തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ്‌യുടെ ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി ജനുവരി 9 ന് തിയറ്ററുകളിലെത്തും. രാഷ്ട്രീയ പ്രവേശത്തോടെ സിനിമയോട് വിട പറയുന്ന ദളപതിയുടെ അവസാന സിനിമയുടെ ഓഡിയോ ലോഞ്ച് അടക്കം ഓരോ അപ്‌ഡേഷനും ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍ താരം അജു വര്‍ഗീസും ചിത്രത്തിലെ വിജയ്‌യുടെ തകര്‍പ്പന്‍ ഡാന്‍സുമായി രംഗത്തെത്തിയിരിക്കുകയാണ്. ജന നായകന്‍ സിനിമയിലെ ഇതിനോടകം പുറത്തിറങ്ങിയ ദളപതി കച്ചേരി എന്ന ഗാനത്തിന് ചുവടുവെക്കുന്ന അജു വര്‍ഗീസിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കഴിഞ്ഞ ദിവസം മലേഷ്യയില്‍ നടന്ന ജന നായകന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. 'വില്‍ മിസ് യുവര്‍ മൂവി സര്‍' എന്ന അടിക്കുറിപ്പോടെ ഗാനത്തിന് ചുവട് വെക്കുന്ന അജുവിന്റെ വിഡിയോയ്ക്ക് താഴെ ഒട്ടനവധി പേരാണ് ഇതിനോടകം കമന്റുമായി എത്തിയിരിക്കുന്നത്.
അജുവിന്റെ ഉറ്റ സുഹൃത്തായ നടന്‍ നിവിന്‍ പോളിയുടെ കമന്റാണ് ഇതില്‍ പ്രധാനപ്പെട്ടത്. 'നീ മരണമാസ്സ് ആടാ, വേറെ ലെവലാടാ' നീ എന്നാണ് അജുവിന്റ വിഡിയോക്ക് താഴെയുള്ള നിവിന്റെ കമന്റ്. കമന്റിന് മറുപടി നല്‍കാനും അജു മറന്നിട്ടില്ല. 'എന്നെ പ്രോത്സാഹിപ്പിക്കുകയാണല്ലേ' എന്ന അജുവിന്റെ ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നുണ്ട്.
2025 അവസാനം ബോക്‌സ് ഓഫീസ് അജുവും നിവിനും ചേര്‍ന്ന് തൂക്കിയെന്നും ഇന്‍സ്റ്റഗ്രാം അജു ഒറ്റക്ക് തൂക്കിയെന്നുമാണ് പലരും കുറിക്കുന്നത്. അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി- അജു വര്‍ഗീസ് കൂട്ടുകെട്ടിലൂടെ പുറത്തിറങ്ങിയ സര്‍വ്വം മായ മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ മുന്നേറുകയാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തിയ ഇരുതാരങ്ങളും ഇതിനോടകം തന്നെ മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട കോംബോയില്‍ ഒന്നായി മാറിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates