മലയാളികളുടെ പ്രിയപ്പെട്ട നടൻമാരിലൊരാളാണ് ഷമ്മി തിലകൻ. ഇന്ന് ഷമ്മി തിലകന്റെ ജന്മദിനം കൂടിയാണ്. പിറന്നാളിനോടനുബന്ധിച്ച് ഷമ്മി തിലകന് മകൻ അഭിമന്യു ഷമ്മി തിലകൻ പങ്കുവച്ച കുറിപ്പാണിപ്പോൾ ശ്രദ്ധേയമാകുന്നത്. അഭിനയകലയിൽ മൂന്ന് തലമുറകളുടെ പാരമ്പര്യം തുടരുന്നതില്‍ അഭിമാനമുണ്ടെന്ന് അഭിമന്യു കുറിച്ചു.
കുട്ടിക്കാലത്ത് അച്ഛന്റെ വിരൽത്തുമ്പിൽ തൂങ്ങി നടന്നിരുന്ന കാലം മുതൽ, ഇന്ന് ഡ്രൈവിങ് സീറ്റിലിരുന്ന് താൻ വണ്ടി ഓടിക്കുമ്പോൾ അരികിലൊരു കരുത്തായി അച്ഛനിരിക്കുന്ന നിമിഷം വരെയുള്ള മാറ്റങ്ങളെക്കുറിച്ചാണ് അഭിമന്യു കുറിച്ചിരിക്കുന്നത്.
അപ്പൂപ്പൻ തിലകനും അച്ഛൻ ഷമ്മിയും പടുത്തുയർത്തിയ ആ വലിയ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്ന ദൃഢനിശ്ചയത്തിനൊപ്പം, തന്റെ വ്യക്തിത്വത്തെയും അഭിനയശൈലിയെയും രൂപപ്പെടുത്തിയ അച്ഛനോടുള്ള കടപ്പാടും അഭിമന്യു കുറിച്ചു.
"ജന്മദിനാശംസകൾ അച്ഛാ. ചെറുപ്പത്തിൽ അച്ഛന്റെ കൈപിടിച്ചു നടന്ന കാലം മുതൽ, ഇന്ന് ഞാൻ വണ്ടി ഓടിക്കുമ്പോൾ അച്ഛൻ എന്റെ അരികിൽ ഇരിക്കുന്നത് വരെ, ജീവിതം ഒരു പൂർണ്ണ ചക്രം പോലെ കറങ്ങി എത്തിയിരിക്കുന്നു. അച്ഛനും അപ്പൂപ്പനും (തിലകൻ) കെട്ടിപ്പടുത്ത ആ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
എനിക്ക് വഴികാട്ടിയായതിനും, എന്നിലെ നടനെ മാത്രമല്ല, ഞാൻ ഇന്ന് ആരാണോ ആ മനുഷ്യനെ രൂപപ്പെടുത്തിയതിനും നന്ദി. ഞാൻ ചെയ്യുന്ന ഓരോ കഥാപാത്രത്തിലും അച്ഛൻ എനിക്ക് പകർന്നുതന്ന അറിവിന്റെ അംശങ്ങളുണ്ട്.
എന്റെ അരികിലായുള്ള അച്ഛന്റെ സാന്നിധ്യത്തിനും, എന്നെ മുന്നോട്ട് നയിക്കുന്ന ആ വഴികാട്ടലിനും കരുത്തിനും നിശബ്ദമായ പിന്തുണയ്ക്കും ഞാൻ എന്നും കടപ്പെട്ടവനായിരിക്കും!" -അഭിമന്യു കുറിച്ചു. ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. റസൽ എന്ന വില്ലൻ വേഷത്തിലാണ് അഭിമന്യു എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates