

ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. എന്നാൽ ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് ചിത്രം കാണാൻ അല്പ സമയം കൂടി കാത്തിരിക്കേണ്ടി വരും. വിദേശത്ത് റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾക്ക് ശേഷമാകും ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തുക.
ചിത്രത്തിന്റെ നിർമാതാവായ നമിത് മൽഹോത്രയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ 'രാമായണ' 2026 നവംബർ 6 ന് റിലീസ് ചെയ്യുമ്പോൾ, ഇന്ത്യയിൽ ചിത്രം ദീപാവലി പ്രമാണിച്ച് നവംബർ 8 നാണ് തിയറ്ററുകളിൽ എത്തിക്കാൻ ലക്ഷ്യമിടുന്നത്.
"അന്താരാഷ്ട്ര വിതരണ രീതികൾ സാധാരണയായി വെള്ളിയാഴ്ചകളെ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്, അതിനാലാണ് വിദേശത്ത് നവംബർ 6 വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഞായറാഴ്ചയായ നവംബർ 8-ന് ചിത്രം റിലീസ് ചെയ്യാൻ ലക്ഷ്യമിടുന്നത്". -നമിത് മൽഹോത്ര എൻഡിടിവിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഇംഗ്ലീഷ് ട്രെയ്‍ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ചിത്രത്തിന് ഓസ്കർ ലഭിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങളോടും നമിത് പ്രതികരിച്ചു. ഓസ്കർ പുരസ്കാരം നേടുകയെന്നത് ഈ പ്രൊജക്ടിന് പിന്നിലെ പ്രാഥമിക ലക്ഷ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നിരുന്നാലും, ലോകത്തെ ഏറ്റവും മികച്ച സർഗാത്മക പ്രതിഭകളെ വിലയിരുത്തുന്ന ഒരു പ്രമുഖ വേദിയായ അക്കാദമിയിൽ നമ്മുടെ രാജ്യത്തിന്റെ ഈ സൃഷ്ടി ആഘോഷിക്കപ്പെടുകയും പ്രദർശിപ്പിക്കപ്പെടുകയും ചെയ്യുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ അഭിമാനകരമായ ഒരു നിമിഷമായിരിക്കുമെന്നും നമിത് മൽഹോത്ര കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നഡ താരം യഷും വേഷമിടുന്നു. ഇവരെ കൂടാതെ ലക്ഷ്മണനായി രവി ദുബെയും ഹനുമാനായി സണ്ണി ഡിയോളും ശൂർപ്പണഖയായി രാകുൽ പ്രീത് സിങും മണ്ഡോദരിയായി കാജൽ അഗർവാളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 4000 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates