അന്യഗ്രഹജീവികൾ തന്നെ പിന്തുടരുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ നടൻ ജെയിംസ് ഫ്രാങ്കോയ്ക്ക് എതിരെ ട്രോളൻമാർ. ടിക് ടോക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് വിചിത്ര അവകാശവാദവുമായി നടനെത്തിയത്. വിഡിയോ വൈറലായതോടെയാണ് താരത്തിനെതിരെ കടുത്ത പരിഹാസവും ട്രോളുകളുമായി സോഷ്യൽ മീഡിയ എത്തിയത്. 'ഫ്രാങ്കോയ്ക്ക് ശരിക്കും ഭ്രാന്ത് പിടിച്ചോ' എന്നാണ് പലരും ഇപ്പോൾ ചോദിക്കുന്നത്.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഫ്രാങ്കോ അന്യഗ്രഹജീവികളെക്കുറിച്ച് ചില വിചിത്രമായ സൂചനകൾ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. വിഡിയോയുടെ തുടക്കത്തിൽ തനിക്ക് ചിലത് വെളിപ്പെടുത്താനുണ്ടെന്നും, തന്റെ വീട്ടിൽ നിന്ന് ചിലത് കണ്ടെത്തിയെന്നും താരം അവകാശപ്പെടുന്നുണ്ട്.
ഇത് താൻ ആവശ്യപ്പെട്ട് വന്നതല്ലെന്നും തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നും ഫ്രാങ്കോ പറയുന്നു. ആളുകൾ തന്നെ ഭ്രാന്തൻ എന്ന് വിളിച്ചെന്നും, സത്യം പുറത്തുപറയാതിരിക്കാൻ പലരും ഭീഷണിപ്പെടുത്തിയെന്നും താരം വിഡിയോയിലൂടെ ആരോപിക്കുന്നുണ്ട്. തുടർന്ന് തന്റെ ലാപ്ടോപ്പിൽ റെക്കോർഡ് ചെയ്തുവെച്ചിരിക്കുന്ന ചില കറുപ്പും വെളുപ്പും ദൃശ്യങ്ങളാണ് താരം ആരാധകർക്കായി കാണിക്കുന്നത്.
ഒരു മരത്തിന് പിന്നിൽ ഒളിച്ചുനിൽക്കുന്നതും, ജനാലയിലൂടെ ഉള്ളിലേക്ക് നോക്കുന്നതുമായ ഒരു അന്യഗ്രഹജീവിയുടെ രൂപമാണ് വിഡിയോയിലുള്ളത്. ജീവിയുടെ നീളമുള്ള വിരലുകൾ ജനൽച്ചില്ലിൽ അമർത്തുന്നതും ഇതിൽ വ്യക്തമായി കാണാം. എന്നാൽ വിഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പരിഹാസമാണ് താരത്തിന് സോഷ്യൽ മീഡിയയിൽ നേരിടേണ്ടി വരുന്നത്.
തികച്ചും വ്യാജമായ വിഡിയോയാണിതെന്നും, വെറുമൊരു ഹാലോവീൻ മാസ്ക് ധരിച്ച ആളാണ് വിഡിയോയിലുള്ളതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഹാലോവീൻ കടയിൽ നിന്ന് വാങ്ങിയ വില കുറഞ്ഞ മാസ്ക് വച്ചാണ് താരം ആളുകളെ പറ്റിക്കുന്നതെന്നും, കൂടുതൽ വ്യക്തതയുള്ള വിഡിയോ കാണാൻ പണം നൽകി സബ്സ്ക്രിപ്ഷൻ എടുക്കണമെന്ന് താരം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്നും വിമർശകർ പറയുന്നു.
ഒരു പ്രശസ്ത താരം ഇത്തരത്തിൽ മണ്ടത്തരമായ വിഡിയോയുമായി വരുന്നത് കഷ്ടമാണെന്നും, യഥാർഥ ഏലിയൻ ഗവേഷണങ്ങളെപ്പോലും ആളുകൾ തമാശയായി കാണാൻ ഇത് ഇടയാക്കുമെന്നും പലരും പറയുന്നു. പ്രശസ്ത ഹോളിവുഡ് ചിത്രമായ '127 അവേഴ്സ്' എന്ന സിനിമയിലൂടെ ഓസ്കർ നാമനിർദ്ദേശം വരെ ലഭിച്ച മികച്ചൊരു നടനാണ് ജെയിംസ് ഫ്രാങ്കോ.
അതുകൊണ്ടുതന്നെ ഇതൊരു സാധാരണ തട്ടിപ്പ് വിഡിയോ ആകാൻ വഴിയില്ലെന്നും, താരത്തിന്റെ റിലീസാകാൻ പോകുന്ന പുതിയ ചിത്രമായ 'ലവ് മീറ്റ്സ് ഇൻ ദ് സൺഷൈൻ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആയിരിക്കാം ഇതെന്നുമാണ് സിനിമാ ലോകത്തെ സംസാരം.
മുൻപും ഇതുപോലെ തമാശകളും വ്യത്യസ്തമായ പെർഫോമൻസ് ആർട്ടുകളും ചെയ്ത് കാണികളെ അമ്പരപ്പിക്കുന്ന സ്വഭാവം ഫ്രാങ്കോയ്ക്ക് ഉണ്ടായിരുന്നു. എന്തായാലും നടൻ പങ്കുവച്ച വിഡിയോ സൈബറിടത്ത് ഹിറ്റാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates