നവോത്ഥാന മൂല്യങ്ങളുള്‍ക്കൊണ്ട് കേരളം ഒത്തിരി ദൂരം മുന്നോട്ടുപോയി എന്നവകാശപ്പെടുമ്പോഴും സര്‍ക്കാര്‍ ശമ്പളം പറ്റി അധികാരസ്ഥാനങ്ങളിലിരുന്നു ജാതിവിഷം വമിക്കുന്ന മാടമ്പികളുടെ താവളമായിത്തീര്‍ന്നിരിക്കുകയാണോ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്? പരേതനായ അഡ്വ. ടി.എ. പരമന്‍ എം.എല്‍.എയുടെ ആത്മകഥ കഴിഞ്ഞ 11 വര്‍ഷമായി പൂഴ്ത്തിവച്ചുകൊണ്ട് അവരതു തെളിയിച്ചിരിക്കയാണ്. 
പഴയ കൊച്ചി രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ദളിതരുടെ ആദ്യ തലമുറക്കാരനാണ് അഡ്വ. ടി.എ. പരമന്‍. ഉന്നതമായ ഔദ്യോഗിക-രാഷ്ട്രീയ രംഗങ്ങളിലെത്തിയ അദ്ദേഹം, എറണാകുളം ജില്ലയിലെ എടവനക്കാട് സ്വദേശിയാണ്. എറണാകുളം മഹാരാജാസ് കോളേജില്‍നിന്ന് ബി.എയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍നിന്ന് എല്‍.എല്‍.ബിയും വീണ്ടും മഹാരാജാസില്‍ ചേര്‍ന്ന് എം.എയും കരസ്ഥമാക്കി. തുടര്‍ന്ന് കേരളത്തില്‍ വിവിധ സ്ഥലങ്ങളിലായി സബ് മജിസ്‌ട്രേറ്റായി ജോലി ചെയ്തു. ഉടുമ്പഞ്ചോല സബ് മജിസ്‌ട്രേറ്റായിരിക്കുമ്പോള്‍, കൊല്ലം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അന്യായമായ മേല്‍ക്കോയ്മ എതിര്‍ത്തതിന്റെ  പേരില്‍ കേരള ഹൈക്കോടതി ജോലിയില്‍നിന്ന് 4-1-1963-ല്‍ പിരിച്ചുവിട്ടു. പിന്നീട് എട്ടുകൊല്ലത്തിനുശേഷം നിയമസഭാംഗമായി ഉയിര്‍ത്തെഴുന്നേറ്റ അഡ്വ. പരമന്‍, കേരളത്തിന്റെ പൊതുജീവിതത്തിലെ നിറസാന്നിധ്യമായി മാറി. 1970-77-ല്‍ കുന്നത്തുനാടിനേയും 1977-79-ല്‍ ഞാറക്കലിനേയും അദ്ദേഹം കേരള നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 76-ാം വയസ്സില്‍ മരിക്കുംവരെയും അധ്യാപകന്‍, എഴുത്തുകാരന്‍, വക്കീല്‍, പ്രഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലും വ്യാപൃതനായിരുന്നു. 
മജിസ്‌ട്രേറ്റ് എന്ന നിലയില്‍ ടി.എ. പരമനും മേല്‍ക്കോടതിയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ദളിതരെക്കുറിച്ചു മാത്രമല്ല, നമ്മുടെ നാട്ടിലെ നീതിന്യായ സംവിധാനത്തെക്കുറിച്ചും പഠിക്കാനുതകുന്ന വിഷയമാണ്. അന്യായത്തിനു മുന്നില്‍ തലകുനിക്കാത്ത ഒരു ചരിത്രവ്യക്തിത്വത്തിലെ സ്വാഭിമാനം, ധീരത എന്നീ ഘടകങ്ങളാണ് അതില്‍ തെളിഞ്ഞുവരുന്നത്. 
10-9-2000-ത്തിലെ തിരുവോണനാളിലാണ് എളങ്കുന്നപ്പുഴയിലെ വസതിയില്‍ അദ്ദേഹം അന്തരിച്ചത്. മരിക്കുന്നതിനു കുറച്ചുനാള്‍ മുന്‍പ് അദ്ദേഹം കുറിച്ചിട്ട ആത്മകഥയിലെ ചില ഭാഗങ്ങള്‍ വൈപ്പിന്‍കരയിലെ ദരിദ്രജനതയുടെ ജീവിതദുരിതങ്ങളുടെ പരിച്ഛേദമാണ്. കൊച്ചി രാജ്യത്തിലെ ദളിതരുടെ ആ ഇരുണ്ടകാലം ജീവിച്ചുതീര്‍ത്ത ഒരു ദളിതന്‍ തന്നെ പകര്‍ത്തിവച്ച ഏക അനുഭവ സാക്ഷ്യം! ഈ അമൂല്യരചനയാണ് 'കൊച്ചി രാജ്യത്ത് ഒരു പുലയന്‍' എന്ന പേരില്‍ അദ്ദേഹത്തിന്റെ പത്‌നി എം.എ. ദേവകി പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി ഡി.ടി.പി എടുത്തു പുസ്തകരൂപത്തിലാക്കി 14-1-2007-ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന് അയച്ചത്. 19-1-2007-ല്‍ മാറ്റര്‍ കൈപ്പറ്റിയതായി ഒപ്പിട്ട എ.ഡി. കാര്‍ഡ് ലഭിച്ചു. അടുത്ത ആഗസ്റ്റില്‍ ദേവകി, ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, മാറ്റര്‍ കിട്ടിയിട്ടില്ല എന്നായിരുന്നു മറുപടി! തുടര്‍ന്ന് 7-8-2007-ല്‍ ആത്മകഥയുടെ കോപ്പി വീണ്ടും അയച്ചുകൊടുത്തു. എന്നാല്‍, പതിനഞ്ചു മാസത്തിനുശേഷം 24-11-2008-ല്‍ ദേവകി വിവരാവകാശ നിയമപ്രകാരം വിവരങ്ങളാരായേണ്ടി വന്നു കാര്യമറിയാന്‍. പബ്ലിക്കേഷന്‍ കമ്മിറ്റി സ്‌ക്രിപ്റ്റ് അംഗീകരിച്ചെന്നും താമസംവിനാ പ്രസിദ്ധീകരിക്കുന്നതാണെന്നും 12-12-2008-ലെ ആ മറുപടിയില്‍ പി.ഐ.ഒ. അറിയിക്കുന്നു. എന്നാല്‍, രണ്ടേമുക്കാല്‍ വര്‍ഷത്തിനുശേഷം 12-9-2011-ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് 141 പുസ്തകങ്ങള്‍ ഒരുമിച്ചു പ്രകാശനം ചെയ്തതില്‍പ്പെടാനും ഭാഗ്യമുണ്ടായില്ല പരമന്‍ പുലയന്! പിന്നെയും ആറു വര്‍ഷത്തിനുശേഷമാണ് 3-10-2017-ല്‍ ആത്മകഥ പ്രസിദ്ധീകരിക്കാത്തതെന്തെന്ന്, പരമന്റെ ചെറുമകളായ, പുസ്തകത്തിന്റെ എഡിറ്റര്‍ കൂടിയായ ഞാന്‍ വിവരാവകാശ നിയമപ്രകാരം ഇന്‍സ്റ്റിറ്റിയൂട്ടിനോട് ആരായുന്നത്. സ്‌ക്രിപ്റ്റ് അംഗീകരിച്ചു എന്നും താമസംവിനാ പ്രസിദ്ധീകരിക്കും എന്നും പറഞ്ഞിട്ട് പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം ആരാഞ്ഞ് ഞാന്‍ കൊടുത്ത ആറു ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട പകര്‍പ്പുകള്‍ക്കുമായി പി.ഐ.ഒ (കെ.ബി. അനിതകുമാരി) നല്‍കിയത് ഒരേ ഒരു ഉത്തരമാണ്: ''കൃതിയുടെ പകര്‍പ്പ് കൈപ്പറ്റിയവര്‍ സര്‍വ്വീസിലില്ല. അത് കണ്ടെത്താനായിട്ടില്ല. കത്ത് അടങ്ങിയ ഫയലും കണ്ടെത്താനായിട്ടില്ല!''
ടി.എ. പരമന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടില്ല, തിരിച്ചയച്ചിട്ടില്ല, സൂക്ഷിച്ചിട്ടില്ല, കണ്ടെടുത്തിട്ടുമില്ല! അയിത്തക്കാരനായ ഒരു പുലയന്റെ ആത്മകഥയ്ക്കും അതോടനുബന്ധിച്ച വിവരാവകാശ അപേക്ഷയ്ക്കും ഈ മറുപടിയൊക്കെത്തന്നെ ധാരാളമെന്ന് തീരുമാനിച്ച് പി.ഐ.ഒ മാഡം കൈ കഴുകി ശുദ്ധിവരുത്തി. മാത്രവുമല്ല, കേന്ദ്ര വിവരാവകാശ കമ്മിഷന്‍ പോലുമറിയാതെ 2005-ലെ വിവരാവകാശ നിയമത്തില്‍ ഒരു ഭേദഗതിയും മാഡം നടപ്പില്‍ വരുത്തിക്കളഞ്ഞു- സര്‍ക്കാര്‍ ഓഫീസില്‍നിന്ന് ഒരു വിവരം ലഭിക്കണമെങ്കില്‍, അത് കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ത്തന്നെ ഉണ്ടായിരിക്കണമത്രെ! അപാര ബുദ്ധി തന്നെ! ഏതായാലും 27-11-2017ല്‍ ഒന്നാം അപ്പീലും സമര്‍പ്പിച്ച് ഞാന്‍ മറുപടിക്കായി കാത്തിരിക്കയാണ്. 
പൊതുഖജനാവിലെ ശമ്പളം പറ്റിക്കൊണ്ട് ഒരു ഉളുപ്പുമില്ലാതെ അയിത്തം ആചരിക്കുന്നതില്‍നിന്ന് ഈ ഉദ്യോഗസ്ഥര്‍ ഒരടി പോലും മാറിയിട്ടില്ല എന്നതിനു തെളിവാണ് മുകളില്‍ കണ്ടത്. 
18-9-2005-ന്റെ 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലും 11-9-2011-ന്റെ 'കേരളശബ്ദം' വാരികയിലും ഞാനെഴുതിയിട്ടുണ്ട് ടി.എ. പരമനെക്കുറിച്ച്. കൂടാതെ, അദ്ദേഹത്തിന്റെ കോടതി സംഘര്‍ഷ സംഭവത്തെക്കുറിച്ചുള്ള രേഖകള്‍ അടങ്ങുന്ന ലേഖനം ചെറായി രാമദാസ് 'അയ്യന്‍കാളിക്ക് ആദരവോടെ' എന്ന പുസ്തകത്തിലും (2009) എഴുതിയിട്ടുണ്ട്. ഈ മൂന്നു ലേഖനങ്ങളും കൊല്ലങ്ങളായി ഇന്റര്‍നെറ്റിലും ലഭ്യമാണ് (www.cheraayiraamadaas.blogspot.com). അതുവഴി പുതിയ തലമുറയ്ക്കും പരിചിതനാണ് അഡ്വ. ടി.എ. പരമന്‍. ജനപ്രതിനിധി എന്ന നിലയില്‍ ഒരു പതിറ്റാണ്ടോളം ടി.എ. പരമന്‍ നിയമസഭയില്‍ നടത്തിയ ഇടപെടലുകളുടെ എണ്ണം 333 ആണ്. അക്കാര്യങ്ങള്‍ നിയമസഭയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. (http://klaproceedings niyamasabha.org/pdf/KLA). മറ്റു പൊതുപ്രവര്‍ത്തനരംഗങ്ങളിലെ അദ്ദേഹത്തിന്റെ സേവനം എണ്ണമറ്റവയാണ്. ഇത്രയും പ്രശസ്തനായ ഒരു ചരിത്രവ്യക്തിത്വത്തെ തമസ്‌ക്കരിക്കാതിരിക്കാന്‍, പുരോഗമനചിന്തയുടെ ഒരു കണികപോലും ഈ ഉദ്യോഗസ്ഥ മാടമ്പികളെ സ്വാധീനിച്ചില്ല എന്നു സാരം.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates