2024 ജൂലൈ 30. അന്നാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങള്‍ ഉരുള്‍പ്പൊട്ടലില്‍ തുടച്ചുനീക്കപ്പെട്ടത്. 298 പേര്‍ മരണത്തിനു കീഴടങ്ങി. 44 പേര്‍ കാണാതായവരുടെ പട്ടികയിലാണ്. ജീവന്‍ തിരിച്ചുകിട്ടിയവര്‍ക്കാണെങ്കില്‍ മറ്റൊന്നും ബാക്കിയുണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ പൂജ്യത്തില്‍നിന്നും വീണ്ടും തുടങ്ങേണ്ടിവന്ന അവസ്ഥ. നാടും ആളുകളും സംഘടനകളും ഭരണകൂടവും അവര്‍ക്കൊപ്പം നിന്നു. പുനരധിവാസം ആയിരുന്നു പിന്നീട് മുന്നിലുള്ള വഴി. വലിയ തോതിലുള്ള സഹായവാഗ്ദാനങ്ങളായിരുന്നു ദുരന്തബാധിതര്‍ക്ക് കിട്ടിയത്. എല്ലാം പെട്ടെന്നുതന്നെ പഴയ അവസ്ഥയിലേക്ക് മാറും എന്ന് പ്രതീക്ഷിച്ച ദിവസങ്ങള്‍.
പക്ഷേ, ദുരന്തം നടന്ന് എട്ട് മാസമാകുന്നു. വാടകവീടുകളിലും ബന്ധുവീടുകളിലും താമസം തുടങ്ങിയവര്‍ ഇപ്പോഴും അവിടെത്തന്നെ. കെട്ടിടങ്ങളും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍, കൃഷി സ്ഥലങ്ങള്‍ ഒലിച്ചുപോയവര്‍ എല്ലാം അതേപടി നില്‍ക്കുന്നു. പുനരധിവാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളും പട്ടിക തയ്യാറാക്കലും പദ്ധതി രൂപകല്പനയും സാങ്കേതികതയും ഒരുവശത്ത് നടക്കുന്നുണ്ട്. പക്ഷേ, ദുരന്തബാധിതരുടെ ഭാഗത്തുനിന്ന് നോക്കിയാല്‍ എട്ട് മാസമായിട്ടും അതേ നില്‍പ്പാണ്. ഇനി എത്രമാസങ്ങള്‍ കഴിഞ്ഞാണ് പുതിയ ജീവിതം തുടങ്ങാനാവുക എന്നതും ഇവര്‍ക്ക് നിശ്ചയമില്ല. ജൂലൈ 30-ന് രാത്രി എന്താണോ സംഭവിച്ചത് അവിടെത്തന്നെയാണ് ഞങ്ങളുടെ ജീവിതം ഇപ്പോഴുമുള്ളത് എന്നാണ് ദുരന്തബാധിതരായ പലരും പറയുന്നത്.
എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി കഴിയുന്നതിനു പുറമെ സമരം ചെയ്ത് മുന്നോട്ടുപോകേണ്ട ഗതികേടിലാണ് ദുരന്തബാധിതര്‍. മാസങ്ങളായി നിരന്തര സമരത്തിലാണിവര്‍. ധര്‍ണ്ണയും പ്രതിഷേധമാര്‍ച്ചും നിരാഹാരവും കുടില്‍കെട്ടി സമരവുമായി ജീവിക്കാന്‍ വേണ്ടി ഇവരുടെ ഓരോ ദിവസവും വീണ്ടും ദുസ്സഹമാവുകയാണ്. പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ മെല്ലെപ്പോക്കും അര്‍ഹരായവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കാനും പട്ടിക പൂര്‍ത്തിയാക്കാനും തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ച് സമരം നടത്തുകയാണിവര്‍. മുണ്ടക്കൈ-ചൂരല്‍മല കേന്ദ്രീകരിച്ച് ജനങ്ങളുടെ രണ്ട് ആക്ഷന്‍ കമ്മിറ്റികളും നിലവിലുണ്ട്.
ഏഴ് സെന്റും വീടും
സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പാക്കുന്നതിന് സ്വാഭാവികമായി കണ്ടുവരുന്ന കാലതാമസം വയനാട്ടിലെ ദുരന്തബാധിതരുടെ കാര്യത്തിലും തുടരുകയാണ്. സര്‍ക്കാര്‍ സമയബന്ധിതമായി പുനരധിവാസം പൂര്‍ത്തിയാക്കുമെന്ന് പറയുമ്പോഴും ദുരന്തബാധിതരുടെ ഭാഗത്തുനിന്നുളള കാഴ്ചകള്‍ക്കു തന്നെയാണ് പ്രാധാന്യം. എട്ടുമാസമായിട്ടും വാടകവീടുകളിലാണിവര്‍. ആറായിരം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്ന മാസവാടക. അന്നത്തെ വൈകാരികമായ അവസ്ഥയില്‍ വീട് കൊടുത്ത പല വീട്ടുടമസ്ഥരും വാടകകൂട്ടാന്‍ ദുരന്തബാധിതരോട് ആവശ്യപ്പെടുന്നുണ്ട്. വീടൊഴിയാനുള്ള സമ്മര്‍ദ്ദവും ഉണ്ട്. കുറച്ച് കാലത്തേക്ക് എന്ന ചിന്തയായിരുന്നു വാടക വീടുകളിലേക്ക് മാറുമ്പോള്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നത്. പക്ഷേ, എട്ടുമാസത്തിനിപ്പുറവും ഇനിയെത്ര കാലം എന്ന നിശ്ചയവുമില്ലാതെ നിസ്സഹായരാവുകയാണിവര്‍. ആറായിരം രൂപയില്‍ കൂടുതലാണ് പല വീടുകള്‍ക്കും ഈടാക്കുന്ന വാടക. കെട്ടിടങ്ങളും കടമുറികളും നഷ്ടപ്പെട്ടവര്‍, കൃഷിസ്ഥലം നഷ്ടപ്പെട്ടവര്‍, ഈ പ്രദേശങ്ങളില്‍ വിവിധങ്ങളായ ജോലിയെടുത്തിരുന്നവര്‍ തുടങ്ങിയവരില്‍ കൂടുതല്‍ പേരും പുതിയൊരു ജോലിയും വരുമാനവും കണ്ടെത്താനാവാതെ പകച്ചുനില്‍ക്കുന്നുണ്ട്.
വീട് നഷ്ടപ്പെട്ടവര്‍ക്ക് ടൗണ്‍ഷിപ്പാണ് സര്‍ക്കാരിന്റെ വാഗ്ദാനം. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റ്, കല്‍പ്പറ്റ നഗരസഭയിലെ പുല്‍പ്പാറയിലെ എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ എന്നതായിരുന്നു തുടക്കത്തില്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. 10 സെന്റ് ഹാരിസണിലും അഞ്ച് സെന്റ് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലും എന്നതായിരുന്നു തീരുമാനം. ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടും. അഞ്ച് സെന്റ് സ്ഥാലത്തിനെതിരെ ആക്ഷന്‍ കമ്മിറ്റികള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെ സ്ഥലം ഏഴ് സെന്റായി സര്‍ക്കാര്‍ മാറ്റി. എന്നാല്‍, എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാത്രമായി ടൗണ്‍ഷിപ്പ് ചുരുങ്ങുകയും ചെയ്തു. അര്‍ഹരായവരുടെ എണ്ണം കുറവായതാണ് ഇതിന് കാരണമായി സര്‍ക്കാര്‍ പറയുന്നത്.
തുടക്കത്തില്‍ 1000-ലധികം വീടുകളാണ് പറഞ്ഞിരുന്നത്. 700 വീടുകള്‍ ആദ്യഘട്ടത്തിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലെ വീടുകള്‍ ഉള്‍പ്പെടുത്തി രണ്ടാംഘട്ടവും എന്നതായിരുന്നു തീരുമാനം. ഇപ്പോഴത് 323 ആയി ചുരുങ്ങി. ഇതില്‍ത്തന്നെ ടൗണ്‍ഷിപ്പില്‍ താമസിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് 15 ലക്ഷം രൂപ നല്‍കും എന്നും സര്‍ക്കാര്‍ പറയുന്നുണ്ട്. ആ ആനുകൂല്യം എടുക്കുന്നവരുടെ എണ്ണം കൂടി കുറയ്ക്കുമ്പോള്‍ വീടിനായുള്ള പട്ടികയില്‍ ഇനിയും ആളുകള്‍ കുറയും എന്നതാണ് സര്‍ക്കാര്‍ വാദം. ദുരന്തസ്ഥലത്തിന് തൊട്ടടുത്തുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നവരെയൊന്നും ഇതുവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദുരന്തപ്രദേശത്തിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ഒറ്റപ്പെട്ടുപോയ വീടുകളെ ഉള്‍പ്പെടുത്തി ഫേസ് രണ്ട് ബി പട്ടിക പ്രസിദ്ധീകരിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ സയന്റിസ്റ്റായിരുന്ന ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാസയോഗ്യമായതും അല്ലാത്തതുമായ സ്ഥലങ്ങളെ സര്‍ക്കാര്‍ രേഖപ്പെടുത്തുന്നത്. ഇതില്‍ കമ്മിറ്റിയുടെ ആദ്യ റിപ്പോര്‍ട്ടില്‍ ദുരന്തബാധിത പ്രദേശത്തിന്റെ 300 മീറ്റര്‍ പരിധിയില്‍ വാസയോഗ്യമല്ല എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍, രണ്ടാമത് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 50 മീറ്റര്‍ പരിധിയിലേക്ക് അത് മാറി. സര്‍ക്കാരിന്റെ അടുത്ത പട്ടികയില്‍ ഉള്‍പ്പെടും എന്ന പ്രതീക്ഷയിലാണ് പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍. അടുത്ത മഴക്കാലത്ത് ഇവിടെ ജീവിക്കാന്‍ കഴിയില്ല എന്ന പേടിയും അവര്‍ പങ്കുവെയ്ക്കുന്നു. ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നവരുടെ ആശങ്കപോലും പരിഹരിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. സര്‍ക്കാരിന്റെ തീരുമാനം വന്ന് വീട് പണിഞ്ഞ് പുതിയൊരു ജീവിതം തുടങ്ങുമ്പോഴേക്കും എത്രകാലമാവും എന്ന ആശങ്കയാണ് ദുരന്തബാധിതര്‍ പങ്കുവെയ്ക്കുന്നത്.
ഏറ്റെടുക്കാന്‍ നിശ്ചയിച്ച ഭൂമിയുടെ ഉടമകള്‍ കോടതിയെ സമീപിച്ചതാണ് കാലതാമസത്തിനു കാരണമായതെന്ന് റവന്യൂമന്ത്രി പറയുന്നു. എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡും ഹാരിസണ്‍ മലയാളം ലിമിറ്റഡും ഭൂമി എറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും പുല്‍പ്പാറയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാം എന്നതായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി. എന്നാല്‍, അവര്‍ ഇനിയും കേസിന് പോകുകയും ഭൂമി ഏറ്റെടുക്കുന്നത് നീണ്ടുപോയേക്കുമെന്ന ആശങ്കയും ദുരന്തബാധിതര്‍ക്കുണ്ട്.
388 പേരുടെ ആദ്യഘട്ട പട്ടിക പ്രസിദ്ധീകരിച്ചത് തന്നെ 2024 ഡിസംബര്‍ അവസാനമാണ്. വളരെയധികം തെറ്റുകള്‍ കണ്ടെത്തിയ ആ പട്ടിക പിന്നീട് പുതുക്കി പുറത്തിറക്കേണ്ടി വരികയായിരുന്നു. ഫെബ്രുവരി ആദ്യവാരമാണ് 242 പേരുടെ പട്ടിക പുറത്തിറക്കിയത്. ഫെബ്രുവരി അവസാനം 81 പേരുടെ രണ്ടാംഘട്ട പട്ടികയും പുറത്തിറക്കി. ആദ്യഘട്ട പുനരധിവാസത്തിന് 750 കോടി രൂപയാണ് ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചത്. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വയനാടിനായി നല്‍കിയത് 719 കോടി രൂപയാണ്.
ടൗണ്‍ഷിപ്പിലേക്ക് ഒതുങ്ങുമ്പോള്‍
ടൗണ്‍ഷിപ്പ് എന്ന വാദത്തോട് ദുരന്തബാധിതരിലേയും ആക്ഷന്‍കമ്മിറ്റിയിലേയും പലരും താല്പര്യപ്പെടുന്നില്ല. കല്‍പ്പറ്റ നഗരസഭയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഇപ്പോള്‍ ടൗണ്‍ഷിപ്പിനായി പറഞ്ഞിരിക്കുന്ന സ്ഥലത്തിന് അധികം ദൂരെയല്ലാതെ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കച്ചവടകേന്ദ്രങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും അധികം ദൂരത്തല്ലാതെ ലഭ്യമാണ്. അങ്ങനെയൊരു സ്ഥലത്ത് ടൗണ്‍ഷിപ്പ് എന്ന ആശയത്തിന്റെ യുക്തിയേയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. രണ്ടാമതായി ദുരന്തബാധിതരെ ഏഴ് സെന്റ് ഭൂമിയില്‍ ഒരേ പ്രദേശത്ത് അധിവസിപ്പിക്കുന്നതിനോട് താല്പര്യമില്ലാത്തവരുണ്ട്. അവരുടെ തൊഴില്‍, കൃഷി എന്നിവയെക്കുറിച്ചുള്ള ആശങ്കകളുണ്ട്. ദുരന്തഭൂമിയില്‍നിന്ന് 20 കിലോമീറ്ററിലധികം ദൂരെയാണ് ഇപ്പോഴത്തെ സ്ഥലം. ദുരന്തബാധിത മേഖലയ്ക്കടുത്ത് തോട്ടം മേഖലയില്‍ പണിയെടുത്തവര്‍ക്ക് നഗരത്തില്‍ പുതിയ തൊഴില്‍ കണ്ടെത്തേണ്ടിവരും. കൃഷി വരുമാനമാര്‍ഗ്ഗമായ നിരവധിപ്പേര്‍ ഇക്കൂട്ടത്തിലുണ്ട്. ഈ സ്ഥലത്ത് അവര്‍ക്കത് തിരിച്ചുപിടിക്കാനും കഴിയില്ല. രണ്ട് ടൗണ്‍ഷിപ്പുകള്‍ ഉണ്ടാകും എന്ന് പ്രഖ്യാപിച്ച സമയത്ത് മേപ്പാടിയിലാണോ കല്‍പ്പറ്റയിലാണോ താമസിക്കേണ്ടത് എന്ന് ദുരന്തബാധിതര്‍ക്ക് തെരഞ്ഞെടുക്കാം എന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. ഹാരിസണ്‍ എസ്റ്റേറ്റ് ഒഴിവായതോടെ എല്ലാവരും കല്‍പ്പറ്റയിലേക്ക് പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
ഒരേ മാതൃകയില്‍ ഒരു പ്രദേശത്ത് നിരവധി വീടുകള്‍വെച്ച് പുനരധിവസിപ്പിക്കുക എന്ന ആശയം പുനരാലോചിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവുന്നില്ല. പലയിടങ്ങളില്‍ ആളുകള്‍ക്ക് ജീവിക്കാന്‍ സൗകര്യമുള്ള സ്ഥലങ്ങളില്‍ അവരെ പുനരധിവസിപ്പിക്കുക എന്നത് ഒരിടത്തും ആലോചനയേ അല്ല. അവരുടെ ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ അവര്‍ക്ക് വിട്ടുകൊടുക്കാന്‍ പാകത്തിലുള്ള ഒരു പുനരധിവാസ മാതൃക സൃഷ്ടിക്കേണ്ടതാണ്. പകരം ആളുകളെ 'ഗുണഭോക്താക്കളായി' സര്‍ക്കാരിന്റേയും രാഷ്ട്രീയക്കാരുടേയും ഔദാര്യത്തിന്റെ അടയാളമാക്കി ഓരോ പ്രദേശത്തും നിലനിര്‍ത്തുക എന്നതാണ് ഇപ്പോഴും കണ്ടുവരുന്നത്. അധികാരത്തിന്റെ ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങള്‍ മാറേണ്ടതുണ്ട്. ടൗണ്‍ഷിപ്പുമായി യോജിച്ചുപോകാന്‍ താല്പര്യമില്ലാത്തവര്‍ക്ക് സ്വന്തം നിലയില്‍ ഭൂമി കണ്ടെത്താനും വീടുവെക്കാനും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്.
പത്ത് സെന്റ് ഭൂമിയെങ്കിലും വേണം
പത്ത് സെന്റ് ഭൂമിയെങ്കിലും വേണം എന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് എന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജെ.എം.ജെ. മനോജ് പറയുന്നു. ദുരന്തത്തില്‍ വീടും സ്ഥലവും സഹോദരിയടക്കം കുടുംബത്തിലെ മറ്റ് പലരേയും നഷ്ടപ്പെട്ടയാളുകൂടിയാണ് മനോജ്.
''എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മാത്രമാണ് വീടുകള്‍ നിര്‍മ്മിക്കുന്നത് എന്നാണ് ഇപ്പോള്‍ പറയുന്നത്. പക്ഷേ, മേപ്പാടിയില്‍ത്തന്നെ താമസിക്കാന്‍ ആഗ്രഹിക്കുന്ന കുറേപ്പേരുണ്ട്. മേപ്പാടിയിലും വീടുകള്‍ നിര്‍മ്മിച്ച് പുനരധിവാസം നടത്തണം എന്നാണ് ഞങ്ങളുടെ ആവശ്യം. സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച് ഉണ്ടാക്കിയ 531 പേരുടെ പട്ടിക ആക്ഷന്‍ കൗണ്‍സില്‍ കൈമാറിയിട്ടുണ്ട്. വാടകവീടുകളില്‍ താമസിക്കുന്നവരോട് വീട്ടുടമസ്ഥര്‍ മാറാന്‍ ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. പല ആളുകള്‍ക്കും അങ്ങനെ മാറേണ്ടിവന്നിട്ടുണ്ട്. ആറായിരത്തിനു മേലെയാണ് ഭൂരിഭാഗം ആളുകളുടേയും വാടക. ബാക്കിതുക കയ്യില്‍ നിന്നെടുത്താണ് കൊടുക്കുന്നത്. വീട് നഷ്ടപ്പെട്ടവരുടെ കാര്യം തീര്‍ന്നിട്ടേ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായവരുടെ കാര്യം പരിഗണിക്കൂ എന്നാണ് പറയുന്നത്. കെട്ടിടങ്ങളും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെട്ട നിരവധിപ്പേരുണ്ട്. കുറച്ചുപേര്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ മറ്റിടങ്ങളില്‍ ചെറിയ തോതില്‍ കച്ചവടങ്ങളിലേക്ക് മാറിയിട്ടുണ്ട്. കടമുറികള്‍ നഷ്ടപ്പെട്ട എല്ലാവര്‍ക്കും അതിനു കഴിഞ്ഞിട്ടില്ല''-മനോജ് പറയുന്നു.
സര്‍ക്കാര്‍ ആദ്യം പറഞ്ഞത് പത്ത് സെന്റും ആയിരം സ്‌ക്വയര്‍ ഫീറ്റ് വീടും ആണെന്നും പിന്നീടത് അഞ്ചും ഇപ്പോഴത് ഏഴുമായി മാറിയെന്നും ജനശബ്ദം കര്‍മ്മസമിതി ചെയര്‍മാന്‍ നസീര്‍ ആലക്കന്‍ പറയുന്നു. ''കല്‍പ്പറ്റയില്‍ ഭൂമിക്ക് വില കൂടുതലാണ് എന്നതാണ് കാരണം പറയുന്നത്. 720 കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ പണം ഞങ്ങള്‍ക്കുവേണ്ടി പിരിച്ചെടുത്ത ദുരിതാശ്വാസനിധിയിലുണ്ട്. മറ്റൊന്ന് കല്‍പ്പറ്റയില്‍ ടൗണ്‍ഷിപ്പ് ആവശ്യമില്ല. ഈ ഭൂമിയോട് ചേര്‍ന്നു തന്നെ അഞ്ച് ആശുപത്രികളുണ്ട്, ആരാധനാലയങ്ങളുണ്ട്, ഒന്‍പത് സ്‌കൂളുകളുണ്ട്. പിന്നെന്തിനാണ് ടൗണ്‍ഷിപ്പ്. ആ പണം കൂടി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. സമരത്തിന് ശേഷമാണ് അഞ്ച് സെന്റ് ഏഴ് സെന്റാക്കിയത്. 10 സെന്റ് വേണം എന്നത് തന്നെയാണ് ഞങ്ങളുടെ ആവശ്യം. 1011 വീടുകള്‍ സന്നദ്ധസംഘടനകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പത്ത് സെന്റ് ഭൂമിയെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്ത് തരണം. ദുരന്തം ബാധിച്ച മൂന്ന് വാര്‍ഡുകളിലേയും ലോണ്‍ എഴുതിത്തള്ളുകയും ബന്ധുക്കളെല്ലാം മരിച്ച് ഒറ്റപ്പെട്ടുപോയ ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കാം എന്ന വാഗ്ദാനം പാലിക്കുകയും വേണം''- നസീര്‍ ആലക്കന്‍ പറയുന്നു. ദുരന്തത്തില്‍ വീടും ആറേക്കര്‍ കൃഷിഭൂമിയും നഷ്ടമായ ആളാണ് നസീര്‍
ദുരന്തം നടന്ന് ഇതുവരെ ഒരു മാറ്റവും ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്ന് ചൂരല്‍മല വാര്‍ഡംഗം സുകു പറയുന്നു. ''ഞങ്ങളുടെ ജീവിതം അവിടെത്തന്നെ കിടക്കുകയാണ്. ഇപ്പോഴും സമരങ്ങളുമായി വെയിലുകൊള്ളുകയാണ് ഞങ്ങള്‍. ഏഴ് മാസം കഴിഞ്ഞു. കേസുമായി എസ്റ്റേറ്റുകാര്‍ മുന്നോട്ടുപോയാല്‍ ഇത് ഇനിയും നീണ്ടേക്കാം. 20 ലക്ഷത്തിന്റെ വീടും ഏഴ് സെന്റ് സ്ഥലവുമാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം ടൗണ്‍ഷിപ്പില്‍നിന്ന് പുറത്തുപോകുന്നവര്‍ക്ക് കൊടുക്കുന്നത് 15 ലക്ഷം രൂപ മാത്രവും. ഇത് ശരിയല്ലല്ലോ. അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം''- സുകു പറയുന്നു.
ഒറ്റപ്പെട്ടുപോയതും വീടുകളിലേക്ക് പോകാന്‍ വഴിയില്ലാത്തവരുമുള്‍പ്പെടെ 581 പേരുടെ പട്ടിക ജനശബ്ദം കര്‍മ്മസമിതി നല്‍കിയിരുന്നു എന്നും 320 പേര്‍ മാത്രമാണ് ഇപ്പോള്‍ പട്ടികയിലുള്‍പ്പെട്ടതെന്നും സമിതി നേതാവ് അജയ് ശേഖര്‍ പറയുന്നു. ''ദുരന്തബാധിതരെ മേപ്പാടി പഞ്ചായത്തില്‍നിന്നും കല്‍പ്പറ്റ നഗരസഭയിലേക്ക് അധിവസിപ്പിക്കുന്നതില്‍ പ്രശ്നമുണ്ട്. ഈ ഒരു പ്രദേശത്തിനടുത്തുതന്നെ അവരെ പുനരധിവസിപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട്. അത് ഉപയോഗപ്പെടുത്തണം. തോട്ടം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് ടൗണില്‍ പുനരധിവസിപ്പിക്കുന്നത് ബുദ്ധിമുട്ടാകും. ഹാരിസണ്‍ എസ്റ്റേറ്റ് കുറച്ചുകൂടി അടുത്തായിരുന്നു. അതാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടതും''- അജയ് ശേഖര്‍ പറയുന്നു.
വീട് നഷ്ടമായവര്‍ മാത്രമായവരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കലും അവരുടെ പുനരധിവാസത്തിനുള്ള പ്രാരംഭ ഫയല്‍ നീക്കങ്ങളുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനുശേഷം വേണം ദുരന്തപ്രദേശത്തിന്റെ അരികുകളില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരെ പുരധിവസിപ്പിക്കാന്‍. അതും കഴിഞ്ഞാണ് കടകളും കെട്ടിടങ്ങളും നഷ്ടമായവരേയും കൃഷി സ്ഥലങ്ങളും ജീവനോപാധികളും നഷ്ടമായവരേയും പരിഗണിക്കുക. അവരില്‍ അര്‍ഹരായവരുടെ പട്ടിക ഇതുവരെ തയ്യാറാക്കിയിട്ടില്ല. കടം എഴുതിത്തള്ളുക എന്നതാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു പ്രധാന ആവശ്യം. ബാങ്കുകളിലും മറ്റ് ധനകാര്യസ്ഥാപനങ്ങളിലുമായി 19 കോടിയുടെ കടം മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ ദുരന്തബാധിതര്‍ക്കുണ്ട്. ഇതുമായുള്ള ചര്‍ച്ചകളും നടന്നുവരുന്നതേയുള്ളൂ.
വീടുവെച്ചുകൊടുക്കാന്‍ നിരവധി സന്നദ്ധസംഘടനകള്‍ ഒരുക്കമാണ്. സര്‍ക്കാരിന്റെ സ്ഥലമേറ്റെടുപ്പ് അടക്കമുള്ള പ്രാരംഭ നടപടികള്‍ക്കായി കാത്തിരിക്കുകയാണ് വിവിധ സംഘടനകള്‍. 38 സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുമുണ്ട്.
സമരനാളുകള്‍
സമരങ്ങളുടെ നാളുകളിലൂടെയാണ് ഈ മനുഷ്യര്‍ കടന്നുപോകുന്നത്. രാഷ്ട്രീയത്തിനതീതമായി പുതിയൊരു ജീവിതത്തിനുവേണ്ടി അവര്‍ സമരം ചെയ്യുകയാണ്, രണ്ട് ആക്ഷന്‍ കമ്മിറ്റികളുടെ കീഴിലായി. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണ് പുനരധിവാസം കാലതാമസം നേരിടുന്നത് എന്നാരോപിച്ച് യു.ഡി.എഫും സമരം ചെയ്യുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ വയനാടിനോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫും സമരം ചെയ്യുന്നുണ്ട്.
രാഷ്ട്രീയക്കളികളില്‍ ദുരന്തബാധിതര്‍ക്ക് താല്പര്യമില്ല. മുടങ്ങിപ്പോയ വിദ്യാഭ്യാസവും തൊഴിലും തിരിച്ചുപിടിക്കാനും ഇനിയൊരു മഴയെ പേടിക്കാതെ അന്തിയുറങ്ങാനും സാങ്കേതികത്വങ്ങളുടെ പേരിലുള്ള കാത്തിരിപ്പുകള്‍ അവസാനിപ്പിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും ശ്രമിക്കുകയാണിവര്‍. പുനരധിവാസത്തില്‍ ഇവരെ ആശങ്കപ്പെടുത്തുന്ന മറ്റൊന്ന് തൊട്ടടുത്ത പുത്തുമല ദുരന്തത്തിന്റെ പുനരധിവാസത്തിലെ പ്രശ്നങ്ങളാണ്. പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ പലതും ചോര്‍ന്നൊലിച്ചും മറ്റും വാസയോഗ്യമല്ലാത്ത തരത്തിലാണ്. അവരുടെ തൊഴില്‍ജീവിതവും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വിജയിച്ച പുനരധിവാസ മാതൃകകളൊന്നും നമുക്ക് മുന്നിലില്ലാത്തതിനാല്‍ ആശങ്കകളും കൂടുതലായിരിക്കും. ദുരന്തബാധിതരെ നിരാശരാക്കരുത്. അവരുടെ ജീവിതത്തിലെ ഓരോ ദിവസവും വിലപ്പെട്ടതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates