നീതി നടപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾ അതിനു തയ്യാറാകാതിരിക്കുമ്പോൾ കോടതികൾപോലും നിസ്സഹായരായിപ്പോകുന്നു;
എവിടെയോ അല്ല, നമ്മുടെ കൺമുന്നിലും കയ്യെത്തും ദൂരത്തും തന്നെയാണ്.
നീതിയുടേയും നിയമത്തിന്റേയും മനുഷ്യത്വത്തിന്റേയും പക്ഷത്തു നിന്നുകൊണ്ട് പൊതുപണം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തോടെ ഇടപെട്ടുകൊണ്ടേയിരിക്കുന്ന ചിലരെങ്കിലുമാണ് പ്രതീക്ഷ. അവർ വീണുപോകാതിരിക്കാനുള്ള ശക്തി നൽകാൻകൂടിയാണ് മലബാർ സിമന്റ്‌സ് അഴിമതിക്കേസുകളെക്കുറിച്ച് വീണ്ടും എഴുതുന്നത്. 2001-2006 കാലത്തെ എ.കെ. ആന്റണി സർക്കാരിന്റെ കാലത്ത് നടന്നതും സി.എ.ജി ഓഡിറ്റിൽ കണ്ടെത്തിയതുമായ 400 കോടിയുടെ അഴിമതി, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു തുടങ്ങിയ കേസ് അട്ടിമറിക്കൽ ശ്രമങ്ങൾ, ഇപ്പോഴും എങ്ങുമെത്താത്ത 12 കേസുകൾ. അവയിൽ മൂന്നെണ്ണത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പക്ഷേ, പലവിധ തടസ്സങ്ങളിൽ കുരുക്കി കേസുകൾ വിചാരണയിലേക്ക് എത്താതെ നോക്കുകയാണ് പ്രതികളും അവർക്കു വേണ്ടപ്പെട്ടവരും. പ്രതികൾ ഉന്നതരായതുകൊണ്ട് വേണ്ടപ്പെട്ടവരും ഉന്നതർ. ഏറ്റവുമൊടുവിൽ, നാലു മാസത്തിനുള്ളിൽ തൃശൂർ വിജിലൻസ് കോടതിയിൽ വിചാരണ പൂർത്തിയാക്കി കേസ് തീർപ്പാക്കാൻ ഇക്കഴിഞ്ഞ സെപ്റ്റംബർ 10-നു നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. നീതി നടപ്പാകണമെങ്കിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ഈ കേസുകളുടെ മർമം അറിഞ്ഞ ആളായിരിക്കണം. അങ്ങനെയൊരാൾ വരാതിരിക്കാൻ പ്രതികൾ ശ്രമിക്കുന്ന വിചിത്ര സ്ഥിതി. തുടക്കം മുതൽ ഈ കേസുകളിൽ വിജിലൻസിനു നിയമോപദേശം നൽകിയ, നീതിബോധമുള്ള മുതിർന്ന അഭിഭാഷകനെ സാമൂഹിക പ്രവർത്തകരും അഴിമതിക്കെതിരെ നിയമപോരാട്ടം നടത്തുന്നവരും നിർദേശിക്കുന്നു.
മലബാർ സിമന്റ്‌സ് കമ്പനി സെക്രട്ടറിയും ഇന്റേണൽ ഓഡിറ്ററുമായിരുന്ന വി. ശശീന്ദ്രന്റേയും രണ്ട് മക്കളുടേയും കൊലപാതകത്തിൽ വരെ എത്തിയ അഴിമതിക്കേസുകളിൽ മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി ഉൾപ്പെടെ 17 പ്രതികൾ. കേസുകളിലെല്ലാം ഒരുപോലെ സാന്നിധ്യമുള്ള ഒരാളുണ്ട്. വി.എം. രാധാകൃഷ്ണൻ എന്ന ചാക്ക് രാധാകൃഷ്ണൻ. വി. ശശീന്ദ്രനേയും മക്കളേയും കൊന്ന കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത അതേ രാധാകൃഷ്ണൻ. സി.ബി.ഐ കേസിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമവും അഴിമതിക്കേസുകളിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമവും അയാൾ ഒരുവശത്ത് തുടരുന്നു. കോടതികൾ ശക്തമായി അത് ചെറുത്തു തോല്‍പ്പിച്ചുകൊണ്ടുമിരിക്കുന്നു. ജോൺ മത്തായി ഉൾപ്പെടെയുള്ളവരെ രക്ഷിക്കാൻ ഐ.എ.എസ്സുകാരടക്കം വലിക്കാവുന്ന ചരടുകളെല്ലാം വലിച്ചു, ഇപ്പോഴും അതാവർത്തിക്കുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പറ്റിയ തെറ്റ് രണ്ട് എൽ.ഡി.എഫ് സർക്കാരുകളിലെ മുഖ്യമന്ത്രി പിണറായി വിജയനും പറ്റി. ഉന്നത ഉദ്യോഗസ്ഥ ലോബിയുടെ ചരടിനപ്പുറം ഉമ്മൻ ചാണ്ടിയുടെ മാത്രമല്ല, പിണറായിയുടേയും നീതിബോധം നീണ്ടില്ല. അതാണ് ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാലു മാസത്തിനുള്ളിൽ വിജിലൻസ് കോടതി വിചാരണ ചെയ്തു തീർക്കണം എന്ന ഹൈക്കോടതി വിധി വന്നിട്ട് ഒരു മാസം കഴിഞ്ഞു. വിജിലൻസ് കോടതിയിലെ ഇപ്പോഴത്തെ അഭിഭാഷകൻ വളരെ ജൂനിയറാണ്. ഈ കേസുകളിൽ വിജിലൻസിന്റെ നിയമോപദേശകനായിരുന്ന അഡ്വക്കേറ്റ് ഒ. ശശി പിന്നീട് സ്ഥാനക്കയറ്റം കിട്ടി കോഴിക്കോട്ടേയ്ക്കു മാറിപ്പോയി. അതിൽ പക്ഷേ, പ്രതികൾക്കുവേണ്ടിയുള്ള ചില ശ്രമങ്ങളും നടന്നു. അദ്ദേഹത്തെത്തന്നെ തിരിച്ചുകൊണ്ടുവരണം എന്ന് ഈ കേസുകളിലെ നിയമയുദ്ധത്തിന്റെ ഭാഗമായ സാമൂഹിക പ്രവർത്തകർ സർക്കാരിനോട് ആവശ്യപ്പെട്ടു കാത്തിരിക്കുകയാണ്. 2021 ജൂൺ 12-നാണ് വിജിലൻസിന്റെ നിയമോപദേശക സ്ഥാനത്തുനിന്ന് ഒ. ശശിയെ മാറ്റിയത്. പാലക്കാട് വിജിലൻസ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് മലബാർ സിമന്റ്‌സുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങളിൽ പ്രോസിക്യൂട്ടറുടെ ഉപദേശം ലഭിക്കാൻ കോഴിക്കോട്ടേക്കു യാത്ര ചെയ്യേണ്ടിവരുന്നത് അസൗകര്യമാണ് എന്നു പറഞ്ഞായിരുന്നു മാറ്റം.
തട്ടിപ്പിനു വഴികൾ പലത്
സിമന്റ് ഉല്പാദനത്തിന്റെ അസംസ്‌കൃത വസ്തുവായ ഫ്ലൈ ആഷിന് മാർക്കറ്റ് വിലയെക്കാൾ കൂടിയ നിരക്കു കാണിച്ചും കടത്തുകൂലി കൂട്ടിക്കാണിച്ചും വൻ നഷ്ടം വരുത്തിയത് ഉൾപ്പെടെയാണ് കേസുകൾ. വിജിലൻസ് കോടതിയിൽ നടക്കുന്ന കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ സിമന്റ്‌സ് എക്സ് ഒഫിഷ്യോ ചെയർമാൻ കൂടിയായിരുന്ന ജോൺ മത്തായിയും മറ്റൊരു പ്രതിയും പൊതുമേഖലാ സ്ഥാപന പുനഃസംഘടനാ സമിതി മുൻ ചെയർമാനുമായ എൻ. കൃഷ്ണകുമാറും നൽകിയ ഹർജി തള്ളി ജസ്റ്റിസ് എ. ബദറുദ്ദീൻ പുറപ്പെടുവിച്ച വിധിയിലാണ് നാലുമാസത്തെ സമയപരിധി നിർദേശിച്ചത്. മൂന്നാം പ്രതിയാണ് എ.ആർ.കെ വുഡ്‌സ് ആന്റ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡിയും എസ്.ആർ.വി ട്രാൻസ്‌പോർട്‌സ് ഉടമയുമായ വി.എം. രാധാകൃഷ്ണൻ ( ചാക്ക് രാധാകൃഷ്ണൻ).
2004-2006 കാലത്ത് തമിഴ്‌നാട്ടിൽനിന്ന് കൂടിയ വിലയ്ക്ക് ചുണ്ണാമ്പുകല്ല് വാങ്ങിയതിൽ 25,61,394 രൂപ മലബാർ സിമന്റ്‌സിനു നഷ്ടം വരുത്തിയതാണ് വിചാരണ നേരിടേണ്ട മറ്റൊരു കേസ്. തൂത്തുക്കുടി താപനിലയത്തിൽനിന്ന് വാളയാറിലെ മലബാർ സിമന്റ്‌സിലേക്കും ആലപ്പുഴ ചേർത്തലയിലെ സബ് യൂണിറ്റിലേക്കും ഫ്ലൈ ആഷ് കൊണ്ടുവരാൻ ടെൻഡർ വിളിക്കാതെ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള എസ്.ആർ.വി ട്രാൻസ്‌പോർട്ടുമായി മലബാർ സിമന്റ്‌സ് എം.ഡി 2004-ൽ ദീർഘകാല കരാർ ഉണ്ടാക്കി. ഇതിൽ അഴിമതിയുണ്ട് എന്നാണ് സി.എ.ജി കണ്ടെത്തിയതും കേസായതും.
16,10,88,434 രൂപ ഇതിലൂടെ രാധാകൃഷ്ണന്റെ കമ്പനിക്ക് നിയമവിരുദ്ധമായി കിട്ടി എന്ന് വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തി. തൂത്തുക്കുടിയിൽനിന്ന് ഫ്ലൈ ആഷ് കൊണ്ടുവരുന്നു എന്നാണ് കരാറിൽ. വാളയാറിൽനിന്ന് തൂത്തുക്കുടിയിലേക്ക് ദൂരം 366 കിലോമീറ്ററാണ്. എന്നാൽ, 169 കിലോമീറ്റർ മാത്രം ദൂരമുള്ള മേട്ടൂർ താപനിലയത്തിൽനിന്നാണ് ഫ്ലൈ ആഷ് എത്തിച്ചിരുന്നത്. ആ ഇനത്തിൽ 6,28,029 രൂപയും നഷ്ടമുണ്ടായി. ചാക്ക് രാധാകൃഷ്ണന് അഴിമതി വഴി കിട്ടിയത് 16.17 കോടി രൂപ; പൊതുമേഖലാ സ്ഥാപനത്തിന്റേയും അതുവഴി പൊതു ഖജനാവിന്റേയും നഷ്ടം.
അഴിമതി നിരോധനനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾക്കു പുറമേ വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, അഴിമതി നടത്തിയവരെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ കുറ്റങ്ങളും പ്രതികൾക്കെതിരേയുണ്ട്. നിയമവിരുദ്ധമായി കരാറുകാരന് പൊതുപണം കിട്ടാൻ ഇടയാക്കിയ ഇടപാടുകളുടെ ഭാഗമായ എല്ലാവരും കുറ്റക്കാരാണ് എന്നാണ് കുറ്റപത്രം.
“ഹൈക്കോടതി നിർദേശിച്ച നാലു മാസംകൊണ്ട് കേസ് തീർക്കണമെങ്കിൽ ഈ കേസുകളിൽ നല്ല ധാരണയുള്ള വക്കീൽ വേണം. ബാക്കി മൂന്നു കേസുകളിൽ വിചാരണ തുടങ്ങുന്നതിന് വിജിലൻസ് കോടതിക്ക് തടസ്സമില്ല. കാരണം, ആ കേസുകളിൽ ആരും ഇടപെട്ടിട്ടില്ല. പ്രതികൾ കൊടുത്ത വിടുതൽ ഹർജിയും പുനഃപരിശോധനാ ഹർജിയുമൊക്കെ തള്ളിക്കളഞ്ഞിട്ടുണ്ട്. അവർ വിചാരണ നേരിടുകയേ നിവൃത്തിയുള്ളൂ”, പ്രമുഖ സാമൂഹിക പ്രവർത്തകൻ ജോയി കൈതാരത്ത് പറയുന്നു. വി. ശശീന്ദ്രനേയും മക്കളേയും ഇല്ലാതാക്കാൻ ഇടയാക്കിയ കേസുകളാണ് വിചാരണ തുടങ്ങാൻ നിർദേശിച്ചിരിക്കുന്നവ എന്ന പ്രത്യേകതയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “ശശീന്ദ്രൻ ഈ കേസുകളിലാണ് സാക്ഷിയായിരുന്നത്. ശശീന്ദ്രനെ കൊലപ്പെടുത്തുന്നതുതന്നെ ഈ കേസുകളിലെ തെളിവുകൾ നശിപ്പിക്കുന്നതിനായിരുന്നു; തെളിവ് നശിപ്പിക്കാൻ അവർ ചെയ്ത പല കാര്യങ്ങളിൽ ഏറ്റവും ക്രൂരം. ശശീന്ദ്രന്റെ ഭാര്യ ടീനയെ വരെ പിന്നീട് ഇല്ലാതാക്കി.”
ചരിത്രവും വർത്തമാനവും
2010-ലാണ് മലബാർ സിമന്റ്‌സിലെ അഴിമതിക്കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിക്കുന്നത്. കൂടിയായിരുന്ന ജോൺ മത്തായിക്കും എൻ. കൃഷ്ണകുമാറിനും വി.എം. രാധാകൃഷ്ണനും പുറമേ ടി. പത്മനാഭൻ നായർ, മുൻ എം.ഡി എസ്.എസ്. മണി, മുൻ ജനറൽ മാനേജർ കെ. മുരളീധരൻ നായർ, ലീഗൽ ഓഫീസർ അഡ്വക്കേറ്റ് പ്രകാശ് ജോസഫ്, എ.ആർ.കെ വുഡ്‌സ് ആന്റ് മെറ്റൽസ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. വടിവേലു, മുൻ എം.ഡി എം. സുന്ദര മൂർത്തി എന്നിവരാണ് വിവിധ കേസുകളിലെ പ്രതികൾ. മൂന്ന് അഴിമതിക്കേസുകളിലെ കുറ്റപത്രം സമർപ്പിച്ചപ്പോൾ വിജിലൻസ് അതിലെ മുഖ്യസാക്ഷിയായി ചേർത്തത് കമ്പനി സെക്രട്ടറിയും ഇന്റേണൽ ഓഡിറ്ററുമായ വി. ശശീന്ദ്രനെ ആയിരുന്നു. അഴിമതി നടക്കുന്നുവെന്നും ഇത്തരം കരാറുകളിൽ ഏർപ്പെടരുതെന്നും കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗത്തിൽ ശശീന്ദ്രൻ ഉപദേശം നൽകിയിരുന്നു. 2011 ജനുവരി നാലിനാണ് ശശീന്ദ്രനേയും രണ്ടു മക്കളേയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്; 14 വർഷം മുന്‍പ്. പിന്നീടിതു മൂന്നു സർക്കാരുകളുടെ കാലം. ഇതിനിടയിൽ ഒരു ദിവസംപോലും ഈ അഴിമതിക്കേസുകളിലെ പ്രതികൾ കേസ് നടക്കുന്ന തൃശൂർ വിജിലൻസ് കോടതിയിലെ കൂട്ടിൽ കയറിനിൽക്കാൻ ഇട വരുത്തിയിട്ടില്ല സർക്കാർ സംവിധാനങ്ങൾ. കേസെടുത്ത് അറസ്റ്റു ചെയ്യുകയും അവർ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തപ്പോൾ വി.എസ്. അച്യുതാനന്ദൻ സർക്കാർ ആയിരുന്നു ഭരണത്തിൽ. അതിനു ശേഷം മാസത്തിൽ ഒന്ന് എന്ന നിലയ്ക്കെങ്കിലും വിചാരണ നടപടികളുടെ ഭാഗമായി കേസ് കോടതിയിൽ എത്തി. പ്രതികൾ അവധി വാങ്ങുകയോ സ്വാധീനം ഉപയോഗിച്ചു മറ്റു വിധത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയോ ചെയ്തു. അതിനു സഹായകരമായ നടപടികൾ ആദ്യം സ്വീകരിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. ആറാം പ്രതി ജോൺ മത്തായി ഉൾപ്പെടെ മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചു. ഏഴും എട്ടും പ്രതികളായ എൻ. കൃഷ്ണകുമാർ, ടി. പത്മനാഭൻ നായർ എന്നിവരായിരുന്നു മുന്‍പു കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്തതും നിയമവിരുദ്ധവുമായ ആ ആനുകൂല്യത്തിനു പരിഗണിക്കപ്പെട്ട മറ്റുള്ളവർ.
കേസുകൾ അട്ടിമറിക്കാൻ ശ്രമിച്ചതിനെതിരെ തൃശൂർ വിജിലൻസ് കോടതിയിലുള്ള കേസിൽ പാലക്കാട് വിജിലൻസ് ഡി.വൈ.എസ്.പി എസ്. ഷംസുദ്ദീൻ, ജോൺ മത്തായി, മുരളീധരൻ നായർ, എൻ. കൃഷ്ണകുമാർ എന്നിവരാണ് രണ്ടു മുതൽ അഞ്ചു വരെ പ്രതികൾ. ഇതിലെ മൂന്നും നാലും അഞ്ചും പ്രതികൾ തന്നെ പ്രതിസ്ഥാനത്തുള്ള സി സി 32/2010, സി സി 2/2011, സി സി 22/ 2011 കേസുകളിലാണ് പ്രതികൾക്കെതിരായ നിയമനടപടികൾ പിൻവലിക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവിട്ടത്.
എന്നാൽ, 2012 മാർച്ച് 26-ന് ആ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുടർനടപടികൾ പാടില്ല എന്ന് ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 2016-ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയ ആദ്യനാളുകളിൽത്തന്നെ ഉമ്മൻ ചാണ്ടിയുടെ ഉത്തരവ് റദ്ദു ചെയ്യണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം കിട്ടിയിരുന്നു. എന്നാൽ, സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കേസിൽനിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് വിജിലൻസ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ വിചാരണക്കോടതിയായ വിജിലൻസ് കോടതി തീരുമാനമെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതിനുശേഷം വിജിലൻസ് കോടതിയിൽ കേസ് വന്നു. കേസിൽ ഇടപെട്ടുകൊണ്ടിരുന്ന അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണകേന്ദ്രം എന്ന സംഘടന, തങ്ങളെക്കൂടി കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കേസിൽ പരാതിക്കാർ പോലുമല്ലാത്തവരെ കക്ഷി ചേർക്കാൻ കഴിയില്ല എന്നു ചൂണ്ടിക്കാട്ടി കോടതി ആ ആവശ്യം തള്ളി. എന്നാൽ, പാമോയിൽ കേസിലും ഇടമലയാർ കേസിലും കക്ഷി ചേരാൻ വി.എസ്. അച്യുതാനന്ദനെ അനുവദിച്ച സുപ്രീംകോടതി വിധി ഈ കേസിലും ബാധകമാക്കണം എന്ന വാദം പിന്നീട് കോടതി അംഗീകരിച്ചു. പൊതുതാല്പര്യം സംരക്ഷിക്കുന്നതിനു സർക്കാർ ഇടപെടുന്നില്ലെങ്കിൽ പൗരന് ഇടപെടാൻ അവകാശമുണ്ട് എന്നായിരുന്നു വി.എസ്സിന്റെ ഹർജിയിലെ വിധി. അത് അംഗീകരിച്ച് വിജിലൻസ് കോടതി അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരത്തിനെ കക്ഷി ചേരാൻ അനുവദിക്കുകയായിരുന്നു.
ഒ. ശശി ആയിരുന്നു ഈ കേസുകളിൽ സർക്കാരിന്റെ അഭിഭാഷകൻ. അദ്ദേഹത്തിന്റെ നിയമനം കോഴിക്കോട് വിജിലൻസ് കോടതിയിലാണ്. 2016-ൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം അന്നത്തെ വിജിലൻസ് ഡയറക്ടറാണ് ഒ. ശശിയെ ഈ കേസുകളിലെ ഉപദേശകനായി നിയമിച്ച് ഉത്തരവിട്ടത്. കേസുകൾ കൃത്യമായിത്തന്നെ അദ്ദേഹം നടത്തുകയും ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിചാരണക്കോടതിയിൽ കേസ് നടന്നുകൊണ്ടിരുന്ന ഘട്ടത്തിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടാനുള്ള എല്ലാ ഇടപെടലുകളും നടത്തി. അതോടെ, പ്രതികൾ ശിക്ഷിക്കപ്പെടും എന്ന ശക്തമായ പ്രതീതിയും ഉണ്ടായി. അതിനിടയിലാണ് കേസ് അട്ടിമറിക്കാനുള്ള അതിശക്തമായ ഉന്നതതല ഇടപെടൽ ഉണ്ടായത്.
ജോൺ മത്തായി 2021 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മുഖ്യമന്ത്രി അതു വിജിലൻസിനു കൈമാറി. മുഖ്യമന്ത്രിയുടെ നിർദേശമില്ലാതെ തന്നെ തുടരന്വേഷണത്തിനു തീരുമാനമെടുക്കുകയാണ് വിജിലൻസ് ചെയ്തത്. കുറ്റപത്രം വായിക്കാൻ വച്ചിരുന്ന കേസിൽ പത്തു വർഷത്തിനുശേഷം തുടരന്വേഷണത്തിന് പാലക്കാട് ഡി.വൈ.എസ്.പി കോടതിയിൽ ഹർജി നൽകിയത് പ്രതികളെ വെറുതെവിടുന്നതിനു മാത്രമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് എസ്. ഷംസുദ്ദീനെ രണ്ടാം പ്രതിയാക്കിയത്. അഴിമതിക്കേസിലെ പ്രതികൾപോലും അപ്പീൽ പോകാത്ത കേസിലാണ് കെ.ഡി. ബാബു സ്വന്തം പദവി ദുരുപയോഗം ചെയ്ത് കേസ് റദ്ദാക്കാൻ നിർദേശം നൽകിയത്. “മുഖ്യമന്ത്രിക്ക് കിട്ടുന്ന പരാതി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിക്കു കൈമാറുന്നത് സ്വാഭാവികം. പക്ഷേ, ഇത് മലബാർ സിമന്റ്‌സ് കേസാണ് എന്ന് മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. വേണമെങ്കിൽ അത് അപ്പോൾത്തന്നെ തള്ളിക്കളയാം; കേസ് നിലനിൽക്കുന്ന കോടതിയിൽ പറയൂ എന്നു പറയാം. അതു പറയാൻ അദ്ദേഹത്തിനു കഴിയുന്നവിധമുള്ള വിവരങ്ങൾ ഹൈക്കോടതി ഉത്തരവിലുണ്ട്. അല്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ച് റിപ്പോർട്ട് തരാൻ ആവശ്യപ്പെട്ട് നിയമ സെക്രട്ടറിക്കു കൊടുക്കാം. അതല്ലെങ്കിൽ ചീഫ് സെക്രട്ടറിയിൽനിന്നോ അഡ്വക്കേറ്റ് ജനറലിൽനിന്നോ ഉപദേശം വാങ്ങാമായിരുന്നു. അതിനുപകരം ആഭ്യന്തരവകുപ്പിൽ അത് ചുറ്റിത്തിരിയാൻ വിട്ടു. മുഖ്യമന്ത്രി അങ്ങനെ ചെയ്തു എന്നതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പേരിൽ ഐ.എ.എസ് ലോബി കാര്യമായി ഇടപെട്ടു കേസ് വൈകിപ്പിക്കുന്നു. വീണ്ടും ഞങ്ങൾ ഹൈക്കോടതിയിൽ പോയി. കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടപ്പോഴാണ് വിചാരണ നേരിടാൻ കർക്കശ നിർദേശം നൽകിയതും വിജിലൻസ് കോടതിക്ക് നാലു മാസത്തെ സമയപരിധി നൽകിയതും”, അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണകേന്ദ്രത്തിന്റെ നിരീക്ഷണം. ഇത്തവണ അഴിമതിക്കേസിൽ ഇവർ സുപ്രീംകോടതിയിൽ അപ്പീൽ പോകാതിരിക്കാൻ സംഘടന കേവിയറ്റ് ഹർജി ഫയൽ ചെയ്യുകയും ചെയ്തു.
ഇനി ഉണ്ടാകേണ്ടത് മുതിർന്ന നിയമോപദേശകന്റെ നിയമനമാണ്. കേസ് സർക്കാരിന്റേതാണ്, കേസ് ജയിക്കാനുള്ള ഉത്തരവാദിത്വവും സർക്കാരിനാണ് ഉണ്ടാകേണ്ടത്. കേസ് തോറ്റാൽ അതിന്റെ സാമൂഹിക പ്രത്യാഘാതം ചെറുതായിരിക്കില്ല എന്നു ചൂണ്ടിക്കാട്ടിയാണ് ഒ. ശശിയെത്തന്നെ വീണ്ടും കൊണ്ടുവരാനുള്ള ആവശ്യം ഉയരുന്നത്. ഈ ആവശ്യം സർക്കാരിന്റെ മുന്നിലാണ്. ഒ. ശശി തന്നെ വേണമെന്ന വാദം സർക്കാർ അംഗീകരിക്കുമോ ഇല്ലയോ എന്നത് അതിപ്രധാനമാണ്.
അഴിമതിക്കേസിനപ്പുറം, അഴിമതിക്കു കൂട്ടുനിൽക്കാതിരുന്നതിന് സ്വന്തം കുടുംബത്തിനൊപ്പം ജീവൻ വെടിയേണ്ടിവന്ന വി. ശശീന്ദ്രൻ കൊലക്കേസിന്റെ ഭാവിയെക്കൂടി സ്വാധീനിക്കുന്നതാണ് ഈ കേസിന്റെ നാളെകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates