കഴിഞ്ഞ വർഷമാണ് ബോളിവുഡ് നടൻ ആമിർ ഖാനും സംവിധായിക കിരൺ റാവുവും ബന്ധം വേർപിരിഞ്ഞത്. വിവാഹമോചിതരായെങ്കിലും ഇരുവർക്കുമിടയിലെ സൗഹൃദത്തെ അത് ബാധിച്ചിട്ടില്ല. ഒന്നിച്ച് സിനിമകളിലടക്കം ഇവർ പ്രവർത്തിക്കുന്നുമുണ്ട്. ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ ബന്ധം വേർപിരിഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും പരസ്പരം സ്നേഹിക്കുന്നെന്നും ഒരു കുടുംബം തന്നെയാണെന്നും ആമിർ പറഞ്ഞു. തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും മികച്ച പിറന്നാൾ സമ്മാനം ഈ വർഷം കിരൺ ആണ് നൽകിയതെന്നും അഭിമുഖത്തിൽ ആമിർ പറഞ്ഞു. ഇന്നാണ് താരത്തിന്റെ 57-ാം പിറന്നാൾ.
“ഞാനും കിരണും പരസ്പരം വളരെയധികം സ്നേഹിക്കുന്നു. ഞങ്ങൾക്ക് പരസ്പരം വളരെയധികം ബഹുമാനവും സ്നേഹവുമുണ്ട്. പക്ഷെ ഇത് ആളുകൾക്ക് മനസ്സിലാവില്ല. ഞങ്ങൾ പരസ്പരം വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും കുടുംബത്തെ യഥാർത്ഥ അർത്ഥത്തിൽ പരിഗണിക്കുന്നുവെന്നും കിരണും ഞാനും മനസ്സിലാക്കി. യഥാർത്ഥത്തിൽ ഞാനും കിരണും കുടുംബം തന്നെയാണ്. പക്ഷെ ഭാര്യാഭർത്താക്കന്മാർ എന്ന നിലയിലുള്ള ഞങ്ങളുടെ ബന്ധത്തിന് ഒരു പ്രത്യേക മാറ്റം സംഭവിച്ചു. വിവാഹം എന്ന വ്യവസ്ഥയെ ബഹുമാനിക്കണം എന്നാണ് ഞങ്ങൾക്ക്. എന്നിരുന്നാലും ഞങ്ങൾ എപ്പോഴും പരസ്പരം പിന്തുണയ്ക്കും. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നുണ്ട്. അടുത്തടുത്താണ് താമസം. പക്ഷെ ഞങ്ങൾ ഭർത്താവും ഭാര്യയും അല്ല, അതുകൊണ്ടാണ് വിവാഹജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്, ആമിർ ഖാൻ പറഞ്ഞു.
തനിക്ക് ജീവിതത്തിൽ ഏറ്റവും നല്ല പിറന്നാൾ സമ്മാനം നൽകിയത് കിരൺ ആണെന്നും അത് ഈ വർഷം ആയിരുന്നെന്നും ആമിർ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സ്വയം മെച്ചപ്പെടാൻ ആഗ്രഹിച്ച തന്റെ ദൗർബല്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ച ആമിറിന് കിരൺ അക്കാര്യങ്ങൾ വിവരിച്ചുനൽകി. കിരണിനേക്കാൾ നന്നായി തന്നെ മറ്റാർക്കും അറിയില്ലെന്ന് ആമിർ പറഞ്ഞു. ഒരു വ്യക്തി എന്ന നിലയിൽ മെച്ചപ്പെടാനുള്ള ശ്രമത്തിലാണ് ഞാൻ, ഈ ഘട്ടത്തിൽ എന്റെ ദൗർഭല്യങ്ങൾ മനസ്സിലാക്കാനാണ് ശ്രമം. എന്റെ ദൗർബല്യങ്ങളും കുറവുകളും പറഞ്ഞുതരാൻ ഞാൻ ആവശ്യപ്പെട്ടു. അവൾ എനിക്ക് 10,12 പോയിന്റുകൾ പറഞ്ഞുതന്നു. ഞാൻ ഇരുന്ന് അതെല്ലാം എഴുതിയെടുത്തു. അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച പിറന്നാൾ സമ്മാനം , ആമിർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates