ഗൗരി സ്പ്രാട്ടുമായുള്ള വിവാഹത്തിന് പിന്നാലെ നടൻ ആമിർ ഖാന് നേരെ വലിയതോതിൽ സൈബർ ആക്രമണം ഉയർന്നിരുന്നു. ആമിറിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ബിജെപി നേതാക്കൾ ഉൾപ്പെടെ നിരവധി പേർ ആമിറിനെതിരെ രംഗത്തെത്തിയിരുന്നു. ആമിര്‍ ഖാന്‍ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡര്‍ ആണെന്നായിരുന്നു നടനെതിരെ ഉയർന്ന പ്രധാന വിമർശനം.
ഇത്തരത്തിലുള്ള വിമർശനങ്ങൾ കൂടിയതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ. തന്റെ ഭാര്യ ഗൗരി സ്പ്രാറ്റ് ഹിന്ദുവല്ല, ക്രിസ്ത്യാനിയാണെന്നും തന്റെമുൻ ഭാര്യമാരാരും ഒരിക്കലും മതം മാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സത്യം എന്തെന്നാൽ, ഞങ്ങളുടേത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കുടുംബമാണ്. എന്റെ രണ്ട് സഹോദരിമാരും ഹിന്ദുക്കളെയാണ് വിവാഹം കഴിച്ചിരിക്കുന്നത്; എന്റെ മകളും ഒരു ഹിന്ദുവിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്‍റെ കസിന്‍ മന്‍സൂര്‍ ഒരു ക്രിസ്ത്യാനിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
ഗൗരിയോ റീനയോ കിരണോ ഒന്നും എന്നെ വിവാഹം കഴിച്ചതിന്‍റെ പേരില്‍ അവരുടെ മതം മാറിയിട്ടില്ല. ഗൗരി ഹിന്ദുവല്ല, മറിച്ച് ക്രിസ്ത്യാനിയാണ്. എന്നാൽ ക്രിസ്ത്യൻ മതപരമായ കാര്യങ്ങൾ പിന്തുടരുന്ന ആളുമല്ല. കാലം മുന്നോട്ട് പോകവെ ജീവിതം കൂടുതല്‍ തമാശ നിറഞ്ഞതാവുകയാണ്".- ആമിർ ഖാൻ പറഞ്ഞു. വിവാഹത്തിന് ശേഷം, മുംബൈയിലെ മറീന അപ്പാർട്ടുമെന്റിൽ കൂടുതൽ അപ്പാർട്ടുമെന്റുകൾ വാങ്ങിയെന്ന തരത്തിലും നടനെതിരെ വാർത്തകൾ വന്നിരുന്നു.
ഇതിലും ആമിർ പ്രതികരിച്ചു. "ബോംബെയിലെ മറ്റ് സ്ഥലങ്ങളെ പോലെ തന്നെ ഞങ്ങളുടെ അപ്പാർട്ട്മെന്റ് സമുച്ചയവും പുനർവികസനത്തിനായി ഒരുങ്ങുകയാണ്. ബോംബെയിലെ എല്ലാ പഴയ കെട്ടിടങ്ങളും പുനർവികസിപ്പിക്കുകയാണ്. 24 അംഗങ്ങളുള്ള ഞങ്ങളുടെ ഹൗസിങ് സൊസൈറ്റി എടുത്ത തീരുമാനമാണിത്.
കെട്ടിടത്തിന്റെ ഭൂരിഭാഗവും വാങ്ങിയതും ഉടമസ്ഥതയിലുള്ളതുമായ ഒരു ബിൽഡറും ഇതിൽ ഉൾപ്പെടുന്നു. ഞാനും അംഗങ്ങളിൽ ഒരാളാണ്".- ആമിർ ഖാൻ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആമിറും ഗൗരി സ്പ്രാട്ടും ഡേറ്റിംഗില്‍ ആയിരുന്നു. മുംബൈ ബാന്ദ്ര പാലി ഹില്ലിലെ ആമിറിന്‍റെ വസതിയില്‍ രജിസ്റ്റര്‍ വിവാഹമാണ് നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ 150 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 47 കാരിയായ ഗൗരിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആമിറിന്‍റെ ആദ്യ വിവാഹങ്ങളിലെ മക്കളായ ജുനൈദ് ഖാന്‍, ഇറ ഖാന്‍, ആസാദ് റാവു ഖാന്‍, ഗൗരിയുടെ ആദ്യ വിവാഹത്തിലെ മകന്‍ ക്വിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates