ഇന്ത്യന്‍ കലയിലെ മാസ്റ്റേഴ്സിന്റെ ചിത്രങ്ങള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് പോലെയുള്ള സ്ഥാപനങ്ങളോ അവ സ്വന്തമാക്കിയിരിക്കുന്ന സ്വകാര്യ ഗാലറികളോ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതു കാണാനുള്ള അവസരം സാധാരണക്കാരനും ലഭ്യമാകുന്നു. വലിയ മാസ്റ്റേഴ്സിന്റെ ചിത്രങ്ങള്‍ വരേണ്യവിഭാഗത്തിനിടയില്‍ നിരന്തരം കൈമാറ്റം ചെയ്യപ്പെടുന്ന വിധമാണ് ഇന്ത്യയില്‍ ആര്‍ട്ട് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കലാവസ്തുക്കള്‍ കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും അതിലേയ്ക്ക് സാധാരണക്കാരനെക്കൂടി പങ്കാളിയാക്കാനുള്ള ഇന്‍ക്ലൂസിവ് സമീപനമാണ് ഇപ്പോള്‍ നടക്കുന്നത്. കലാവിപണിയെ ലക്ഷ്യമാക്കി ബന്ധപ്പെട്ട വിഭാഗങ്ങളായ ഗാലറി, ക്യൂറേറ്റര്‍, ലേലവിപണിയുടെ പ്രവര്‍ത്തകര്‍ എന്നിവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വര്‍ത്തമാനകാലത്തിലെപ്പോലെ ഈ വിഭാഗങ്ങള്‍ ഒരിക്കലും തിരക്കിലായിരുന്നിട്ടില്ല. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യവികസനവും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും (റൊട്ടി-കപ്പഡ-മകാന്‍) സാധ്യമായിരിക്കുന്നുവെന്നു കലാവിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ കരുതുന്നു. കലാവിപണി ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഇടത്തരക്കാരായ ഉപഭോക്താക്കളെയാണ്. ആഗോളതലത്തില്‍ 70 ബില്ല്യന്‍ ഡോളറുള്ള ആര്‍ട്ട് വിപണിയില്‍ ഇന്ത്യയുടെ പങ്ക് തുച്ഛമാണ്. 2013-നുശേഷം നടന്ന ലേലവിപണിയുടെ മൂല്യം പരിശോധിക്കുമ്പോള്‍ ഇന്ത്യ 265 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള വാര്‍ഷിക കണക്ക് പരിശോധിക്കുമ്പോള്‍ കലാവിപണി 60 ശതമാനം വളര്‍ച്ച നേടിയതായി മനസ്സിലാക്കാം. 1980-കളില്‍ ഇന്ത്യന്‍ കലാവിപണിയില്‍ ഏറ്റവും ഡിമാന്റുണ്ടായിരുന്നത് എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ക്കാണ്. എന്നാല്‍, മാസ്റ്റേഴ്സിനൊപ്പം കലാവിപണിയില്‍ പുതുമുഖങ്ങള്‍ക്കും അവസരം ലഭിക്കുന്നു എന്നതാണ് പുതിയകാലത്തെ കലാവിപണി. ഇന്ത്യന്‍ കല അതിന്റെ പൂര്‍ണ്ണസാമ്പത്തിക സാധ്യതകള്‍ നേടുന്നതിന് അത് അന്താരാഷ്ട്ര വിപണിയെക്കൂടി ലക്ഷ്യം വെച്ച് 'ബയര്‍ പൂള്‍' വിപുലമാക്കണമെന്ന് ഒരു വിഭാഗം എക്കണോമിസ്റ്റുകള്‍ കരുതുന്നു. ഇതിനെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ വാദം അതു സാംസ്‌കാരിക ഒത്തുതീര്‍പ്പുകള്‍ക്കു പ്രേരിപ്പിക്കും എന്നതാണ്. രാജ്യത്തെ 'കള്‍ച്ചറല്‍ കോമേഴ്‌സ്' വിപുലമാക്കുക എന്നതാണ് 'ഇന്ത്യ ആര്‍ട്ട് ഫെയര്‍' പോലെയുള്ള വമ്പന്‍ കലാവിപണികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ നാലുവരെ ഡല്‍ഹിയിലെ ഒഖ്ല എന്‍.എസ്.ഐ.സി എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ നടന്ന ഇന്ത്യ ആര്‍ട്ട് ഫെയറില്‍ അവസാനത്തെ രണ്ടു ദിവസങ്ങളില്‍ സാധാരണക്കാര്‍ക്ക് ടിക്കറ്റ് എടുത്തുകാണാനാകും വിധം പ്രവേശനം അനുവദിച്ചിരുന്നു. ഈ ദിവസങ്ങളിലെ വന്‍തിരക്ക് സാധാരണക്കാരും സംസ്‌കാരിക വ്യവഹാരത്തിന്റെ ഭാഗമാകുന്നതിനു ദിശാബോധം നല്‍കുന്നു.
മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യ ആര്‍ട്ട് ഫെയറിന്റെ ഭാഗമായിരുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ചില ഗാലറികള്‍ ഇക്കുറി പ്രദര്‍ശനത്തിന്റെ ഭാഗമായിരുന്നില്ല. എന്നാല്‍, വിദേശ ഗാലറികളുടെ വലിയതോതിലുള്ള പങ്കാളിത്തം (12) ഉണ്ടാകുകയും ചെയ്തു. ഇന്ത്യന്‍ പാരമ്പര്യത്തിന്റേയും ഇന്ത്യന്‍ ആധുനികതയുടേയും തീമാണ് പുതിയ ഇന്ത്യന്‍ കലയെ ലോകത്തിനു മുന്‍പില്‍ പരിവര്‍ത്തനം ചെയ്യുന്നത്. അതു ലോകത്തിനു മുന്‍പിലെത്തിക്കാന്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കൊമേഴ്സിനെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ ഇടപെടല്‍ ഇന്ത്യയിലെ ഗാലറി പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നുവെന്നു വ്യക്തമാക്കുന്നതാണ് 'ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍' നടന്ന 'ആര്‍ട്ട് ഓഫ് ഇന്ത്യ' എന്ന സമാന്തര പ്രദര്‍ശനത്തിലെ പ്രമുഖ ഇന്ത്യന്‍ ഗാലറികളുടെ പങ്കാളിത്തം.
സമകാലിക കലയുടെ ഇന്ത്യന്‍ മുഖം
പതിനഞ്ചു വര്‍ഷം മുന്‍പ് പ്രഗതി മൈതാനില്‍ നടന്ന 'ഇന്ത്യ ആര്‍ട്ട് സമ്മിറ്റ്' ആണ് ശരിയായ പേരു നേടി ഇന്ത്യ ആര്‍ട്ട് ഫെയര്‍ ആയത്. പ്രഗതിയിലെ തുറന്ന മൈതാനത്ത് അന്ന് എത്തുമ്പോള്‍ ചെറിയ പടക്കങ്ങളുമായി ചെറുപ്പക്കാരെ ചുമതലപ്പെടുത്തിയിരുന്നതു കാണാമായിരുന്നു. പ്രാവുകളെ ഓടിക്കുകയായിരുന്നു അവരുടെ ദൗത്യം. ഗാലറി ഉടമകളെ അന്നേറ്റവും ഭയപ്പെടുത്തിയിരുന്നത് പറന്നെത്തുന്ന പ്രാവുകള്‍ വിലയേറിയ പെയിന്റിംഗുകള്‍ക്കു മുകളില്‍ വരുത്താവുന്ന നഷ്ടത്തെക്കുറിച്ചുള്ള ആശങ്കയും എം.എഫ്. ഹുസൈന്റെ ചിത്രങ്ങള്‍ക്കെതിരെ വലതുപക്ഷം ഉയര്‍ത്തിയിരുന്ന പ്രതിഷേധവുമാണ്. ഒഖ്ലയിലെ ഡിസൈനര്‍ ടെന്റുകളില്‍ നടക്കുന്ന 'ഇന്ത്യ ആര്‍ട്ട് ഫെയര്‍' മാറുന്ന കാലത്തിനൊപ്പം പ്രായോഗികമായി സ്വയം പരിഷ്‌കരിച്ചുകൊണ്ടാണ് സമകാലിക കലയുടെ ഇന്ത്യന്‍ മുഖമായി മാറിയത്. ഹുസൈന്‍ ചിത്രങ്ങള്‍ എല്ലാ വര്‍ഷവും വലിയ പവലിയനില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു. ഉള്ളില്‍ കടക്കുന്ന സാധാരണക്കാരന് ഈ പ്രദര്‍ശനം നല്‍കുന്നത് വരേണ്യമായ സൗകര്യങ്ങളാണ്. മോഹവിലയ്ക്ക് കലാസൃഷ്ടികള്‍ വാങ്ങാന്‍ അവരും താല്പര്യപ്പെടുന്നു. അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 108 ഗാലറികളുടെ എക്‌സിബിഷന്‍ കാഴ്ചയുടെ മോഹാനുഭവം കണ്ടെത്തി അവയ്ക്കു മുന്‍പില്‍ കൂടുതല്‍ സമയം ചെലവിടാനും നിലവാരമില്ലാത്തവയെ അവഗണിച്ചു മുന്നോട്ടുപോകാനും പ്രേക്ഷകനെ നിര്‍ബ്ബന്ധിക്കുന്നു.
ഇന്ത്യയുടെ നാഗരികതയെ ആദരിക്കുന്നതാണ് കലാസൃഷ്ടികളുടെ ശരീരം. കലാവസ്തു വാങ്ങുന്നവരും ശേഖരിക്കുന്നവരും വില്‍പ്പനക്കാരും ലേലപ്പുരകകളുടെ പ്രതിനിധികളും ചേര്‍ന്നാണ് ആര്‍ട്ട് ഫെയറിലേയും സമാന്തര പ്രദര്‍ശനങ്ങളിലേയും സാംസ്‌കാരിക വ്യവഹാരം നിര്‍വ്വഹിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഒരു വിഭാഗം ആര്‍ട്ടിസ്റ്റുകള്‍ ഗാലറികളെ തിരസ്‌കരിക്കാന്‍ തീരുമാനിച്ചത് ഗാലറികള്‍ക്കു പുറത്തുള്ള പുതിയൊരു കലയുടെ വിശാലമായ ലോകം അവതരിപ്പിച്ചുകൊണ്ടാണ്. എര്‍ത്ത് ആര്‍ട്ട്, എന്‍വിറോണ്‍മെന്റല്‍ ആര്‍ട്ട്, കണ്‍സെപ്റ്റുവല്‍ ആര്‍ട്ട് ഇവയൊക്കെ അക്കാലത്തെ ഗാലറികള്‍ക്കു പുറത്തുമാത്രം സാധ്യമായ വിപുലമായ ബൗദ്ധിക ഇടപെടലുകളായിരുന്നു. വൈറ്റ് ക്യൂബി(ഗാലറി)ന്റെ വരേണ്യതയെ ചോദ്യം ചെയ്യുന്നു എന്ന പേരില്‍ സാമൂഹ്യപ്രതിബദ്ധതയുടെ പരിസരത്താണ് തങ്ങള്‍ എന്നു വെളിപ്പെടുത്താനായി കാല്പനീകമായി ഒരു വിഭാഗം ആര്‍ട്ടിസ്റ്റുകള്‍ ഗാലറി തിരസ്‌കരണം എന്ന ആശയം ഇക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. ആധുനികതയുടെ ഭാഗമായി ഗാലറിക്കു പുറത്ത് നിര്‍വ്വഹിച്ചിരുന്ന എല്ലാവിധ പരീക്ഷണാത്മകതയ്ക്കും ഗാലറികള്‍ അവസരം ഒരുക്കുന്നു എന്നതാണ് പുതിയകാലത്തെ ഗാലറികളുടെ രാഷ്ട്രീയം. വൈറ്റ് ക്യൂബ് എന്ന ഏകവര്‍ണ്ണാത്മകത തന്നെ ഇന്നു വിവിധതരം വര്‍ണ്ണം നല്‍കിയ ക്യൂബകളായി മാറി. അവിടെ ഇന്‍സ്റ്റല്ലേഷനും വീഡിയോ ആര്‍ട്ടും കണ്‍സെപ്റ്റുവല്‍ ആര്‍ട്ടും ആസ്വദിക്കാനാകുംവിധം ഗാലറി ലൈറ്റും വ്യത്യസ്തമാകുന്നതോടെ ആസ്വാദകനും ആര്‍ട്ടിസ്റ്റും തമ്മിലുള്ള ദൂരം കുറയുന്നു. കലാസൃഷ്ടിയുടെ ഭാഗമാകാന്‍ പ്രേക്ഷകനു കഴിയുന്നതിലൂടെ ഗാലറികള്‍ സാധാരണക്കാരനു പ്രാപ്യമാക്കുന്നതാണ് പുതിയകാലത്തിന്റെ സാംസ്‌കാരിക വ്യവസായം. ആര്‍ട്ട് ഫെയറുകള്‍ ആര്‍ട്ടിസ്റ്റുകളെ അവരുടെ വ്യവഹാരത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നില്ല, അവിടെ 'ബയ്യറും സെല്ലറും ആര്‍ട്ട് കളക്റ്ററും ലേലപ്പുരകളുടെ പ്രതിനിധികളും' മാത്രമാണ് സംസ്‌കാരത്തെ നിര്‍വ്വചിക്കുന്നത്. കലാനിരൂപകരെ ആശ്രയിച്ചുള്ള ആസ്വാദനത്തിന് അവസരം ലഭിക്കാത്തവിധം നാലു ദിവസം മാത്രമാണ് പ്രദര്‍ശനത്തിന്റെ ദൈര്‍ഘ്യം എന്നതും ആര്‍ട്ട് ഫെയറുകളുടെ രാഷ്ട്രീയമാണ്.
ശ്രദ്ധേയമായ കലാസൃഷ്ടികള്‍
''ചരിത്രം നിശ്ചലമാകുന്നത് ചിത്രങ്ങളായാണ്; കഥകളായിട്ടല്ല'' എന്ന വാള്‍ട്ടര്‍ ബെഞ്ചമിന്റെ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് ഇന്ത്യ ആര്‍ട്ട് ഫെയറിലെ ശ്രദ്ധേയമായ ചില കലാസൃഷ്ടികള്‍. ആഗോള കാര്‍പന്റേഴ്‌സ് വര്‍ക്ക്‌ഷോപ്പ് ഗാലറി 'കാള്‍ ലാഗര്‍ഫെല്‍ഡിന്റെ' രചനകള്‍ കോഫി ടേബിളുകളും മേശകളും സൗന്ദര്യാനുഭവമായി മാറ്റുന്ന കലാസൃഷ്ടികളാണ്. വിദേശത്തുനിന്നുള്ള കാര്‍പെന്റര്‍ ഡിസൈനര്‍ വിഭാഗം ഒരുക്കിയ ഫംഗ്ഷനല്‍ ആര്‍ട്ട് കലാവസ്തുക്കള്‍, നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകളെ സൗന്ദര്യാനുഭവമായി മാറ്റുന്നു. കലാപരമായ ആവിഷ്‌കാരങ്ങളും ഒരു
പ്രത്യേക സ്ഥലവുമായി എങ്ങനെ യോജിപ്പിക്കുന്നു അല്ലെങ്കില്‍ നമ്മുടെ സമയത്തിന്റെ അദ്വിതീയ നിമിഷങ്ങള്‍ എങ്ങനെ കലാപരമാക്കാം എന്ന അന്വേഷണവും ഇതിലുണ്ട്. മ്യൂസിയങ്ങളില്‍ രാജാക്കന്മാരുടെ സിംഹസനങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്കു മുന്‍പില്‍ ഗുഞ്ചന്‍ ഗുപ്ത പ്രദര്‍ശിപ്പിച്ചത് 'മുഡാവാല സിംഹാസന'മാണ്. ഇന്ത്യന്‍ തെരുവുകളില്‍ സൈക്കിളില്‍ ഊരുചുറ്റുന്ന കച്ചവടക്കാര്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ സ്റ്റൂളുകള്‍ ചേര്‍ത്തുവെച്ച് നിര്‍മ്മിച്ച സിംഹാസനം അധികാരത്തെ വ്യാഖ്യാനിക്കുന്നു. ലണ്ടനിലെ സെന്റ് മാര്‍ട്ടിന്‍സ് കോളേജ് ഓഫ് ആര്‍ട്ട് & ഡിസൈനില്‍നിന്നു ഫര്‍ണിച്ചര്‍ ഡിസൈനില്‍ പരിശീലനം നേടിയ ഗുപ്ത ഇന്ത്യയില്‍ കസേരയുടെ അധികാരത്തിന്റെ സൂചകമാണ് വ്യക്തമാക്കുന്നത്.
കോര്‍ത്തിണക്കാവുന്ന ചെറിയ ഇഷ്ടികകള്‍പോലുള്ള പ്ലാസ്റ്റിക് കഷണങ്ങള്‍ (ലെഗോ) ഉപയോഗിച്ച് ചൈനീസ് വിമതകലാകാരന്‍ ഐ വെയ് വെയ് നിര്‍മ്മിച്ച 'വാട്ടര്‍ ലില്ലീസ്' ഇമ്പ്രഷനിസ്റ്റ് കലാകാരന്‍ ക്ലോഡ് മോണെയുടെ പ്രശസ്തമായ മാസ്റ്റര്‍പീസിന്റെ പുതിയ വ്യാഖ്യാനമാണ്. ചൈനീസ് പാവകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വോമ ബ്ലോക്കുകള്‍ (ലെഗോ) ഉപയോഗിച്ച് 13 മീറ്റര്‍ നീളത്തില്‍ ചെയ്ത കലാസൃഷ്ടി ബെര്‍ലിന്‍ ആസ്ഥാനമായ 'നെയുഗെറീംഷ്നൈഡര്‍' എന്ന ഗാലറിയാണ് ഇന്ത്യയിലെത്തിച്ചത്. ചൈനീസ് ആധുനികതയുടെ ശില്പിയായ ഐ വെയ് വെയ് ആക്ടിവിസ്റ്റ് എന്ന നിലയില്‍, ജനാധിപത്യത്തേയും മനുഷ്യാവകാശങ്ങളേയും കുറിച്ചുള്ള ചൈനീസ് ഗവണ്‍മെന്റിന്റെ നിലപാടുകളെ പരസ്യമായി വിമര്‍ശിച്ചിട്ടുണ്ട്. കുറ്റാരോപണമോ വിചാരണയോ നേരിടാതെ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ജയിലില്‍ നെല്‍സണ്‍ മണ്ടേലയുടെ ക്രോണിക്കിളുകള്‍ പ്രമേയമാക്കി ജിതീഷ് കല്ലാട്ട് ഒരുക്കിയ ഇമ്മേഴ്‌സീവ് ഇന്‍സ്റ്റല്ലേഷനാണ് 'ആന്റുംബ്ര.' മുന്‍ സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ജീവിതനിമിഷങ്ങളുടേയും ജയില്‍വാസത്തിന്റേയും കലണ്ടറാണത്. മണ്ടേലയുടെ രക്തസമ്മര്‍ദ്ദത്തിന്റെ വീഡിയോ ജയിലില്‍ ശ്രദ്ധാപൂര്‍വ്വം വായിച്ച പുസ്തകങ്ങള്‍ ഇവയെല്ലാം ലിഖിതങ്ങളാക്കുന്ന നമ്മള്‍തന്നെ പങ്കാളിയായ ഭ്രമനിമിഷങ്ങളിലൂടെ കാഴ്ചയുടെ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
സാംസ്‌കാരിക വിപണി
ഇന്ത്യ ആര്‍ട്ട് ഫെയര്‍ 15-ാമത് എഡിഷന്‍ രാജ്യത്തെ പ്രമുഖ സാംസ്‌കാരിക പരിപാടികളില്‍ ഒന്നായി മാറിയെന്നു മാത്രമല്ല, ദൃശ്യാനുഭവങ്ങളിലൂടെ അഗാധമായ ആശയങ്ങള്‍ ഉണര്‍ത്താനുള്ള സമകാലിക കലയുടെ പങ്കിനെക്കൂടി വ്യക്തമാക്കുന്നു. ഇന്ത്യയില്‍നിന്നും ദക്ഷിണേഷ്യയില്‍ നിന്നുമുള്ള ആധുനികവും സമകാലികവുമായ കലകളുടെ വാര്‍ഷിക പ്രദര്‍ശനം ഇന്ത്യയുടെ ഇന്‍ക്ലൂസിവ് സംസ്‌കാരിക വിപണിയുടെ കരുത്തും ഉപയോഗപ്പെടുത്തുന്നു. സമൂഹത്തിന്റെ ആഗ്രഹങ്ങളും അഭിരുചികളും എങ്ങനെ രൂപപ്പെടുന്നു എന്നതില്‍നിന്നാണ് സാംസ്‌കാരിക
സാമ്പത്തികശാസ്ത്രം വികസിക്കുന്നത്. ഒരാള്‍ ഏതു തരത്തിലുള്ള അന്തരീക്ഷത്തിലാണ് വളര്‍ന്നത് എന്നത് അയാളുടെ ഭാവി ആഗ്രഹങ്ങളും അഭിരുചികളും രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നതിനൊപ്പം അതു സമൂഹം പരിപോഷിപ്പിക്കുന്ന മൂല്യങ്ങളില്‍ അധിഷ്ഠിതവുമാണ്. ഈ ആന്തരികവല്‍ക്കരണത്തെ ലക്ഷ്യംവച്ചാണ് സാംസ്‌കാരിക സാമ്പത്തികശാസ്ത്രത്തിന്റെ വിപണി ഇടപെടല്‍. ഒരു വ്യക്തി കടന്നുവന്ന പാതകളെ അടിസ്ഥാനമാക്കി, വ്യക്തികളെ തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുകയും വാങ്ങല്‍ പ്രക്രിയയിലേയ്ക്ക് നയിക്കുകയുമാണ് സാംസ്‌കാരിക വിപണി ചെയ്യുന്നത്. ഈ സമീപനത്തില്‍, സമ്പദ്വ്യവസ്ഥയും സംസ്‌കാരവും ഒരൊറ്റ സംവിധാനമായി കൈകോര്‍ക്കുന്നു. സംസ്‌കാരത്തിന്റേയും സമ്പദ്വ്യവസ്ഥയുടേയും പരസ്പരാശ്രിതത്വത്തെ പിന്തുടര്‍ന്നാണ് സാംസ്‌കാരിക വിപണിയുടെ പ്രവര്‍ത്തനം. സാങ്കേതികവിദ്യയുടെ വളര്‍ച്ച ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത് സാംസ്‌കാരിക വിപണിയാണ്. രാജ്യങ്ങള്‍, പ്രാദേശികത, വംശീയ വിഭാഗങ്ങള്‍ എന്നിവയിലുടനീളമുള്ള സാംസ്‌കാരിക സ്വഭാവങ്ങളും വ്യത്യാസങ്ങളും തീവ്രതകളും സാംസ്‌കാരിക വിപണിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സാംസ്‌കാരിക സ്വഭാവങ്ങളുടെ മൗലികത ഏറ്റവും വലിയ വിപണന മൂല്യമായിത്തന്നെയാണ് സാംസ്‌കാരിക വിപണി പരിഗണിക്കുന്നത്. ഭൂമിശാസ്ത്രപരമായ സാംസ്‌കാരിക സവിശേഷതകള്‍ക്കു വിപണി കണ്ടെത്തുക എന്നതാണ് ദൗത്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates