ഇരുപതാം വിവാഹവാർഷിക ദിനത്തിൽ വൈകാരിക കുറിപ്പുമായി സിനിമ-സീരിയൽ താരം ലക്ഷ്മിപ്രിയ. കഷ്‌ടപ്പാടുകൾ മാത്രം നിറഞ്ഞ തന്റെ ജീവിതത്തിലേക്ക് സന്തോഷം നിറച്ച ഭർത്താവ് ജയേഷിനെ കുറിച്ചാണ് ലക്ഷ്മിപ്രിയയുടെ കുറിപ്പ്.
സുരക്ഷിത ബോധത്തോടെയുള്ള ജീവിതം ആരംഭിച്ചിട്ട് 20 വർഷമായെന്ന് പറഞ്ഞു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് കുറിപ്പിൽ ചെറുപ്പകാലത്ത് അനുഭവിച്ച ഒറ്റപ്പെടലിനെ കുറിച്ചും കഷ്ടപ്പാടുകളെ കുറിച്ചും താരം പറയുന്നുണ്ട്. ഭർത്താവ് ജയേഷിനൊപ്പം നിൽക്കുന്ന പഴയൊരു ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്.
ലക്ഷ്മിപ്രിയയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
'സുരക്ഷിത്വ ബോധത്തോടെയുള്ള എന്റെ ജീവിതം ഞാൻ നയിക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 20 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. വിവാഹം ആണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്നു എന്നോട് ചോദിച്ചാൽ ഞാൻ പറയും അതേ എന്ന്. അല്ലെങ്കിൽ വളരെ സ്ട്രോങ്ങ് ആയ അച്ഛനോ ആങ്ങളയോ ഒക്കെ ഉണ്ടാവണം. അത് ഒപ്പം ചേർന്നു നടക്കുന്ന ഒരു ജീവിത പങ്കാളി തന്നെ ആയാൽ ഏറ്റവും നല്ലത്.സംരക്ഷണവും സ്നേഹവും ഉണ്ടാവണം.
രണ്ട് വയസ്സിൽ മാതാപിതാക്കൻ മാരിൽ നിന്നും വേർപിരിഞ്ഞ എനിക്ക് എല്ലാം റ്റാറ്റായും അപ്പച്ചിയും വാപ്പുമ്മയും ആയിരുന്നു. ഞാൻ പത്തിൽ എത്തിയപ്പോൾ അപ്പച്ചിയും 11ൽ ആയപ്പോൾ വാപ്പൂമ്മയും മരിച്ചു. ഒരുപാട് കട ബാധ്യതകൾ മൂലം റ്റാറ്റായ്ക്ക് എങ്ങോട്ടോ മാറി നിൽക്കേണ്ടി വന്നു. 16 കാരിയായ എന്റെ ജീവിതം ഒരു നാടക ക്യാമ്പിലേക്ക് പറിച്ചു നടപ്പെട്ടു. നമ്മൾ സിനിമയിലൊക്കെ കാണുമ്പോലെ വലിയ വലിയ കർട്ടൻ കെട്ടുകളും രാജാവിന്റെ വാളും കിരീടവും കറ്റൗട്ടരും നിറച്ചു വച്ച ഇരുട്ട് നിറഞ്ഞ ഒരു കുടുസ്സ് മുറി. കാറ്റ് കടക്കാൻ ഒരു ജനൽ പോലുമില്ല. ഒരു പഴയ കഷ്ടിച്ച് ഒരാൾക്ക് കിടക്കാവുന്ന ഒരു കട്ടിൽ.എന്റേതായി പദ്മരാജനും മാധവിക്കുട്ടിയുമടങ്ങിയ പുസ്തക ശേഖരം മാത്രം.220 രൂപ ശമ്പളം. അതിൽ 200 രൂപയും ഞാൻ ചിട്ടിയ്ക്ക് കൊടുക്കും. മിച്ചമുള്ള 20 രൂപയിൽ പരമാവധി ചിലവാക്കാതെ വയ്ക്കും.
നാടകമില്ലാത്തപ്പോൾ സ്കൂളിൽ പോകും. ഉത്സവകാലങ്ങളിൽ പരീക്ഷക്കാലവും ആണ്. നാടക വണ്ടി സ്കൂളിന് വെളിയിൽ കാത്ത് കിടക്കും.
ഒരിക്കൽ അച്ഛനെ ( പട്ടണക്കാട് പുരുഷോത്തമൻ ) കാണാൻ വന്ന ചേട്ടന് അച്ഛനെ കാണാൻ കഴിഞ്ഞില്ല. വന്ന വിവരം എന്നോട് പറഞ്ഞേൽപ്പിച്ചു പോകാം എന്ന് കരുതി ഉറങ്ങുന്ന എന്നെ തട്ടി വിളിച്ചു. വാതിൽ ഒരു പാളി മാത്രം തുറന്ന് മുറിക്കുള്ളിലെ കാഴ്ചകൾ അദ്ദേഹം കാണാതിരിക്കാൻ ഞാൻ മറഞ്ഞു നിന്നു സംസാരിച്ചു. ആ വർത്താനത്തിന്റെ ഇടയിൽ അദ്ദേഹം എത്തി എത്തി നോക്കി ആ മുറിക്കകം കണ്ടു. " എന്താ ഇത് ഒരു ഫാൻ പോലുമില്ലാതെ താൻ എങ്ങനെ ഇവിടെ കിടക്കുന്നു? " എന്ന് ചോദിച്ചു. ഞാൻ ചമ്മി എന്തോ പറഞ്ഞു.
ആ ഒറ്റമുറിയിൽ നിന്നും എന്നെ രക്ഷപ്പെടുത്തണം എന്ന അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ആണ് ' ലക്ഷ്മി പ്രിയ '.. നിങ്ങൾ കാണുന്ന ലക്ഷ്മി പ്രിയ! പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ട്. ഇനി ഒരുമിച്ചു ജീവിക്കില്ല എന്ന് തീരുമാനിച്ച നിമിഷങ്ങളുണ്ട്. പക്ഷേ അദ്ദേഹം ഇല്ലെങ്കിൽ ഞാനില്ല. ഞാനില്ല എങ്കിൽ അദ്ദേഹവും. ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കുവാൻ നിങ്ങളുടെ പ്രാർത്ഥന വേണം.'
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates