കോഴിക്കോട്: നടന്‍ മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്ന് കുടുംബം. ഇന്നലെയായിരുന്നു മാമുക്കോയയുടെ സംസ്‌കാര ചടങ്ങ്. വിദേശത്തുള്ള പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് വരാന്‍ പറ്റാത്തതിന് പിന്നിലെ സാഹചര്യം അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്ന് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ ഓര്‍മ്മിപ്പിച്ചു.
മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം. പിതാവിന്റെ സംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ടുള്ള അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച നടന്‍ മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വി എം വിനു കുറ്റപ്പെടുത്തിയിരുന്നു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നെന്നും താന്‍ എറണാകുളത്ത് പോയി മരിക്കാന്‍ ശ്രമിക്കുമെന്നും വിനു പരിഹസിച്ചു.
കഴിഞ്ഞദിവസം കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനിലായിരുന്നു മാമുക്കോയയുടെ കബറടക്കം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, മുന്‍മന്ത്രി കെ ടി ജലീല്‍ അടക്കം നിരവധി പ്രമുഖര്‍ ചിരിയുടെ സുല്‍ത്താന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.
രാവിലെ ഒമ്പതു മണി വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാത്രി വൈകിയും രാവിലെയും ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്. തുടര്‍ന്ന് വീടിനു സമീപത്തെ അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യത്ത് നമസ്‌കാരം നടത്തി. ഇതിനുശേഷമാണ് കബര്‍സ്ഥാനില്‍ മാമുക്കോയയെ കബറടക്കിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates