Mohan Sharma 
Entertainment

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

മരുന്നിന് മാത്രം പ്രതിമാസം നാല്പത്തിനായിരത്തോളം രൂപ വേണ്ടിവരുമെന്നാണ് നില. വരുമാനവും നിലച്ചതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ഒരുകാലത്ത് തെന്നിന്ത്യയിലെ നിറ സാന്നിധ്യമായിരുന്നു മോഹന്‍ ശര്‍മ. നടനായി മാത്രമല്ല നിര്‍മാതാവായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. നായകനും വില്ലനും സഹനടനുമെല്ലാമായി. തിരക്കഥാകൃത്തായും സംവിധായകനായും സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്.

എന്നാലിന്ന് മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ, ഒറ്റപ്പെട്ട് ജീവിക്കുകയാണ് മോഹന്‍ ശര്‍മ. ചെന്നൈയില്‍ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള വൃദ്ധസദനത്തിലാണ് മോഹന്‍ കഴിഞ്ഞ മൂന്ന് മാസമായി കഴിയുന്നത്. മോഹന്‍ ശര്‍മയെക്കുറിച്ചുള്ള രവി മേനോന്റെ കുറിപ്പ് ആരുടേയും മനസിലൊരു വിങ്ങലുണ്ടാക്കും. ആ വാക്കുകളിലേക്ക്:

'സങ്കടമുണ്ട്. പറഞ്ഞറിയിക്കാനാവാത്ത സങ്കടം. ബാല്യകൗമാരങ്ങളെ ഇത്രയേറെ സ്വാധീനിച്ച ഒരാള്‍ ജീവിതസായാഹ്നത്തില്‍ ഇങ്ങനെയൊരവസ്ഥയില്‍ ....' പറഞ്ഞുതീരും മുന്‍പ് മോഹന്‍ ശര്‍മ്മ ഇടപെട്ടു. 'പാടില്ല. ഇതൊരു സ്വാഭാവിക പരിണാമം മാത്രമായേ ഞാന്‍ കാണുന്നുള്ളൂ. ആരുടെ ജീവിതത്തിലും സംഭവിക്കാവുന്ന ഒന്ന്. ഈ പുതിയ ജീവിതവും യാഥാര്‍ഥ്യ ബോധത്തോടെ ഉള്‍ക്കൊള്ളുന്നു ഞാന്‍. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക...' തളര്‍ച്ചയുടെ നേര്‍ത്ത ലാഞ്ഛന പോലുമില്ലായിരുന്നു ആ ശബ്ദത്തില്‍.

ഓര്‍മ്മവന്നത് കൗമാരത്തെ പ്രണയസുരഭിലവും സംഗീതസാന്ദ്രവുമാക്കിയ കുറെ സുന്ദര കാമുകരെയാണ്: ചട്ടക്കാരിയിലെ ശശി, നെല്ലിലെ മല്ലന്‍, പ്രയാണത്തിലെ അരവിന്ദന്‍, ജീവിക്കാന്‍ മറന്നുപോയ സ്ത്രീയിലെ ചന്ദ്രന്‍, രാഗത്തിലെ മധുസൂദനന്‍, ശ്രീമദ് ഭഗവദ് ഗീതയിലെ അര്‍ജ്ജുനന്‍ .... മറക്കാനാവാത്ത കഥാപാത്രങ്ങള്‍.

അഭിനയിച്ച് അനശ്വരമാക്കിയ പാട്ടുകള്‍ വേറെ: മന്ദസമീരനില്‍, ഓ മൈ ജൂലി (ചട്ടക്കാരി), ഇവിടെ കാറ്റിനു സുഗന്ധം (രാഗം) നീലപ്പൊന്മാനെ (നെല്ല്), കറുകറുത്തൊരു പെണ്ണാണ് (ഞാവല്‍പ്പഴങ്ങള്‍)), മന്ദാകിനീ ഗാന മന്ദാകിനീ (സര്‍വേക്കല്ല്), വീണപൂവേ കുമാരനാശാന്റെ വീണപൂവേ, അഷ്ടപദിയിലെ നായികേ. (ജീവിക്കാന്‍ മറന്നുപോയ സ്ത്രീ), ശരറാന്തല്‍ തിരി താണു, ചിത്തിരത്തോണിയില്‍ അക്കരെ പോകാന്‍ (കായലും കയറും), മഴ തുള്ളി തുള്ളി, ഓര്‍മ്മയുണ്ടോ (സരിത), മാണിക്യ ശ്രീകോവില്‍ നീയെങ്കില്‍ പ്രിയംവദ), ഓര്‍മ്മകളെ കൈവള ചാര്‍ത്തി (പ്രതീക്ഷ), കാളിന്ദീ കാളിന്ദീ (ചുവന്ന സന്ധ്യകള്‍ ), വിലാസ ലോലുപയായി (ശ്രീമദ് ഭഗവദ് ഗീത), ഈ നിമിഷം പകരുന്നിതാ (കാന്തവലയം) അതൊരു കാലം. വര്‍ണ്ണസുരഭിലമായ ആ ഭൂതകാലത്തെ കുറിച്ച് അധികം ഓര്‍ക്കാറില്ല മോഹന്‍ ഇപ്പോള്‍.

ചെന്നൈ നഗരത്തില്‍ നിന്ന് അന്‍പത് കിലോമീറ്ററോളം അകലെയുള്ള രാമാവതാര്‍ അഗര്‍വാള്‍ സഭ വൃദ്ധ സേവാശ്രമത്തിലാണ് കഴിഞ്ഞ മൂന്ന് മാസമായി മോഹന്‍. ജീവിതത്തില്‍ ശരിക്കും ഒറ്റപ്പെട്ടുപോയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ വേറെ. മരുന്നിന് മാത്രം പ്രതിമാസം നാല്പത്തിനായിരത്തോളം രൂപ വേണ്ടിവരുമെന്നാണ് നില. വരുമാനവും നിലച്ചതോടെ ജീവിതം ശരിക്കും പ്രതിസന്ധിയിലായി. റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കള്‍ മുന്‍കൈയെടുത്താണ് വൃദ്ധാശ്രമത്തില്‍ എത്തിച്ചത്. ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റിന്റെ ദുരവസ്ഥ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലായിരുന്നു. 'ഇവിടെ ജീവിതം വലിയ അല്ലലും അലട്ടുമില്ലാതെ പോകുന്നു. ഭക്ഷണം സൗജന്യമാണ്. മരുന്നിനുള്ള തുക നമ്മള്‍ മുടക്കിയാല്‍ മതി.' -- മോഹന്‍. 'സമയം പോകാന്‍ ഇടക്ക് പഴയ സിനിമകളിലെ നര്‍മ്മ രംഗങ്ങള്‍ യൂട്യൂബില്‍ കാണും. ഭാവിയെക്കുറിച്ച് വലിയ പ്ലാനിംഗ് ഒന്നുമില്ല. അത്തരം കണക്കുകൂട്ടലുകളുടെ നിരര്‍ത്ഥകതയെ കുറിച്ച് കാലം തന്നെ നമ്മളെ ബോധ്യപ്പെടുത്തിയിട്ടുണ്ടല്ലോ....' ആദ്യമായി മോഹനെ കണ്ട നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഇരമ്പുന്ന ജനസാഗരത്തിന്റെ അങ്ങേയറ്റത്ത് കറുത്ത പൊട്ടു പോലെ ഒരു ആള്‍രൂപം. സദസ്സില്‍ നിന്നുയര്‍ന്ന നിലയ്ക്കാത്ത ഹര്‍ഷാരവങ്ങള്‍ക്ക് നന്ദി പറഞ്ഞ് ആ രൂപം പാടിത്തുടങ്ങുന്നു-- 'മുരളീ ഗാനത്തിന്‍ കല്ലോലിനീ മധുര സ്വരരാഗ മന്ദാകിനീ..' മോഹനിലെ പ്രണയ നായകനെ മാത്രം സിനിമയില്‍ കണ്ടു ശീലിച്ച സദസ്സ് ആ ഗാനത്തിന്റെ മാധുര്യത്തില്‍ ലയിച്ചു തരിച്ചിരുന്നു. പാട്ടിനൊടുവില്‍ ഉയര്‍ന്ന വണ്‍സ് മോര്‍ വിളികള്‍ ഇപ്പോഴും കാതിലുണ്ട്. 1970 കളുടെ മധ്യത്തില്‍ നടന്ന ആ സംസ്ഥാന അവാര്‍ഡ് നിശയില്‍ മികച്ച നടനുള്ള അവാര്‍ഡ് നേടിയ സോമനെക്കാള്‍ കയ്യടി നേടിയത് മോഹനായിരുന്നു-- ഒരൊറ്റ പാട്ട് കൊണ്ട്. പേരില്‍ ശര്‍മ്മയില്ല അന്ന്; മോഹന്‍ മാത്രം.

മലയാള സിനിമയില്‍ മോഹന്‍ -- ലക്ഷ്മി കൂട്ടുകെട്ടിന്റെ വസന്ത കാലമായിരുന്നു അത് -- ചട്ടക്കാരി, രാഗം, പ്രയാണം, ചുവന്ന സന്ധ്യകള്‍, സര്‍വേക്കല്ല്, പ്രിയംവദ, ചലനം .... അങ്ങനെ ഒരു കൂട്ടം വൈവിധ്യമാര്‍ന്ന സിനിമകള്‍.. അന്നൊക്കെ ആരാധനയായിരുന്നു മോഹനോട്. വെള്ളിത്തിരയിലെ സ്വപ്ന സുന്ദരിയായ ലക്ഷ്മിയെ കെട്ടിപ്പിടിക്കുകയും കവിളില്‍ ഉമ്മ വെക്കുകയും കൈകളില്‍ എടുത്തുയര്‍ത്തി അമ്മാനമാടുകയും ചെയ്യുന്ന കാമുകന്‍.. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കാന്‍ ഭാഗ്യമുണ്ടായ നായകന്‍.

മോഹന്‍ ചിരിക്കുന്നു. 'സംഗീതത്തോട് പണ്ടേയുണ്ട് ഭ്രമം. സത്യത്തില്‍ പാട്ടുകാരനാകാനാണ് ആദ്യം മോഹിച്ചത്. സംഗീത ചക്രവര്‍ത്തി എം ഡി രാമനാഥന്റെ അനന്തിരവന് അങ്ങനെയല്ലേ മോഹിക്കാനാകൂ?'' അത്ഭുതം തോന്നി. അതൊരു പുതിയ അറിവായിരുന്നു എനിക്ക്. എം ഡി ആറിന്റെ ജന്മനാടായ മഞ്ഞപ്രയും മോഹന്‍ ജനിച്ച വളര്‍ന്ന തത്തമംഗലവും പാലക്കാട് ജില്ലയിലാണെങ്കിലും ഇരുവരും തമ്മില്‍ ഇങ്ങനെയൊരു ബന്ധമുണ്ടെന്നത് അറിഞ്ഞിട്ടില്ല അതുവരെ.

'എന്റെ ചിറ്റപ്പനാണ് എം ഡി ആര്‍.,'' -- മോഹന്‍ പറഞ്ഞു. ചിറ്റപ്പന് കീഴില്‍ സംഗീതം അഭ്യസിക്കാന്‍ കഴിയാതെ പോയതില്‍ ഇന്നുമുണ്ട് മോഹന് ദുഃഖം. 'അതിന് അവസരം ലഭിച്ചില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ തിരക്കും എന്റെ സിനിമാ ഭ്രാന്തും ഒത്തുപോകാത്തതാകാം കാരണം ''. എങ്കിലും പാലക്കാടന്‍ ബ്രാഹ്മണ ഗൃഹങ്ങളിലെ മറ്റു ഏതു കുട്ടിയേയും പോലെ അഞ്ചാം വയസ്സില്‍ തന്നെ ഒരു ഭാഗവതരുടെ കീഴില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു തുടങ്ങി മോഹന്‍ . പില്‍ക്കാലത്ത് സിനിമയില്‍ ഗാന രംഗങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നപ്പോള്‍ ഈ പരിശീലനം തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് പറയും മോഹന്‍. താളബോധമാണല്ലോ നല്ലൊരു നടന് വേണ്ട ഏറ്റവും പ്രധാന ഗുണം. യേശുദാസിന്റെയും ജയചന്ദ്രന്റെയും ഗാനങ്ങള്‍ക്കൊത്ത് ചുണ്ടനക്കുക മാത്രമല്ല മോഹന്‍ ചെയ്തത്. രണ്ടു ചിത്രങ്ങളില്‍ പിന്നണി പാടുകയും ചെയ്തു. 'ബന്ധ'ത്തില്‍ ശ്യാമിന്റെ ഈണത്തിലും (ജനിച്ചപ്പോഴേ തനിച്ചായി ഞാന്‍...), 'ഇവിടെ തുടങ്ങുന്നു'വില്‍ ജോണ്‍സന്റെ ഈണത്തിലും (ഏതോ സ്വപ്നം പോലെ, എന്നോമല്‍ സോദരിക്കു, നീയെന്റെ ജീവനാണോമലേ). രണ്ടും മോഹന്‍ തന്നെ നിര്‍മിച്ച ചിത്രങ്ങള്‍.

ഗ്രാമത്തിലെ സമപ്രായക്കാരായ കുട്ടികള്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരുമാകാന്‍ വേണ്ടി ഉറക്കമിളച്ചപ്പോള്‍, മോഹന്‍ സിനിമാസംവിധായകനാകുന്നത് സ്വപ്നം കണ്ടു നടന്നു. ഗുരുദത്ത്, ബിമല്‍ റോയ്, ശാന്താറാം,ഹൃഷികേഷ് മുഖര്‍ജി - ഇവരൊക്കെയായിരുന്നു ആരാധനാ പുരുഷന്മാര്‍ . തത്തമംഗലത്തെ ചെന്താമര ടോക്കീസില്‍ അന്ന് തമിഴ് മലയാളം സിനിമകളാണ് വരിക. നല്ല ഹിന്ദി സിനിമകളും ഇംഗ്ലീഷ് സിനിമകളും കാണണമെങ്കില്‍ പാലക്കാട്ട് പോകണം.

പൂനാ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടിന്റെ പരസ്യം കണ്ണില്‍ പെടുന്നത് അക്കാലത്താണ്. സിനിമാ പഠന കോഴ്‌സിന് ചേരണമെങ്കില്‍ ടെസ്റ്റും അഭിമുഖവും ഒക്കെ കടന്നു പോകണം. പണവും അത്യാവശ്യം. വീട്ടില്‍ ചോദിച്ചാല്‍ പണം തരില്ല എന്നുറപ്പായിരുന്നു. ഒടുവില്‍ കോഴ്‌സിനുള്ള പണം സ്വരൂപിക്കാന്‍ മോഹന്‍ ഒരു വഴി കണ്ടെത്തുന്ന്‌നു. ചെന്നൈയില്‍ മെഡിക്കല്‍ റെപ്പിന്റെ ജോലി ചെയ്യുക.'മുന്നൂറിലേറെ പേരാണ് ആണ് അന്ന് തെക്കേ ഇന്ത്യയില്‍ നിന്ന് കോഴ്‌സിനു അപേക്ഷിച്ചത്. ഞാന്‍ ഉള്‍പ്പെടെ 20 പേരെ അവസാന ഘട്ട അഭിമുഖത്തിനു വിളിച്ചു.

രാഗിണിയും ജമിനി ഗണേശനും ഒക്കെയുണ്ട് ഇന്റര്‍വ്യൂ ബോര്‍ഡില്‍. ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി. തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ തെക്കേ ഇന്ത്യയില്‍ നിന്ന് ഞാന്‍ മാത്രം. അന്ന് രാത്രി ഉറങ്ങിയില്ല. എന്നിലെ പ്രതിഭ അംഗീകരിക്കപ്പെട്ടത്തിന്റെ ആഹ്‌ളാദം ഒരു വശത്ത്.. വീട്ടുകാരില്‍ നിന്ന് ഉണ്ടാകാനിടയുള്ള ശക്തമായ എതിര്‍പ്പിനെക്കുരിച്ചുള്ള വേവലാതി മറു വശത്ത്. എന്തായാലും എതിര്‍പ്പുകള്‍ അതിജീവിച്ച് ഒടുവില്‍ ഞാന്‍ പൂനയില്‍ എത്തിപ്പെടുക തന്നെ ചെയ്തു. ഇവനെ തടഞ്ഞിട്ടു കാര്യമില്ല എന്ന് വീട്ടുകാര്‍ക്ക് ബോധ്യപ്പെട്ടിരിക്കാം..''

പൂനയില്‍ തത്തമംഗലത്തുകാരനെ കാത്തിരുന്നത് പുതിയൊരു ലോകമായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവ കലാകാരന്മാര്‍. -- മിഥുന്‍ ചക്രവര്‍ത്തി, ശബാന ആസ്മി, സറീന വഹാബ്, നസീറുദ്ദീന്‍ ഷാ, ഓംപുരി, ഗായകന്‍ ശൈലേന്ദ്ര സിംഗ്, കെ ജി ജോര്‍ജ്, മധു അമ്പാട്ട്, ബാലു മഹേന്ദ്ര തുടങ്ങി പില്‍ക്കാലത്ത് ഇന്ത്യന്‍ സിനിമയുടെ അഭിമാനഭാജനങ്ങളായി വളര്‍ന്ന പലരും അന്ന് അവിടെ വിദ്യാര്‍ഥികളായുണ്ട്. ചിലര്‍ സഹപാഠികളായി. മറ്റുള്ളവര്‍ സീനിയേഴ്‌സ് ആയി.

മോഹനിലെ അഭിനേതാവിനെ ആദ്യം തിരിച്ചറിഞ്ഞത് അടുത്ത സുഹൃത്തായ ബാലു മഹേന്ദ്ര തന്നെ. ബാലുവിനെ ക്യാമറമാന്‍ ആക്കി രാമു കാര്യാട്ട് 'നെല്ല്'' ഉള്‍പ്പെടെ മൂന്ന് പടങ്ങള്‍ ഒരുമിച്ച് അനൗണ്‍സ് ചെയ്ത ഘട്ടം. നെല്ലില്‍ അഭിനയിക്കാന്‍ പുതിയൊരു യുവനടനെ തേടുകയായിരുന്ന രാമുവിനോട് മോഹന്റെ പേര് നിര്‍ദേശിച്ചത് ബാലു ആണ്. രാമുവിന്റെ വിശ്വസ്ത അസിസ്റ്റന്റ് കെ ജി ജോര്‍ജിന്റെ പിന്തുണയും ഉണ്ടായിരുന്നു ആ ശുപാര്‍ശക്ക് . പൂനയിലെ കോഴ്‌സ് ഒരു വര്‍ഷം പിന്നിട്ടിരുന്നതേ ഉള്ളൂ എങ്കിലും ചെമ്മീന്റെ സംവിധായകന്റെ പടത്തില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിക്കാന്‍ മനസ്സു വന്നില്ല മോഹന്.

'രാമു ആദ്യം ചെയ്തത് എന്റെ പേരിലെ ശര്‍മ്മ എടുത്ത് കളയുകയാണ്. അതിനൊരു ഉത്തരേന്ത്യന്‍ ചുവ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.'' -- മോഹന്‍ ഓര്‍ക്കുന്നു. പക്ഷെ നെല്ല് പുറത്തിറങ്ങാന്‍ വൈകി. ഒരു ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് പ്രതിഭയെ രാമു സിനിമയില്‍ അവതരിപ്പിക്കാന്‍ പോകുന്ന കാര്യം പത്രങ്ങളില്‍ വായിച്ചറിഞ്ഞ പി എന്‍ മേനോന്‍ തന്റെ 'പണിമുടക്കി'' ലേക്ക് മോഹനെ ക്ഷണിക്കുന്നത് ആ ഇടവേളയിലാണ്. ഓളവും തീരവും എന്ന സിനിമയുടെ വലിയൊരു ആരാധകന്‍ ആയിരുന്ന മോഹന് മേനോന്റെ ക്ഷണം കണ്ണുമടച്ച് സ്വീകരിക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. പുതുക്കാട് വച്ച് വെറും 22 ദിവസം കൊണ്ടാണ് മധു നായകനായ ചിത്രത്തിന്റെ ഷൂട്ടിംഗ് മേനോന്‍ തീര്‍ത്തത് എന്നോര്‍ക്കുന്നു മോഹന്‍.

മലയാളത്തില്‍ ബാലു മഹേന്ദ്ര ക്യാമറ കൈകാര്യം ചെയ്ത ആദ്യ ചിത്രം. പടം ബോക്‌സോഫീസില്‍ വിജയിച്ചില്ലെങ്കിലും പുതിയ നടനെ ജനം ശ്രദ്ധിച്ചു; ഒപ്പം സിനിമാലോകവും. കെ എസ് സേതുമാധവന്റെ ഭജീവിക്കാന്‍ മറന്ന് പോയ സ്ത്രീ'യില്‍ നായകനാകാന്‍ അവസരം ഒരുങ്ങിയത് അങ്ങനെയാണ്. തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി പടങ്ങള്‍.

ദേശീയ -- സംസ്ഥാന ബഹുമതികള്‍ നേടിയ 'ഗ്രാമം' എന്ന സിനിമയിലൂടെ മോഹന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത് പതിനാലു വര്‍ഷം മുന്‍പാണ്. സുകുമാരിക്ക് മികച്ച സഹനടിക്കും ഇന്ദ്രന്‍സ് ജയന് വസ്ത്രവിതാനത്തിനുമുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പടം. എക്കാലത്തെയും പ്രിയപ്പെട്ട അഞ്ചു ചിത്രങ്ങളില്‍ ഒന്നായി ജയലളിത തിരഞ്ഞെടുത്ത ചിത്രം കൂടിയാണത്. അക്കാദമിക് തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പടത്തിനു തിയറ്ററുകളില്‍ കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നൊരു ദുഃഖം മാത്രം.

സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം അവിടെനിന്നാണ്. 'കലാമൂല്യമുള്ള സിനിമ എടുത്താല്‍ പോരാ, അത് കച്ചവടം ചെയ്യാന്‍ കൂടി അറിയണം എന്ന് അതോടെ മനസ്സിലായി'' -- മോഹന്‍ ചിരിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് താന്‍ അഭിനയിച്ച അശ്വതി എന്ന ചിത്രത്തിന് വേണ്ടി ജയചന്ദ്രന്‍ പാടിയ പഴയൊരു ഗാനത്തിന്റെ പല്ലവി വെറുതെ മൂളുന്നു അദ്ദേഹം: 'കാവ്യപുസ്തകമല്ലോ ജീവിതം, ഒരു കാവ്യപുസ്തകമല്ലോ ജീവിതം, ഇതില്‍ കണക്കെഴുതാന്‍ ഏടുകളെവിടെ....''

Actor Mohan Sharma now lives in an old age home. Ravi Menon pens an emotional note about him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധി സംഭാവന നൽകി, പപ്പു യാദവ് 'ചോർത്തി'; രാമക്ഷേത്ര വിഷയത്തിൽ പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ തെരുവ് നാടകം - വിഡിയോ

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

'ആ സീരിയലോടെ നിര്‍ത്തി, ഇല്ലായിരുന്നുവെങ്കില്‍ സിനിമയിലേക്ക് എത്തില്ലായിരുന്നു'; അനൂപ് മേനോന്‍ പറയുന്നു