സിനിമ- സീരിയൽ താരം അവിക ഗോറിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അവികയുടെ ഭർത്താവ് മിലിന്ദ് ചന്ദ്വാനിയാണ് നടിയുടെ ആരോഗ്യാവസ്ഥ പങ്കുവച്ചത്. കഴിഞ്ഞ അഞ്ച് ദിവസമായി കടുത്ത പനി ബാധിച്ച് അവികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും മിലിന്ദ് പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മിലിന്ദ് ഇക്കാര്യം പറഞ്ഞത്.
"അവിക ഇന്നലെ രാത്രി മുതൽ ആശുപത്രിയിലാണ്. കഴിഞ്ഞ അഞ്ച് ദിവസമായി അവൾക്ക് 103–104 ഡിഗ്രി പനി ഉണ്ടായിരുന്നു. ആ അഞ്ച് ദിവസങ്ങളിൽ അവൾ എന്താണ് ചെയ്തതെന്ന് ഊഹിക്കാമോ ?. രണ്ട് ദിവസത്തെ ഷൂട്ടിങ് ബാക്കിയുണ്ടായിരുന്ന ഒരു പ്രൊജക്ടിലേക്കാണ് അവൾ ആദ്യം പോയത്.
104 ഡിഗ്രി പനി ഉണ്ടായിരുന്നിട്ടും അവൾ വളരെ മികച്ച പ്രകടനം കാഴ്ചവച്ചു, ഒരു ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയാക്കാൻ അവൾക്ക് കഴിഞ്ഞു. പിന്നെ അവൾ തിരിച്ചു വന്നു, രണ്ടു ദിവസത്തെ ഇടവേള എടുത്തു. മരുന്ന് കഴിച്ചുകൊണ്ട് ദിവസം മുഴുവൻ കിടപ്പായിരുന്നു. അനങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിയാതെ.
പക്ഷേ, കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നതിനാൽ ആ പനിയും വച്ച് അവൾ ഡൽഹിയിലേക്ക് പോയി ഒരു പരസ്യം ചെയ്തു. അതുകഴിഞ്ഞ് മുംബൈയിലേക്ക് തിരിച്ചെത്തിയപ്പോൾ ഞങ്ങൾ ടെസ്റ്റ് നടത്തി. അതിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നിർമാതാക്കൾക്ക് മനസ്സിലാകുമെന്നും നമുക്ക് അത് മാറ്റിവയ്ക്കാമെന്നും ഞാൻ അവളോട് പലതവണ പറഞ്ഞു,
പക്ഷേ, 'ആർക്കെങ്കിലും നഷ്ടം സംഭവിക്കും, ഒരാളുടെ സമയം പാഴാകും, ഒരാളുടെ പണം നഷ്ടപ്പെടും. എനിക്ക് അത് വേണ്ട. എനിക്ക് കഴിയുന്നത്ര ഞാൻ ചെയ്യും'. - എന്നവൾ പറഞ്ഞു കൊണ്ടേയിരുന്നു. ഒരാൾക്ക് സ്വന്തം ജോലിയോട് ഇത്രയധികം സ്നേഹം എവിടെ നിന്നാണ് വരുന്നതെന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല.
എന്തായാലും, നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ അവളെ ഉൾപ്പെടുത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എനിക്ക് നിന്നെക്കുറിച്ച് അഭിമാനമുണ്ട്, അവിക".- എന്നാണ് വിഡിയോയിലൂടെ മിലിന്ദ് പങ്കുവച്ചത്. മിലിന്ദിന്റെ വിഡിയോയ്ക്ക് താഴെ അവിക എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പലരും കുറിച്ചു. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2025 സെപ്റ്റംബറിലാണ് അവികയും മിലിന്ദും വിവാഹിതരായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates