സംസ്ഥാന പുരാരേഖാ ഡയറക്ടറേറ്റില്‍ വീണ്ടും സാമ്പത്തിക ക്രമക്കേടിന്റെ പൂരം. കേരള പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ (എ.ജി) ഓഫീസില്‍നിന്നുള്ള സീനിയര്‍ ഓഡിറ്ററുടെ സമഗ്ര പരിശോധനയിലാണ് കണ്ടെത്തല്‍. 2019-2023 കാലയളവിലെ പരിശോധനയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസം എ.ജിക്കു സമര്‍പ്പിച്ചു. 2017 മുതല്‍ വഴിവിട്ടും വകമാറ്റിയും വിവിധ പദ്ധതികളുടെ നോഡല്‍ ഏജന്‍സിയായ 'കേരള മ്യൂസിയം' എന്ന സ്ഥാപനത്തിനു നിര്‍മ്മാണ, നവീകരണ കരാറുകള്‍ നല്‍കിയും തുക മുന്‍കൂറായി നല്‍കിയും പ്രവര്‍ത്തന പുരോഗതി വിലയിരുത്താതെയും വന്‍തുകയുടെ ക്രമക്കേട് വരുത്തി എന്നാണ് കണ്ടെത്തല്‍. അന്തര്‍ദ്ദേശീയ പുരാരേഖാ, പൈതൃക കേന്ദ്രം, പാം ലീഫ് മ്യൂസിയം, അപൂര്‍വ്വ പുസ്തകങ്ങളുടെ സംരക്ഷണം, ചരിത്രരേഖകളുടെ ഡിജിറ്റല്‍വല്‍കരണം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും സാമ്പത്തിക അരാജകത്വം. സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ലംഘിച്ചു; കേരള ഫിനാന്‍ഷ്യല്‍ കോഡിന് ഒരു വിലയും കല്പിച്ചില്ല. മുന്‍കൂറായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുക നല്‍കുന്നത് ആവശ്യത്തിനനുസരിച്ചു മാത്രമായിരിക്കുകയും സമയബന്ധിതമായി ബാക്കി തുക തിരിച്ചുപിടിക്കുകയും വേണം എന്നാണ് സി.വി.സി നിര്‍ദ്ദേശം. പരിശോധനാ റിപ്പോര്‍ട്ടു കിട്ടി നാലാഴ്ചയ്ക്കുള്ളില്‍ പ്രതികരണം അറിയിക്കണം എന്നാണ് പുരാരേഖാ ഡയറക്ടറോട് എ.ജിക്കു വേണ്ടി സീനിയര്‍ ഓഡിറ്റര്‍ ആവശ്യപ്പെട്ടത്. ആ കാലാവധി ജൂലൈ മൂന്നാം വാരം കഴിഞ്ഞു. പക്ഷേ, വിശദീകരണം കൊടുത്തിട്ടില്ല. മുന്‍ വര്‍ഷങ്ങളിലെ പരിശോധന റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ക്ക് ഡയറക്ടറേറ്റില്‍നിന്ന് പ്രതികരണം ഉണ്ടാകാത്തതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 2014-2015, 2015-2016, 2016-2017, 2017-2019 വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകളിലെ ചില കണ്ടെത്തലുകള്‍ക്ക് വിശദീകരണം ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല.
കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസിലാണ് അന്തര്‍ദ്ദേശീയ പുരാരേഖാ, പൈതൃക കേന്ദ്രം സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നതിനു വകുപ്പു ഡയറക്ടറെ സഹായിക്കാന്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ ആര്‍ക്കിവിസ്റ്റായി ജോലി ചെയ്തിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനെ 2020 ജൂണില്‍തന്നെ സ്പെഷ്യല്‍ ഓഫീസറാക്കിയിരുന്നു. എന്നിട്ടും പണം പാഴാക്കുകയും സമയം നഷ്ടപ്പെടുത്തുകയും ചെയ്തതല്ലാതെ മറ്റൊന്നും ഉണ്ടായില്ല. അന്താരാഷ്ട്ര നിലവാരത്തില്‍ ഗവേഷകര്‍ക്കു പ്രയോജനകരമാകുന്ന വിധത്തില്‍ ആധുനിക പുരാരേഖാ കെട്ടിടം കാര്യവട്ടത്തു നിര്‍മ്മിക്കാന്‍ ഡോ. ടി.എം. തോമസ് ധനമന്ത്രി ആയിരിക്കെ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്താണ് ശ്രമം തുടങ്ങിയത്. ഗവേഷകന്‍ കൂടിയായ ഐസക്ക് ഈ പദ്ധതിയില്‍ പ്രത്യേക താല്പര്യം കാണിക്കുകയും ചെയ്തു. തലസ്ഥാന നഗരത്തിലെ പുരാരേഖാ ആസ്ഥാനത്തും സെന്‍ട്രല്‍ ആര്‍ക്കൈവ്സിലും സുരക്ഷിതമല്ലാതെ വച്ചിരിക്കുന്ന ചുരുളുകള്‍ ഉള്‍പ്പെടെയുള്ള വിലപ്പെട്ട ചരിത്രരേഖകള്‍ അങ്ങോട്ടു മാറ്റാനും തീരുമാനിച്ചു. ആ പദ്ധതിക്കു തുരങ്കംവയ്ക്കാന്‍ അന്നത്തെ പുരാരേഖാ ഡയറക്ടര്‍ കുറേ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സെന്‍ട്രല്‍ ആര്‍ക്കൈവ്സ് നവീകരണം എന്ന പേരില്‍ ഗുണമേന്മ കുറഞ്ഞ ചില ക്രമീകരണങ്ങള്‍ വരുത്താനാണ് ശ്രമിച്ചത്. എന്നാല്‍, മന്ത്രി ഇടപെട്ട് അതിനു പകരം മെച്ചപ്പെട്ട നിര്‍മ്മാണത്തിനു തന്നെ തീരുമാനമുണ്ടാക്കി. 2021 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. കെട്ടിടം പണിയുന്നതിന് 1.20 കോടി രൂപയാണ് അന്ന് കേരള മ്യൂസിയത്തിനു അഡ്വാന്‍സായി നല്‍കിയത്. പക്ഷേ, ഭൂമി പാട്ടത്തിനെടുത്തുകൊണ്ടുള്ള കരാര്‍ ഒപ്പിട്ടത് 2021 നവംബറില്‍ മാത്രം. 33 വര്‍ഷത്തേക്കായിരുന്നു കരാര്‍. ഫലത്തില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി വാങ്ങുന്നതിനു മുന്‍പേ തന്നെ ഒന്നേകാല്‍ കോടിയോളം രൂപ നോഡല്‍ ഏജന്‍സിയുടെ കയ്യിലെത്തി. ഈ പത്തുമാസം പലിശ ഇനത്തില്‍ത്തന്നെ അവര്‍ക്കു പത്തു ലക്ഷം രൂപ (10.81 ലക്ഷം) കിട്ടി. ജോലി തുടങ്ങാന്‍ ഉത്തരവ് കൊടുത്തത് 2022 ഡിസംബറിലാണ്. കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനു പ്രയോജനപ്പെടേണ്ട ഒന്നേകാല്‍ കോടി രൂപ കരാര്‍ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ കിടന്നത് എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിട്ടുണ്ട്.
കോസ്റ്റ്ഫോര്‍ഡ് എന്ന സ്വകാര്യ ഏജന്‍സിക്ക് ഉപകരാര്‍ കൊടുക്കാന്‍ പുരാരേഖാ ഡയറക്ടറേറ്റും കേരള മ്യൂസിയവും തമ്മില്‍ 2017 മാര്‍ച്ച് 22-ന് ധാരണാപത്രം ഒപ്പുവച്ചിരുന്നു. മാര്‍ച്ച് 29-ന് കേരള മ്യൂസിയത്തിനു മുന്‍കൂറായി 70.63 ലക്ഷം രൂപ, അതായത് ആകെ ചെലവിന്റെ 20 ശതമാനം അനുവദിക്കുകയും ചെയ്തു. 2018 ഒക്ടോബര്‍ 22-ന് പ്രവൃത്തി തുടങ്ങി. 2022 മാര്‍ച്ച് 20-ന് രണ്ടാം ഗഡുവായി 1.05 കോടിയും നല്‍കി. എന്നാല്‍, ആറു വര്‍ഷമായിട്ടും നിര്‍മ്മാണത്തിന്റെ 40 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കിയത്. കേരള മ്യൂസിയം തന്നെ പുരാരേഖാ ഡയറക്ടറേറ്റിനു നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുകയും ചെയ്യുന്നു. നിലവിലുള്ള കെട്ടിടത്തെ 'ഘടനാപരമായി ശക്തിപ്പെടുത്തുന്ന' പ്രവൃത്തിപോലും പൂര്‍ത്തിയായില്ല; ധാരണാപത്രത്തില്‍ കൂട്ടിച്ചേര്‍ത്ത കാലാവധിയൊന്നും പാലിച്ചുമില്ല.
തയ്യാറെടുപ്പില്ല വ്യവസ്ഥകളും
സര്‍ക്കാരില്‍നിന്നു കിട്ടിയ 1.76 കോടിയില്‍ 1.33 കോടി വിനിയോഗിച്ചതായി 2023 മെയ് അഞ്ചിന് കേരള മ്യൂസിയം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവഴിക്കാത്ത 43.44 ലക്ഷം അതുപ്രകാരം ബാക്കിയുണ്ട്. 2020 മാര്‍ച്ചില്‍ ഈ തുക നല്‍കിയതു മുതല്‍ 4 ശതമാനം പലിശ കണക്കാക്കിയാല്‍ 5.27 ലക്ഷം രൂപയെങ്കിലും നോഡല്‍ ഏജന്‍സിക്ക് അനര്‍ഹമായി കിട്ടുകയും സര്‍ക്കാരിനു നഷ്ടപ്പെടുകയും ചെയ്തു. നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഇങ്ങനെ കരാറുകാര്‍ക്ക് മുന്‍കൂറായി പണം നല്‍കുന്നത് കേരള ഫിനാന്‍ഷ്യല്‍ കോഡ് (കെ.എഫ്.സി) 192(എ)യുടെ ലംഘനമാണ്. 2014 ജൂലൈ 30-ന് ധനവകുപ്പ് ഒരു ഉത്തരവിലൂടെ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്. ഇതു ലംഘിച്ചാണ് കേരള മ്യൂസിയത്തിന് 70.63 ലക്ഷം കൊടുത്തത്. അതിന്റെ മാത്രം പലിശ നാലു ശതമാനം നിരക്കില്‍ കൂട്ടിയാല്‍ 6.93 ലക്ഷം അവര്‍ക്കു കിട്ടുകയും സര്‍ക്കാരിനു നഷ്ടമാവുകയും ചെയ്തു. കോസ്റ്റ്ഫോര്‍ഡുമായി ഉണ്ടാക്കിയ ഉപകരാറിന്റെ പകര്‍പ്പോ ചെയ്ത പ്രവൃത്തികളുടെ ബില്ലുകളോ വൗച്ചറുകളോ കേരള മ്യൂസിയം ഇതുവരെ നല്‍കിയിട്ടില്ല. ഇത്ര ബൃഹത്തായതും അമൂല്യമായ ചരിത്രരേഖകള്‍ സൂക്ഷിക്കാന്‍ ലക്ഷ്യംവയ്ക്കുന്നതുമായ പദ്ധതിയുടെ പ്രധാന ഘട്ടങ്ങള്‍ സംബന്ധിച്ച യാതൊരു തയ്യാറെടുപ്പും കേരള മ്യൂസിയം നടത്തിയിരുന്നില്ല. പദ്ധതി വൈകിപ്പിക്കുകയോ അനുവദിച്ച ഫണ്ട് യഥാസമയം വിനിയോഗിക്കാതിരിക്കുകയോ ചെയ്യുന്നതിനു പിഴ ഈടാക്കാനുള്ള വ്യവസ്ഥകളൊന്നും കരാറില്‍ ഉള്‍പ്പെടുത്തിയില്ല. പുരാരേഖാ ഡയറക്ടര്‍ കണ്‍വീനറായ മേല്‍നോട്ട സമിതി രൂപീകരിക്കുകയും ഈ സമിതി എല്ലാ മാസവും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്യും എന്നാണ് ധാരണാപത്രത്തില്‍ പറയുന്നത്. എന്നാല്‍, അത്തരം അവലോകന യോഗങ്ങളുടെ മിനിറ്റ്സോ യോഗത്തിന് നോഡല്‍ ഏജന്‍സി സമര്‍പ്പിച്ച പ്രവര്‍ത്തന പുരോഗതി റിപ്പോര്‍ട്ടോ ഓഡിറ്റ് വേളയില്‍ ഹാജരാക്കിയില്ല. പ്രവര്‍ത്തന പുരോഗതിയെക്കുറിച്ച് മൂന്നു മാസത്തിലൊരിക്കല്‍ വീതം റിപ്പോര്‍ട്ട് നല്‍കാന്‍ കേരള മ്യൂസിയത്തിന് ഉത്തരവാദിത്വമുണ്ട്. അവര്‍ അത് ചെയ്തതായി രേഖകകളില്ല. ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കുന്നതിന് ഈ പദ്ധതിക്കു മാത്രമായി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന നിബന്ധന ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല.
പാംലീഫ് മ്യൂസിയത്തിന്റെ 'ഘടനാപരമായ ശക്തിപ്പെടുത്തലുമായി' ബന്ധപ്പെട്ട ക്രമക്കേടിലും പൈതൃക സ്മാരക നിര്‍മ്മാണത്തിലെ പിഴവുകളുടെ ആവര്‍ത്തനമാണുള്ളത്.
പിഴവുകളുടെ ആവര്‍ത്തനം
സെന്‍ട്രല്‍ ആര്‍ക്കൈവ്സിനെ മ്യൂസിയമാക്കാന്‍ വിശദമായ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കുന്നതിന് നാലു ലക്ഷം രൂപ കരാറുകാരനു കൊടുത്തതില്‍നിന്നാണ് തുടക്കം. 2014-ല്‍ ആയിരുന്നു ഇത്. ആറു വര്‍ഷമായി പാം ലീഫ് മ്യൂസിയത്തിന്റെ ഘടനാപരമായ ശക്തിപ്പെടുത്തല്‍ നടപ്പാക്കിയിട്ട്. മുകള്‍ഭാഗം ചോര്‍ന്നൊലിക്കുകയും ചുരുളുകള്‍ നശിക്കുകയും ചെയ്യുമ്പോള്‍ അതിനു പരിഹാരമുണ്ടാക്കാതെ താഴെ മ്യൂസിയമാക്കുന്ന അശാസ്ത്രീയ പ്രവൃത്തികളാണു ചെയ്തത്. വെള്ളം വീണു ദ്രവിച്ചത് പുറമേ കാണാതിരിക്കാന്‍ പീഞ്ഞപ്പെട്ടിയുടെ പലകകൊണ്ട് അടയ്ക്കുന്ന 'സ്ട്രക്ചറല്‍ സ്ട്രെംങ്തനിംഗ്' ആണ് നടത്തിയത്. ജനല്‍ ദ്രവിച്ചതിനു മുകളില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ടുവച്ച് അടച്ചു. ഈ മഴക്കാലത്തും ഓടുമാറ്റല്‍ നടക്കുന്നതു കാണാം. ഇടക്കാലത്ത് ചോര്‍ന്നപ്പോള്‍ പുരാരേഖാ വകുപ്പ് പണം മുടക്കി ടാര്‍പ്പായ വാങ്ങി മുകളില്‍ കെട്ടേണ്ട സ്ഥിതിയും വന്നിരുന്നു. 190 ചരിത്രരേഖകള്‍ സംരക്ഷിക്കാന്‍ മൂന്നരക്കോടി. അതാകട്ടെ, ഫലപ്രദമായി നടക്കുന്നുമില്ല. കേരളചരിത്രത്തിന്റെ ബാക്കി രേഖകള്‍ക്കു സംരക്ഷണം വേണ്ടേ എന്ന ചോദ്യം ബാക്കി. അത്രകൂടി തുകയുണ്ടെങ്കില്‍ പുതിയ ഒരു കെട്ടിടം നിര്‍മ്മിച്ച് മുഴുവന്‍ രേഖകളും ഭദ്രമായി സംരക്ഷിക്കാന്‍ കഴിയും എന്നാണ് വകുപ്പിലെത്തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
പാംലീഫ് മ്യൂസിയത്തിന് 3.96 കോടി രൂപയുടെ ഭരണാനുമതി കൊടുത്തത് 2020 മെയ് 15-നാണ്. പുരാരേഖാ ഡയറക്ടറേറ്റും കേരള മ്യൂസിയവും തമ്മില്‍ ഇതിന് ഒരു ധാരണാപത്രം ഒപ്പുവച്ചു. അതുപ്രകാരം കേരള മ്യൂസിയം പാംലീഫ് മ്യൂസിയം നിര്‍മ്മാണം 2021 ജൂണ്‍ 30-ഓടുകൂടി പൂര്‍ത്തിയാക്കണം. എന്നാല്‍, പറഞ്ഞ സമയത്തു പണി തീര്‍ന്നില്ല. രണ്ടു തവണയായി രണ്ടു വര്‍ഷത്തോളം സമയം നീട്ടിക്കൊടുത്തു. ആദ്യം 2022 ജൂണ്‍ 30 വരെയും പിന്നീട് 2023 ഏപ്രില്‍ 31 വരെയും. ഇതിനിടെ തുകയുടെ വലിയൊരു ഭാഗം കേരള മ്യൂസിയത്തിനു നല്‍കുകയും ചെയ്തു. ധാരണാപത്രം ഒപ്പുവച്ച 2020 മെയ് 15-നു തന്നെ 79.30 ലക്ഷം കൊടുത്തു; 2022 മാര്‍ച്ച് 27-ന് 1.18 കോടിയും. 3.96 കോടിയുടെ പദ്ധതിക്ക് 3.43 കോടി രൂപ വരെ ചെലവായെങ്കിലും പണി പൂര്‍ത്തിയായില്ല എന്ന് 2023 മാര്‍ച്ച് 3-ന് കേരള മ്യൂസിയം അറിയിച്ചു. കിട്ടാനുള്ള ബാക്കി തുകയായ 1.45 കോടിക്കുവേണ്ടി അന്നുതന്നെ പുരാരേഖാ ഡയറക്ടറേറ്റിന് അവര്‍ കത്തു കൊടുക്കുകയും ചെയ്തു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മൂന്നു മുതല്‍ അഞ്ചു കോടി വരെ ചെലവു വരുന്ന പദ്ധതികള്‍ക്ക് 6 ശതമാനം മാത്രമാണ് സെന്റേജ് ചാര്‍ജ്ജായി നോഡല്‍ ഏജന്‍സിക്കു നല്‍കാവുന്നത്. എന്നാല്‍, കേരള മ്യൂസിയത്തിന് 10 ശതമാനം നല്‍കി. 18.71 ലക്ഷത്തിന്റെ സ്ഥാനത്ത് അവര്‍ക്കു കിട്ടിയത് 31.19 ലക്ഷം; 12.47 ലക്ഷം രൂപ അധികം. ഇതിലും കോസ്റ്റ്ഫോര്‍ഡുമായുള്ള കരാറിന്റെ പകര്‍പ്പോ ബില്ലുകളോ വൗച്ചറുകളോ ലഭ്യമല്ല; ഇതൊന്നും കേരള മ്യൂസിയം ഡയറക്ടറേറ്റിനു കൊടുത്തിട്ടുമില്ല. ഡയറക്ടര്‍ കണ്‍വീനറായ മേല്‍നോട്ട സമിതി കടലാസില്‍ മാത്രം. സമിതി അവലോകനം നടത്തിയതിന്റെ മിനിറ്റ്സോ സമിതിക്കു നല്‍കിയ പ്രവൃത്തി പുരോഗതി റിപ്പോര്‍ട്ടോ ഇല്ല. മൂന്നു മാസത്തിലൊരിക്കല്‍ കേരള മ്യൂസിയം നല്‍കേണ്ട പുരോഗതി റിപ്പോര്‍ട്ടുമില്ല. 2018-2019 വരെ പുരാരേഖാ ഡയറക്ടറേറ്റ് സ്വന്തം നിലയില്‍ ചെയ്തിരുന്ന പ്രവൃത്തിയാണ് പിന്നീട് കേരള മ്യൂസിയത്തെ ഏല്പിച്ചത്. ഇതുവഴി കണ്‍സല്‍റ്റന്‍സി ചാര്‍ജ്ജ്, മേല്‍നോട്ടക്കൂലി തുടങ്ങി പല പേരില്‍ 67.25 ലക്ഷം രൂപയാണ് അധികച്ചെലവ്. നോഡല്‍ ഏജന്‍സിക്ക് അനര്‍ഹമായി വലിയ തുക കിട്ടുകയും ചെയ്തു.
തിരുവനന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സിലെ രേഖകളുടെ പരിശോധന, തരംതിരിക്കല്‍, സൂചിക തയ്യാറാക്കല്‍ എന്നീ കാര്യങ്ങള്‍ക്കായി 70 ലക്ഷം രൂപയുടെ ഒരു പദ്ധതിനിര്‍ദ്ദേശം 2021 ഏപ്രില്‍ 30-ന് സര്‍ക്കാരിനു സമര്‍പ്പിച്ചു. 63.15 ലക്ഷം രൂപയുടെ ഭരണാനുമതി 2021 ജൂലൈ 13-നു കിട്ടി. കേരള മ്യൂസിയത്തെത്തന്നെ ജോലി ഏല്പിക്കുകയും അതിന് ആഗസ്റ്റ് 13-ന് ധാരണാപത്രം ഉണ്ടാക്കുകയും ചെയ്തു. പത്തു മാസം അല്ലെങ്കില്‍ 2022 ജൂലൈ ഇതില്‍ ഏതാണോ നീണ്ട കാലാവധി അതിനുള്ളില്‍ പൂര്‍ത്തീകരിക്കണം എന്നായിരുന്നു ധാരണ. ട്രെയിനികളും സൂപ്പര്‍വൈസര്‍മാരുമായി ആളുകളെ നിയമിച്ചു. പദ്ധതിച്ചെലവിന്റെ 20 ശതമാനമായ 12.63 ലക്ഷം രൂപ 2021 സെപ്റ്റംബറില്‍ നല്‍കി. എന്നാല്‍, പ്രവൃത്തി തുടങ്ങിയത് 2022 ഏപ്രില്‍ 5-ന്. 2022 ഒക്ടോബര്‍ 26-ന് 25.26 ലക്ഷം രൂപ കൂടി കൊടുത്തു. പത്തു മാസം കൊണ്ട് തീര്‍ക്കേണ്ടത് 2023 ഫെബ്രുവരി നാലിനും തീരാതെ വന്നപ്പോള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഈ വഴിവിട്ട നീക്കങ്ങളെ അക്കമിട്ട് രൂക്ഷമായാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നത്.
അപൂര്‍വ്വ അഴിമതി സംരക്ഷണം
ചരിത്രപ്രാധാന്യമുള്ള അപൂര്‍വ്വ പുസ്തകങ്ങളും പൊതുരേഖകളും കയ്യെഴുത്തു രേഖകളും സംരക്ഷിക്കുന്നതിനു സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും സഹായിക്കാന്‍ കേന്ദ്ര പുരാരേഖാ വകുപ്പ് ഒരു പദ്ധതി കൊണ്ടുവന്നു. 75:25 എന്ന അനുപാതത്തില്‍ കേന്ദ്ര, സംസ്ഥാന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്കുള്ള കേന്ദ്ര സഹായം 50 ലക്ഷം രൂപ വരെയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പുരാരേഖാ ഡയറക്ടറേറ്റ് ഒരു പ്രോജക്റ്റ് തയ്യാറാക്കി നാഷണല്‍ ആര്‍ക്കൈവ്സിനു സമര്‍പ്പിച്ചു. 39.30 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതി കിട്ടി; 29.48 ലക്ഷം കേന്ദ്ര വിഹിതവും 9.83 ലക്ഷം സംസ്ഥാന വിഹിതവും. 2019 ഡിസംബര്‍ 16 വരെ 12 മാസമായിരുന്നു പദ്ധതിയുടെ കാലാവധി. ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് അത് 2021 ജൂണ്‍ 30 വരെ നീട്ടി. ഈ കാലപരിധി കഴിയുമ്പോഴേയ്ക്കും ചെലവഴിച്ചത് 17.74 ലക്ഷം. കേന്ദ്ര സഹായത്തിന്റെ വ്യവസ്ഥപ്രകാരം, 12 മാസത്തിനുള്ളിലോ അതുകഴിഞ്ഞ് കാലാവധി നീട്ടിത്തന്നാല്‍ അതിനുള്ളിലോ പദ്ധതി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിനിയോഗിക്കാത്ത തുകയുടെ പത്ത് ശതമാനം പിഴ അടയ്ക്കണം. കേന്ദ്രം അനുവദിച്ച തുകയില്‍ 17.74 ലക്ഷം മാത്രം വിനിയോഗിച്ചപ്പോള്‍ 11.74 ലക്ഷം ബാക്കി വന്നു. ഈ തുക പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കിയ 2023 മെയ് 9 വരെ തിരിച്ചടച്ചിട്ടില്ല എന്നാണ് കണ്ടെത്തല്‍. 2023 ഏപ്രില്‍ 30 വരെയുള്ള ഇതിന്റെ പിഴ 2.15 ലക്ഷം വേറെയും. എത്ര പേജ് അപൂര്‍വ്വ പുസ്തകങ്ങളാണ് ഈ പദ്ധതി പ്രകാരം സംരക്ഷിക്കുന്നത് എന്ന വിവരം ധനവിനിയോഗ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കും എന്നാണ് പണം അനുവദിച്ചു കിട്ടുമ്പോള്‍ ഡയറക്ടറേറ്റ് കേന്ദ്ര പുരാരേഖാ വകുപ്പിനെ രേഖാമൂലം അറിയിച്ചത്. എന്നാല്‍, അങ്ങനെയൊരു വിവരം കേന്ദ്രത്തിനു സമര്‍പ്പിച്ചതിന്റെ തെളിവുകളൊന്നും ഓഡിറ്റ് വേളയില്‍ ഹാജരാക്കിയില്ല. ഓഡിറ്റിനു നല്‍കിയ വിവരമനുസരിച്ച് 40,725 പേജുകളാണ് കേന്ദ്ര ഫണ്ട് ഉപയോഗിച്ചു സംരക്ഷിച്ചത്.
പാംലീഫ് റെക്കോഡുകളുടേയും പേപ്പര്‍ റെക്കോഡുകളുടേയും ഡിജിറ്റല്‍വല്‍കരണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുന്‍പ് 'സമകാലിക മലയാളം വാരിക' പുറത്തുകൊണ്ടു വന്നിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പുതിയ ഓഡിറ്റ് റിപ്പോര്‍ട്ടിലുമുണ്ട്. പുരാരേഖാ ഡയറക്ടറേറ്റ് സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കയ്യെഴുത്തുപ്രതി ട്രാന്‍സ്ലിറ്ററേറ്ററുടെ മൂന്നു തസ്തികകള്‍ക്ക് പുരാരേഖാ വകുപ്പ് അനുമതി നല്‍കിയിരുന്നു. രണ്ടു വര്‍ഷത്തേക്കു കരാറടിസ്ഥാനത്തില്‍ 10,790 - 18,700 ശമ്പള സ്‌കെയിലില്‍ നിയമിക്കാനായിരുന്നു അനുമതി. അപേക്ഷ ക്ഷണിക്കുകയും ഇന്റര്‍വ്യൂവിനു ശേഷം നിര്‍ദ്ദിഷ്ട യോഗ്യതയുള്ള മൂന്നു പേരെ നിയമിക്കാന്‍ 2012 നവംബര്‍ 16-നു ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. 2013 ഫെബ്രുവരി നാലിന് മൂന്നു പേര്‍ക്ക് ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിന് ഓഫര്‍ ലെറ്റര്‍ നല്‍കിയപ്പോള്‍ ശമ്പള സ്‌കെയിലായി രേഖപ്പെടുത്തിയിരുന്നത് 18,470 - 33,680 രൂപ. നേരത്തേ പറഞ്ഞതിനേക്കാള്‍ വലിയ വ്യത്യാസം. ഇവരുടെ കാലാവധി രണ്ടു വര്‍ഷത്തേക്കു കൂടി നീട്ടാനുള്ള ഡയറക്ടറേറ്റിന്റെ ശുപാര്‍ശ 2015 ജൂലൈ 31-നു പരിഗണിച്ചപ്പോള്‍ ശമ്പളം പ്രതിമാസം 35000 രൂപയാക്കി സര്‍ക്കാര്‍ നിജപ്പെടുത്തി. കരാര്‍ കാലാവധിക്കുള്ളില്‍ ഇത് വര്‍ദ്ധിപ്പിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. പിന്നീട് 2019 മാര്‍ച്ചില്‍ പുരാരേഖാ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മൂന്നു ട്രാന്‍സ്ലിറ്ററേറ്റര്‍ തസ്തികകള്‍ 35,700 - 75,600 സ്‌കെയിലില്‍ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇവര്‍ താല്‍ക്കാലികമായി നിയമിക്കപ്പെട്ട് പത്തു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിയമനം സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനു പത്തു വര്‍ഷം തികഞ്ഞ മുറയ്ക്ക് സ്ഥിരപ്പെടുത്തുന്നതിന് ഇവരെ തുടരാന്‍ ഡയറക്ടര്‍ അനുവദിക്കുകയും ചെയ്തു. ഇവരുടെ നിയമനം സ്ഥിരപ്പെടുത്തുന്നത് സുപ്രീംകോടതിയുടെ പ്രശസ്തമായ ഉമാദേവിയും കര്‍ണാടക സര്‍ക്കാരും തമ്മിലുള്ള കേസിലെ വിധി ബാധകമാകുന്ന പിന്‍വാതില്‍ നിയമനമല്ല എന്നാണ് പുരാരേഖാ ഡയറക്ടറേറ്റിന്റെ വാദം. എന്നാല്‍, ആ കേസിലെ വിധി ഇതിനും ബാധകമാണെന്നു പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇവരെ സ്ഥിരപ്പെടുത്തുന്നതിനുള്ള പ്രപ്പോസല്‍ സമര്‍പ്പിക്കുമ്പോള്‍ ഇവര്‍ ജോലിയില്‍ തുടര്‍ന്നുവരുന്നവരാണ് എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പക്ഷേ, ഈ ജീവനക്കാരുടെ സര്‍വ്വീസില്‍ ബ്രേക്ക് വന്നിരുന്നു എന്നത് കണക്കാക്കാതെയുള്ള പരാമര്‍ശമാണിത്. ഇങ്ങനെ 'ബ്രേക്ക്' വന്നതിന്റെ വിശദാംശങ്ങള്‍ ടേബിള്‍ ആയിത്തന്നെ പരിശോധനാ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുമുണ്ട്.
ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2022 ജൂലൈ 5-ന് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുറേ വര്‍ഷത്തെ കേവലമായ തുടര്‍ച്ച ആരെയെങ്കിലും സ്ഥിരപ്പെടുത്താനുള്ള കാരണമാക്കരുതെന്നും അതു നിയമപരമായി നിലനില്‍ക്കുന്ന നിയമനമാകില്ലെന്നും അതില്‍ വ്യക്തമാക്കുന്നു. നിയമപരമായ അവകാശമില്ലെങ്കില്‍ സഹതാപവും വൈകാരികതയും ഏതെങ്കിലും നിയമനം സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് അടിസ്ഥാനമാക്കരുത്; സര്‍ക്കാര്‍ വ്യക്തമാക്കി.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും കേരള ഫിനാന്‍ഷ്യല്‍ കോഡിനു വില കല്പിക്കാതെയും സര്‍ക്കാര്‍ ഉത്തരവുകള്‍ മാനിക്കാതേയും നടത്തുന്ന മുഴുവന്‍ ഇടപാടുകളേയും നടപടികളേയും തുറന്നുകാട്ടുന്നതാണ് ആഴ്ചകള്‍ക്കു മുന്‍പ് മാത്രം തയ്യാറാക്കിയ സമഗ്രമായ പരിശോധനാ റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാര്‍ പൊതുവായും പുരാരേഖാവകുപ്പ് പ്രത്യേകമായും ഗൗരവത്തിലെടുക്കേണ്ട കണ്ടെത്തലുകളുടെ ആകെത്തുകയാണ് ഇത്. രാഷ്ട്രീയ തലത്തിലെ അഴിമതിമുക്തമാണ് സര്‍ക്കാരെന്നും ഉദ്യോഗസ്ഥ തലത്തിലെ അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നുമാണ് സി.പി.എമ്മിന്റേയും എല്‍.ഡി.എഫിന്റേയും നിലപാട്. എന്നാല്‍, ചില 'ചെറിയ' വകുപ്പുകളുടെ തലപ്പത്ത് കയറിക്കൂടുന്ന വലിയ അഴിമതിക്കാരിലേക്ക് വിരല്‍ചൂണ്ടുന്നതു കൂടിയാണ് ഈ ഓഡിറ്റ് റിപ്പോര്‍ട്ട്. കേവലം കണക്കുകള്‍ക്കപ്പുറം, വിരമിച്ചവരായാലും തുടരുന്നവരായാലും പൊതുപണം ദുര്‍വിനിയോഗം ചെയ്തവര്‍ക്കും ചെയ്യുന്നവര്‍ക്കും താക്കീതാകുന്ന നടപടികള്‍ നിര്‍ബ്ബന്ധിതമാക്കുന്ന അന്വേഷണമാണ് നടന്നത് എന്നു വ്യക്തം.
2019-2022 കാലയളവില്‍ പുരാരേഖാ ഡയറക്ടറേറ്റിനു പ്ലാന്‍ ഫണ്ട് ഇനത്തില്‍ ലഭിച്ചതും ചെലവഴിച്ചതുമായ ഫണ്ടുകളുടെ വിശദാംശങ്ങള്‍ ഇതിനോടു ചേര്‍ത്തു കാണേണ്ടതാണ്: 2019-2020-ല്‍ ലഭിച്ചത് 7.70 കോടി, ചെലവഴിച്ചത് 2.19 മാത്രം, 2020-2021-ല്‍ 16.30; 8.79, 2021-2022-ല്‍ 15.75; 7.40, 2022-2023-ല്‍ 16.85; 6.57. നോണ്‍ പ്ലാന്‍: 2020-2021-ല്‍ 7.19; 6.24, 2021-2022-ല്‍ 8.92; 9.61, 2022-2023-ല്‍ 10.68; 8.43. പ്ലാന്‍ ഫണ്ട് വേണ്ടവിധം ചെലവഴിക്കാതിരിക്കുക; വിവിധ പദ്ധതികളുണ്ടാക്കി അതില്‍നിന്ന് വിവിധ കൈകകളിലേക്ക് അനധികൃതമായി പൊതുപണം ചോര്‍ത്തുക എന്ന രീതിയാണ് പുറത്തുവരുന്നത്.
ആര്‍ക്കുവേണ്ടിയാണ് കേരളമ്യൂസിയം
സംസ്ഥാന പുരാരേഖാ ഡയറക്ടറേറ്റിന്റെ എല്ലാ പദ്ധതികളുടെയും നോഡല്‍ ഏജന്‍സിയായി മാറിയിരിക്കുന്ന കേരള മ്യൂസിയം ആദ്യം ഒരു സൊസൈറ്റി ആയാണ് രൂപീകരിച്ചത്. പുരാവസ്തു വകുപ്പിനു കീഴില്‍ മ്യൂസിയങ്ങള്‍ സ്ഥാപിക്കാനുള്ള നോഡല്‍ ഏജന്‍സിയായിട്ടായിരുന്നു തുടക്കം. പുരാവസ്തു (ആര്‍ക്കിയോളജി) വകുപ്പില്‍നിന്നും റിട്ടയര്‍ ചെയ്യുന്ന ഡയറക്ടര്‍മാര്‍ക്ക് വീണ്ടും നിയമനം ലഭിക്കാനുള്ള അവസരത്തിനുവേണ്ടി അവര്‍ രൂപകല്പന ചെയ്തത്. പക്ഷേ, അതിന്റെ ദുരുദ്ദേശ്യം മനസ്സിലാക്കിയ ജീവനക്കാര്‍ എതിര്‍ത്തു. കേന്ദ്രഫണ്ട് ധാരാളം കിട്ടും; വെട്ടിക്കാം എന്നതാണ് ലക്ഷ്യമെന്നു വിമര്‍ശനമുയര്‍ന്നു. വാര്‍ത്തയായതോടെ ആ നീക്കം അന്ന് പൊളിഞ്ഞു. 2011-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്നപ്പോള്‍ വീണ്ടും പൊടിതട്ടിയെടുത്തു നോഡല്‍ ഏജന്‍സിയാക്കി. 2018-ലെ ഒന്നാം പ്രളയം വന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ഈ പ്രോജക്റ്റിനു പിണറായി വിജയന്‍ സര്‍ക്കാര്‍ പണം കൊടുത്തില്ല; ധനകാര്യ വകുപ്പ് ഉടക്കിട്ടു. അപ്പോഴാണ് കേരള മ്യൂസിയത്തെ പുരാരേഖാ വകുപ്പിന്റെ കൂടി നോഡല്‍ ഏജന്‍സിയാക്കി മാറ്റുന്ന ഇടപെടല്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ ഉണ്ടായത്. പ്രോജക്റ്റ് ട്രെയിനികളെ നിയമിച്ചതും അപ്പോഴാണ്; പുരാരേഖാ മ്യൂസിയം നിര്‍മ്മാണം കൂടി അതിന്റെ ഭാഗമാക്കി മാറ്റി. ഓരോ തട്ടിക്കൂട്ട് പ്രോജക്റ്റിന്റെ പേരിലും കേരള മ്യൂസിയത്തിനു ലക്ഷങ്ങള്‍ അനുവദിച്ചു. അങ്ങനെ പുരാരേഖാ വകുപ്പു സ്വന്തമായി ചെയ്തുകൊണ്ടിരുന്ന എല്ലാം പ്രവര്‍ത്തനങ്ങളും കേരള മ്യൂസിയം വഴിയാക്കി. നിയമനങ്ങള്‍ നടത്തുന്നത് കേരള മ്യൂസിയം; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് എടുത്തില്ല. പുരാരേഖകള്‍ എങ്ങനെ സംരക്ഷിക്കണം എന്ന് തീരുമാനിക്കേണ്ടത് പുരാരേഖാ വകുപ്പിലെ കണ്‍സര്‍വേഷന്‍ ഓഫീസറാണ്, കേരള മ്യൂസിയം അല്ല. നേരത്തേ കണ്‍സര്‍വേഷന്‍ ഓഫീസറായിരുന്ന ജി. സുനീതിയുടെ ശക്തമായ നിലപാടു കാരണം ബാഹ്യ ഇടപെടലുകള്‍ നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ പുരാരേഖാ വകുപ്പിലെ അഴിമതിക്കാരുടെ കണ്ണിലെ കരടുമായി. കഴിഞ്ഞ മെയ് 31-നു വിരമിച്ച പുരാരേഖാ ഡയറക്ടര്‍ക്ക് കേരള മ്യൂസിയം ഡയറക്ടറായി പുനര്‍നിയമനം നല്‍കാന്‍ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ വലിയ നീക്കങ്ങളാണ് നടന്നത്. അതിനു മുന്നോടിയായി പുരാരേഖാ വകുപ്പിന്റെ മുഴുവന്‍ ഫണ്ടു വിനിയോഗവും കേരള മ്യൂസിയം വഴിയാക്കുകയും ചെയ്തു. എന്നാല്‍, ഇതിനു പിന്നിലെ അഴിമതി മനസ്സിലായതോടെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഈ പുനര്‍നിയമന നീക്കം വെട്ടി.
കേരള മ്യൂസിയത്തിലൂടെ ചോരുന്ന കോടികള്‍ ആരുടെയൊക്കെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന അന്വേഷണത്തിനു സര്‍ക്കാരിനെ നിര്‍ബ്ബന്ധിതമാക്കുന്നതാണ് ഇപ്പോഴത്തെ പരിശോധനാ റിപ്പോര്‍ട്ട്. പൊതുപണം അവര്‍ക്കു വാരിക്കോരി കൊടുക്കുകയും അതിനു ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതിരിക്കുകയും ചെയ്യുന്നതുതന്നെ ഈ അന്വേഷണത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുകയാണ്. പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റ് ജനറല്‍ ആസ്ഥാനത്തെ സീനിയര്‍ ഓഡിറ്റര്‍ കണ്ടെത്തിയ വസ്തുതകള്‍ നിസ്സാരമല്ലാതായി മാറുകയും ചെയ്യുന്നു.
ഈ റിപ്പോർട്ട് കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates