തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂർത്തീകരിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ഹരീഷ് ഉത്തമൻ. മരത്തിന് മുകളിൽ അതിമനോഹരമായൊരു കഫേ പണിതിരിക്കുകയാണ് നടൻ. ഇതുപോലെയൊന്ന് ലോകത്ത് ആദ്യമാണെന്നാണ് നടൻ പറയുന്നത്. ഇങ്ങനെയൊരു സംരംഭം തുടങ്ങാനുണ്ടായ കാരണത്തെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും ഹരീഷ് പങ്കുവച്ചിട്ടുണ്ട്.
രാവിലെ എട്ടു മണി മുതൽ രാത്രി എട്ടു വരെയാണ് തമിഴ്‌നാട്ടിലെ ഓറോവില്ലിനടുത്തുള്ള ട്രീ ടോപ്പ് കഫേ പ്രവർത്തിക്കുന്നത്. കഫേയുടെ മനോഹരമായ ചിത്രങ്ങളും വിഡിയോകളും ഭക്ഷണങ്ങളുമെല്ലാം ഹരീഷ് ഉത്തമൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
"എപ്പോഴും സ്‌പെഷ്യലായത് എന്തെങ്കിലുമൊന്ന് സൃഷ്ടിക്കണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇന്ന് ട്രീ ടോപ്പ് കഫേയെ കുറിച്ച് ലോകത്തിന് മുന്നിൽ പങ്കുവെക്കുമ്പോൾ എന്റെ ഹൃദയം നിറയുന്നു. കഴിഞ്ഞ ജൂണിലാണ് ഈ സ്വപ്നത്തിന്റെ വിത്ത് പാകിയത്. എന്റെ സുഹൃത്ത് ശങ്കറും ഞാനും ഒരുമിച്ച് ആദ്യമായി ഇതിനെക്കുറിച്ച് ആലോചിച്ചത് അപ്പോഴായിരുന്നു.
സത്യം പറഞ്ഞാൽ, ഈ സ്വപ്നം ഇതിലും എത്രയോ കാലം മുൻപേ ഉള്ളതാണ്. 2008 മുതൽ, ഒരു കഫേയുടെയോ റസ്റ്റൊറന്റിന്റെയോ ഭാഗമാകാനുള്ള ആഗ്രഹം ഞാൻ ഉള്ളിൽ കൊണ്ടു നടന്നിരുന്നു. ജീവിതം മുന്നോട്ട് പോയി, സിനിമ സംഭവിച്ചു, അപ്പോഴും ആ സ്വപ്നം അതിന്റെ സമയത്തിനായി ക്ഷമയോടെ കാത്തുനിന്നു.
വർഷങ്ങൾക്ക് ശേഷം ഞാൻ പോണ്ടിച്ചേരിയിലെ കീത്ത് ഹൗസിന്റെ സ്ഥാപകനായ ശങ്കറിനെ കണ്ടുമുട്ടി. ഒരിക്കൽ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കവെ, ആ സ്ഥലത്തിന്റെ ഊഷ്മളതയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലെ സത്യസന്ധതയും എന്നെ ആഴത്തിൽ സ്പർശിച്ചു. ആത്മബന്ധം തോന്നി. ആ സംഭാഷണങ്ങൾക്കിടയിലും പങ്കുവെച്ച നിമിഷങ്ങൾക്കിടയിലും ഒരു ലളിതമായ ചിന്തയുണർന്നു.
എന്തുകൊണ്ട് ഒരുമിച്ച് എന്തെങ്കിലുമുണ്ടാക്കിക്കൂടാ? അങ്ങനെ പതുക്കെ, ആ ചിന്ത ട്രീ ടോപ്പ് കഫേയായി വളർന്നു”, ഹരീഷ് കുറിച്ചു. ഒപ്പം തന്റെ സ്വപ്നത്തിന് കൂടെ നിന്നവരോടും ഹരീഷ് നന്ദി പറഞ്ഞിട്ടുണ്ട്. "നിങ്ങൾ പോണ്ടിച്ചേരിയുടെ അടുത്താണെങ്കിൽ, ദയവായി വന്ന് സ്വയം അനുഭവിച്ചറിയുക.
മരങ്ങൾക്കിടയിൽ ഇരിക്കുക, പച്ചപ്പ് ശ്വസിക്കുക, ഞങ്ങളുമായി ഒരു നിമിഷം പങ്കിടുക. കാരണം ഇത് വെറുമൊരു കഫേ മാത്രമല്ല. ഇത് വർഷങ്ങളോളം കാത്തുകിടന്ന് ഒടുവിൽ വഴി കണ്ടെത്തി, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നമാണ്”-എന്നും നടൻ കുറിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates