ശ്രീധരന്‍ ചമ്പാട് 
Malayalam Vaarika

കൂടാരങ്ങളിലമര്‍ന്ന നെടുവീര്‍പ്പുകള്‍

തമ്പ് പറഞ്ഞ ജീവിതം അഥവാ ശ്രീധരന്‍ ചമ്പാട്

മുസാഫിര്‍

ലയാളത്തില്‍ ഫീച്ചര്‍ ജേണലിസത്തിന്റെ വസന്തദീപ്തമായ ഒരു കാലമായിരുന്നു എണ്‍പതുകളുടെ ആദ്യപാതി. എസ്. ജയചന്ദ്രന്‍ നായര്‍, എന്‍.ആര്‍.എസ് ബാബു എന്നീ 'സാഹിത്യ പത്രാധിപ' പ്രതിഭകളുടെ തലോടലേറ്റ് പുഷ്‌കലമായ ആ കാലഘട്ടത്തിന്റെ സംഭാവനകളിലൊരാളാണ് ഇക്കഴിഞ്ഞ ദിവസം (ജൂണ്‍ 14) വിട പറഞ്ഞ ശ്രീധരന്‍ ചമ്പാട്.

രവീന്ദ്രന്‍, മുരളി, കള്ളിക്കാട് രാമചന്ദ്രന്‍, എന്‍.ടി ബാലചന്ദ്രന്‍, വിജു വി. നായര്‍, പി. ഫസിലുദ്ദീന്‍, ടി.വി കൊച്ചുബാവ, എം.എ റഹ്മാന്‍ തുടങ്ങിയവരുടെ ചേതോഹരമായ ഫീച്ചറുകള്‍ക്കൊപ്പം തിളങ്ങി നിന്നതായിരുന്നു ശ്രീധരന്‍ ചമ്പാടിന്റെ സര്‍ക്കസ് കഥകളും. സര്‍ക്കസിനു പുറത്തൊരു ജീവിതം ഏറെക്കുറെ അദ്ദേഹത്തിന് അന്യമായിരുന്നുവെങ്കിലും നാടകം, സിനിമ എന്നിവയുടെ പരിണാമദശകളെക്കുറിച്ചും പലപ്പോഴായി നിരവധി ലേഖനങ്ങളെഴുതിയ കാലഘട്ടം കൂടിയായിരുന്നു ശ്രീധരന്‍ ചമ്പാടിനെ സംബന്ധിച്ചേടത്തോളം എണ്‍പതുകള്‍.

കൂടാരങ്ങളിലെ കഠിനവും ക്ലിഷ്ടവുമായ ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടിയ അദ്ദേഹത്തിന്റെ ഫീച്ചറുകളത്രയും എല്ലാ അര്‍ഥത്തിലും അക്കാലത്തെ വായനക്കാരുടെ ഉള്ളുലച്ചു. സര്‍ക്കസിന്റേയും ക്രിക്കറ്റിന്റേയും നാടായ തലശ്ശേരിയില്‍ നിന്നുള്ള ശ്രീധരന്‍ ചമ്പാട്, ആറു വര്‍ഷം കലാകൗമുദിയുടെ കൗമുദി ന്യൂസ് സര്‍വീസില്‍ പ്രവര്‍ത്തിച്ചു. റിംഗില്‍ വീണുടഞ്ഞ മോഹങ്ങളെയും കിനാവുകളേയും അദ്ദേഹം തന്റെ ബൈലൈനിലും അല്ലാതെയും മലയാളികളുടെ മനസ്സിലേക്ക് വളയങ്ങളില്ലാതെ ചാടിച്ച വൈകാരികതയുടെ നോവിക്കുന്ന തീക്ഷ്ണാനുഭവങ്ങളാക്കി മാറ്റി. ആ അനുഭവങ്ങള്‍ ഉദ്വേഗത്തോടെ വായിച്ചറിഞ്ഞവരാകട്ടെ, പേര്‍ത്തും പേര്‍ത്തും സ്വന്തം മനസ്സുകളുടെ കൂടാരങ്ങളില്‍ അവയെ കുറച്ചുകാലത്തേക്കെങ്കിലും പ്രതിഷ്ഠിക്കുകയും ചെയ്തു.

കൂടാരങ്ങളിലെ കഠിനവും ക്ലിഷ്ടവുമായ ജീവിതങ്ങളുടെ നേര്‍ചിത്രങ്ങള്‍ വരച്ചുകാട്ടിയ അദ്ദേഹത്തിന്റെ ഫീച്ചറുകളത്രയും എല്ലാ അര്‍ഥത്തിലും അക്കാലത്തെ വായനക്കാരുടെ ഉള്ളുലച്ചു. സര്‍ക്കസിന്റേയും ക്രിക്കറ്റിന്റേയും നാടായ തലശ്ശേരിയില്‍ നിന്നുള്ള ശ്രീധരന്‍ ചമ്പാട്, ആറു വര്‍ഷം കലാകൗമുദിയുടെ കൗമുദി ന്യൂസ് സര്‍വീസില്‍ പ്രവര്‍ത്തിച്ചു. റിംഗില്‍ വീണുടഞ്ഞ മോഹങ്ങളെയും കിനാവുകളേയും അദ്ദേഹം തന്റെ ബൈലൈനിലും അല്ലാതെയും മലയാളികളുടെ മനസ്സിലേക്ക് വളയങ്ങളില്ലാതെ ചാടിച്ച വൈകാരികതയുടെ നോവിക്കുന്ന തീക്ഷ്ണാനുഭവങ്ങളാക്കി മാറ്റി. ആ അനുഭവങ്ങള്‍ ഉദ്വേഗത്തോടെ വായിച്ചറിഞ്ഞവരാകട്ടെ, പേര്‍ത്തും പേര്‍ത്തും സ്വന്തം മനസ്സുകളുടെ കൂടാരങ്ങളില്‍ അവയെ കുറച്ചുകാലത്തേക്കെങ്കിലും പ്രതിഷ്ഠിക്കുകയും ചെയ്തു.

'പടയണി' എന്ന പേരില്‍ തലശ്ശേരിയില്‍ നിന്നിറങ്ങിയ സായാഹ്നപത്രത്തിന്റെ സഹപ്രസിദ്ധീകരണമായിട്ടാണെന്നു തോന്നുന്നു, സാഹിത്യ പ്രധാനമായ ഒരു വാരികയായി പടയണി ആരംഭിക്കുകയും ശ്രീധരന്‍ ചമ്പാട് അതിന്റെ എഡിറ്ററാവുകയും ചെയ്ത കാലത്താണ് ഞങ്ങള്‍ നേരിട്ട് പരിചയപ്പെടുന്നതും ആ പരിചയം ഏറെക്കാലം നീണ്ട നിതാന്തസൗഹൃദത്തിലേക്ക് വഴിമാറുകയും ചെയ്യുന്നത്. ഗള്‍ഫ് അവധിക്കാലങ്ങളില്‍ പലപ്പോഴും തലശ്ശേരി പടയണി ഓഫീസില്‍ ഞാന്‍ പോയി ശ്രീധരേട്ടന്റെ കൊല്‍ക്കത്താ കഥകള്‍ക്ക് കാതോര്‍ത്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം ഗള്‍ഫ് വിശേഷങ്ങള്‍ അയച്ചുകൊടുക്കുകയും പടയണി അവയെല്ലാം പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. പടയണിയുടെ പല പഴയ ലക്കങ്ങളും എന്റെ ഫയലിലുണ്ട്.

ശ്രീധരന്‍ ചമ്പാടെഴുതിയ ഇരുപത് പുസ്തകങ്ങളില്‍ പത്തെണ്ണവും സര്‍ക്കസ് കൂടാരങ്ങളിലെ തിളയ്ക്കുന്ന ജീവിതമായിരുന്നു. സര്‍ക്കസ് പ്രമേയമാക്കി ഒരു പക്ഷേ ഇത്രധികമെഴുതിയ മറ്റൊരാള്‍ മലയാളത്തില്‍ വേറെയുണ്ടാവില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വന്തം ജീവിതം കൊണ്ട് ട്രപ്പീസ് കളിക്കുന്ന സര്‍ക്കസ് കലാകാര•ാരുടേയും കലാകാരികളുടേയും ഉള്ളില്‍ നിറഞ്ഞെരിഞ്ഞ അഗ്‌നിനാളങ്ങളാല്‍ തന്റെ രചനകളെ ദീപ്തമാക്കുമ്പോള്‍ ഈ എഴുത്തുകാരന്‍ അകലെ നിന്ന് അവ പകര്‍ത്തുകയായിരുന്നില്ല. സ്വയം ഒരു സര്‍ക്കസ് കലാകാരനായി, സര്‍ക്കസ് ജീവനക്കാരനായി ജീവിച്ച ദുരിതകാലം നേരിട്ട് ചിത്രീകരിക്കുകയായിരുന്നു. സ്വന്തം ചോരയില്‍ സ്വന്തം അസ്ഥി മുക്കിയെഴുതൂ എന്ന് ഉദ്ബോധിപ്പിച്ച പട്ടാളക്കഥകളുടെ പടനായകന്‍ കോവിലനെ ഇവിടെയോര്‍ക്കാം. ശ്രീധരന്‍ ചമ്പാട് തന്റെ കഥകളിലും നോവലുകളിലും മാത്രമല്ല, ലേഖനങ്ങളില്‍ പോലും ജീവിതം ആവിഷ്‌കരിച്ചത് സ്വന്തം രക്തരേഖ കൊണ്ട് തന്നെയായിരുന്നു. കാല്‍ നൂറ്റാണ്ട് കാലം അദ്ദേഹം വിവിധ സര്‍ക്കസ് കമ്പനികളില്‍ ജോലിയെടുത്തു. സര്‍ക്കസ് കലാകാര•ാരുടെ മാത്രമല്ല, സര്‍ക്കസ് നടത്തിപ്പുകാരുടേയും സര്‍ക്കസ് കാണാനെത്തുന്നവരുടേയുമെല്ലാം വൈവിധ്യം ഊഞ്ഞാലാടുന്ന ജീവിതം പകര്‍ത്തിയെഴുതി. 'തമ്പ് പറഞ്ഞ ജീവിതം' എന്ന ആത്മകഥയില്‍ ഈ അനുഭവങ്ങളോരോന്നും അദ്ദേഹം സത്യസന്ധമായി ഓര്‍ത്തെടുക്കുന്നുണ്ട്.

'റിംഗ് ' എന്ന കഥയിലെ പാര്‍വതി, 'അന്തര' ത്തിലെ കോമാളിയായ കുള്ളന്‍ കാശി, കോമാളി എന്ന കഥയിലെ ചാര്‍ളി, അരങ്ങേറ്റത്തിലെ വിജയാനന്ദ്, രതി (അന്യോനം തേടി നടന്നവര്‍) എന്നീ മിഴിവുള്ള കഥാപാത്രങ്ങളുടെ അറിയപ്പെടാത്ത ജീവിതനാടകങ്ങളത്രയും മലയാളി അറിഞ്ഞു തുടങ്ങിയത് ശ്രീധരന്‍ ചമ്പാടിന്റെ എഴുത്തിലൂടെയാണ്.

സര്‍ക്കസുകളുടെ തമ്പുരാന്‍ കീലേരി കുഞ്ഞിക്കണ്ണന്റെ ജീവിതകഥയെഴുതിയത് ശ്രീധരന്‍ ചമ്പാടാണ്. ജീവിച്ച എണ്‍പത്താറു വര്‍ഷവും - ജീവിതായോധനത്തിനായി പല പല ജോലികള്‍ ചെയ്യുമ്പോഴും പല പല വേഷങ്ങള്‍ അണിയുമ്പോഴും- സര്‍ഗോ•ാദത്തിന്റെ സഫലജ•-മായിരുന്നു അദ്ദേഹത്തിന് അനുഗ്രഹിച്ചുകിട്ടിയത്. 'ഇന്ത്യന്‍ സര്‍ക്കസിന്റെ ഉല്‍ഭവവും വളര്‍ച്ചയും, ആന്‍ ആല്‍ബം ഓഫ് ഇന്ത്യന്‍ ബിഗ് ടോപ്സ്: ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ സര്‍ക്കസ്' എന്ന ശ്രീധരന്‍ ചമ്പാടിന്റെ കൃതി ഇന്ത്യന്‍ സര്‍ക്കസ് കലയെക്കുറിച്ചുള്ള ഏറ്റവും ആധികാരിക ഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. 1880 മുതല്‍ 2010 വരെ നീണ്ടു നില്‍ക്കുന്ന നീണ്ട കാലത്തെ ഇന്ത്യന്‍ സര്‍ക്കസ് കലയുടെ ആരംഭവും വികാസവും അതിന്റെ ഇന്ത്യന്‍ അവസ്ഥാന്തരങ്ങളും വിശദമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. ഏറെ ക്ലേശങ്ങളനുഭവിച്ചാണ് ശ്രീധരന്‍ ചമ്പാട് 164 പേജുള്ള ഈ കൃതി രചിച്ചത്. റഷ്യന്‍ സര്‍ക്കസ് താരങ്ങളില്‍ നിന്നും സര്‍ക്കസ് നടത്തിപ്പുകാരില്‍ നിന്നും ഈ ആവശ്യത്തിനായി നിരവധി വിവരങ്ങള്‍ അദ്ദേഹം പണിപ്പെട്ട് ശേഖരിക്കുകയുണ്ടായി.

സ്‌കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ തൊട്ടേ സര്‍ക്കസിലേക്ക് താന്‍ ആകര്‍ഷിക്കപ്പെട്ടതും സര്‍ക്കസ് തന്റെ രക്തത്തില്‍ അലിഞ്ഞതുമെല്ലാം അതീവഹൃദ്യമായി ചിത്രീകരിക്കുന്നതാണ് ഇംഗ്ലീഷിലുള്ള ഈ പുസ്തകം. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സര്‍ക്കസ് കലാകാര•ാരുമായുള്ള കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ട് ഇതിലുണ്ട്. അമ്പത് വര്‍ഷത്തെ അക്ഷീണമായ അധ്വാനഫലമാണീ പുസ്തകം. ഇന്ത്യയില്‍ ക്രമേണ മരിച്ചു കൊണ്ടിരിക്കുന്ന കലയായാണ് സര്‍ക്കസിനെ വളരെ ഖേദപൂര്‍വം ശ്രീധരന്‍ ചമ്പാട് ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. ആ പ്രവചനം ഏറെക്കുറെ ശരിയാവുകയും ചെയ്തു.

ട്രപ്പീസ് കളിക്കാരനില്‍ നിന്ന് പത്രപ്രവര്‍ത്തകനായും കഥയെഴുത്തുകാരനായും തിരക്കഥാരചയിതാവായും നോവലിസ്റ്റായും സര്‍ക്കസ് ചരിത്രകാരനായുമൊക്കെയുള്ള തന്റെ ജീവിതത്തിന്റെ ഓരോ ദശാസന്ധിതളേയും പരിണാമഘട്ടങ്ങളേയും ഈ ഗ്രന്ഥത്തില്‍ വസ്തുനിഷ്ഠമായി വരച്ചുകാട്ടിയിട്ടുണ്ട്. ഗവേഷണബൂദ്ധിയോടെയാണ് ഈ പുസ്തകത്തിനായുള്ള മെറ്റീരിയലുകളത്രയും ശേഖരിച്ചതെന്ന് ശ്രീധരന്‍ ചമ്പാട്, തന്റെ സുഹൃത്ത് കൂടിയായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രനോട് പറയുന്നതായി വായിച്ചതോര്‍ക്കുന്നു.

പഠിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ പതിനെട്ടാം വയസ്സില്‍ തലശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടെത്തി അവിടെ നിന്ന് മദിരാശിയിലേക്ക് വണ്ടി കയറിയ ശ്രീധരന്‍ ജീവിതസമരത്തില്‍ പതറിയില്ല. ഏഴോ എട്ടോ ആഴ്ചകള്‍ക്ക് ശേഷം തമിഴകത്തോട് യാത്ര പറഞ്ഞ് കൊല്‍ക്കത്തയിലേക്ക് യാത്ര തിരിച്ചു. (പിന്നീട് വീണ്ടും ചമ്പാടിനെ ഇതേ ചെന്നൈ നഗരം ഏറ്റുവാങ്ങുന്നുണ്ട്).

ആള്‍ക്കൂട്ടം ഇരമ്പുന്ന ഹൗറാ റെയില്‍വെ സ്റ്റേഷനില്‍ അന്തം വിട്ട് പോയ ആ ബാലന്‍ ആത്മവിശ്വാസം തിരികെ പിടിച്ച് അക്കാലത്തെ പ്രസിദ്ധമായ ഗ്രേറ്റ് റെയ്മാന്‍ സര്‍ക്കസ് കമ്പനിയില്‍ ഗുമസ്തനായി ജോലിക്ക് ചേര്‍ന്നു. ഇന്ത്യന്‍ സര്‍ക്കസ് കലയുടെ പിതാക്കളിലൊരാളായ കീലേരി കു്ഞ്ഞിക്കണ്ണന്റെ ശിഷ്യന്‍ കല്ലന്‍ ഗോപാലന്‍ സ്ഥാപിച്ചതായിരുന്നു ഗ്രേറ്റ് റെയ്മാന്‍ സര്‍ക്കസ് കമ്പനി. 1956 ലാണിത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ സര്‍ക്കസ് കമ്പനിയിലെ ജോലിയാണ് ശ്രീധരന്‍ ചമ്പാടിന്റെ ഉള്ളിലെ കലാകാരനേയും ഒപ്പം എഴുത്തുകാരനേയും പുറത്ത് കൊണ്ടു വന്നത്. ഗ്രേറ്റ് റെയ്മാന്‍ സര്‍്ക്കസിന്റെ സാരഥികള്‍ക്ക് നന്ദി.

നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് പറിച്ചുനടുന്ന സര്‍ക്കസ് കൂടാരങ്ങളില്‍ ആയിരങ്ങളെ ചിരിപ്പിക്കുകയും ഉല്‍കണ്ഠയുടെ കുന്തമുനയില്‍ കുത്തനെ നിര്‍ത്തുകയും ചെയ്യുന്ന താരങ്ങളുടെ കണ്ണീര് വീണ് നനഞ്ഞ് കുതിരുന്ന ജീവിതം ശ്രീധരന്‍ ചമ്പാടിന്റെ യുവമനസ്സിനെ ആഴത്തില്‍ പൊള്ളിച്ചു. ക്ലാര്‍ക്കിന്റെ ജോലിക്കൊപ്പം ഊഞ്ഞാലാട്ടം അഭ്യസിച്ച ഇദ്ദേഹം വൈകാതെ ഇതേ സര്‍ക്കസിലെ ട്രപ്പീസ് കലാകാരനായും മാറി. തന്റെ ജീവിതം തന്നെ ഒരു ട്രപ്പീസായി മാറിയെന്ന് ശ്രീധരന്‍ എഴുതിയിട്ടുണ്ട്. ജെമിനി, ജംബോ സര്‍ക്കസുകളില്‍ പബ്ലിസിറ്റി മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വംഗദേശത്ത് നിന്ന് വണ്ടികയറി വീണ്ടും മദിരാശിയില്‍. അവിടെ നിന്ന് കോളേജ് ഓഫ് എന്‍ജിനീയറിങ് മദ്രാസില്‍നിന്ന് എന്‍ജിനിയറിങ് ഡിപ്ളോമ നേടി. അത് കൊണ്ട് ഗുണംകിട്ടി. മദ്രാസ് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനില്‍ (ടി.എന്‍.എസ്.ടി.സി) മെക്കാനിക്ക് ട്രെയിനിയായി ജോലി കിട്ടി. പിന്നീട് സ്ഥിരജോലിയായി. ജീവിതത്തിന് പെട്ടെന്നൊരു ട്വിസ്റ്റ് കൈവന്ന പോലെ.

ബംഗാള്‍ നഗരങ്ങളിലെ കൂടാരങ്ങളില്‍ തിളച്ചുമറിഞ്ഞ സര്‍ക്കസ് ജീവിതം, തമ്പുകളില്‍ വീണുടഞ്ഞ കദനകഥകള്‍, കൂട്ടിലടയ്ക്കപ്പെട്ട മൃഗങ്ങളുടെ മുരള്‍ച്ച, കോമാളികളായ കുള്ള•ാരുടെ കഷ്ടപ്പാട്, റിംഗ് മാസ്റ്റര്‍ ചുഴറ്റി വീശുന്ന ചാട്ടവാറുകളുടെ ഒച്ച, പട്ടുടയാടകളില്‍ തിളങ്ങുന്ന പളപളപ്പുള്ള യുവതികളുടെ പുറംമോടിക്ക് പിന്നിലെ സങ്കടങ്ങള്‍... ഇവയെല്ലാം ശ്രീധരന്റെ ഉറക്കം കെടുത്തി. അങ്ങനെയാണ് പയ്യെപ്പയ്യെ എഴുത്തിലേക്ക് തിരിഞ്ഞത്. സര്‍ക്കസ് പശ്ചാത്തലമാക്കിയെഴുതിയ 'റിംഗ് ബോയ് ' എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതൊരു പുതിയ കഥാകാരന്റെ പിറവിയായിരുന്നു.

തകഴിയുടെ ഭാര്യ കാത്ത, വി.പി മുഹമ്മദിന്റെ ഭാര്യ ആയിഷ, തകഴി ശിവശങ്കരപ്പിള്ള, വി.പി മുഹമ്മദ്, ്ശ്രീധരന്‍ ചമ്പാട് എന്നിവര്‍ വി.പിയുടെ വീട്ടില്‍ 1984-ലെ ഒരു ചിത്രം

തുടര്‍ന്ന് നിരന്തം എഴുതി. 'അന്യോന്യം തേടി നടന്നവര്‍' എന്ന ആദ്യത്തെ നോവലും മാതൃഭൂമി പ്രസിദ്ധീകരിച്ചു. പട്ടിണിമാറ്റാന്‍ സര്‍ക്കസ് കൂടാരത്തിലെത്തുന്ന രതി എന്ന പെണ്‍കുട്ടിയ്ക്ക് ഏല്‍ക്കേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ കഥയാണിത്. കുങ്കുമം ഗ്രൂപ്പിന്റെ 'കുമാരി ' വാരികയിലും ആയിടയ്ക്ക് മറ്റൊരു നോവല്‍ പ്രസിദ്ധീകൃതമായി- 'റിംഗ്'. അധികം വൈകാതെ ശ്രീധരന്‍ ചമ്പാടിന്റെ പേര് അഭ്രപാളികളില്‍ നിറഞ്ഞു തുടങ്ങി.

അരവിന്ദന്റെ പ്രസിദ്ധമായ 'തമ്പ് ' എന്ന സിനിമയുടേയും മമ്മൂട്ടി ആദ്യാവസാനം അഭിനയിച്ച ആദ്യസിനിമയായ 'മേള' എന്ന ചിത്രത്തിന്റേയും തിരക്കഥ ശ്രീധരന്‍ ചമ്പാടിന്റേതായിരുന്നു. രഘു കുള്ളനായ കോമാളിയും അഞ്ജലി നായികയായും അഭിനയിച്ച മേള മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വിജയകരമായ എന്‍ട്രി കൂടിയായിരുന്നു. ശ്രീധരന്‍ ചമ്പാടിന്റെ മരണമറിഞ്ഞ് മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ തന്റെ അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്യുകയുണ്ടായി.

കലാകൗമുദി, മാതൃഭൂമി, ദേശാഭിമാനി, കുങ്കുമം, വീക്ഷണം, മലയാളനാട് വാരികകളിലെല്ലാം എണ്‍പതുകളില്‍ ശ്രീധരന്‍ ചമ്പാട് നിരന്തരം കഥകളും ഫീച്ചറുകളുമെഴുതുമായിരുന്നു. അരഡസന്‍ നോവലുകളും ഒമ്പത് നോവലെറ്റുകളുമെഴുതി. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രവും ശ്രീധരന്റേതായുണ്ട്. പത്ത് വര്‍ഷം മുമ്പ് കേരള സാഹിത്യ അക്കാദമി, സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നല്‍കി ശ്രീധരന്‍ ചമ്പാടിനെ ആദരിച്ചു.

സര്‍ക്കസ് കലയെക്കുറിച്ച് ആധികാരികമായി എഴുതിയ, തലശ്ശേരിയുടെ ഈ കലയെ വിശ്വവ്യാപകമാക്കുന്നതില്‍ പങ്ക് വഹിച്ച ശ്രീധരന്‍ ചമ്പാടിന്റെ ഭൗതികദേഹം ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വള്ള്യായി ശ്മാശനം ഏറ്റുവാങ്ങി. എട്ടര പതിറ്റാണ്ടിന്റെ സര്‍ഗജീവിതത്തിന് അതോടെ അന്ത്യമായി. വെള്ളിയാഴ്ച രാത്രി 10 മണിക്ക് പത്തായക്കുന്നിലെ ശ്രീവത്സത്തിലായിരുന്നു അന്ത്യം. 1938 ല്‍ കണ്ണൂര്‍ ജില്ലയിലെ ചമ്പാട് ഗ്രാമത്തില്‍ വൈദ്യക്കാരന്‍ കുഞ്ഞിക്കണ്ണന്‍ - തത്ത നാരായണി ദമ്പതികളുടെ മകനായാണ് ശ്രീധരന്‍ ജനിച്ചത്. കുന്നുമ്മല്‍ ഹയര്‍ എലിമെന്ററി സ്‌കൂള്‍ ചമ്പാട്, ബോര്‍ഡ് ഹൈസ്‌കൂള്‍ കതിരൂര്‍, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

പടയണി ആഴ്ചപതിപ്പിന്റെ ചീഫ് എഡിറ്റര്‍, പടയണി സായാഹ്ന പത്രത്തിന്റെ ന്യൂസ് എഡിറ്റര്‍, ജഗന്നാഥ ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ള ശ്രീനാരായണ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ജനറല്‍ മാനേജരായും പ്രവര്‍ത്തിച്ചു.

അന്യോന്യം തേടി നടന്നവര്‍, കോമാളി റിങ്, അന്തരം, കൂടാരം (നോവലുകള്‍), അരങ്ങേറ്റം (നോവലെറ്റ്), തച്ചോളി ഒതേനന്‍, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ചയും ആരോമലും, ക്ലിന്റ് (ബാല സാഹിത്യങ്ങള്‍), ഉത്തര പര്‍വം, സര്‍ക്കസിന്റെ ലോകം (ലേഖന സമാഹാരങ്ങള്‍), സര്‍ക്കസ് കഥകള്‍, തമ്പ് പറഞ്ഞ ജീവിതം (ആത്മകഥ) എന്നിവയാണ് പ്രധാന കൃതികള്‍.

കുമ്മാട്ടി, ആരവം, അപൂര്‍വ സഹോദരങ്ങള്‍, ജോക്കര്‍, ഭൂമിമലയാളം തുടങ്ങിയ ചലച്ചിത്രങ്ങളുടെ നിര്‍മിതിയിലും പങ്കാളിയായി. 'തമ്പി' ലും 'ഭൂമിമലയാള' ത്തിലും ശ്രീധരന്‍ ചമ്പാട് അഭിനയിക്കുകയും ചെയ്തു. ഭാര്യ: വത്സല. മക്കള്‍: റോഷ്നി, റോഷന്‍, രോഹിത്, രോഹിന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT