നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റ് 230 കോടിയും കടന്ന് കുതിപ്പ് തുടരുകയാണ്. ഈ അവസരത്തില്‍ നിവിന്‍ പോളിയെക്കുറിച്ചുള്ള നിര്‍മാതാവ് ജോളി ജോസഫിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. നിവിന്‍ പോളിയെക്കുറിച്ച് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞ കാര്യവും ജോളി ജോസഫ് പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
മിനിഞ്ഞാന്ന് കൊച്ചി വിമാനത്താവളത്തില്‍ നിന്നും വണ്ടി കയറാന്‍ കാത്തുനില്‍ക്കുമ്പോള്‍ , എന്റെ വണ്ടിയില്‍ തന്നെ യാത്ര ചെയ്യേണ്ട പ്രിയ ചെങ്ങായിയും നിര്‍മാതാവും സംവിധായകനും നടനും സിനിമാട്ടോഗ്രാഫറുമായ ആഷിക് അബുവിനെ കണ്ടുമുട്ടി. അഞ്ചാറുമാസമായി കണ്ടിട്ട്, കണ്ട പാടെ വര്‍ത്തമാനം കത്തിക്കയറി. അധികം വൈകാതെ സംസാരം ഗിരീഷിന്റെ 'ബത്ലേഹം കുടുംബ യൂണിറ്റ്' എന്ന സിനിമയിലേക്കും നിവിന്‍ പോളിയിലേക്കും സുന്ദരിക്കുട്ടി മമിതാ ബൈജുവിലേക്കും വഴിമാറി.
ആഷിയുടെ അഭിപ്രായത്തില്‍ ,നമ്മുടെ ലാലേട്ടന്റെ പഴയ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന, പ്രേക്ഷകനെ ഇരുത്തി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഒരുതരം 'വശീകരണം' നിവിന്‍ പോളി ഇപ്പോള്‍ സ്വന്തമാക്കിയിയിട്ടുണ്ട് . തിയറ്ററുകളില്‍ ഇപ്പോള്‍ നിറഞ്ഞാടുന്ന ഈ നിവിന്‍ പോളി പടം ശരിക്കും 'പൊളി'' ആയിട്ടുണ്ട് ! സിനിമാവൃത്തങ്ങളില്‍ BKU എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ചിത്രം ഒരുപക്ഷേ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വമ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയേക്കും എന്നാണ് സൂചന. ഒരുപാട് കുരിശുമരണങ്ങളും ഉയിര്‍ത്തെഴുന്നേല്‍പ്പുകളും കഴിഞ്ഞ നിവിന്‍ പോളിക്ക് വലിയൊരു നായക പദവിയാണ് ഉത്തരവാദിത്തമാണ് കാത്തിരിക്കുന്നത്.
ഒരു കാര്യത്തില്‍ ഞാനും ആഷിയും ഒരേ തൂവല്‍ പക്ഷികളാണ്. ശരീരത്തില്‍ മസിലുള്ളവനല്ല മലയാളിയുടെ ഹീറോ. അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരനെയാണ് മലയാളികള്‍ക്ക് ഏറെ ഇഷ്ടം. ഒരല്‍പം ശരീരപുഷ്ടിയുള്ള നാട്ടിന്‍പുറത്ത് കാരനായ അവന്റെ സങ്കടങ്ങളും നാണവും പരുങ്ങലുകളും , പരിമിതികള്‍ക്കുള്ളിലെ ചെറിയ ചെറിയ ഹീറോയിസവും തന്നെയാണ് മലയാളിയുടെ സ്വന്തം സ്വപ്നനായകന്‍...! ശരീരമാസകലം മസിലുള്ള മസിലളിയന്മാരുടെ പ്രകടനങ്ങള്‍ , കോട്ടും സ്യുട്ടും കറുത്ത കണ്ണടയും കാറും കാരവാനും നമ്മുടെ സിനിമാലോകത്ത് അധികകാലം വാണിട്ടില്ല എന്നത് വെറുമൊരു അഭിപ്രായമല്ല, ചരിത്ര സത്യമാണ്.
ഒരു കാര്യം പങ്കുവെയ്ക്കട്ടെ , ശരീരത്തില്‍ ലവലേശം മസിലില്ലാത്ത, ''നന്മ -മര- മുഖമുള്ള'' എന്നെയും അനീഷിനെയും വെച്ച് പത്ത് പതിനേഴ് വര്‍ഷം മുന്‍പ് ആഷിക് അബു മാതൃഭൂമി ദിനപത്രത്തിന് വേണ്ടി, ഷൈജു ഖാലിദിന്റെ ക്യാമറയില്‍ ഒരു സൂപ്പര്‍ ഹിറ്റ് പരസ്യം ചെയ്തിരുന്നു! കമന്റ് ബോക്‌സില്‍ ചാര്‍ത്താം, അര മിനിട്ട് സമയമുള്ളവര്‍ കണ്ടിട്ട് നിര്‍ദാക്ഷിണ്യം വിധി പറയാന്‍ മറക്കണ്ട. എന്നിലെ 'ഓസ്‌കാര്‍ നടന ശാസ്ത്രം ' ആഷിയെ അന്ന് വല്ലാതെ വശീകരിച്ചു കാണണം, അതുകൊണ്ടാവണം അദ്ദേഹത്തിന്റെ 'നാരദന്‍' എന്ന പടത്തിലും അരിമണികള്‍ പെറുക്കി എടുക്കാന്‍ എന്നെ അനുവദിച്ചത്...! അതിനുശേഷം സിനിമാ വേഷത്തിന് അദ്ദേഹം ഒരിക്കലും എന്നെ വിളിച്ചിട്ടില്ല. അതില്‍ എനിക്ക് പരാതികളോ പരിഭവങ്ങളോ ഇല്ല കേട്ടോ . പക്ഷേ ഈ പുതുപുത്തന്‍ 'ട്രെന്‍ഡില്‍'' എനിക്കൊരു അവസരം കൂടിയില്ലേ എന്നൊരു സന്ദേഹം മാത്രം ബാക്കിയുണ്ട്..സിനിമാ സംവിധായകര്‍ ശ്രദ്ധിക്കുമല്ലോ.. !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates