കൊച്ചി: അമ്മ ഭരണസമിതിയില്‍ വീണ്ടും രാജി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശ അരവിന്ദ് രാജിക്കത്ത് നല്‍കി. താരസംഘടന അമ്മയില്‍ ശ്വേതേ മേനോനെതിരെ ഒരു വിഭാഗം വനിതാ അംഗങ്ങള്‍ പടയൊരുക്കും നടത്തുന്നതിനിടെയാണ് ആശ അരവിന്ദിന്റെ രാജി. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നാണ് രാജി സമര്‍പ്പിച്ചുകൊണ്ടുള്ള കത്തില്‍ പറയുന്നത്.
ജനറല്‍ ബോഡി കൈക്കൊണ്ട തീരുമാനത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ല എന്ന ബോധ്യം തനിക്കുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് രാജിക്കത്ത് സംഘടനയ്ക്ക് കൈമാറിയത്. സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുമെന്നും അന്തസും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും സഞ്ജീവനി ഉള്‍പ്പെടെയുള്ള പദ്ധതികളില്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ അഡ്ഹോക് കമ്മറ്റിയില്‍ നിന്നും ആശ രാജിവെച്ചിരുന്നു.
'സംഘടനയുടെ ജനാധിപത്യപരമായ തീരുമാനങ്ങളെ മാനിക്കുന്നുവെന്നും സംഘടനയുടെ അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് ഓരോ അംഗത്തിന്റെയും കടമയാണെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നുവെന്നും' ആശ അരവിന്ദ് കത്തില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates