രസകരമായ നിരവധി കഥാപാത്രങ്ങളിലൂടെ മനം കവർന്ന നടനാണ് കൃഷ്ണൻകുട്ടി നായർ. അദ്ദേഹത്തിന്റെ മകൻ ശിവകുമാർ സിനിമയിലേക്ക് എത്തിയിട്ട് വർഷങ്ങളായി. ഇതിനോടകം നിരവധി സിനിമകളിലും അദ്ദേഹം വേഷമിട്ടു. ഇപ്പോൾ ഇന്ദ്രൻസ് നായകനാവുന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം. പ്രശാന്ത് കാനത്തൂർ ആദ്യമായി സംവിധാനം ചെയ്യുന്ന സ്റ്റേഷൻ 5 -ൽ ആണ് ഗുണ്ടയായി ശിവകുമാർ എത്തുന്നത്.
ആദ്യമായാണ് ശിവകുമാർ ഗുണ്ട വേഷത്തിലെത്തുന്നത്. വ്യത്യസ്തമായ കഥാപാത്രം കിട്ടയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ‘അച്ഛനാണ് എനിക്കു പ്രചോദനം. എന്നാൽ അച്ഛന്റെ മേൽവിലാസം പറഞ്ഞ് ഞാൻ ഇന്നു വരെ അവസരങ്ങൾക്കായി ആരെയും സമീപിച്ചിട്ടില്ല. അങ്ങനെ പാടില്ലെന്നും സ്വന്തം കഴിവു കൊണ്ട് വളരണം എന്നുമാണ് അച്ഛൻ എന്നെ ഉപദേശിച്ചത്. ആ ഉപദേശം ഇന്നും ഞാൻ പിന്തുടരുന്നു. ഓരോ സിനിമയും അതിലെ കഥാപാത്രവും ഞാൻ ഒരു പാഠമായിട്ടാണ് കരുതുന്നത്. എന്നെ വിശ്വസിച്ച് എന്നിലെ കഴിവ് മനസ്സിലാക്കി സ്റ്റേഷൻ- 5 ൽ വ്യത്യസ്‍തമായ കഥാപാത്രം നൽകിയ പ്രശാന്തിന് നന്ദി.’–ശിവകുമാർ പറഞ്ഞു.
കൃഷ്ണൻകുട്ടിയെപ്പോലെ തന്നെ നാടക രംഗത്തു നിന്നാണ് ശിവകുമാറിന്റെയും സിനിമയിലേക്ക് എത്തുന്നത്. മാറാട്ടമായിരുന്നു ആദ്യ ചിത്രം. ഉടോപ്യയിലെ രാജാവ്, ആമി, കൂടെ, ഒറ്റാൽ, ഒഴിമുറി തുടങ്ങി ഒട്ടേറെ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പി.പത്മരാജന്റെ പെരുവഴിയമ്പലത്തിലൂടെയാണ് കൃഷ്ണൻകുട്ടി സിനിമയിലേക്കെത്തുന്നത്. മഴവിൽക്കാവടി, കാക്കോത്തിക്കാവിൽ, പൊൻമുട്ടയിടുന്ന താറാവ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates