Mohanlal ഫെയ്സ്ബുക്ക്
Entertainment

'ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം'; മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാള്‍

ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ഭാവപ്പകര്‍ച്ചകളുടെ വിസ്മയഗോപുരം തീര്‍ത്ത മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം ജന്മദിനം. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ, ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ മഹാപ്രതിഭ നാലര പതിറ്റാണ്ടായി സിനിമാ ലോകത്തെ നിറ സാന്നിധ്യമാണ്. ഇനിയും ആ വിസ്മയം തുടരും. വില്ലന്‍ കഥാപാത്രത്തില്‍ തുടങ്ങി, നായകന്റെ സിംഹാസനമേറി, ഒടുവില്‍ അഭിനയത്തിന്റെ കുലപതിയായി മാറിയ ആ യാത്ര ഒരു പുരാവൃത്തം പോലെ മനോഹരമാണ്.

'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ലെ കുസൃതിയില്‍ നിന്നും കുടിലതയിലേക്കും ക്രൗര്യത്തിലേക്കും കൂടുമാറുന്ന നരേന്ദ്രന്‍ എന്ന കഥാപാത്രത്തില്‍ തുടങ്ങി, മലയാളികളുടെ ഹൃദയമിടിപ്പായി മാറിയ എത്രയെത്ര കഥാപാത്രങ്ങള്‍ അദ്ദേഹത്തിലൂടെ നമ്മുക്ക് ലഭിച്ചു. 'രാജാവിന്റെ മകന്‍' എന്ന തമ്പി കണ്ണന്താനം ചിത്രത്തിലെ വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനിലൂടെ ലാല്‍ എന്ന നടന്‍ മാസ്മരികമായ ഒരു നായകസങ്കല്‍പ്പത്തിന് അടിത്തറയിട്ടു.

അരവിന്ദന്റെ വാസ്തുഹാരയിലെ വേണുവിനെയും താഴ് വാരത്തിലെ ബാലനെയും കിരീടത്തിലെ സേതുമാധവനെയും ആര്‍ക്കാണ് മറക്കാനാകുക. സത്യന്‍ അന്തിക്കാടിന്റെയും സിബി മലയിലിന്റെയും പ്രിയദര്‍ശന്റെയും ഭരതന്റെയും പത്മരാജന്റെയും സിനിമകളിലൂടെ മോഹന്‍ലാല്‍ പ്രേക്ഷകരുടെ വികാരവും ജീവവായുവുമായി. നാടോടിക്കാറ്റിലെ ദാസനും ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥനും തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും മധ്യവര്‍ഗജീവിതത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമാക്കി മോഹന്‍ ലാലിനെ മാറ്റി.

'വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനായി ലാല്‍ പകര്‍ന്നാടിയപ്പോള്‍ ആ നടനവൈഭവത്തിന് മുന്നില്‍ ലോകം വിസ്മയത്തോടെ ശിരസ്സുനമിച്ചു.തിയേറ്ററുകളെ ഉത്സവപ്പറമ്പുകളായി മാറ്റിയ പ്രകടനങ്ങളും മോഹന്‍ ലാലിനെ മാസ്സാക്കി മാറ്റി. മീശപിരിച്ചും മുണ്ടു മടക്കിക്കുത്തിയും ആ നടന്‍ മലയാളിക്ക് പൗരുഷത്തിന്റെ പുതിയൊരു മുഖം സമ്മാനിച്ചു. അമ്മയോടുള്ള വാത്സല്യമായി, കാമുകിയോടുള്ള പ്രണയമായി, സുഹൃത്തിനോടുള്ള വിശ്വസ്തതയായി, ശത്രുവിനോടുള്ള വീര്യമായി മോഹന്‍ലാല്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. അഭിനയം എന്നത് വേഷപ്പകര്‍ച്ചകളല്ല, മറിച്ച് ആത്മാവിന്റെ ആവിഷ്‌കാരമാണെന്ന് തെളിയിച്ച മഹാപ്രതിഭയ്ക്ക് മുന്നില്‍ കാലം ഇനിയും വിസ്മയത്തോടെ കാത്തുനില്‍ക്കും.

അഞ്ച് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ഒന്‍പത് സംസ്ഥാന പുരസ്‌കാരങ്ങള്‍, ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ 'ലെഫ്റ്റനന്റ് കേണല്‍' പദവി, ഡി ലിറ്റ് ബിരുദങ്ങള്‍, പദ്മ പുരസ്‌കാരങ്ങള്‍, ഒടുവില്‍ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം ദാദാസാഹിബ് ഫാല്‍കേ അവാര്‍ഡ്. നടനകലയുടെ ആ മഹാസപര്യക്ക് അംഗീകാരങ്ങള്‍ വന്നുചേര്‍ന്നുകൊണ്ടിരിക്കുന്നു.

actor mohanlal 66th birthday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്; 16-ാം കേരള നിയമസഭ നിലവില്‍ വരും, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നാളെ

'ലാലേട്ടാ...ഹാപ്പി ബർത്ത് ഡേ'; ആരാധകർക്കൊപ്പം 'ദൃശ്യം 3' കാണാൻ കവിത തിയറ്ററിലെത്തി ജോർജുകുട്ടി

എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്, മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് പിറന്നാൾ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഴയ സൂപ്പര്‍ സ്റ്റാർ, 'മനീഷ് പാണ്ഡെ' ക്ലാസിക്ക് വീണ്ടും! പ്രതീക്ഷ കാത്ത് കൊല്‍ക്കത്ത; തോറ്റ്, തോറ്റ്... മുംബൈ ഇന്ത്യന്‍സ്

കഷ്ടപ്പെട്ട് വീട് പണിതു, ഗൃഹപ്രവേശം 'മുടക്കി' സില്‍വര്‍ലൈന്‍, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 'പുഞ്ചിരി'; പന്തല്‍ പൊളിക്കാന്‍ മുഖ്യമന്ത്രി വരുമോ?

SCROLL FOR NEXT