കുടിയിറക്ക് ഭീഷണി നേരിടുന്നവര്‍ സമരപ്പന്തലില്‍  SANESH SAKA
Reports

മുനമ്പം കടപ്പുറത്തെ ഭൂമി കൊച്ചി രാജാവ് അബ്ദുല്‍ സത്താര്‍സേട്ട് എന്ന ഗുജറാത്തി വ്യാപാരിക്ക് നല്‍കിയതെന്തിന്? ഭൂമി തര്‍ക്കത്തിന്റെ തീറാധാരങ്ങള്‍ പരിശോധിക്കുമ്പോള്‍

സതീശ് സൂര്യന്‍

മുനമ്പം വേളാങ്കണ്ണി കടപ്പുറത്തെ നാനൂറിലധികം ഏക്കര്‍ കൊച്ചി രാജാവ് അബ്ദുല്‍ സത്താര്‍സേട്ട് എന്ന ഗുജറാത്തി വ്യാപാരപ്രമുഖന് കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാട്ടത്തിനു കൊടുക്കുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. 1948-ല്‍ ഈ ഭൂമി തന്റെ പിന്‍ഗാമിക്ക് തീറാധാരം ചെയ്തു നല്‍കി. 1950-ല്‍, ഈ ഭൂമി തീറു കിട്ടിയ സിദ്ദിഖ് സേട്ട് എന്നയാള്‍ മുനമ്പം ബീച്ചിനോടു ചേര്‍ന്നുകിടക്കുന്ന നാനൂറേക്കര്‍ ഭൂമി ഇസ്‌ലാമിക ദര്‍ശനത്തിലൂന്നിയ വിദ്യാഭ്യാസം എന്ന ആവശ്യത്തെ മുന്‍നിര്‍ത്തി കോഴിക്കോട് ഫാറൂഖ് കോളേജിനു ദാനമായി കൈമാറുകയും ചെയ്തു. ഭൂപരിഷ്‌കരണമോ ഭൂമി സംബന്ധിച്ച സമഗ്രമായ നിയമങ്ങളോ ഒന്നുമില്ലാത്ത ഒരുകാലത്തായിരുന്നു ഈ സംഭവങ്ങളൊക്കെയും. എന്നാല്‍, ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് ഭൂമി നല്‍കണമെന്ന കാര്യത്തില്‍ നവ സ്വതന്ത്ര ഇന്ത്യയിലെ നേതാക്കളെല്ലാം ആത്മാര്‍ത്ഥതയോടെ സംസാരിച്ചു തുടങ്ങിയിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. അത്തരത്തില്‍ ചില നീക്കങ്ങള്‍ ആസന്നഭാവിയില്‍ സംഭവിക്കുമെന്ന ധാരണ വന്‍ഭൂവുടമകള്‍ക്കിടയില്‍ ആശങ്കയും ഉയര്‍ത്തിയിരുന്നു.

മുസ്‌ലിം സമുദായം അതിന്റെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥയില്‍നിന്നും കരകയറുന്നതു ലക്ഷ്യമിട്ട് 1948-ല്‍ കോഴിക്കോട്ട് തുടങ്ങിയ ഫാറൂഖ് കോളേജിന് മുനമ്പത്തെ ഭൂമി സിദ്ദിഖ് സേട്ട് വഖഫ് ചെയ്യുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍, വഖഫ് ചെയ്ത ഭൂമി സംബന്ധിച്ച വസ്തുതകള്‍ സമഗ്രമായി രേഖപ്പെടുത്തപ്പെടണമെന്ന നിഷ്‌കര്‍ഷ ഭരണകൂടത്തിനുണ്ടാകുന്നത് 1954 മുതലാണ്. കൃത്യമായി പറഞ്ഞാല്‍ 1954-ല്‍ ആവിഷ്‌കരിക്കപ്പെട്ട വഖഫ് ആക്ട് മുതല്‍. എവിടെയൊക്കെ വഖഫ് ചെയ്ത ഭൂമിയുണ്ടോ അതെല്ലാം രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും അന്യാധീനപ്പെടുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കണമെന്നും ആ ആക്ടില്‍ പറയുന്നു. അന്നൊന്നും ഈ ഭൂമി വഖഫ് എന്നു രേഖകളില്‍ വന്നിട്ടില്ല. വഖഫ് സ്വത്തുക്കളുടെ കയ്യേറ്റത്തെക്കുറിച്ചു പഠിക്കാന്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റ് നിയോഗിച്ച നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് 2010-ല്‍ അംഗീകരിക്കപ്പെടുന്നതുവരെ.

ഇഷ്ടദാനമായി കിട്ടിയ ഭൂമിയെന്ന് ഫാറൂഖ് കോളേജ് നടത്തിപ്പുകാര്‍ വാദിക്കുന്ന ഈ ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫാറൂഖ് കോളേജ് ഉപയോഗിച്ചതേയില്ല. 1989 മുതല്‍ പലര്‍ക്കായി വില വാങ്ങി കൈമാറി. മുനമ്പത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ഭൂമി വിലകൊടുത്തു വാങ്ങി. നാലോ അഞ്ചോ തലമുറകളായി പ്രദേശത്തു താമസിക്കുന്നവരാണ് തങ്ങളെന്നും ഭൂമി ആരും കയ്യേറിയതല്ലെന്നും ഇപ്പോള്‍ ഭൂമിയുടെ മുകളിലുള്ള അവകാശത്തിനുവേണ്ടി സമരം ചെയ്യുന്നവര്‍ പറയുന്നു. കാലം കുറേ മറവിയില്‍ മറഞ്ഞു എന്നപോലെ കൈമാറിയ 400 ഏക്കറില്‍ കുറേ കടലെടുത്തും പോയി. ഭൂമി 114 ഏക്കറായി ചുരുങ്ങി. ഈ ഭൂമിയുടെ മുകളില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് അവകാശം ഉന്നയിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്.

ആധാരത്തില്‍ ഭൂമി വഖഫായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ബോര്‍ഡ് വാദിക്കുന്നത്. എന്നാല്‍, വഖഫ് ബോര്‍ഡിന്റെ അവകാശവാദങ്ങളെ നിയമപരമായി ജനകീയ സമിതി ഖണ്ഡിക്കുന്നു. ഫാറൂഖ് കോളേജ് കൈമാറുമ്പോള്‍ മുന്നോട്ടുവെച്ച ഉപാധികളനുസരിച്ച് ഭൂമി വിനിയോഗിച്ചില്ലെങ്കില്‍ തനിക്കും തന്റെ അനന്തരാവകാശികള്‍ക്കും ഭൂമി തിരിച്ചെടുക്കുന്നതിന് അവകാശവും അധികാരവുമുള്ളതായി ആധാരത്തിലുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് വ്യവസ്ഥകള്‍ക്കനുസരിച്ച് കൈമാറിയതായി രേഖപ്പെടുത്തപ്പെട്ട ആധാരമാണിത്. വഖഫ് സ്വത്താണെങ്കില്‍ അതിനു വ്യവസ്ഥകളൊന്നുമില്ല. എല്ലാക്കാലത്തേക്കുമായി സമര്‍പ്പിക്കപ്പെട്ടതായിരിക്കും. 610 കുടുംബങ്ങളാണ് ഭൂമിയില്‍ താമസിക്കുന്നത്. സാമ്പത്തിക ആവശ്യങ്ങളെ മുന്‍നിര്‍ത്തി ഭൂമി പണയപ്പെടുത്താനോ വില്‍ക്കാനോ ഒന്നും സാദ്ധ്യമല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് ഈ ഭൂമിയില്‍ താമസിക്കുന്നവര്‍ പറയുന്നു.

2007ല്‍ അച്യുതാനന്ദന്‍ ഗവണ്‍മെന്റ് നിയോഗിച്ച ജസ്റ്റിസ് നിസാര്‍ കമ്മിഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ 600-ലധികം കുടുംബങ്ങള്‍ താമസിച്ചുവരുന്ന ഭൂമി വഖഫ് ചെയ്തതാണെന്നു പറഞ്ഞിട്ടില്ല. ഇല്ലാത്ത ഒരു സംഗതി ഉണ്ടെന്നു സ്ഥാപിച്ചാണ് വഖഫ് ബോര്‍ഡ് ഈ ഭൂമിയുടെ മേല്‍ അവകാശവാദം ഉന്നയിക്കുന്നത്. 1950-ല്‍ ഫാറൂഖ് കോളേജിനു നല്‍കിയ ആധാരം ഇഷ്ടദാനമായിട്ടാണ് ഇടപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത്രയും കാലം അത് 'ഗിഫ്റ്റ് ഡീഡ്' ആയിട്ടുതന്നെയാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 1975-ല്‍ ഇതു സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിട്ടുള്ളത് ഇത് ഇഷ്ടദാനമായി ഫാറൂഖ് കോളേജിനു ലഭിച്ചതാണ് എന്നുതന്നെയാണ്. അതാരും ചോദ്യം ചെയ്തിട്ടുമില്ല. യാഥാര്‍ത്ഥ്യബോധമില്ലാതെയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സംസാരിക്കുന്നത്. കാട് ആദിവാസികളുടേതാണെങ്കില്‍ കടലോരം കടലിന്റെ മക്കള്‍ക്കുള്ളതാണ്. സിദ്ദിഖ് സേട്ട് ഇഷ്ടദാനം നല്‍കുന്ന കാലത്തുതന്നെ ഇവിടെ ആളുകള്‍ ജീവിച്ചിരുന്നു. ചളിക്കുഴിയും ചതുപ്പുമായി കിടന്ന ഈ ഭൂമി വാസയോഗ്യമാക്കിയെടുത്തത് തലമുറകളായി ഇവിടെ ജീവിച്ചുപോരുന്ന മനുഷ്യരാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് കൊച്ചിയിലെ ഭരണാധികാരികളില്‍നിന്നും ലഭിച്ചതാണ് ഈ ഭൂമിയെങ്കിലും ഇവിടെ കുടിയാന്മാരുണ്ടെന്നു മനസ്സിലാക്കിയതുകൊണ്ടാണ് സേട്ട് ഫാറൂഖ് കോളേജിനു കൈമാറിയിട്ടുണ്ടാകുക. അവരെ ഒഴിപ്പിക്കാന്‍ മാര്‍ഗ്ഗമൊന്നുമില്ലല്ലോ. എന്നാല്‍, പതിറ്റാണ്ടുകളോളം കുടിയാന്മാരും ഫാറൂഖ് കോളേജും തമ്മില്‍ കേസുകള്‍ നടന്നു. അപ്പോഴൊക്കെയും 'ഗിഫ്റ്റ് ഡീഡ്' ആണെന്ന വാദമായിരുന്നു കോളേജ് ഉയര്‍ത്തിയിരുന്നത്. ഒടുവില്‍ കുടിയാന്മാര്‍ക്ക് തന്നെ പൈസ വാങ്ങിയിട്ടാണെങ്കിലും ഭൂമി കൈമാറാന്‍ അവര്‍ തയ്യാറായി. ഞങ്ങള്‍ തലമുറകളായി ജീവിച്ചുപോന്ന ഭൂമി കാശുകൊടുത്തു മേടിക്കേണ്ട അവസ്ഥ ഉണ്ടായി. ഇപ്പോള്‍ അതും നഷ്ടപ്പെടുന്ന അവസ്ഥയെയാണ് ഞങ്ങള്‍ നേരിടുന്നത്- സെബാസ്റ്റ്യന്‍ പാലയ്ക്കല്‍
സമരത്തില്‍ പങ്കെടുത്ത് സുരേഷ് ഗോപി സംസാരിക്കുന്നു

നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്

മുനമ്പത്ത് ഭൂമി സംബന്ധിച്ച അവകാശത്തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നത് 2008-ല്‍ സര്‍ക്കാര്‍ നിയോഗിച്ച എം.എ. നിസാര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ടായ കണ്ടെത്തലിനെ തുടര്‍ന്നാണ്. 2007-ല്‍, വഖഫ് സ്വത്തുകളുടെ കയ്യേറ്റത്തെക്കുറിച്ച് പഠിക്കാനാണ് ജസ്റ്റിസ് എം.എ. നിസാര്‍ കമ്മിഷന്‍ നിയോഗിക്കപ്പെടുന്നത്. 23 സ്ഥലങ്ങളിലായി 600 ഏക്കര്‍ വഖഫ് സ്വത്തുകള്‍ അന്യാധീനപ്പെട്ടു എന്നതായിരുന്നു കമ്മിഷന്‍ കണ്ടെത്തിയത്. അതില്‍ ഏറ്റവും കൂടുതല്‍ കയ്യേറ്റം നടന്നതായി കണ്ടെത്തിയത് മുനമ്പത്താണ്. 407 ഏക്കറില്‍ 188 ഏക്കര്‍ വിറ്റുപോയെന്നും നിസാര്‍ കമ്മിഷന്‍ കണ്ടെത്തി. 22 ഏക്കര്‍ കടലെടുത്തു. 196 ഏക്കര്‍ ബാക്കിയുണ്ട്. 2009 ലാണ് നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിനു കൈമാറിയ മുനമ്പത്തെ ഭൂമി വഖഫ് ബോര്‍ഡിന്റേതാണോ എന്ന ചോദ്യം കമ്മിറ്റിയുടെ മുന്‍പാകെ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ അതു സംബന്ധിച്ച് കമ്മിറ്റി അന്വേഷിക്കുകയും മുനമ്പത്തെ ഈ ഭൂമി വഖഫ് ഭൂമിയാണെന്ന വാദം അംഗീകരിക്കുകയും ചെയ്തു. ഭൂമി തിരിച്ചെടുക്കാന്‍ വഖഫ് ബോര്‍ഡിന് അധികാരമുണ്ടെന്നും നിസാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. വഖഫ് ഭൂമി അല്ലെന്നു കാണിച്ചാണ് ഫാറൂഖ് കോളേജ് ഈ ഭൂമി വില്‍പ്പന നടത്തിയത്. റൂള്‍ 95 അനുസരിച്ച് വഖഫ് ഭൂമി ആണെന്നും വഖഫ് ഭൂമി കൈമാറ്റം ചെയ്‌തെന്ന് ബോര്‍ഡിനു ബോധ്യപ്പെട്ടാല്‍ തിരിച്ചെടുക്കാന്‍ അതിന് അധികാരമുണ്ടെന്നുമായിരുന്നു കമ്മിറ്റി ചൂണ്ടിക്കാട്ടിയത്. അന്യാധീനപ്പെടുന്ന വഖഫ് ഭൂമി തിരിച്ചുപിടിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നല്ലോ നിസാര്‍ കമ്മിഷനെ നിയോഗിച്ചിരുന്നത്. എന്നാല്‍, മുനമ്പത്തെ ഭൂമി സംബന്ധിച്ച് അന്വേഷണം നടത്തിയ സന്ദര്‍ഭത്തില്‍ രേഖകള്‍ പരിശോധിക്കാതേയും ബന്ധപ്പെട്ടവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കാതേയും ഭൂമി സംബന്ധിച്ച വഖഫ് ബോര്‍ഡിന്റെ ഏകപക്ഷീയമായ അവകാശവാദം അംഗീകരിക്കുകയായിരുന്നു കമ്മിഷനെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. അങ്ങനെ മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന നിഗമനത്തില്‍ കമ്മിറ്റി എത്തിയതാണ് ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥാവിശേഷത്തിനു വഴിവെച്ചത്. നിസാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫാറൂഖ് കോളേജിനു സമ്മാനമായി ലഭിച്ച ഭൂമി 2019-ല്‍ വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡിന്റെ ആസ്തിപ്പട്ടികയില്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു. നിലവിലെ ഗുരുതരമായ സാഹചര്യങ്ങള്‍ പരിഗണിച്ച് എം.എ. നിസാര്‍ കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഒരു പുതിയ കമ്മിറ്റിയെ നിയോഗിക്കാനും എല്ലാ കാലത്തും ഫാറൂഖ് കോളേജ് അധികൃതര്‍ എടുത്ത പ്രസ്തുത സ്ഥലം വഖഫ് ഭൂമി അല്ലെന്ന കാര്യം ശരിയാണ് എന്ന സത്യാവസ്ഥ സമയബന്ധിതമായി പുറത്തുകൊണ്ടുവരാനും ഗവണ്മെന്റ് തയ്യാറാകണമെന്ന് ലത്തീന്‍ കത്തോലിക്കാ സഭയും മറ്റു ചില സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.

ഈ ഭൂമി ഫാറൂഖ് കോളേജിന്റെ കൈവശമിരിക്കെ ഇതു സംബന്ധിച്ച് ഈ ഭൂമിയില്‍ താമസിച്ചിരുന്നവരും കോളേജും തമ്മില്‍ നിയമപോരാട്ടങ്ങള്‍ നടന്നിരുന്നു. ആ സന്ദര്‍ഭത്തില്‍ ഇത് ഇഷ്ടദാനം ആണെന്ന വാദമായിരുന്നു കോളേജ് ഉയര്‍ത്തിയിരുന്നത്. 88 ഡിസംബറില്‍ കോളേജ് നടത്തിപ്പുകാരെടുത്ത തീരുമാനപ്രകാരം ഭൂമിയിലെ താമസക്കാര്‍ക്ക് പണം വാങ്ങി കൈമാറാന്‍ തീരുമാനിക്കുകയും ചെയ്തു. ഇത് വഖഫ് ഭൂമിയല്ലെന്ന പരിപൂര്‍ണ്ണ ബോദ്ധ്യത്തിലാണ് ഫാറൂഖ് കോളേജ് ഭൂമി വില്‍പ്പന നടത്തുന്നതും അത് താമസക്കാര്‍ വാങ്ങുന്നതും. 2022 വരെ ഈ ഭൂമിയില്‍ താമസിക്കുന്നവര്‍ കരമടച്ചുപോരികയും ചെയ്തിരുന്നു. നിസാര്‍ കമ്മിറ്റി നിയോഗിക്കപ്പെട്ടതിനു ശേഷം കമ്മിറ്റിയുടെ ടേംസ് ഒഫ് റെഫറന്‍സില്‍ ഇത് ഉള്‍പ്പെടുത്തപ്പെട്ടപ്പോഴും ഫാറൂഖ് കോളേജ് വഖഫ് അല്ലാത്ത ഭൂമിയുടെ പ്രശ്‌നം കമ്മിറ്റിയുടെ പരിഗണനയില്‍ വരേണ്ട വിഷയമല്ലെന്ന വാദം ഉയര്‍ത്തി കോടതിയെ സമീപിച്ചിരുന്നു.

2016-ല്‍ വഖഫ് സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കോടതി ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. നിസാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ഒരു നടപടിയും വര്‍ഷങ്ങളായി എടുത്തില്ലായെന്ന ആക്ഷേപം കോടതിയില്‍ വന്നതിനെ തുടര്‍ന്ന് വഖഫ് ബോര്‍ഡ് 2019-ല്‍ ഇത് വഖഫ് രജിസ്റ്ററില്‍ ചേര്‍ക്കുകയും ഭൂമി ഏറ്റെടുക്കാന്‍ റവന്യുവകുപ്പിനെ സമീപിക്കുകയും ചെയ്തു. മനുഷ്യാവകാശ പ്രശ്നമെന്ന നിലയില്‍ മുനമ്പത്തുകാര്‍ക്ക് കരം അടക്കാനുള്ള അനുമതി റവന്യൂവകുപ്പ് നല്‍കിയെങ്കിലും വഖഫ് സംരക്ഷണ സമിതിക്കാരുടെ ഹര്‍ജിയില്‍ ആ തീരുമാനവും കോടതി സ്റ്റേ ചെയ്തു. അതോടെ ഭൂമിയുടെ ക്രയവിക്രയം മാത്രമല്ല, പണയപ്പെടുത്തി വായ്പ എടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായി ഭൂവുടമകള്‍.

ഭൂവുടമകളുടെ പ്രതിഷേധം
മുനമ്പത്തുനിന്നും ആരേയും പെട്ടെന്ന് കുടിയൊഴിപ്പിക്കുകയില്ല. കോടതിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്. നിയമാനുസൃതമാണ് വഖഫ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മുനമ്പത്ത് 12 വീട്ടുകാര്‍ക്കാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. അവര്‍ക്ക് അവരുടെ വാദം ഉന്നയിക്കുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്യാം. 1950-ലെ ആധാരത്തിലുള്ള 400 ഏക്കറില്‍പ്പരം ഭൂമിയാണ് ഇപ്പോള്‍ തര്‍ക്കത്തിലുള്ളത്. ഇല്ലാത്ത അവകാശം സ്ഥാപിക്കാനൊന്നും വഖഫ് ബോര്‍ഡ് ശ്രമിക്കുന്നില്ല. വസ്തു ഫാറൂഖ് കോളേജിന്റെ പേരില്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കുവേണ്ടി മതം അനുശാസിക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി അതിന്റെ വരുമാനം ഉപയോഗിക്കുന്ന രൂപത്തിലാണ് വഖഫ് ചെയ്തിട്ടുള്ളത്. ഇതു സംബന്ധിച്ച് 1962-ല്‍ പറവൂര്‍ സബ് കോടതി മുതലുള്ള കേസുകളുണ്ട്. നേരത്തേ ആറോ ഏഴോ കുടിയാന്മാര്‍ അവിടെ താമസിച്ചിരുന്നു. നിസാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഈ വസ്തുക്കളുടെ കാര്യത്തിലുള്ള രജിസ്‌ട്രേഷന്‍ നടന്നാല്‍ മാത്രമേ വഖഫ് ബോര്‍ഡിന് അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാകൂ. രജിസ്റ്റര്‍ ചെയ്യാതെ മാറിനില്‍ക്കുന്നത് വഖഫ് ബോര്‍ഡിന്റെ സ്വത്തുസംരക്ഷണത്തോടു ചെയ്യുന്ന അനീതിയാണ്. വഖഫിനു മുന്‍പാകെ രജിസ്റ്റര്‍ ചെയ്തശേഷം 1950-നുശേഷം ആരെങ്കിലും അതിനകത്തുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടീസ് അയയ്ക്കണം. 12-ഓളം പേര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് അയച്ചിട്ടുള്ളത്. അവരുടെ വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കോടതികളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. നിയമപ്രകാരം സ്ഥാപിതമായതാണ് വഖഫ് ബോര്‍ഡ്. നിലവിലെ ചര്‍ച്ചകളുയര്‍ത്തുന്ന സമ്മര്‍ദത്തിന്റെ ഫലമായി പെട്ടെന്ന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ല. ആരേയും കുടിയൊഴിപ്പിക്കാനോ ഇല്ലാത്ത അവകാശം സ്ഥാപിക്കാനോ അല്ല ശ്രമിക്കുന്നത്. വഖഫ് സ്വത്താണെങ്കില്‍ ഉള്ള അവകാശം നോട്ട് ചെയ്യും. ഇല്ലാത്തതെങ്കില്‍ അത് അവകാശപ്പെട്ടവര്‍ക്കു കൊടുക്കും. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ വേണ്ടിയല്ല വഖഫ് ബോര്‍ഡ് നിലപാടെടുക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് 16-ന് ഉന്നതതലയോഗം ചേരുന്നുണ്ട്. യോഗത്തില്‍ വഖഫ് ബോര്‍ഡ് ഇതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കും. ആധാരം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരമാണ് നോട്ടീസ് അയയ്ക്കുന്നത്. ഒട്ടേറെ പേരുടെ ഭൂമി വഖഫ് അല്ലെന്നു കണ്ടെത്തി വിടുതല്‍ നല്‍കിയിട്ടുണ്ട്- എം.കെ. സക്കീര്‍ (വഖഫ് ബോര്‍ഡ് ചെയര്‍മാന്‍)
മുനമ്പത്തെ പ്രതിഷേധം

ഭയക്കേണ്ടത് വര്‍ഗ്ഗീയ വിഭജനത്തെ

മിക്കവാറും എല്ലാ മുസ്‌ലിം രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും മുനമ്പത്തുനിന്ന് ഒരാളേയും കുടിയൊഴിപ്പിക്കാതെ പ്രശ്നം പരിഹരിക്കണമെന്ന കാഴ്ചപ്പാടാണ് പുലര്‍ത്തുന്നത്. ഒരാളേയും കുടിയിറക്കുകയില്ലെന്ന് മന്ത്രി പി. രാജീവും വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയുമെല്ലാം പ്രശ്‌നത്തിനു രമ്യമായി പരിഹാരമുണ്ടാക്കാനുള്ള ഇടപെടലുകള്‍ നടത്താന്‍ തയ്യാറായിട്ടുണ്ട്. പ്രതിപക്ഷം പൊതുവേ സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മതപരമോ രാഷ്ട്രീയമോ ആയ ഒരു പ്രശ്‌നമല്ല ഇതെന്നും നിയമപരമായ ചില അപാകതകള്‍ സൃഷ്ടിച്ച പ്രശ്‌നമാണ് ഇതെന്നുമാണ് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ പറഞ്ഞത്. സമൂഹത്തിന്റെ താഴെത്തട്ടില്‍ കഴിയുന്ന കുറേയേറെ മനുഷ്യരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായിട്ടാണ് പൊതുവേ കേരളീയ സമൂഹം മുനമ്പം ഭൂമി പ്രശ്‌നത്തെ കണക്കാക്കുന്നത്. എന്നാല്‍, വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ഇത് ഇടയാകരുത് എന്ന ജാഗ്രത പുലര്‍ത്തേണ്ടത് ഭരണാധികാരികളുടെ കടമയാണ്. പ്രശ്‌നത്തെ മുന്‍നിര്‍ത്തി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാനുള്ള ഗവണ്‍മെന്റ് നീക്കം ശാശ്വതമായ പ്രശ്‌നപരിഹാരത്തിനു ഉതകുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

'ദോശ' കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഈ 3 വഴികൾ പരീക്ഷിക്കൂ!

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

SCROLL FOR NEXT