ബിജെപി നേതാവ് സന്ദീപ് വചസ്പതി പറഞ്ഞിട്ട് പങ്കെടുത്ത ഓണപ്പരിപാടിയിൽ മാന്യമായ പ്രതിഫലം ലഭിച്ചില്ലെന്ന പരാതിയുമായി നടി ലക്ഷ്മി പ്രിയ. ബിജെപി നേതാവ് സന്ദീപ് വചസ്പതി കൂടി ഉള്‍പ്പെട്ട എന്‍എസ്എസ് കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിലാണ് അനുഭവം എന്നാണ് കൃഷ്ണപ്രിയ പറയുന്നത്. മാന്യമായ പ്രതിഫലം നൽകുമെന്ന ഉറപ്പിലാണ് പരിപാടിയ്ക്ക് പോകുന്നത്. ചെറിയ കുഞ്ഞിനേയും കൊണ്ട് നൂറു കിലോമീറ്റർ യാത്ര ചെയ്താണ് പറഞ്ഞ സ്ഥലത്തെത്തിയത്. എന്നാൽ മാന്യമായ പ്രതിഫലമല്ല ലഭിച്ചത് എന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. തുടർന്ന് സന്ദീപ് വചസ്പതിയെ ഫോണിൽ വിളിച്ചപ്പോൾ രണ്ട് ദിവസത്തിനുള്ളിൽ പണം നൽകാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. തുടർന്ന് വീണ്ടു വിളിച്ചപ്പോൾ സന്ദീപ് വചസ്പതി മോശമായി സംസാരിച്ചെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.
ലക്ഷ്മി പ്രിയയുടെ കുറിപ്പ് വായിക്കാം
സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27 ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വച്ചസ്പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോൺടാക്ട് ചെയ്യുന്നു. പെണ്ണുക്കര തെക്ക് സന്ദീപ് വചസ്പതി കൂടി അംഗമായ NSS കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. ചെറിയ പരിപാടിയാണ് വലുതായി ഒന്നും പ്രതീക്ഷിക്കരുത് എന്ന് പറയുന്നു. ഈ നാട് മുഴുവൻ ബി ജെ പി യ്‌ക്ക് പ്രചരണത്തിന് പോയിട്ടുണ്ട്, R S S പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട്.ഒരു രൂപ പോലും മേടിക്കാതെ നിരവധി ഉത്ഘാടനങ്ങൾക്ക് പോയിട്ടുണ്ട്. അതൊക്കെ സ്വന്തം ഇഷ്ടപ്രകാരമാണ്. ക്യാഷ് മേടിച്ചും ഇതൊക്കെ ചെയ്തിട്ടുണ്ട്, അതും സ്വന്തം ഇഷ്ട്ട പ്രകാരം. സമയവും സൗകര്യവും ഉണ്ടെങ്കിൽ സൗജന്യമായി പോകാൻ ഏറെ അടുപ്പമുള്ളവർ വിളിച്ചാൽ മടി കാണിക്കാറില്ല. തൃശൂർ സ്ഥിരം ബിജെപി സ്ഥാനാർത്ഥി ഡീസൽ ക്യാഷ് എന്ന് പറഞ്ഞു നൽകിയ വണ്ടി ചെക്ക് ഇന്നും കയ്യിൽ ഭദ്രമായി ഇരിപ്പുണ്ട്. അതൊക്കെ മനസ്സിലുള്ളതിനാലും ശ്രീ സന്ദീപ് വചസ്പതിയോടുള്ള സൗഹൃദം കൊണ്ടും ചെല്ലാം എന്ന് സമ്മതിക്കുന്നു.
സന്ദീപ് വചസ്പതി പറഞ്ഞതനുസരിച്ചു രാജേഷ് പെണ്ണുക്കര എന്ന വ്യക്തി വിളിക്കുന്നു. എങ്ങനെയാണ് പേയ്‌മെന്റ് എന്ന് ചോദിക്കുന്നു. ഞാൻ ഏറ്റവും മിനിമം ഒരു പേയ്‌മെന്റ് പറയുന്നു. ഇതിൽ നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് അത് പറയാൻ പറയുന്നു. അതൊക്കെ ഞങ്ങൾ മാന്യമായി ചെയ്തുകൊള്ളാം എന്ന് പറയുന്നു. എങ്കിലും ഓണം പ്രോഗ്രാമുകൾ ഉള്ളതിന്റെ ഇടയ്ക്ക് വരുന്നതാണ് നിങ്ങൾക്ക് എത്ര പറ്റും എന്ന് ഞാൻ വീണ്ടും ചോദിക്കുന്നു. യാതൊരു പ്രശ്നവുമില്ല പോരെ എന്ന് രാജേഷ് പറയുന്നു.
കാക്കനാട് നിന്നും 100 ൽ കൂടുതൽ കിലോമീറ്റർ യാത്ര.3 മണിക്കൂറിൽ കൂടുതൽ ഓട്ടം.10.30 ന് എത്തണം. ചെറിയ കുഞ്ഞുമായി വെളുപ്പിന് ഇറങ്ങി. റോഡ് മുഴുവൻ പണികൾ. വളഞ്ഞും തിരിഞ്ഞും ഗൂഗിൾ പറഞ്ഞു തന്ന വഴിയിലൂടെ ഇപ്പറഞ്ഞ ഇടത്തെത്തി. ആഹാരം കഴിക്കാൻ പോലും വണ്ടി നിർത്തിയിട്ടില്ല. കുഞ്ഞും ആകെ വലഞ്ഞു. ഭംഗിയായി പ്രോഗ്രാം കഴിഞ്ഞു. അവരുടെ നിർബന്ധത്തിന് വഴങ്ങി ഒരുമിച്ച് ഭക്ഷണം കഴിച്ചു. എല്ലാവരുമായി ചേർന്നു സെൽഫികൾ എടുത്തു. പോരാൻ നേരം T G രാജേഷ് എന്ന എന്നെ സന്ദീപ് വചസ്പതി പറഞ്ഞിട്ട് വിളിച്ച വ്യക്തി അങ്ങ് മുങ്ങി. ശേഷം പ്രസിഡന്റ് പി ബി അഭിലാഷ് കുമാർ ഒരു കവർ തന്നു. ഇടുങ്ങിയ ഗേറ്റിൽ നിന്ന് റോഡിലേക്ക് വണ്ടി എടുക്കുമ്പോൾ ഒന്ന് റിവേഴ്‌സ് പറഞ്ഞു തരാൻ പോലും ഒരുത്തരും ഉണ്ടായില്ല. അപ്പോഴേ ഞങ്ങൾക്ക് സംശയം തോന്നി. കയ്യിൽ തന്ന കവർ അപ്പോൾ തന്നെ ഞാൻ പൊട്ടിച്ചു നോക്കി. ആ തുക ഇവിടെ എഴുതാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല. തിരിച്ച് അതുപോലെ വന്ന് ഈ രാജേഷിനെ വിളിക്കുന്നു. അയാൾ ഫോൺ എടുക്കുന്നില്ല. ശേഷം അവിടെ നിന്ന ഒരാളെക്കൊണ്ട് ഞങ്ങളുടെ വണ്ടി തിരികെ വന്നത് കാണാതെ നിന്ന പ്രസിഡന്റ് അഭിലാഷ് കുമാറിനെ അടുത്തേക്ക് വിളിച്ചു. ആ കവർ അതുപോലെ തിരികെ നൽകി.വണ്ടി എടുത്തു വീട്ടിലേക്ക് പോന്നു.
സന്ദീപ് ജി യെ വിളിച്ചു, അവരോട് മാന്യമായി പേയ്‌മെന്റ് നൽകണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എന്നും അവർ എത്ര നൽകി എന്നും എന്നെ അറിയിക്കണം എന്നും അന്ന് രാവിലെ കൂടി എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ? വിവരങ്ങൾ അറിയിക്കുന്നു, അദ്ദേഹം അതീവ വിഷമത്തിൽ ക്ഷമ പറയുന്നു. രാജേഷിനെ വിളിക്കുന്നു. എനിക്ക് തരാൻ വച്ചിരുന്ന പണം തലേ ദിവസത്തെ ഹോസ്പിറ്റൽ കേസിനു ചിലവായി എന്ന് പറയുന്നു. അങ്ങനെ എങ്കിൽ ആ വിവരം നിങ്ങൾ എന്നെ അറിയിക്കാതെ ഒന്ന് യാത്രയയ്ക്കുക പോലും ചെയ്യാതെ എന്തിന് മാറി നിന്നു എന്ന് ഞാൻ ചോദിക്കുന്നു. ഉടായിപ്പ് ഞാൻ മനസ്സിലാക്കി ഒരു സംഘ പ്രവർത്തകന് ഒരിക്കലും ചേരുന്നതല്ല ഈ കാണിച്ചത് എന്ന് ഞാൻ പറയുന്നു. എന്റെ അക്കൗണ്ട് നമ്പർ ഇട്ടാൽ എന്റെ പേയ്‌മെന്റ് വണ്ടിക്കൂലി അടക്കം രണ്ട് ദിവസത്തിനുള്ളിൽ എന്ന് സന്ദീപ് വചസ്പതിയും രാജേഷും പറയുന്നു.
ഓണം, തിരക്ക് ഇവയൊക്കെ കഴിഞ്ഞു വിളിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് തിരക്കുകളിൽ ആണ് free ആകുമ്പോ വിളിക്കാം എന്ന് സന്ദീപ് ജി അറിയിക്കുന്നു. രാജേഷ് അന്ന് തൊട്ട് ഇന്ന് വരെ എന്റെ ഫോൺ എടുത്തിട്ടില്ല. വിളി ഇങ്ങോട്ട് കാണാത്തതിനാൽ സന്ദീപ് ജി യെ വിളിക്കുന്നു ഫോൺ എടുക്കുന്നില്ല. മെസ്സേജ് ചെയ്തു, പ്രതികരണം ഇല്ല.
ഇന്ന് വീണ്ടും വിളിച്ചു. എന്റെ ഫോൺ എടുക്കാത്തതിനാൽ ചേട്ടന്റെ ഫോണിൽ നിന്നും വിളിച്ചു. എനിക്ക് ഫോൺ തരാൻ പറയുന്നു. ചാനൽ ചർച്ചകളിൽ എതിരാളികളെ ഘോര ഘോരം സമർത്ഥിച്ച് മലർത്തിയടിക്കുന്ന സന്ദീപ് വചസ്പതി എന്ന വിഗ്രഹം പറയുന്നത് " അവർക്ക് നിങ്ങൾ പറയുന്ന തുക നൽകാൻ കഴിയില്ല, അവർ കരുതി വച്ച തുക ആർക്കോ ഹോസ്പിറ്റൽ ആവശ്യം വന്നപ്പോൾ ചിലവായി പോയി. നിങ്ങൾ പറഞ്ഞ തുക തരാം എന്ന് രാജേഷ് ഒരിക്കലും സമ്മതിച്ചിട്ടില്ല. കാരണം അതൊരു ചെറിയ പരിപാടി ആയിരുന്നു. നിങ്ങൾ അത് കണ്ടല്ലോ? എന്റെ പരിപാടിയ്ക്ക് വിഷ്ണു ഉണ്ണി കൃഷ്ണനും ശിവദയും വന്നിട്ടുണ്ട്.10 പൈസ മേടിക്കാതെ. നിങ്ങൾ തിരിച്ചു ചെന്നു കാശ് തിരിച്ചു കൊടുത്തതൊക്കെ വലിയ നാണക്കേട് ആയിപ്പോയി". കൊള്ളാം. ഈ നിമിഷം വരെ ഞാനും ഈ സന്ദീപ് വചസ്പതിയും രാജേഷും ആ പ്രസിഡന്റ് ഉം മാത്രം അറിഞ്ഞ സംഗതി ഞങ്ങൾ അതീവ ഗോപ്യമായി കൈകാര്യം ചെയ്ത സംഗതി എങ്ങനെയാണ് നാട്ടുകാർ അറിയുന്നത്? ആവശ്യം കഴിഞ്ഞല്ലോ ഇനി എന്തും പറയാം.നിങ്ങൾ പറഞ്ഞു എന്ന് ഞാൻ പറഞ്ഞോ? അല്ലാതെ നിങ്ങൾ ഈ വിവരങ്ങൾ എന്തിന് എന്നോട് പറയണം?? നിങ്ങൾ എന്തിനാണ് ഇങ്ങനെ അലറുന്നത്?
വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ നാം ആദരിക്കുന്ന വ്യക്തികളിൽ നിന്നും അനാവശ്യo കേട്ടാൽ അലറും. മൂന്ന് പേരിൽ ഒതുങ്ങിയ മാന്യമായി കൈകാര്യം ചെയ്യാമായിരുന്ന കാര്യങ്ങൾ ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹരിച്ചില്ല എന്ന് മാത്രമല്ല എനിക്ക് കുറ്റവും ചാർത്തിത്തന്നു.. അങ്ങിനെയെങ്കിൽ ഇതുവരെ അറിയിക്കാത്തത് നാട്ടുകാർ അറിയും അറിയിക്കും. കേവലം ഒരു വ്യക്തിയായ എന്നോട് പറഞ്ഞ വാക്കു പാലിക്കാത്ത ആൾ ആണോ നേതാവായി ജനങ്ങൾക്ക് മുഴുവൻ കൊടുക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നത്?
പ്രസ്ഥാനത്തിനോടുള്ള ഇഷ്ട്ടം കൊണ്ട് സംഘി എന്ന വിളിപ്പേരും, തൊഴിലിടത്തിൽ നിന്നും മാറ്റി നിർത്തലും മാത്രം അനുഭവിക്കുമ്പോ നോവ് അല്പ്പം കൂടുതൽ ആയിരിക്കും. വിജയിച്ചു കാണണം. നന്ദി ലക്ഷ്മി പ്രിയ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates