ജീവിതം നിരന്തര സമരവും വേദനയുമാകുന്ന കാഴ്ച

സമരങ്ങളുടെ ദിനങ്ങളായിരുന്നു ഇവര്‍ക്കു പിന്നീടുള്ള ദിവസങ്ങള്‍. ഒടുവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്
ജീവിതം നിരന്തര സമരവും വേദനയുമാകുന്ന കാഴ്ച

രു സര്‍ക്കാര്‍ സംവിധാനം സാധാരണ മനുഷ്യരോട് ചെയ്തുകൂട്ടുന്ന അനീതിയുടെ നേര്‍കാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിനു മുന്നില്‍ കെ.കെ. ഹര്‍ഷീന എന്ന മുപ്പതുകാരിയുടെ സമരം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അശ്രദ്ധമായി ചെയ്ത പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹര്‍ഷീനയുടെ വയറ്റില്‍ കുടുങ്ങിയത് 12 സെന്റിമീറ്ററോളമുള്ള സര്‍ജിക്കല്‍ കത്രികയാണ്. അഞ്ചു വര്‍ഷം ഈ കത്രികയും പേറി കഠിനമായ വേദനയും മറ്റു ശാരീരിക പ്രശ്‌നങ്ങളുമായി ആശുപത്രികള്‍ കയറിയിറങ്ങി മരുന്നുകള്‍ക്കൊപ്പം ജീവിച്ചു തീര്‍ക്കുകയായിരുന്നു ഇവര്‍. ശാരീരികമായും മാനസികമായും സാമ്പത്തികമായും തകര്‍ന്ന അഞ്ചു വര്‍ഷങ്ങള്‍. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായ ഹര്‍ഷീനയ്ക്ക് കുട്ടികളെ നോക്കാന്‍പോലും ഇക്കാലത്ത് കഴിഞ്ഞില്ല. മൂന്നു പിഞ്ചുകുഞ്ഞുങ്ങളും അസുഖം വിട്ടുമാറാത്ത ഭാര്യയേയും വെച്ച് ജോലിക്കു പോകാന്‍പോലും കഴിയാതെ ഫര്‍ണിച്ചര്‍ വിതരണ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് അഷ്റഫും. ഒടുവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കത്രിക കണ്ടെത്തുകയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് 2022 സെപ്തംബറില്‍ ഓപ്പറേഷനിലൂടെ പുറത്തെടുക്കുകയും ചെയ്തു. അഞ്ചു വര്‍ഷത്തെ നരകയാതനയ്ക്കും മെഡിക്കല്‍ അശ്രദ്ധയ്ക്കുമെതിരെ ഹര്‍ഷീന നല്‍കിയ പരാതി പക്ഷേ, അധികൃതര്‍ക്ക് 'ഗൗരവമായി' തോന്നിയില്ല. കത്രിക തങ്ങളുടേതല്ല എന്ന വിചിത്ര വാദമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായത്. ആരോഗ്യമന്ത്രി നേരിട്ടെത്തി ഹര്‍ഷീനയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും തുടര്‍ നടപടികളില്ല. 

സമരങ്ങളുടെ ദിനങ്ങളായിരുന്നു ഇവര്‍ക്കു പിന്നീടുള്ള ദിവസങ്ങള്‍. ഒടുവില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. അഞ്ചു വര്‍ഷം അനുഭവിച്ച കഠിനമായ വേദനകളും ആശുപത്രി വാസവും സര്‍ജറികളുമായി തകര്‍ന്നുപോയ ഹര്‍ഷീനയേയും കുടുംബത്തേയും പരിഹസിക്കുന്നതിനു തുല്യമാണ് ദുരിതാശ്വാസനിധിയില്‍നിന്നുള്ള രണ്ടു ലക്ഷത്തിന്റെ മാത്രം പ്രഖ്യാപനം. ഗുരുതരമായ കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു നടപടിപോലും പരാമര്‍ശിക്കപ്പെട്ടില്ല. കൃത്യമായ അന്വേഷണങ്ങള്‍ ഉണ്ടായില്ല. കത്രിക പുറത്തെടുത്തെങ്കിലും കഠിനമായ വേദനയിലാണ് ഹര്‍ഷീന ഇപ്പോഴും. ഇവരുടെ തുടര്‍ചികിത്സയെക്കുറിച്ചുപോലും പരാമര്‍ശിക്കപ്പെട്ടില്ല. മൂന്നു കുട്ടികളുടേയും വിദ്യാഭ്യാസംപോലും മുടങ്ങിയ നിലയിലാണ്. അഞ്ചു വര്‍ഷത്തെ നിരവധിയായ ചികിത്സകള്‍ മൂലമുള്ള കടബാധ്യതകള്‍ വേറെ.

വളരെ സാധാരണനിലയില്‍ ജീവിച്ചുവന്ന ഒരാളുടെ ജീവിതം എത്ര പെട്ടെന്നാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു ദുരിതമാക്കാന്‍ കഴിയുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഹര്‍ഷീനയുടെ ജീവിതം. ജീവിതം നിരന്തര സമരവും വേദനയുമാകുന്ന കാഴ്ച. അറുപത് ദിവസത്തിലധികമായി ഹര്‍ഷീനയുടെ രണ്ടാംഘട്ട സമരം തുടങ്ങിയിട്ടെങ്കിലും ആരോഗ്യവകുപ്പോ മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളോ ഭരണപക്ഷമോ തിരിഞ്ഞുനോക്കിയിട്ടില്ല. 

കെ അജിത സമരപ്പന്തലിൽ
കെ അജിത സമരപ്പന്തലിൽ

വേദനകളുടെ കാലം 

കോഴിക്കോട് അടിവാരം സ്വദേശിയാണ് ഹര്‍ഷീന. ഭര്‍ത്താവ് പന്തീരങ്കാവ് സ്വദേശി എം.കെ. അഷ്റഫ്. പ്രസവവുമായി ബന്ധപ്പെട്ട് മൂന്നു ശസ്ത്രക്രിയകളാണ് ഹര്‍ഷീനയ്ക്കുവേണ്ടി വന്നത്. മൂന്നു പ്രസവവും സിസേറിയനായിരുന്നു. ആദ്യ രണ്ടും താമരശേരി സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു. 2012-ലും 2016-ലും. മൂന്നാമത്തേത് 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും നടന്നു. ഈ ശസ്ത്രക്രിയയ്ക്കുശേഷമാണ് ഹര്‍ഷീനയുടെ ജീവിതം മാറിമറിഞ്ഞത്. ബി. എസ്സി. ഫിസിക്‌സ് രണ്ടാംവര്‍ഷ സമയത്താണ് വിവാഹം നടന്നത്. മൂന്നാമത്തെ പ്രസവത്തിനുശേഷം തുടര്‍ പഠനവും ഹര്‍ഷീന പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ, എല്ലാം താളം തെറ്റി.
 
താനനുഭവിച്ച വേദനകള്‍ ഹര്‍ഷീന പറയുന്നു:

മൂന്നാമത്തെ പ്രസവത്തിനും താമരശേരി താലൂക്ക് ആശുപത്രിയില്‍ തന്നെയായിരുന്നു പോയത്. വേദന കൂടിയപ്പോള്‍ അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. 2017 നവംബര്‍ 29-ന് ഇവിടെ വന്നു. 30-നു പുലര്‍ച്ചെയാണ് ശസ്ത്രക്രിയ ചെയ്യുന്നത്. 29-നു രാവിലെ ആറുമണിക്ക് വന്നതാണ്. ലേബര്‍ റൂമില്‍ രാവിലെ എട്ടു മണിക്ക് കയറ്റിയെങ്കിലും പിറ്റേന്നു പുലര്‍ച്ചെ ഒന്നര വരെ അവിടെ കാത്തുകിടന്നു. നഴ്സുമാരോട് ചോദിക്കുമ്പോള്‍ തട്ടിക്കയറുകയായിരുന്നു. പിന്നെ ഒന്നും മിണ്ടാതെ കിടന്നു. അത്രയും മണിക്കൂര്‍ ബാക്കിയുള്ളവരുടെ പ്രസവവും വേദനയും ഒക്കെ കണ്ട് കിടക്കേണ്ടിവന്നു.
 
ഓപ്പറേഷന്‍ കഴിഞ്ഞ് അനസ്‌തേഷ്യയുടെ മയക്കം വിട്ട് ഐ.സി.യു വാര്‍ഡിലേക്ക് മാറ്റിയതോടെ ഭയങ്കര വേദന തുടങ്ങിയിരുന്നു. സഹിക്കാന്‍ പറ്റുന്നില്ല. തലേന്നു വന്നപ്പോള്‍ തൊട്ട് തന്നെ മൂന്നാമത്തെ സിസേറിയനായതിനെക്കുറിച്ച് ഇവര്‍ ഇങ്ങനെ പേടിപ്പിക്കുന്നുണ്ടായിരുന്നു. സിസേറിയന്‍ രണ്ടേ പാടുള്ളൂ, എന്തുകൊണ്ട് നിര്‍ത്തിയില്ല എന്നൊക്കെ ചോദിച്ച്. മൂന്നാമത്തേത് ഭയങ്കര റിസ്‌ക് ആയിരിക്കും, ഒന്നുകില്‍ കുട്ടി അല്ലെങ്കില്‍ അമ്മ മാത്രമേ ബാക്കിയാവൂ, ബ്ലീഡിങ് ഉണ്ടാവും എന്നൊക്കെ എന്നോട് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. 

അതുകൊണ്ട് തന്നെ വേദന തോന്നിയപ്പോള്‍ എനിക്കു പറയാന്‍ പേടിയായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജൊക്കെ അവരുടെ ഔദാര്യത്തിനു നമ്മള്‍ പോകുന്നതുപോലെയുള്ള പെരുമാറ്റമാണ്. സക്കാത്തിനു വീട്ടിലേക്കു കയറിച്ചെല്ലുന്ന മനോഭാവമാണ് കാണിക്കുന്നത്. 

ഹർഷിന മകനൊപ്പം/ ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്
ഹർഷിന മകനൊപ്പം/ ഫോട്ടോ: ഇ ​ഗോകുൽ/ എക്സ്പ്രസ്

എന്നിട്ടും സഹിക്കാന്‍ പറ്റാത്തതുകൊണ്ട് ഞാന്‍ വേദനയുടെ കാര്യം പറഞ്ഞു. അപ്പോള്‍ പറഞ്ഞത് മൂന്നാമത്തെ സിസേറിയന്‍ ആയതുകൊണ്ടാണ് എന്നാണ്. അഞ്ചു ദിവസം അവിടെ കിടന്നു. അമിതമായ ബ്ലീഡിങും ഉണ്ടായിരുന്നു. അഞ്ചാം ദിവസം ഡിസ്ചാര്‍ജായി വീട്ടില്‍ പോയി. വീട്ടിലെത്തിയപ്പോഴൊക്കെ അനങ്ങാന്‍ കഴിയാത്ത വേദനയായിരുന്നു. മൂന്നാമത്തെ സിസേറിയന്‍ കൊണ്ടുള്ള വേദനയായിരിക്കും എന്നു നമ്മളും അങ്ങ് ഉറപ്പിക്കുകയാണ്. ഇത്രയും സ്റ്റിച്ചും അതിനിടയില്‍ പന്ത്രണ്ട് സെന്റിമീറ്ററുള്ള ഈ ഒരു സാധനവും കിടക്കുമ്പോള്‍ എത്രത്തോളം വേദനയുണ്ടാകും എന്ന് ആലോചിച്ചു നോക്കൂ. 

പ്രസവം കഴിഞ്ഞു രണ്ട് മാസം ആയപ്പോഴേക്കും ബ്ലീഡിങ്ങും എല്ലാം കൂടെ ആയി ബാര്‍ത്തോളിന്‍ ഗ്ലാന്റിന് ഇന്‍ഫെക്ഷന്‍ വന്നു. അങ്ങനെ കൊടുവള്ളി ആശുപത്രിയില്‍ ചികിത്സ തേടി. അതുകഴിഞ്ഞ് 10 ദിവസം റെസ്റ്റെടുത്തു. ഭര്‍ത്താവിന് കൊല്ലത്തായിരുന്നു ജോലി. പിന്നീട് ഭര്‍ത്താവിനൊപ്പം കൊല്ലത്തേക്കു മടങ്ങി. കൊല്ലത്തെത്തി കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും വീണ്ടും ഇന്‍ഫെക്ഷന്‍ വന്നു. രക്ഷയില്ലാതെ വന്നപ്പോള്‍ കൊല്ലത്തെ ഹോസ്പിറ്റലില്‍ കാണിച്ചു. ലോക്കല്‍ അനസ്‌തേഷ്യ തന്നിട്ടാണ് അവിടെനിന്ന് ഇന്‍ഫെക്ഷന്‍ നീക്കിയത്. വീട്ടിലെത്തി രണ്ട് മൂന്നു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും ഇന്‍ഫെക്ഷന്‍ വന്നു. മൂന്നാം തവണയും വന്നപ്പോള്‍ ഗ്ലാന്റ് നീക്കം ചെയ്യാനാണ് ഡോക്ടര്‍ പറഞ്ഞത്. അങ്ങനെ അതു റിമൂവ് ചെയ്തു. 

അതിനുശേഷം പിന്നീട് വേദനയും ക്ഷീണവും വയ്യായ്കയും ഒക്കെയായി ആശുപത്രിയില്‍ പോക്കും ഡോക്ടറെ കാണലും മരുന്നുകഴിക്കലും തന്നെയായി ജീവിതം. മനസ്സും തളര്‍ന്നുപോയി. എന്താണ് രോഗം എന്നു മനസ്സിലാകുന്നില്ലല്ലോ. പ്രത്യക്ഷത്തില്‍ ഒരു രോഗവും ഇല്ലല്ലോ. എന്റെ ടെന്‍ഷന്‍ കൊണ്ടാണ് എന്നൊക്കെയാണ് പറഞ്ഞത്. ആയിടയ്ക്ക് കൈക്ക് വേദന വന്നു. ശരീരം മൊത്തം ക്ഷീണിക്കുകയും വേദനയും ആണല്ലോ. അതുകൊണ്ട് ആ വേദന വന്നപ്പോള്‍ കാന്‍സര്‍ ടെസ്റ്റ് വരെ ചെയ്തു നോക്കി. അങ്ങനെ എത്ര ഹോസ്പിറ്റല്‍ കയറിയിറങ്ങി എത്ര ഡോക്ടറെ കണ്ടു എന്നു പറയാന്‍ കഴിയില്ല. അപ്പോഴൊക്കെ ഹസ്ബന്റിന്റെ ജോലിയും നിന്നുപോകുകയല്ലേ. ചെറിയ മൂന്നു കുട്ടികളും. ഒരു മാസത്തോളം ഒരു ചേച്ചിയെ പണിക്കു നിര്‍ത്തി വീട്ടില്‍. പിന്നെ ഒരു രക്ഷയുമില്ലാതായപ്പോള്‍ നാട്ടിലേക്കുതന്നെ മടങ്ങി. 

കെകെ രമയുടെ ഐക്യദാർഢ്യം
കെകെ രമയുടെ ഐക്യദാർഢ്യം

ഇവിടെ എത്തിയപ്പോഴേക്കും വേദന കൂടി. കത്രികയുടെ പൊസിഷന്‍ ബ്ലാഡറിലേക്കു കുത്തിനില്‍ക്കുന്ന അവസ്ഥയായിരുന്നു. കഠിനമായ വേദനയായിരുന്നു. മൂത്രം ഒഴിക്കുമ്പോഴൊക്കെ ഭയങ്കര വേദന. നോമ്പ് സമയമായിരുന്നു. ആ സമയത്ത് ചിലര്‍ക്കൊക്കെ യൂറിനറി ഇന്‍ഫെക്ഷനൊക്കെ വരാറുണ്ട്. അങ്ങനെ ഞാന്‍ സഹിച്ചുനിന്നു, നോമ്പ് കഴിയുന്നത് വരെ. കുറെ നോമ്പൊന്നും എടുക്കാതെയും ഇരുന്നു. വേദന മാറാതെ വന്നപ്പോള്‍ രണ്ട് മൂന്ന് ആശുപത്രികളില്‍ മാറി മാറി കാണിച്ചു. ഇന്‍ഫെക്ഷനുള്ള ആന്റിബയോട്ടിക്കുകള്‍ ആണ് തരുന്നത്. കുറച്ചു ദിവസം മാറും പിന്നെയും വരും, ഇതുതന്നെ തുടര്‍ന്നു. കല്ലിനൊക്കെ ഉരസുന്നതുപോലെ സഹിക്കാന്‍ പറ്റാത്ത വേദനയാണ്. നാലാമത്തെ ഡോക്ടറെ കണ്ട് കാര്യം പറഞ്ഞപ്പോള്‍ ഇനി വരുമ്പോ സ്‌കാന്‍ ചെയ്തു വരാന്‍ പറഞ്ഞു. സ്‌കൂള്‍ തുറന്ന സമയം ആയതുകൊണ്ട് കൃത്യസമയത്ത് സ്‌കാന്‍ ചെയ്ത് ഡോക്ടറെ കാണാനും പറ്റിയില്ല. അതിനിടയിലും ആയുര്‍വേദ മരുന്നുകളും മറ്റും കഴിക്കുന്നുണ്ടായിരുന്നു. ആന്റിബയോട്ടിക്കുകള്‍ കഴിച്ചു കഴിച്ച് ക്ഷീണിച്ചു വീഴുന്ന അവസ്ഥയായിരുന്നു. 

വേദനയ്ക്ക് ഒരു പരിഹാരവും കാണാത്തതുകൊണ്ട് വീണ്ടും കോഴിക്കോട് നിര്‍മ്മല ഹോസ്പിറ്റലില്‍ കാണിച്ചു. യൂറിനറി ഇന്‍ഫെക്ഷന്‍ നല്ലവണ്ണം ഉണ്ടായിരുന്നു. രണ്ടാഴ്ചത്തേക്ക് ആന്റിബയോട്ടിക്കുകള്‍ തന്നു. പക്ഷേ, വേദന സഹിക്കാന്‍ പറ്റാതെ നാലാമത്തെ ദിവസം ഞാന്‍ പിന്നെയും ചെന്നു. മൂത്രം ഒഴിച്ചു കഴിഞ്ഞു നിവര്‍ന്നുനില്‍ക്കുമ്പോള്‍ അറിയാതെ കരഞ്ഞുപോകുന്ന അവസ്ഥ. അഡ്മിറ്റാവാന്‍ പറഞ്ഞു. രാവിലേയും വൈകിട്ടും ഇന്‍ജക്ഷന്‍ ഉണ്ടാവും എന്നു പറഞ്ഞു. പക്ഷേ, ഈ ചെറിയ കുട്ടികളേയും വെച്ച് അഡ്മിറ്റാവാന്‍ പറ്റാത്തതുകൊണ്ട് വീടിനടുത്തുള്ള ക്ലിനിക്കില്‍ രാവിലേയും വൈകിട്ടും പോയി ഇന്‍ജക്ഷന്‍ എടുക്കുകയാണ് ചെയ്തത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുറച്ച് ആശ്വാസം തോന്നി. പക്ഷേ, കുറച്ചുദിവസം കഴിഞ്ഞപ്പോഴേക്കും പനിയും കഠിനമായ വേദനയും ക്ഷീണവും പിന്നെയും വന്നു. അങ്ങനെ ഒരുതരത്തിലും മുന്നോട്ടുപോകില്ല എന്നു തോന്നിയപ്പോള്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ എത്തി. അവിടെ വെച്ച് സ്‌കാന്‍ ചെയ്തു. ആദ്യത്തെ സ്‌കാനില്‍ മനസ്സിലായത് സ്റ്റോണ്‍ ആണെന്നാണ്. 

അവിടെ യൂറോളജിസ്റ്റിനെ കണ്ടു. അപ്പോഴൊക്കെ സഹിക്കാന്‍ കഴിയാത്ത വേദനയാണ്. ഡോക്ടര്‍ ഒന്നു തൊട്ടപ്പോള്‍ തന്നെ സഹിക്കാന്‍ പറ്റാതെ കരഞ്ഞുപോയി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു; സ്റ്റോണ്‍ ഉണ്ട് പക്ഷേ, അതിന് ഇങ്ങനെ വേദന വരാന്‍ സാധ്യതയില്ല. ഈ വേദന വേറെന്തോ ആണ് എന്ന്. സി.ടി സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. സ്‌കാന്‍ ചെയ്യാന്‍ കിടത്തിയപ്പോള്‍ എന്നോട് ചോദിച്ചു, ഡ്രസില്‍ എവിടെയെങ്കിലും പിന്‍ എന്തെങ്കിലും ഉണ്ടോ എന്ന്. അങ്ങനെ ഡ്രസ് മാറ്റി അവിടെനിന്നു തന്ന ഡ്രസ് ഇട്ട് ചെയ്തു. അപ്പോള്‍ തന്നെ എനിക്കു സംശയം തോന്നിയിരുന്നു, പിന്‍പോലെ എന്തോ കുടുങ്ങിയിട്ടുണ്ട് എന്ന്. 

ഡോക്ടറെ കണ്ടപ്പോള്‍, മുന്‍പ് ചെയ്ത ശസ്ത്രക്രിയയെക്കുറിച്ചൊക്കെ ചോദിച്ചു. അതൊക്കെ പറഞ്ഞപ്പോള്‍ ആ ഡോക്ടറാണ് പറഞ്ഞത് വയറ്റില്‍ മെറ്റല്‍ ഉപകരണം പെട്ടിട്ടുണ്ട് എന്ന്. ഓപ്പറേഷന്‍ വേണ്ടിവരും. കുറഞ്ഞ ദിവസംകൊണ്ട് അത് എടുത്തുകളയണം എന്നും പറഞ്ഞു. സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലെത്തിയിരുന്നു അപ്പോഴേക്കും. സ്വകാര്യ ആശുപത്രിയില്‍ ചെയ്യാനുള്ള ഒരു അവസ്ഥ ആയിരുന്നില്ല അപ്പോള്‍. അങ്ങനെ വീണ്ടും മെഡിക്കല്‍ കോളേജില്‍ തന്നെയെത്തി. അവിടുന്നാണ് ഇതു പറ്റിയത് എന്നതും ഉറപ്പാണല്ലോ. 2022 സെപ്തംബര്‍ 14-നു രാവിലെ എട്ടു മണിയാവുമ്പോള്‍ വന്ന എന്നെ നാലു മണിയാവുമ്പോഴാണ് അഡ്മിറ്റ് ചെയ്യുന്നത്. 17-ന് ഓപ്പറേഷന്‍ ചെയ്ത് കത്രിക പുറത്തെടുത്തു. ബോധം തെളിഞ്ഞപ്പോള്‍ കഠിനമായ വേദനയായിരുന്നു. മൂന്നു ദിവസത്തോളം അങ്ങനെയായിരുന്നു. മരിച്ചുപോകുന്ന വേദന. പിന്നീട് വേദന കുറഞ്ഞുവന്നു. പതിനൊന്ന് ദിവസം അവിടെ കിടന്നു. 

ശോഭാ സുരേന്ദ്രൻ ഹർഷീനയെ സന്ദർശിച്ചപ്പോൾ
ശോഭാ സുരേന്ദ്രൻ ഹർഷീനയെ സന്ദർശിച്ചപ്പോൾ

മുപ്പത് വയസ്സിനുള്ളില്‍ ഞാന്‍ അനുഭവിച്ച വേദന. ആത്മഹത്യ ചെയ്താലോ എന്നുവരെ ഞാന്‍ ചിന്തിച്ചിരുന്നു. അത്രയ്ക്കു ഞാന്‍ തളര്‍ന്നുപോയിരുന്നു. കുട്ടികളെ നോക്കാന്‍പോലും പറ്റാത്ത അവസ്ഥ. ഡോക്ടറും എന്നോട് ചോദിച്ചത് ഈ അഞ്ചു വര്‍ഷത്തോളം ഇതും വെച്ച് എങ്ങനെയാണ് കഴിഞ്ഞത് എന്നാണ്. പതിനൊന്നാം ദിവസം ഡിസ്ചാര്‍ജ് ചെയ്തു ഞാന്‍ പരാതി കൊടുത്തു. അത്രമാത്രം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അത്രയും അശ്രദ്ധമായി ഇനിയൊരാളേയും കൈകാര്യം ചെയ്യരുത് എന്നത് കൊണ്ടുകൂടിയാണ് പരാതി കൊടുക്കാന്‍ തീരുമാനിച്ചത്. 

മെഡിക്കല്‍ കോളേജിനു കൊടുത്ത പരാതിയില്‍ അവര്‍ ആഭ്യന്തര അന്വേഷണം നടത്തി. ആ അന്വേഷണത്തിന് എന്നോട് ഇവിടെ ഹാജരാകാന്‍ വേണ്ടി വിളിപ്പിച്ചു. ഇത്രയും വലിയ ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന എന്നെയാണ് വിളിപ്പിക്കുന്നത്. ഇവിടുന്ന് ഒന്നര മണിക്കൂറിലധികം യാത്രയുണ്ട് വീട്ടിലേക്ക്. എണീറ്റു നിക്കാന്‍പോലും കഴിയാത്ത അവസ്ഥയില്‍ ഞാനെങ്ങനെ ഇവര്‍ക്കു മുന്നില്‍ ഹാജരാകും. ഞാന്‍ എന്റെ അവസ്ഥ പറഞ്ഞു. മറ്റെന്തെങ്കിലും വഴി ഉണ്ടാക്കണം എന്നു പറഞ്ഞു. അവര്‍ പിന്നെ വിളിച്ചതും ഇല്ല വന്നതും ഇല്ല. അവര്‍ സ്വന്തം നിലയ്ക്ക് റിപ്പോര്‍ട്ട് കൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ല കത്രിക എന്നായിരുന്നു റിപ്പോര്‍ട്ട്. 

പിന്നീട് വിദഗ്ദ്ധസംഘം വന്നു. ആ റിപ്പോര്‍ട്ടും അവ്യക്തമായിരുന്നു. ഡിസംബറില്‍ വേദന വന്നു പിന്നെയും ഇവിടെ വന്ന് അഡ്മിറ്റായി. ആരോഗ്യമന്ത്രിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതു വാര്‍ത്തയായതോടെ മന്ത്രി തിരിച്ചുവിളിച്ചു. ഞാന്‍ എന്റെ കാര്യങ്ങളെല്ലാം പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹാരം കാണാം എന്നാണ് പറഞ്ഞത്. പിന്നെ ഒന്നും നടന്നില്ല. ഫെബ്രുവരി വരെ കാത്തിരുന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. അങ്ങനെ 2023 ഫെബ്രുവരി 27-നു സമരം തുടങ്ങി. ആറാം ദിവസം ഇവിടെ ഒരു ഉദ്ഘാടനത്തിനു വന്ന മന്ത്രി സമരപന്തലില്‍ വന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ റൂമില്‍ അരമണിക്കൂറോളം കാര്യങ്ങളെല്ലാം വിശദമായി സംസാരിച്ചു. മൂന്നു ശസ്ത്രക്രിയ നടത്തിയതും സര്‍ക്കാര്‍ ആശുപത്രികളിലാണ്. അതുകൊണ്ട് ഹര്‍ഷീനയ്ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട് ഉടന്‍ പരിഹാരം ഉണ്ടാവും എന്ന് മന്ത്രി വീണാജോര്‍ജ് പറഞ്ഞു. 15 ദിവസത്തെ ഉറപ്പ് പറഞ്ഞപ്പോള്‍ സമരം നിര്‍ത്തി. 

ഒരു മാസം കഴിഞ്ഞിട്ടും പിന്നീട് അനക്കമില്ല, വിളിച്ചുനോക്കുമ്പോള്‍ ഫയല്‍ നീങ്ങുന്നുണ്ട് എന്ന മറുപടി മാത്രം. പിന്നെയും ഞാന്‍ സമരം ഇരിക്കും എന്നു പറഞ്ഞപ്പോള്‍, അടുത്ത മന്ത്രി സഭായോഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു രണ്ട് ലക്ഷം രൂപ അനുവദിച്ചു. എന്റെ കാര്യങ്ങളും എന്റെ ആവശ്യങ്ങളും ഞാന്‍ അറിയിച്ചതാണ്. മെഡിക്കല്‍ നെഗ്ലിജന്‍സാണ് നടന്നത്. അതു ചെയ്ത ആളുകള്‍ക്കെതിരെ നടപടിയുണ്ടാകണ്ടേ? എന്റെ ഇത്രയും വര്‍ഷത്തെ വേദനയും ആശുപത്രിവാസവും ചികിത്സയും സാമ്പത്തിക ബാധ്യതയും ആലോചിച്ചു നോക്കൂ. അതുകൊണ്ടുതന്നെ ഔദാര്യംപോലെ അനുവദിച്ച ആ പൈസ എനിക്കു വേണ്ട എന്നു ഞാന്‍ പറഞ്ഞു. എനിക്ക് രണ്ട് ലക്ഷത്തിനു വിലയില്ലാഞ്ഞിട്ടല്ല, പക്ഷേ, എന്റെ നഷ്ടത്തിന് അതു പരിഹാരമാവില്ല. പക്ഷേ, പിന്നീട് യാതൊരു മറുപടിയും ഇല്ല. അങ്ങനെ പിന്നെയും മെയ് 22-നു സമരം തുടങ്ങി. 

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അതിലും അന്വേഷണം നടക്കുന്നു എന്നു പറയുന്നതല്ലാതെ ഇതുവരെ ഒന്നുമായില്ല. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉണ്ടാവണം. പിഴവ് ആര്‍ക്കും വരാം. ആരോഗ്യമേഖലയിലെ പിഴവില്‍ മനുഷ്യന്റെ ജീവനാണ് മറുവശത്ത്. അതില്‍ അത്രയും ശ്രദ്ധ വേണം. അഥവാ പറ്റിപ്പോയെങ്കില്‍ അതു സമ്മതിച്ചു പരിഹാരം കാണാനുള്ള ബാധ്യത ഇല്ലേ. ഞാന്‍ സാധാരണ ഒരു വീട്ടമ്മയായി ജീവിച്ച ഒരാളാണ്. പുറത്തുനിന്നു കാണുന്നതല്ലാതെ സമരം എന്താണെന്നുപോലും മനസ്സിലാക്കാത്തയാളായിരുന്നു. ആ ഞാനാണ് ഇപ്പോള്‍ ഇവിടെ ഇരിക്കുന്നത്. മൂന്നു കുട്ടികളുടെ അമ്മയാണ് ഞാന്‍. സമരം കാരണം അവരുടെ പഠിപ്പും മുടങ്ങി. അവരെ സ്‌കൂളിലേക്ക് അയക്കാനും പറ്റുന്നില്ല. 

എന്റെ ശാരീരിക വേദനകള്‍ ആളുകള്‍ക്കു മനസ്സിലാവുന്നുണ്ടാകും. അതിന്റെ നൂറിരട്ടി മാനസിക വേദന ഞാന്‍ അനുഭവിക്കുന്നുണ്ട്. സാമ്പത്തികമായുണ്ടായ നഷ്ടങ്ങള്‍ വേറെ. എന്റെ വേദനകള്‍ക്കൊന്നും എത്ര തന്നാലും പരിഹാരമാവില്ല എന്നെനിക്കറിയാം. പക്ഷേ, ഞാന്‍ എനിക്കുവേണ്ടി മാത്രമല്ല ഇവിടെ ഇരിക്കുന്നത്. ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാവരുത്. മെഡിക്കല്‍ കോളേജില്‍ ഉള്ളവര്‍ ചെയ്യുന്നത് ശമ്പളം വാങ്ങിയുള്ള ജോലി തന്നെയല്ലേ. അത് അവര്‍ കൃത്യമായി ചെയ്താല്‍ മതി. സേവനം ഒന്നുമല്ല ഇത്. ഇവിടെയത്തുന്നവരെ പുച്ഛത്തോടെ കാണുന്ന രീതി എന്തിനാണ്. ജനങ്ങളുടെ നികുതിപ്പണം തന്നെയല്ലേ അവര്‍ക്കു ശമ്പളമായി നല്‍കുന്നത്. ഈ സമരം തുടങ്ങിയ ശേഷം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. അവര്‍ ഇതൊരു രാഷ്ട്രീയ സമരമായി എടുക്കാനാണ് നോക്കുന്നത്. ഒരിക്കലും ഇതൊരു രാഷ്ട്രീയ സമരമല്ല. മനുഷ്യത്വമുള്ള എല്ലാവരും ഇതിന്റെ കൂടെയുണ്ട്. ഞാന്‍ വേദനിച്ചതാണ്. അതിന് എനിക്കു നീതി കിട്ടണം. അതു കിട്ടിയാലേ ഞാന്‍ ഇവിടെനിന്നു പോകൂ.''

സമരത്തിനിടയില്‍തന്നെ കുഴഞ്ഞുവീണ ഹര്‍ഷീന ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കഠിനമായ വേദനകളും ശാരീരിക ബുദ്ധിമുട്ടുകളും സഹിച്ചാണ് അവരിപ്പോഴും സമരമിരിക്കുന്നത്. അനീതിക്കിരയാകുന്ന സാധാരണ മനുഷ്യരുടെ സമരങ്ങളെല്ലാം 'സര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍' എന്ന ഒറ്റവ്യാഖ്യാനത്തില്‍ എടുക്കുന്ന സവിശേഷ സാഹചര്യത്തില്‍ ഹര്‍ഷീനയുടെ സമരവും അധികൃതര്‍ കാണുന്നത് അങ്ങനെയാണ്.

ഈ റിപ്പോർട്ട് കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com