സ്ത്രീ ശക്തിയാണ്... സൗന്ദര്യമാണ്, സാഹോദര്യമാണ്... മാനുഷിക ഭാവങ്ങളുടെ സമ്മേളനമാണ്. ബാല്യത്തില്‍ ഓമനത്തവും കൗമാരത്തില്‍ സൗന്ദര്യവും യൗവ്വനത്തില്‍ ആകര്‍ഷകത്വവും വാര്‍ദ്ധക്യത്തില്‍ മാതൃത്വവുമാണ് സ്ത്രീയുടെ പൊതു ഭാവങ്ങളായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, ഈ ഓരോ കാലഘട്ടത്തിലും പല ഭാവങ്ങളും മാറിമറഞ്ഞു സ്ത്രീയില്‍ പ്രകടമാകുന്നു എന്നതാണ് സത്യം. കൗമാരകാലത്തു തന്നെ മാതൃത്വത്തിന്റെ മനസ്സറിയുന്നവര്‍ നിരവധിയാണ്. യൗവനത്തിലും ഓമനത്വം കൈവിടാത്തവരേയും നമുക്കു കാണാം. വാര്‍ദ്ധക്യത്തിലും കൗമാരക്കാരികളായി ജീവിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരത്തില്‍ സ്ത്രീയുടെ വ്യത്യസ്തങ്ങളായ മാനസികാവസ്ഥകളെ അനാവരണം ചെയ്യുന്ന ഒരു ദ്യശ്യാവിഷ്‌കാരമാണ് ശ്രുതി നമ്പൂതിരി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ബാലേ' എന്ന വീഡിയോ ആല്‍ബം. അഞ്ചു മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള ഈ ദ്യശ്യാവിഷ്‌കാരത്തിനു സംഗീതം നല്‍കിയതും ആലപിച്ചിരിക്കുന്നതും യുവ സംഗീതസംവിധായകനായ സുദീപ് പാലനാട് ആണ്. വര്‍ത്തമാനകാല കലാസ്വാദനത്തിലും കലാപ്രവര്‍ത്തനങ്ങളിലും നിര്‍ണായകമായ സ്വാധീനമായി മാറിയ സ്ത്രീരചനകള്‍ ഇവിടേയും പ്രസക്തമാണ്. ഇതിനെ ചുവടുപിടിച്ചാണ് ശ്രുതി തന്റെ സ്‌ത്രൈണചിന്തകള്‍ എഴുതിയതും സംവിധാനം ചെയ്തതും.
'ബാലേ' വെറുമൊരു വീഡിയോ ആല്‍ബം അല്ല. വ്യത്യസ്തങ്ങളായ ആറ് കലകളുടെ അഭിനയ–നൃത്ത സങ്കേതങ്ങള്‍ ഉപയോഗിച്ചു രൂപപ്പെടുത്തിയ വേറിട്ടൊരു ദൃശ്യഭാഷയാണ്. കേരളീയ കഌസ്സിക്കല്‍ കലാരൂപങ്ങളായ കൂടിയാട്ടം, കഥകളി, മോഹിനിയാട്ടം എന്നിവയും ഭരതനാട്യം, ഒഡീസി എന്നിവയ്‌ക്കൊപ്പം കളരിയുമായി ബന്ധപ്പെട്ട ചുവടുകളും (Contemporary) ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആറു കലാരൂപങ്ങളിലേയും പ്രഗല്‍ഭരായ കലാകാരികളെക്കൊണ്ടു വരികള്‍ അഭിനയിപ്പിച്ചുകൊണ്ടാണ് സംവിധായിക ഇതിനു ദ്യശ്യാവിഷ്‌കാരം നടത്തിയിട്ടുള്ളത്. വരികളുടെ അര്‍ത്ഥങ്ങള്‍ക്ക് അനുയോജ്യമായ മുദ്രാഭിനയവും ഭാവാഭിനയവും നല്‍കാന്‍ കെല്പുള്ള നര്‍ത്തകിമാരെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത് എന്നതു സംവിധായികയുടെ മികവായി കണക്കാക്കാം. ഓരോ കലാരൂപത്തിന്റേയും സാങ്കേതിക മികവ് മനസ്സിലാക്കി അതിനെ തനതായ രീതിയില്‍ (വേഷഭൂഷാദികള്‍ ഇല്ലാതെ) തന്നെയാണ് ഇതില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഈ കലാകാരികളുടെ അഭിനയ–നൃത്ത സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ബാലേയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചിട്ടുണ്ട്. 
സംവിധായിക തന്നെയാണ് വരികള്‍ എഴുതിയിട്ടുള്ളത് എന്നതുകൊണ്ടുതന്നെ അവയ്ക്ക് അനുയോജ്യമായ രംഗസംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. വരികളുടെ അര്‍ത്ഥങ്ങള്‍ കൈമുദ്രയായി വിന്യസിച്ചു കൊണ്ടുള്ള നടിമാരുടെ അവതരണങ്ങള്‍ക്കുമേല്‍ സംവിധായികയുടെ ഗുണപരമായ സ്വാധീനം ഉടനീളം ദര്‍ശിക്കാവുന്നതാണ്.
സംഗീത പാരമ്പര്യമുള്ള സുദീപിന്റെ ആലാപനവും ചിട്ടപ്പെടുത്തലും 'ശ്രുതി'യുടെ മനസ്‌സ് അറിഞ്ഞുകൊണ്ടുതന്നെയാണ്. 'ഏ തനയേ.... അലയായ് നീ തനിയേ' എന്ന ആദ്യത്തെ വരി ആലപിക്കുന്നതിനു മുന്‍പ്, ഒരു അന്തരീക്ഷ നിര്‍മ്മിതിക്കുവേണ്ടി ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള രീതി ഏറെ ശ്രദ്ധേയമായി. തുടര്‍ന്നാണ് സുദീപിന്റെ ശബ്ദത്തിലുള്ള ആലാപനം. വെറുതെ ഒരു ഗാനം പാടിപ്പോവുക എന്നതിലപ്പുറം, ഗായകന്റെ ശബ്ദം സൃഷ്ടിക്കുന്ന ഒരു മാനസികാവസ്ഥ ഇവിടെ അനുഭവിക്കാം. 'ഉയിരേ വാഴ്ക... ഉലകം കാണ്‍ക' എന്ന വരി പല്ലവിയായി ആലപിക്കുമ്പോള്‍ ഒരു അമ്മ കുഞ്ഞിനെ അനുഗ്രഹിക്കുന്ന അനുഭവം ഉണ്ടാക്കാന്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനു കഴിയുന്നു. സ്ത്രീയുടെ മാതൃഭാവങ്ങള്‍ ഇവിടെ ഗായകനും സംവിധായികയും കൂടി ആവിഷ്‌കരിക്കുന്നു. 
ആല്‍ബം തുടങ്ങുന്നതു സ്പാനിഷ് ഗിറ്റാറിന്റെ പിന്നണിയില്‍ കലാകാരികളെ ഓരോരുത്തരുടെയും പ്രേക്ഷകര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തിക്കൊണ്ടാണ്. തുടര്‍ന്നാണ് വരികളുടെ പദാഭിനയം ആരംഭിക്കുന്നത്. 
കഥകളി സംഗീതജ്ഞനായ പാലനാട് ദിവാകരന്റെ മകനായ സുദീപ് തീര്‍ത്തും വേറിട്ട രീതിയിലുള്ള സംഗീതശൈലിയാണ് ബാലേയ്ക്കുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ചലച്ചിത്ര സംഗീതസംവിധായകനായ ഇളയരാജയുടേയും എ.ആര്‍. റഹ്മാന്റേയും സ്വാധീനം അടിമുടി ദര്‍ശിക്കാവുന്നതാണ്. 'നളിനകാന്തി', 'തിലങ്ക് കാമോദ്' എന്നീ രാഗങ്ങളാണ് ഇതിനായി പ്രധാനമായി ഉപയോഗിച്ചിട്ടുള്ളത്. പിന്നണി ഗായികമാരായ സുജാത, കല്ല്യാണി മേനോന്‍, കഥകളി ഗായിക ദീപ പാലനാട് എന്നിവരാണ് 'ബാലേ'യുടെ ഓഡിയോ രൂപത്തില്‍ ആലപിച്ചിട്ടുള്ളത്. സാധാരണ കേള്‍വിശീലങ്ങളെ മാറ്റിമറിക്കുന്ന അനുഭവങ്ങളാണ് സുദീപ് പാടിയിട്ടുള്ള വീഡിയോ രൂപത്തിലുള്ളത്. 
'ബാലേ' എന്ന ഗാനം തന്റെയുള്ളില്‍ പിറവിയെടുക്കുന്നതുതന്നെ അമ്മയുടെ സ്വാധീനത്താലാണെന്നു സംവിധായിക ശ്രുതി പറയുന്നു. മാതൃത്വത്തിന്റെ തീവ്രമായ അനുഭവങ്ങള്‍ അമ്മയില്‍ നിന്നാണ് ഞാന്‍ മനസ്‌സിലാക്കുന്നത്. പിന്നീട് ഞാന്‍ അമ്മയായപ്പോള്‍ ആ അനുഭവങ്ങള്‍ എനിക്ക് ഏറെ ഗുണം ചെയ്തു. അതിന്റെ പരിണതഫലമാണ് 'ബാലേ' എന്നു മാധ്യമപ്രവര്‍ത്തകയായ ശ്രുതി പറഞ്ഞു. ഭാരതീയ നൃത്തരൂപങ്ങളില്‍ സ്ത്രീയെ വിവക്ഷിച്ചിട്ടുള്ളത് അഷ്ടനായിക എന്ന സങ്കല്പത്തില്‍ മാത്രമാണ്. സാധാരണ ശാസ്ത്രീയ നൃത്തങ്ങളില്‍ വിവക്ഷിക്കുന്ന നൃത്ത സങ്കല്പങ്ങളില്‍നിന്നു മാറി സ്ത്രീയെ മാതൃത്വത്തിന്റെ മൂര്‍ത്തമായ അവസ്ഥയിലേക്കു സന്നിവേശിപ്പിക്കാനുള്ള ശ്രമം കൂടിയാണ് ഇവിടെ നടത്തിയിട്ടുള്ളത്. 
'അഭിനയ ദര്‍പ്പണത്തിന്റെ' താളുള്‍ മറിയുന്നതോടെയാണ് ബാലേ ആരംഭിക്കുന്നത് തുടര്‍ന്ന് മീനാക്ഷി ശ്രീനിവാസന്റെ ഭരതനാട്യത്തോടെ യാണ് ദൃശ്യാവിഷ്‌കാരം പുരോഗമിക്കുന്നത്. സന്ദര്‍ഭോചിതമായ അഭിനയവും അതിനുചേരുന്ന ശരീരചലനങ്ങളുംകൊണ്ട് മീനാക്ഷി ഈ രംഗം മികവുറ്റതാക്കിയിട്ടുണ്ട്. 'ഹേ... തനയേ' എന്ന വരി മോഹിനിയാട്ട രൂപത്തിലാണ് അവതരിപ്പിക്കുന്നത്. നന്ദിത പ്രഭുവിന്റെ മിതത്വമുള്ള ലാസ്യാഭിനയം ആണ് ഇവിടെ ശ്രദ്ധേയം. ഒതുങ്ങിയ ശരീരചലനങ്ങളും ഭംഗിയുള്ള മുഖാഭിനയവും കൊണ്ടു നന്ദിത ഈ ഭാഗം ഗംഭീരമാക്കി.
'ആരോമല്‍ ചിരിയാള്‍' എന്ന വരി ഒഡീസി രൂപത്തിലാണ് ദൃശ്യവല്‍കരിച്ചിട്ടുള്ളത.് ആരുഷി മുദ്ഗല്‍ എന്ന നര്‍ത്തകിയാണ് ഇവിടെ അഭിനയിച്ചിട്ടുള്ളത്.  കേരളത്തിലെ ഒരു ദൃശ്യഭംഗിയുള്ള ക്ഷേത്രാന്തരീക്ഷമാണ് ഇവിടെ പിന്നണിയായി ഉപയോഗിച്ചിട്ടുള്ളത്. കുളവും പൗരാണികമായ ക്ഷേത്രമതിലിന്റേയും അന്തരീക്ഷം ഈ ദൃശ്യാവിഷ്‌കാരത്തിന്റെ ഘടനയെ ഹൃദ്യമാക്കുന്നു. തുടര്‍ന്നാണ് കഥകളിയുടേയും കൂടിയാട്ടത്തിന്റേയും പ്രവേശം. ഈ രണ്ടു കലാരൂപങ്ങളിലേയും പുതിയ തലമുറയിലെ മികച്ച നര്‍ത്തകിമാരായ ഡോ. ഹരിപ്രിയ നമ്പൂതിരിയും കപിലവേണുവുമാണ് ഇവിടെ അഭിനയിച്ചിട്ടുള്ളത്. നയനങ്ങളും മുഖവും നിയ്രന്തിച്ചുകൊണ്ടുള്ള അഭിനയമാണ് ഇരുവര്‍ക്കും നിര്‍വ്വഹിക്കാനുള്ളത്. 
'കണ്ണാല്‍ ഉഴിയുമേ... കരുണയോടു പെണ്ണാള്‍ കടലുകള്‍' എന്ന വരി, കൂടിയാട്ടത്തിന്റെ അഭിനയ സങ്കേതങ്ങളിലൂടെ അനുഗ്രഹീത കലാകാരിയായ കപില വേണു അവതരിപ്പിക്കുമ്പോള്‍ മാതൃത്വമെന്ന വികാരത്തിന്റെ പൂര്‍ണ്ണമായ ഭാവം പ്രതിഫലിപ്പിക്കുന്നു. വിടര്‍ന്ന നാസികകള്‍ക്ക് ഒപ്പം സഞ്ചരിക്കുന്ന നടിയുടെ ശരീരചലനങ്ങളും ഇതിനെ വേറിട്ട അനുഭവമാക്കുന്നുണ്ട്. 
അനായാസമായിട്ടാണ് ഹരിപ്രിയ 'കാതില്‍ കുറുകുമേ അവളെഴുതുമോമല്‍ കുരലുകള്‍' എന്ന ചരണം അഭിനയിച്ചിട്ടുള്ളത്. കഥകളിയുടെ സങ്കേതഭദ്രതയും വടിവൊത്ത ഭംഗിയുള്ള മുദ്രാവിന്യാസങ്ങളും നൈസര്‍ഗ്ഗികമായ ഭാവാഭിനയവും ഈ ദൃശ്യാവിഷ്‌കാരത്തെ സമ്പന്നമാക്കിയിട്ടുണ്ട്. പാടുന്ന താളവും അഭിനയത്തിന്റെ മിതത്വവും തമ്മില്‍ ഉള്ള മികച്ച ചേര്‍ച്ചയും ഇവിടെ ദര്‍ശിക്കാം. ചലച്ചിത്രനടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കലാണ് 'ബാലെ'യില്‍ നൃത്തം അവതരിപ്പിക്കുന്ന മറ്റൊരു കലാകാരി. കളരിയും മറ്റു മെയ്യഭ്യാസങ്ങളും സംയോജിപ്പിച്ച രീതിയിലാണ് റിമ ഇതില്‍ തന്റെ ഭാഗം അവതരിപ്പിച്ചിട്ടുള്ളത്.
കാലികപ്രസക്തമായൊരു വിഷയത്തെ ഏറെ പ്രയാസപ്പെട്ട്, വീര്യം ഒട്ടും നഷ്ടമാവാത്ത രീതിയില്‍ ഒരു ദൃശ്യാവിഷ്‌കാരം നടത്തിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. 'വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷ'നാണ് 'ബാലെ'യുടെ നിര്‍മ്മാതാക്കള്‍. ഏറെ ഹൃദ്യമായ ദൃശ്യമികവുതന്നെയാണ് 'ബാലെ'യുടെ മറ്റൊരു പ്രധാന ആകര്‍ഷണം. ഓരോ കലാരൂപത്തിനും അനുയോജ്യമായ, ഭംഗിയുള്ള ഫ്രെയിമുകള്‍ തയ്യാറാക്കിയ ഛായാഗ്രാഹകന്‍ പ്രയാഗ് മുകുന്ദന്റെ കഴിവ് ഏറെ പ്രശംസനീയമാണ്. കൈത്തഴക്കം സിദ്ധിച്ച, മികച്ചൊരു എഡിറ്ററുടെ രീതിയില്‍ത്തന്നെയാണ് നൗഫല്‍ അഹമ്മദ് ദൃശ്യങ്ങള്‍ അടുക്കിപ്പെറുക്കിവെച്ചിട്ടുള്ളത്. ഗോകുല്‍ നമ്പുവാണ് സൗണ്ട്മിക്‌സിംഗ് ചെയ്തിട്ടുള്ളത്.
മികച്ച രചനാ-സംവിധാനരീതിയും അതിനിണങ്ങുന്ന സംഗീതവും യോജിക്കുന്ന കലാകാരികളേയും നിരത്തി ഈ യുവസംഘം മഹത്തായൊരു ദൃശ്യാവിഷ്‌കാരമാണ് മലയാളത്തിനായി കാഴ്ചവെച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates