്രത്യേകിച്ച് 'മേഘദൂത്' പോലൊരു പരീക്ഷണ സിനിമ (experimental cinema)?
ഹിമാചല്‍ പ്രദേശ് സ്വദേശിയായ സംവിധായകന്‍ റാഹത്ത് മഹാജന്‍ എഴുതി, സംവിധാനം ചെയ്ത സിനിമയാണ് 'മേഘദൂത്'. യുഗാന്തരങ്ങളിലൂടെ കാല്പനികമായി (fiction) സഞ്ചരിക്കുന്ന കഥയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഇപ്പോഴുള്ള ബോര്‍ഡിംഗ് സ്‌കൂള്‍ പശ്ചാത്തലത്തില്‍നിന്ന് യുഗങ്ങള്‍ക്കും തലങ്ങള്‍ക്കുമപ്പുറം പല അമാനുഷിക, പുരാണസംബന്ധിയുമായ കഥാപാത്രങ്ങളെ സംയോജിപ്പിക്കുന്നതാണ് മേഘദൂത്. ഇവ ആവിഷ്‌കരിക്കുന്നതിനായി പല ദേശങ്ങളിലേയും പാരമ്പര്യകലകളും അവയുടെ അന്തര്‍ലീനമായ സൗന്ദര്യവും (aesthetics) സിനിമയുടെ ഭാഷയിലേക്കു സംയോജിപ്പിക്കുകയാണുണ്ടായത്. ഈ സിനിമയില്‍ കേരളത്തില്‍നിന്ന് കൂടിയാട്ടം അവതരിപ്പിക്കാനാണ് എനിക്ക് അവസരം വന്നത്. ഇതിനു പുറമേ അതിലെ നൃത്തസംവിധാനവും പല കലാരൂപങ്ങളേയും ആ സിനിമയുടെ ക്യാന്‍വാസിലേക്ക് സംയോജിപ്പിക്കാന്‍ സഹായിക്കാനും സാധിച്ചു. ഇതാണ് എനിക്ക് മേഘദൂത്. ഇതു കൂടാതെ ചില തമിഴ് സിനിമകളിലും കൂടി മുഖം കാണിച്ചു.
നടനകൈരളി എന്ന ഇടത്തേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച്?
നടനകൈരളിയുടെ പ്രവര്‍ത്തനങ്ങള്‍ ഓരോ കാലത്തും പലതാണ്. കൂടിയാട്ടം, മോഹിനിയാട്ടം, പാവകഥകളി എന്നിവയാണ് പ്രധാന അവതരണസംഘങ്ങള്‍. അച്ഛന്‍ നയിക്കുന്ന നവരസസാധന അഭിനയ ശില്പശാലയും അമ്മ നടത്തുന്ന മോഹിനിയാട്ടക്കളരിയും നടനകൈരളിയിലെ ദൈനംദിന പ്രവൃത്തികളാണ്. ഇതിനുപുറമേ പല ഗവേഷണപ്രബന്ധങ്ങളും ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഈയൊരു ഇടം (space)കൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്നാല്‍ നാനാദേശങ്ങളിലുള്ള കലകളെ ഇവിടെയുള്ളവര്‍ക്ക് പരിചയപ്പെടുത്തുക, ആ കലാകാരന്മാരുമായി സംവദിക്കുക, ഇവിടെയുള്ള കലകള്‍ക്കു വേണ്ടത്ര പ്രാധാന്യം നല്‍കുക, ഇതിനെല്ലാമുപരിയായി കലയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ദൃഢമാക്കുക എന്നതാണ് നടനകൈരളിയുടെ ഇദംപ്രഥമമായ ലക്ഷ്യം.
കലാകാരന്മാരുടെ ഒരു കൂട്ടായ്മ ആവശ്യമാണെന്നു തോന്നുന്നുണ്ടോ?
ഞാന്‍ ഒരു കൂട്ടായ്മയുടേയും ഭാഗമായിട്ടില്ല പക്ഷേ, കലാകാരന്മാരുടെ കൂട്ടായ്മ അനിവാര്യം തന്നെയാണ്. എല്ലാ കലകള്‍ക്കും മറ്റു മേഖലകളെപ്പോലെത്തന്നെ സംവാദങ്ങളും ചര്‍ച്ചകളും ഇക്കാലത്ത് അത്യാവശ്യമാണ് പ്രത്യേകിച്ച് കലകളുടെ ഘടനകളില്‍ പലതിനും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍. ഇതിനു പുറമേ സര്‍ക്കാര്‍തലത്തില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വളരെ കുറച്ചു കലാകാരന്മാര്‍ക്കേ കിട്ടുന്നുള്ളൂ. ഒരു വലിയ വിഭാഗം കലാകാരന്മാര്‍ക്കും ഇവ അപ്രാപ്യമായിത്തന്നെ തുടരുന്നു. മറ്റു കലാകാരന്മാര്‍ എങ്ങനെയൊക്കെയാണ് തന്റെ കലയും ജീവിതവും കൂട്ടിമുട്ടിക്കുന്നത്. ഇതെല്ലാം ഒരു പരിധിവരെ ഒരു കൂട്ടായ്മയ്ക്ക് അഭിസംബോധന ചെയ്യാന്‍ സാധിക്കും.
ചെറുപ്പം മുതലേ കലാമേഖലയില്‍ നില്‍ക്കുന്ന ആളെന്ന നിലയ്ക്ക് ഇത്രയും നാളത്തെ കലാജീവിതത്തെ എങ്ങനെ വിലയിരുത്തുന്നു?
അച്ഛനുമമ്മയും പണ്ടുമുതല്‍ക്കേ കലാമേഖലയില്‍ സജീവമായിരുന്നവരായതുകൊണ്ട് സാഹചര്യവശാല്‍ ഞാനും കലയിലേക്ക് എത്തി. ചെറുപ്പം മുതല്‍ക്കേ അതുകൊണ്ട് പല കലകളും അഭ്യസിക്കാനുള്ള ഭാഗ്യവുമുണ്ടായി. അച്ഛനുമമ്മയും പറഞ്ഞ കാര്യങ്ങളൊക്കെ ഈ അഭ്യസനത്തിനിടയില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. പിന്നീട് സ്വന്തമായി അന്വേഷണം തുടങ്ങി. എന്റെ ഭാഗത്തുനിന്നും അതിനായി യാതൊരു ആസൂത്രണവും ഉണ്ടായില്ല. ഓരോന്നും അതിന്റെ ആ ഒഴുക്കില്‍ സംഭവിച്ചിട്ട് ഇവിടെവരെ എത്തിനില്‍ക്കുന്നു. ഈ ഘട്ടത്തില്‍ ഇനിയെന്ത് എന്ന് ചിന്തിച്ചു പ്രവര്‍ത്തിക്കണം. 'ഇനിയെന്ത് എന്ന ആലോചന' എന്നത് ജീവിതത്തില്‍ ഇടയ്ക്കിടെ വരുന്ന ഘട്ടമാണ്. കൂടിയാട്ട പരിശീലനത്തിനാണ് ജീവിതത്തിലെ അധികസമയവും ഇപ്പോള്‍ ചെലവഴിക്കുന്നത്. ചിട്ടയായ അഭ്യസനവും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള സമയവും മോഹിനിയാട്ടം, നാടകം എന്നിവയുടെ അഭ്യസനവും ചേര്‍ന്നതാണ് എന്റെ ഒരു ദിനം.
ഇനിയങ്ങോട്ട് വളരെയധികം ആഗ്രഹിക്കുന്ന, സന്തോഷം തരുന്ന, ഞാനെന്നെ എങ്ങനെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് എന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹവും തീരുമാനവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates