മുപ്പത്തിനാല് വര്‍ഷമായി എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു ഞാന്‍. ഇപ്പോ എനിക്ക് തൊഴിലില്ല. കിട്ടാനുള്ള ശമ്പള കുടിശ്ശിക ഇല്ല, ആനുകൂല്യമില്ല. കടക്കാരെ പേടിച്ചാണ് ജീവിക്കുന്നത്. ഓരോ ഫോണ്‍ വരുമ്പോഴും പേടിയാണ്. കടം തിരിച്ച് പിടിക്കാനുള്ളവരാണോ എന്ന പേടി. ഇത്രയും വര്‍ഷങ്ങള്‍ പണിയെടുത്തിട്ടും എസ്റ്റേറ്റ് കൈമാറുമ്പോള്‍ കമ്പനിയോ ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരോ ഞങ്ങളോട് ഒരു വാക്കുപോലും ചോദിച്ചിട്ടോ അറിയിച്ചിട്ടോ ഇല്ല. ടി.വിയിലും പത്രത്തിലും വാര്‍ത്ത കണ്ടാണ് ഏറ്റെടുക്കുന്ന കാര്യങ്ങള്‍ അറിഞ്ഞത്. സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ എടുത്ത പണിയുടെ പൈസയെങ്കിലും കിട്ടുമല്ലോ എന്നാണ് പ്രതീക്ഷിച്ചത്. ഇപ്പോള്‍ ആ പ്രതീക്ഷയും പോയി''- കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തോട്ടംതൊഴിലാളിയായ സുബൈദയുടെ വാക്കുകളാണിത്.
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തതാണ് കല്പറ്റയ്ക്കടുത്തുള്ള എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ്. പെരുന്തട്ട ഒന്ന്, പെരുന്തട്ട രണ്ട്, പുല്‍പാറ എന്നിങ്ങനെ മൂന്ന് ഡിവിഷനാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ്. ഇതില്‍ കല്പറ്റ ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പാറ ഡിവിഷനാണ് ടൗണ്‍ഷിപ്പിനായി ഏറ്റെടുത്തത്. ഭൂമിക്കു പുറമെ എസ്റ്റേറ്റിലെ കെട്ടിടങ്ങളും മരങ്ങളും തേയിലച്ചെടികളും വരെ കണക്കാക്കിയാണ് സര്‍ക്കാര്‍ എസ്റ്റേറ്റ് ഏറ്റെടുത്തത്. എന്നാല്‍, തേയിലത്തോട്ടത്തിലും അതുമായി ബന്ധപ്പെട്ട ഫാക്ടറിയിലും ജോലിചെയ്യുന്ന സുബൈദയെപ്പോലുള്ള തൊഴിലാളികളെ സര്‍ക്കാര്‍ കണ്ടില്ല. തൊഴിലാളികളില്‍ ഏറെപ്പേര്‍ എസ്റ്റേറ്റ് ലയങ്ങളിലും ക്വാര്‍ട്ടേഴ്സുകളിലും താമസിക്കുന്നവരാണ്. ഇതും സര്‍ക്കാറിന്റെ പരിഗണനയില്‍ വന്നില്ല.
ആനുകൂല്യങ്ങളും ശമ്പളവും മുടങ്ങുന്നതിന്റെ പേരില്‍ പത്ത് വര്‍ഷത്തോളമായി സമരങ്ങള്‍ നടക്കുന്ന എസ്റ്റേറ്റ് കൂടിയാണ് എല്‍സ്റ്റണ്‍. എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഫാക്ടറി പൂട്ടി. അതുവരെ ചെയ്തുവന്നിരുന്ന തൊഴില്‍ നഷ്ടപ്പെട്ടു. തൊഴിലും കുടിശ്ശികയായ ആനുകൂല്യങ്ങളും ഇനിയാര് നല്‍കും എന്നതിന് വ്യക്തതയില്ല. പുനരധിവാസത്തിന്റേയും ടൗണ്‍ഷിപ്പ് നിര്‍മാണത്തിന്റേയും തിരക്കില്‍ അധികൃതരാരും ഇതുവരെ ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. വിരമിച്ചവരുള്‍പ്പെടെ ഇരുന്നൂറ്റി എഴുപത്തി ആറ് തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാനുണ്ട്. സര്‍വീസ് ബാക്കിയുള്ള തൊഴിലാളികളുണ്ട്. എസ്റ്റേറ്റില്‍നിന്നും കുടിയിറങ്ങേണ്ടി വരുന്നവരുണ്ട്. കുറഞ്ഞ വേതനത്തില്‍ ജീവിച്ചുപോകുന്ന തോട്ടം തൊഴിലാളികളെ എടുത്ത പണിയുടെ പൈസപോലും നല്‍കാതെ തെരുവിലേക്കിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. 44.33 കോടി രൂപ നല്‍കിയാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുത്തത്.
സമരവും പുനരധിവാസവും
2024 ജൂലൈ 30-നാണ് വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. 298 പേര്‍ക്ക് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. 44 പേര്‍ ഇപ്പോഴും കാണാതായവരുടെ പട്ടികയിലുണ്ട്. ജീവന്‍ തിരിച്ചുകിട്ടിയവര്‍ക്ക് ഒന്നും ബാക്കിയുണ്ടായിരുന്നില്ല. വീടും ഭൂമിയും കൃഷിസ്ഥലവും ജീവനോപാധിയും നഷ്ടപ്പെട്ടു. വാടകവീടുകളിലും ബന്ധുവീടുകളിലുമാണ് ഇപ്പോഴും ഇവരുടെ താമസം. സര്‍ക്കാര്‍ ആറായിരം രൂപയാണ് വീടിന് വാടകയിനത്തില്‍ നല്‍കുന്നത്. വാടക കൂട്ടാനുള്ള വീട്ടുടമസ്ഥരുടെ സമ്മര്‍ദവും കയ്യില്‍നിന്നുള്ള പൈസ കൂടി ചേര്‍ത്ത് വാടക കൊടുക്കേണ്ടിവന്നതും അതിജീവിച്ചാണ് ഇവര്‍ ഈ പത്ത് മാസം പിന്നിട്ടത്. സര്‍ക്കാര്‍ നല്‍കുന്ന വാടക മുടങ്ങിയതിന്റെ പേരിലുള്ള പ്രതിഷേധവും വയനാട്ടിലുണ്ട്. ഇവരുടെ പുനരധിവാസത്തിനായി ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റും പുല്‍പാറയിലെ എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റും ഏറ്റെടുത്ത് രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മിക്കുമെന്നായിരുന്നു തുടക്കത്തിലെ സര്‍ക്കാരിന്റെ വാഗ്ദാനം.
ഹാരിസണില്‍ പത്ത് സെന്റ് ഭൂമിയും വീടും എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് ഭൂമിയും വീടും എന്നതായിരുന്നു പദ്ധതി. ആയിരം സ്‌ക്വയര്‍ഫീറ്റാണ് വീട്. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കല്പറ്റ ടൗണിനോട് ചേര്‍ന്ന ഭൂമിയായതിനാലാണ് അഞ്ച് സെന്റായി കുറച്ചത്. എന്നാല്‍ ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും സമരവും ദുരന്തബാധിതരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തി. തുടര്‍ന്ന് ടൗണ്‍ഷിപ്പ് എല്‍സ്റ്റണില്‍ മാത്രമായി ചുരുക്കുകയും അഞ്ച് സെന്റ് എന്നത് ഏഴ് സെന്റായി മാറ്റുകയും ചെയ്തു. വീടിന് അര്‍ഹരായവരുടെ എണ്ണം കുറവായതിനാല്‍ ഒറ്റ ടൗണ്‍ഷിപ്പ് മതി എന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു. 402 ഗുണഭോക്താക്കളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പട്ടികയിലുള്ളത്. വീട് പൂര്‍ണമായും നഷ്ടപ്പെട്ടവരുള്‍പ്പെടുന്ന ഒന്നാംഘട്ട പട്ടിക, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലുള്ളവരുടെ രണ്ടാംഘട്ട പട്ടിക, ദുരന്തപ്രദേശത്തിന്റെ അന്‍പത് മീറ്റര്‍ ചുറ്റളവിലുള്ളവരെ ഉള്‍പ്പെടുത്തിയുള്ള രണ്ടാംഘട്ട ബി പട്ടിക എന്നിങ്ങനെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. എന്നാല്‍, ഇതില്‍ ആക്ഷേപമുന്നയിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് മുന്നില്‍ കൂടുതല്‍ അപേക്ഷകളുമായി ആളുകള്‍ എത്തിയിട്ടുണ്ട്. ഇതില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിയുള്ള അന്തിമപ്പട്ടിക ഇതുവരെ തയ്യാറായിട്ടില്ല. അന്തിമപ്പട്ടിക വരുമ്പോഴേക്കും വീട് ആവശ്യമുള്ളവരുടെ എണ്ണം ഉയരും.
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ സയന്റിസ്റ്റായിരുന്ന ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാസയോഗ്യമല്ലാത്ത സ്ഥലങ്ങളെ അടയാളപ്പെടുത്തിയത്. അര്‍ഹരായ മുഴുവന്‍ ആളുകളേയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും വാടകയും ദൈനംദിനം നല്‍കുന്ന 300 രൂപ ആനുകൂല്യം മുടങ്ങുന്നതുമായി ബന്ധപ്പെട്ടും പുനരധിവാസത്തിന്റെ മെല്ലെപ്പോക്കില്‍ പ്രതിഷേധിച്ചും വയനാട്ടില്‍ സമരങ്ങളും പ്രതിഷേധങ്ങളും നിരന്തരമായി നടക്കുന്നുണ്ട്.
ഇതിനിടയിലാണ് അധികൃതരൊന്നും ശ്രദ്ധിക്കാതെപോയ തോട്ടംതൊഴിലാളികളുടെ ജീവിതപ്രശ്നം. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ഘട്ടത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തൊഴിലാളി സംഘടനകളെ ഉള്‍പ്പെടുത്തി സംയുക്ത സമരസമിതി രൂപീകരിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്യുകയാണിവര്‍. തങ്ങളുടെ സമരവും പ്രതിഷേധവും ദുരന്തബാധിതരുടെ പുനരധിവാസത്തിന് തടസ്സമാകുന്ന രീതിയിലാകരുത് എന്ന കരുതല്‍ ഏറ്റെടുക്കേണ്ട ബാധ്യതകൂടി ഈ തോട്ടംതൊഴിലാളികളുടെ മുകളിലുണ്ട്.
മനുഷ്യരെ പരിഗണിക്കാത്ത ഏറ്റെടുക്കല്‍
എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റ് പുല്‍പാറ ഡിവിഷനിലെ 64.47 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസ ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തത്. 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമായിരുന്നു ഏറ്റെടുക്കല്‍. ഏറ്റെടുക്കലിനെതിരെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 26.56 കോടി രൂപ നഷ്ടപരിഹാരം കെട്ടിവെച്ച് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാം എന്നതായിരുന്നു കോടതിയുടെ ആദ്യ നിര്‍ദേശം. 17.77 കോടി രൂപ കൂടി അധികമായി കെട്ടിവെക്കാന്‍ കോടതി പിന്നീട് നിര്‍ദേശിച്ചു. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്നും 'ദ റൈറ്റ് ടു ഫെയര്‍ കോംപെന്‍സേഷന്‍ ആന്റ് ട്രാന്‍സ്പരന്‍സി ഇന്‍ ലാന്റ് എക്വിസിഷന്‍ റിഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് ആക്ട് 2013' പ്രകാരമുള്ള അര്‍ഹമായ നഷ്ടപരിഹാരം വേണമെന്നും കാണിച്ച് കൂടുതല്‍ നിയമനടപടികളിലേക്ക് എല്‍സ്റ്റണ്‍ ഉടമകള്‍ കടന്നിട്ടുണ്ട്. മാര്‍ച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ഏപ്രില്‍ 11-നാണ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. നിര്‍മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. മാതൃകാഭവനമാണ് ആദ്യം പൂര്‍ത്തീകരിക്കുക.
പത്ത് വര്‍ഷത്തോളമായി എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴില്‍സമരങ്ങള്‍ നടക്കുന്നുണ്ട്. 2014 മുതല്‍ ശമ്പളം പലപ്പോഴും മുടങ്ങും. തൊഴിലാളികള്‍ പണി നിര്‍ത്തിവെച്ച് സമരം ചെയ്യുമ്പോള്‍ കുറച്ച് തുക അനുവദിക്കും. വീണ്ടും ഇത് തുടരും. 2014 മുതലുള്ള പെന്‍ഷന്‍ തുക തൊഴിലാളികളില്‍നിന്ന് പിടിച്ചിട്ടുണ്ടെങ്കിലും കമ്പനി അടച്ചിട്ടില്ല. ഗ്രാറ്റ്വിറ്റി, ബോണസ്, വെതര്‍ അലവന്‍സ്, അരിയേര്‍സ് തുടങ്ങിയ ആനുകൂല്യങ്ങളൊന്നും തൊഴിലാളികള്‍ക്ക് ലഭിച്ചിട്ടില്ല. റിട്ടയര്‍മെന്റ് പ്രായമാവാത്ത 33 തൊഴിലാളികള്‍ നിലവില്‍ എസ്റ്റേറ്റിലുണ്ട്. വിരമിച്ചിട്ടും ജോലി ചെയ്യുന്നവരുള്‍പ്പെടെ അറുപത്തിയഞ്ച് പേര്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വിരമിച്ചതും താല്‍കാലിക തൊഴിലാളികളും ഉള്‍പ്പെടെ 276 പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ട്. ഏകദേശം 13 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് തൊഴിലാളികള്‍ക്ക് കിട്ടേണ്ടത്. ഇതില്‍ ആറുകോടിയോളം രൂപ പി.എഫ് ആനുകൂല്യമാണ്. കാസര്‍കോട് സ്വദേശിയായ കുഞ്ഞിമാഹിന്റെ ഉടമസ്ഥതയിലായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റ്. അദ്ദേഹത്തിന്റെ മകന്‍ കെ.എം. മൊയ്തീന്‍ കുഞ്ഞാണ് ഇപ്പോഴത്തെ മാനേജിങ് ഡയറക്ടര്‍.
തൊഴിലാളി സംഘടനകളും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുമടക്കം പലവട്ടം ചര്‍ച്ച നടത്തിയ കാര്യമായതിനാല്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ് എല്‍സ്റ്റണിലെ തൊഴില്‍പ്രശ്നങ്ങള്‍. ഈ പ്രശ്നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഏറ്റെടുക്കല്‍ തീരുമാനം വരുന്നത്. 2024 നവംബര്‍ വരെ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ ഫാക്ടറി പൂട്ടി. സ്ഥലം ഏറ്റെടുക്കുമ്പോള്‍ അതിലെ കെട്ടിടങ്ങളുടേയും മരങ്ങളുടേയും ചെടികളുടേയും തേയില തോട്ടങ്ങളുടേയുമെല്ലാം കണക്കുകള്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് തിട്ടപ്പെടുത്തിയിരുന്നു. എന്നാല്‍, അതിലെ മനുഷ്യരെക്കുറിച്ച് മാത്രം എവിടെയും പരാമര്‍ശിക്കപ്പെട്ടില്ല. ആ തൊഴിലാളികളുടെ തൊഴില്‍നഷ്ടത്തെക്കുറിച്ചോ താമസസ്ഥലത്തെക്കുറിച്ചോ അവരുടെ ആനുകൂല്യങ്ങളെക്കുറിച്ചോ ആരും ചര്‍ച്ച ചെയ്തില്ല. അത് ഒരു പരിഗണനാവിഷയമായി സര്‍ക്കാര്‍ കണ്ടതേയില്ല. തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍നിന്നും ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് അവര്‍ക്ക് നേട്ടീസ് നല്‍കിയിരിക്കുകയാണിപ്പോള്‍. വയനാട്ടിലെ ആദ്യകാല എസ്റ്റേറ്റുകളിലൊന്നാണ് എല്‍സ്റ്റണ്‍. തോട്ടംതൊഴിലാളികളില്‍ രണ്ടോ മൂന്നോ തലമുറകളായി എസ്റ്റേറ്റിനുള്ളില്‍ തന്നെ താമസിച്ച് തൊഴിലെടുക്കുന്നവരുണ്ട്. നാല്‍പതോളം കുടുംബങ്ങള്‍ നിലവില്‍ ഇവിടെ താമസിക്കുന്നുണ്ട്. ഇടിഞ്ഞുപൊളിഞ്ഞ നിലയിലുള്ള ലയങ്ങളാണ് എസ്റ്റേറ്റിനുള്ളിലുള്ളത്. താമസിക്കാന്‍ തീരെ പറ്റാത്ത വീടുകളിലെ ആളുകള്‍ രണ്ടോ മൂന്നോ സെന്റ് ഭൂമി വാങ്ങി ലൈഫ് മിഷനിലൂടെയും മറ്റും എസ്റ്റേറ്റിന് പുറത്ത് വീടെടുത്ത് താമസിക്കുന്നുമുണ്ട്.
487 രൂപയാണ് ഒരു ദിവസം തൊഴിലാളിക്ക് ലഭിക്കുന്ന കൂലി. പണിയെടുത്ത ദിവസത്തെ കൂലി മാത്രമാണ് മാസശമ്പളമായി കിട്ടുന്നത്. ഇതില്‍നിന്ന് പി.എഫ്. തുകയും പിടിക്കും. പതിനഞ്ചായിരം രൂപയില്‍ താഴെ മാത്രമേ ഒരു മാസം ശമ്പളമായി ലഭിക്കുകയുള്ളൂ. തൊഴിലാളികളില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. നഷ്ടപരിഹാരത്തുകയ്ക്ക് വേണ്ടിയല്ല ഇവരുടെ സമരം, വയനാട്ടിലെ കാലാവസ്ഥയില്‍ ദിവസം എട്ട് മണിക്കൂര്‍ ജോലിചെയ്തിന് ലഭിക്കാനുള്ള തുകയാണ് ഇവര്‍ ആവശ്യപ്പെടുന്നത്. സ്ഥിരം തൊഴിലാളികള്‍ക്കു പുറമെ താല്‍കാലിക തൊഴിലാളികളുമുണ്ട്. ദീര്‍ഘകാലം താല്‍കാലിക തൊഴിലാളിയായി തുടരുന്നവരെയാണ് കമ്പനി സ്ഥിരപ്പെടുത്തിയിരുന്നത്. സ്ഥിരനിയമനം കിട്ടാതെ ഇരുപത് വര്‍ഷത്തിലധികം താല്‍കാലികമായി തൊഴിലെടുത്തവരും ഇവിടെയുണ്ട്.
നഷ്ടമാവുന്ന തൊഴിലും ജീവിതവും
ഏറ്റെടുക്കലിലൂടെ ജോലി നഷ്ടപ്പെടുന്നവരില്‍ ഒരാളാണ് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ കൂടിയ പി. ജയകൃഷ്ണന്‍. പതിനെട്ട് വയസ്സില്‍ എസ്റ്റേറ്റില്‍ ജോലിക്കു കയറിയതാണ്. 20 വര്‍ഷം താല്‍കാലിക തൊഴിലാളിയായി ജോലിചെയ്ത ശേഷമാണ് ജയകൃഷ്ണന്‍ സ്ഥിരപ്പെടുന്നത്. ജയകൃഷ്ണന്റെ അച്ഛനും എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു. വര്‍ഷങ്ങളുടെ ബന്ധമുള്ള ആ സ്ഥലത്ത് ഇപ്പോള്‍ കയറാന്‍ പോലും അനുവാദമില്ല എന്ന് ജയകൃഷ്ണന്‍ പറയുന്നു. ''തോട്ടത്തില്‍നിന്ന് വരുന്ന ചപ്പ് പ്രോസസ് ചെയ്യുന്ന ജോലിയാണ് ഞാന്‍ ഫാക്ടറിയില്‍ ചെയ്തുകൊണ്ടിരുന്നത്. എട്ടു മണിക്കൂറാണ് ജോലിസമയം. തുച്ഛമായ വേതനത്തിന് ജോലി ചെയ്യേണ്ടിവരുന്നവരാണ് ഫാക്ടറിത്തൊഴിലാളികള്‍. അതുകൊണ്ട് ജീവിച്ചുപോകുന്നവരാണ്. ഇപ്പോള്‍ മുണ്ടക്കൈയിലെ ദുരന്തബാധിതരെക്കാള്‍ ദുരിതത്തിലായിരിക്കുകയാണ് ഞങ്ങള്‍. ഞാനടക്കം 33 സ്ഥിരം തൊഴിലാളികളുണ്ടിവിടെ. എല്ലാവരുടേയും ജോലി നഷ്ടമായി. കമ്പനി പറയുന്നത് അവര്‍ എസ്റ്റേറ്റ് വിറ്റിട്ടില്ല, സര്‍ക്കാര്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ്. അതുകൊണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ പറയുന്നത് കമ്പനിയോട് ആവശ്യപ്പെടാനും. തൊഴിലാളികളായ ഞങ്ങള്‍ ആരോടു പറയും. സര്‍വീസില്‍നിന്ന് പിരിഞ്ഞ 170 ഓളം തൊഴിലാളികളുണ്ട്. തൊഴിലാളികളില്‍നിന്ന് തുക പിടിച്ചിട്ടുണ്ടെങ്കിലും 2014 മുതല്‍ പി.എഫ്. അടച്ചിട്ടില്ല. തൊഴിലാളിവിഹിതവും കമ്പനിവിഹിതവും അടച്ചിട്ടില്ല. പി.എഫ്. അടക്കാത്തതുകൊണ്ട് പിരിഞ്ഞവര്‍ക്ക് പെന്‍ഷനും കിട്ടുന്നില്ല.
കുറേ വര്‍ഷങ്ങളായി രണ്ടോ മൂന്നോ മാസം ശമ്പളകുടിശ്ശികയാവുമ്പോള്‍ ഞങ്ങള്‍ സമരം നടത്തും. പണിമുടക്കും. അങ്ങനെ നേതാക്കന്മാരും ലേബര്‍ ഓഫീസര്‍മാരും ഒക്കെ വന്ന് ചര്‍ച്ച ചെയ്ത് ഒരു തീയതി പറയും. ആ ദിവസം ഒരു മാസത്തെ ശമ്പളം തരും. പിന്നെയും ഞങ്ങള്‍ പണിക്കിറങ്ങും. പിന്നെ വീണ്ടും കുടിശ്ശികയാവും. ഇത് തുടര്‍ച്ചയായി സംഭവിക്കുന്നതാണ്. അതിന്റെ ഇടയിലാണ് ഏറ്റെടുക്കല്‍. ഏറ്റെടുക്കുമ്പോള്‍ കിട്ടുന്ന തുകയില്‍നിന്ന് ഞങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, കമ്പനിയുമായി ചര്‍ച്ചയൊന്നുമുണ്ടാകാതെ കോടതി മുഖാന്തരം ഏറ്റെടുത്തപ്പോള്‍ കമ്പനിയും ഞങ്ങളെ കയ്യൊഴിഞ്ഞു. സര്‍ക്കാര്‍ കമ്പനിയുമായി ചര്‍ച്ച നടത്തി ഞങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തേണ്ടതായിരുന്നു. റേഷന്‍ വാങ്ങാന്‍ പോലും പൈസയില്ലാത്ത അവസ്ഥയിലാണ് എസ്റ്റേറ്റിനുള്ളില്‍ താമസിക്കുന്ന തൊഴിലാളികള്‍. മഴക്കാലമാണ് വരാന്‍ പോകുന്നത്. ഇങ്ങനെ പോവുകയാണെങ്കില്‍ ഇവിടെ പട്ടിണിമരണങ്ങള്‍ സംഭവിക്കും''- ജയകൃഷ്ണന്‍ ഓര്‍മപ്പെടുത്തുന്നു.
സമരങ്ങളിലേക്ക്
ഏറ്റെടുക്കാനുള്ള തീരുമാനത്തിന്റെ തുടക്കത്തില്‍ തങ്ങളുടെ ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് തൊഴിലാളികള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതെവിടെയും ചര്‍ച്ചപോലും ആവാത്തതിനെ തുടര്‍ന്നാണ് അവര്‍ സമരത്തിലേക്ക് നീങ്ങിയത്. എച്ച്.എം.എസ്, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങി തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരവും പ്രതിഷേധവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി തറക്കല്ലിടുന്നതിന്റെ രണ്ട് ദിവസം മുന്‍പ് മാര്‍ച്ച് 25-നാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആദ്യമായി ഇവരെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. തറക്കല്ലിടല്‍ ചടങ്ങില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതിരിക്കാന്‍ വേണ്ടിയായിരുന്നു അന്നത്തെ ആ ചര്‍ച്ച എന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. തുടര്‍ന്നിങ്ങോട്ട് മന്ത്രിയും കളക്ടറും സബ്കളക്ടറും ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുമടക്കം അഞ്ച് തവണ ചര്‍ച്ച നടന്നെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. വയനാടിന്റെ ചുമതലയുള്ള മന്ത്രി ഒ.ആര്‍. കേളുവുമായാണ് അവസാനം ചര്‍ച്ച നടന്നത്.
മന്ത്രിമാരുടേയും കളക്ടറുടേയും ഉദ്യോഗസ്ഥരുടേയും വാക്ക് വിശ്വസിച്ചാണ് കൂടുതല്‍ സമരങ്ങളിലേക്ക് ഇതുവരെ കടക്കാതിരുന്നതെന്നും തൊഴിലാളികള്‍ പട്ടിണിയിലാകുന്ന നിലവിലെ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് ആലോചനയെന്നും എച്ച്.എം.എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഒ. ദേവസ്യ പറയുന്നു.
''ഫാക്ടറിയടക്കമാണ് ഏറ്റെടുത്തത്. തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സും ലയങ്ങളും ഇതിലുള്‍പ്പെടും. ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുണ്ടക്കൈ പുനരധിവാസം ഒരിക്കലും തടസ്സപ്പെടരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് എത്രയും പെട്ടെന്ന് പൂര്‍ത്തിയാവേണ്ടതുമാണ്. പക്ഷേ, അവര്‍ക്ക് സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുമ്പോള്‍ ഇത്രയും വര്‍ഷം തൊഴിലെടുത്തവരെ ഒരു ആനുകൂല്യവും നല്‍കാതെ ഇറക്കിവിടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഇതൊരു വൈകാരിക വിഷയമായതിനാല്‍ നിര്‍മാണം തടസ്സപ്പെടുത്തുന്ന രീതിയിലേക്കൊന്നും ഇതുവരെ തൊഴിലാളി യൂണിയനുകള്‍ കടന്നിട്ടില്ല. പക്ഷേ, ഒരുതരത്തിലും ഇവരെ പരിഗണിക്കാതിരിക്കുമ്പോള്‍ കൂടുതല്‍ സമരങ്ങളിലേക്ക് കടക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. തൊഴിലാളികള്‍ പട്ടിണിയിലാണ്. അവര്‍ക്ക് ജോലിയില്ല, എടുത്ത ജോലിയുടെ പൈസ കിട്ടിയിട്ടില്ല, ആനുകൂല്യങ്ങള്‍ കിട്ടിയിട്ടില്ല, താമസസ്ഥലത്തുനിന്ന് അവര്‍ ഇറങ്ങിയും പോണം.
ഇടിഞ്ഞുപൊളിഞ്ഞ് താമസിക്കാന്‍ തന്നെ ബുദ്ധിമുട്ടുള്ള കെട്ടിടങ്ങളിലാണ് ഇവിടത്തെ തൊഴിലാളികള്‍ താമസിക്കുന്നത്. അവര്‍ക്കു മുന്നില്‍ മറ്റ് വഴികളില്ലാത്തതിനാല്‍ അവിടെ അവര്‍ ജീവിക്കുകയാണ്. ദയനീയമായ സ്ഥിതിയാണവിടെ. അവരെയാണ് വീണ്ടും ഈ ഏറ്റെടുക്കലിലൂടെ ദുരിതത്തിലാക്കിയിരിക്കുന്നത്.
സാധാരണ ഏറ്റെടുക്കല്‍ ഉണ്ടാകുമ്പോള്‍ എല്ലാ ബാധ്യതകളുമടക്കമാണ് ഏറ്റെടുക്കുന്നത്. ഇവിടെ സര്‍ക്കാരാണ് ഉടമ. അപ്പോള്‍ സര്‍ക്കാരാണ് അതു ചെയ്യേണ്ടത്. പക്ഷേ, ഇത്രയും നാളായിട്ടും സര്‍ക്കാര്‍ അതിലൊരു തീരുമാനമെടുത്തിട്ടില്ല. രണ്ട് മാസത്തിനുള്ളില്‍ അഞ്ചോ ആറോ തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അറിയിച്ച് പലവട്ടം സര്‍ക്കാരിലേക്ക് കത്തുകള്‍ നല്‍കിയിട്ടുമുണ്ട്. എത്രയോ വര്‍ഷമായി തൊഴില്‍ തര്‍ക്കമുള്ള ഭൂമിയാണ് ഏറ്റെടുത്തത്. ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന് നോക്കി തൊഴിലാളികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ് എല്ലാ യൂണിയനുകളും ഒറ്റക്കെട്ടായി സമരങ്ങളിലേക്ക് നീങ്ങിയത്. ഏറ്റവും നിവൃത്തിയില്ലാത്തവരാണ് തോട്ടംതൊഴിലാളികള്‍ എന്നത് മറക്കരുത്. ജോലിചെയ്ത പൈസ മാത്രമാണ് അവര്‍ ചോദിക്കുന്നത്. അത് ന്യായമായ ആവശ്യവുമാണ്''- എന്‍.ഒ. ദേവസ്യ പറയുന്നു.
ഭൂമി ഏറ്റെടുക്കുമ്പോള്‍ അവിടെ എത്ര തൊഴിലാളികളുണ്ട്, അവരുടെ സര്‍വീസ് കാലാവധി, ആനുകൂല്യങ്ങള്‍ ഇവയൊന്നും പരിഗണിക്കപ്പെട്ടില്ല എന്ന് വയനാട് എസ്റ്റേറ്റ്സ് ലേബര്‍ യൂണിയന്‍ (സി.ഐ.ടി.യു) സെക്രട്ടറി കെ.ടി. ബാലകൃഷ്ണന്‍ പറയുന്നു. ''സര്‍ക്കാര്‍ നോക്കിയത് തേയിലച്ചെടിയുടെ എണ്ണവും കാറ്റാടിയുടെ എണ്ണവും ക്വാര്‍ട്ടേഴ്സുകളുടെ എണ്ണവും മാത്രമാണ്. തൊഴിലാളികളുണ്ടോ എന്ന കണക്ക് സര്‍ക്കാര്‍ എടുത്തിട്ടില്ല. ഒരു സുപ്രഭാതത്തില്‍ ഭൂമി ഏറ്റെടുക്കുന്നു. പിറ്റേ ദിവസം മുതല്‍ ഇക്കാലമത്രയും പണിയെടുത്ത ഭൂമിയും മണ്ണും തോട്ടവും ഒക്കെ ഇവര്‍ക്ക് നഷ്ടപ്പെടുന്നു. മുണ്ടക്കൈ ദുരന്തത്തില്‍പെട്ടവരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനെ എല്ലാ തൊഴിലാളി യൂണിയനുകളും പിന്തുണയ്ക്കുന്നുമുണ്ട്. പക്ഷേ, അതെപ്പോലൊരു ദുരന്തം ഇവിടെയും ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ഇപ്പോള്‍ തെരുവിലാണ്. അവരുടെ ദുരിതം കാണാതെ പോവരുത്. അവര്‍ക്ക് ആര് ജോലി നല്‍കും, അവരുടെ കുടിശ്ശികയായ ആനുകൂല്യങ്ങള്‍ ആര് നല്‍കും എന്നതില്‍ ഒരു തീര്‍പ്പ് വേണ്ടേ. അതുണ്ടായിട്ടില്ല. ഒന്നുകില്‍ മാനേജ്മെന്റിനു നല്‍കുന്ന തുകയില്‍നിന്ന് തൊഴിലാളികള്‍ക്കുള്ള പണം കളക്ടറോ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റോ വഴി നല്‍കാനുള്ള സംവിധാനമുണ്ടാക്കണം. ഇല്ലെങ്കില്‍ മറ്റെന്തെങ്കിലും ഫണ്ടില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ തുക തൊഴിലാളികള്‍ക്കു നല്‍കണം''- കെ.ടി. ബാലകൃഷ്ണന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates