Thilakan ഫയല്‍
Entertainment

'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്ന ബോര്‍ഡിന് താഴെയിരുന്ന് അയാള്‍ എന്നോട് ജാതി ചോദിച്ചു'

ഞാന്‍ ലജ്ജയും വിഷമവും കൊണ്ട് തലകുനിച്ച് നിന്നു

സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 13 വര്‍ഷം. അഭിനയത്തിന്റെ അപൂര്‍വ്വമായ പൂര്‍ണതായിരുന്നു തിലകന്‍. ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോഴും ജീവിതത്തില്‍ ഒരിക്കലും അഭിനയിച്ചിട്ടില്ല തിലകന്‍. അനുഭവങ്ങളുടെ തീച്ചൂള പരുവപ്പെടുത്തിയ ജീവിതമായിരുന്നു തിലകന്റേത്. ഒരിക്കല്‍ തനിക്ക് കോളേജ് കാലഘട്ടത്തില്‍ നേരിടേണ്ടി വന്ന ജാതിയതയെക്കുറിച്ച് തിലകന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഇങ്ങനെയാണ്:

കലാകാരന്മാരെ പോറ്റി വളര്‍ത്തിയ എസ്എന്‍ കോളേജ് ഈ തിലകനേയും പോറ്റി വളര്‍ത്തുമെന്ന് കരുതിയാണ് അവിടെ ചേരാന്‍ ചെല്ലുന്നത്. ഒരു ജൂലൈ മാസം കോരിച്ചൊരിയുന്ന മഴയത്താണ് അഡ്മിഷനായി കോളേജിലെത്തുന്നത്. കാത്തിരിക്കവെ പെട്ടെന്ന് ഉറക്കെ ഒരു വിളി കേട്ടു. കെ സുരേന്ദ്രനാഥ തിലകന്‍! ഓഫീസില്‍ നിന്നാണ്. വിളി കേട്ട സ്ഥലത്തേക്ക് ഞാന്‍ ഓടി. പ്യൂണാണ് വിളിച്ചത്. അങ്ങോട്ട് ചെല്ല് കാവി ജുബ്ബയിട്ട്, എഴുതുന്ന സാറിന്റെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ നടന്നു.

വിശാലമായ ഓഫീസ് മുറി. രണ്ട് വശത്തും മേശയും കസേരയുമിട്ട് ജോലിക്കാര്‍ ജോലി ചെയ്യുന്നു. ഞാന്‍ അവരെയെല്ലാം കടന്നു ചെന്നു. പ്യൂണ്‍ പറഞ്ഞ സാറിന്റെ അടുത്തെത്തി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ വലിപ്പവും ആകൃതിയുമുള്ള, നല്ല പോലെ പോളിഷ് ചെയ്ത മേശയാണ് അദ്ദേഹത്തിന്റേത്. ചിത്ര പണി ചെയ്ത കസേരയും. എന്തോ എഴുതുകയാണ്.

കാവി നിറമുള്ള ജുബ്ബയാണ് വേഷം. വായില്‍ നിറയെ മുറുക്കാനാണ്. തുപ്പിയിട്ട് ഒരാഴ്ചയായിക്കാണും എന്ന് തോന്നും. അദ്ദേഹത്തിന്റെ ഇടുതു കയ്യില്‍ എന്റെ അപേക്ഷാഫോമുണ്ട്. എന്തോ തിരക്കിട്ട് എഴുതുകയാണ്. ഞാന്‍ അല്‍പസമയം അദ്ദേഹത്തിന്റെ മുഖത്ത് നോക്കി നിന്നു. ഗൗനിക്കുന്നില്ലെന്ന് മനസിലായപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ തലയ്ക്ക് മുകളിലേക്ക് നോക്കി. അവിടയൊരു ചിത്രം ചില്ലിട്ട് വച്ചിരിക്കുന്നു.

തലയിലും മുഖത്തും നരബാധിച്ച കുറ്റിരോമമുള്ള സാധാരണ മനുഷ്യന്‍. തോര്‍ത്ത് മുണ്ട് പൊതച്ചിട്ടുണ്ട്. അടിയില്‍ ആള് മാറിപ്പോകാതിരിക്കാന്‍ പേരെഴുതി വച്ചിരിക്കുന്നു ശ്രീനാരായണഗുരു സ്വാമികള്‍. എന്റെ ദൃഷ്ടി ആ ചുവരിലൂടെ സാവധാനം നീങ്ങി. ചില്ലിട്ട് തൂക്കിയിരിക്കുന്ന ഗുരുസ്വാമികളുടെ വാക്കുകള്‍ ഓരോന്നായി ഞാന്‍ വായിച്ചു. 'ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്' ആഹാ!, 'ഒരു ജാതി ഒരു മതം, ഒരു ദൈവം മനുഷ്യന്'. പെട്ടെന്ന് പിന്നില്‍ നിന്നൊരു പരുക്കന്‍ ശബ്ദം. ഞാന്‍ തിരിഞ്ഞു നോക്കി.

ഇത് തന്റെ അപേക്ഷയാണോ?

അതെ സാര്‍.

ഇതില്‍ രണ്ട് കോളം വിട്ടു പോയിട്ടുണ്ട്, കാസ്റ്റും റിലീജ്യനും.

അത് മനപ്പൂര്‍വ്വം വിട്ടുപോയതാണ് സാര്‍.

അതെന്തിനാണ്?

ഞാനൊരു ശ്രീനാരായണഭക്തനാണ്

അതുകൊണ്ട്?

ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നല്ലേ അദ്ദേഹം പഠിപ്പിച്ചിരിക്കുന്നത്.

ഇയാള്‍ ചോദിക്കേം പറയേം ചിന്തിക്കേം ഒന്നും വേണ്ട. ഇതിങ്ങോട്ട് പൂരിപ്പിച്ച് തന്നാട്ടെ.

ചിന്തിക്കാതെ എങ്ങനെ പൂരിപ്പിക്കും സാറേ?

കുറച്ച് സമയം ആ ഉത്തരം പിടിക്കാതെ, കാവി നിറമുള്ള വസ്ത്രം ധരിച്ച ഹെഡ് ക്ലര്‍ക്ക് എന്നെ തറപ്പിച്ച് നോക്കി. ശേഷം എഴുന്നേറ്റ് ജനാലയ്ക്ക് അരികില്‍ ചെന്ന് മുറുക്കാന്‍ പുറത്തേക്ക് തുപ്പി. ചുണ്ടും തുടച്ച് വീണ്ടും എന്നെ സമീപിച്ചു.

ഇവിടെ അഡ്മിഷന് വേണ്ടി വന്നതാണോ?

അതെ സാര്‍.

എന്നാല്‍ മര്യാദയ്ക്ക് ജാതിയും മതവും പൂരിപ്പിച്ച് തന്നാട്ടെ.

സാര്‍ ആ എഴുതി വച്ചേക്കുന്നത് ഒരു ജാതി ഒരു മതം എന്നല്ലേ?

ഇവിടെ അങ്ങനെ പലതും എഴുതി വച്ചേക്കും. ചേരണമെങ്കില്‍ ഫോം പൂരിപ്പിച്ച് വരണം എന്ന് പറഞ്ഞ് ഫോം എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

ഫോം മുഖത്ത് തട്ടി തറയിലേക്ക് വീണു. ഓഫീസിലുള്ളവരെല്ലാം കണ്ടു. ഞാന്‍ ലജ്ജയും വിഷമവും കൊണ്ട് തലകുനിച്ച് നിന്നു. ചിതറി കിടക്കുന്ന ഫോം ഉപേക്ഷിച്ച് പുറത്തേക്ക് നടന്നു.

പിന്നില്‍ നിന്നും ആ പരുക്കന്‍ ശബ്ദം, അപേക്ഷാ ഫോം എടുത്തു കൊണ്ടു പോകണം!

ഞാന്‍ എടുക്കില്ല, എറിഞ്ഞവര്‍ എടുക്കട്ടെ!

എടുത്തില്ലെങ്കിലോ?

എടുപ്പിക്കും.

അയാള്‍ എന്നെ ഗെറ്റൗട്ട് അടിച്ചു. രക്ഷകര്‍ത്താക്കള്‍ ഓടിക്കൂടി. അക്കൂട്ടത്തില്‍ എന്റെ രക്ഷകര്‍ത്താവായി വന്നയാളും ഉണ്ടായിരുന്നു. അദ്ദേഹം ഫോം എടുത്ത് കയ്യില്‍ തന്നു. എഴുതിക്കൊടുക്കാന്‍ പറഞ്ഞു. ആവശ്യം നമ്മുടതല്ലേ എന്താണെന്ന് വച്ചാല്‍ എഴുതി കൊടുക്കാന്‍ പറഞ്ഞു.

ഞാന്‍ എഴുതികൊടുക്കാം, പക്ഷെ ഗുരുസ്വാമി പറഞ്ഞത് പോലെയേ എഴുതൂ. ജാതി = മനുഷ്യജാതി, റിലീജ്യന്‍ = ആത്മസുഖത്തിനായി പ്രവര്‍ത്തിക്കുന്നു. അതിവിടെ ശരിയാകുമെന്ന് തോന്നുന്നില്ല. അങ്ങനെ കോളേജ് ജീവിതത്തിന്റെ ആരംഭത്തിലേ എനിക്ക് ബ്ലാക് മാര്‍ക്ക് കിട്ടി.

Today marks the 13th year of Thilakan's demise. The actor recalled how he faced caste issues in college life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു; മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി യുവതി

'വീ കെയര്‍' എന്ന് ശിവന്‍ കുട്ടി; 'തളരരുത് സഹോദരി'യെന്ന് വീണാ ജോര്‍ജ്

'നിയമപരമായ കാര്യങ്ങൾ നടക്കട്ടെ, ഒന്നിനും തടസം നിൽക്കില്ല'- രാഹുലിനെതിരായ പരാതിയിൽ ഷാഫി പറമ്പിൽ

നടി അംബികയുടെ മാതാവും കോണ്‍ഗ്രസ് നേതാവുമായ കല്ലറ സരസമ്മ അന്തരിച്ചു

ലോക ചാംപ്യൻമാരായ ഇന്ത്യൻ വനിതാ ടീം തിരുവനന്തപുരത്ത് കളിക്കും; 3 ടി20 മത്സരങ്ങൾ ​ഗ്രീൻഫീൽഡിൽ

SCROLL FOR NEXT