ഷൈനി സാറ ഫെയ്സ്ബുക്ക്
Entertainment

'ജയിലർ‌ 2' വിൽ രജനികാന്തിന്റെ നായിക, 10 ലക്ഷം രൂപ പ്രതിഫലം; തട്ടിപ്പ് വെളിപ്പെടുത്തി നടി ഷൈനി സാറ

12,500 രൂപ ഓൺലൈനായി അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന സംശയം തോന്നിയത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രജനികാന്ത് നായകനായെത്തുന്ന ജയിലർ 2 വിൽ അഭിനയിക്കാനുള്ള അവസരം വാ​ഗ്​ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം. നായകന്റെ ഭാര്യയുടെ റോളിലേക്ക് അവസരം വാ​ഗ്‌ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം നടത്തിയെന്ന് നടി ഷൈനി സാറ വെളിപ്പെടുത്തി. ഓഡിഷനിൽ അവസരം ഉറപ്പാക്കിയാൽ 10 ലക്ഷം രൂപയാണ് പ്രതിഫലം വാ​ഗ്‌ദാനം ചെയ്തത്. വിഡിയോ കോളിൽ ഓഡിഷൻ നടത്തിയ ശേഷം തമിഴിൽ‌ അഭിനയിക്കാനുള്ള ആർട്ടിസ്റ്റ് കാർഡ് ഉണ്ടോയെന്ന് ചോദിച്ചു.

അതില്ലെന്ന് പറഞ്ഞപ്പോൾ അതിനായി 12,500 രൂപ ഓൺലൈനായി അയയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന സംശയം തോന്നിയത്. പിന്നീട് തമിഴിൽ അഭിനയിക്കുന്ന മലയാള നടിമാരോടു തിരക്കിയപ്പോൾ ആർട്ടിസ്റ്റ് കാർഡില്ലെന്ന് അറി‍ഞ്ഞു. അപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. മലയാളത്തിലെ മറ്റു പലർക്കും ഇത്തരം വ്യാജ കാസ്റ്റിങ് തട്ടിപ്പ് കോളുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയാണ് ഷൈനി സാറ ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.

"സംഗതി രസകരവും ഒപ്പം ഗൗരവമുള്ളതുമാണ്. കഴിഞ്ഞ ദിവസം എന്‍റെ വാട്സാപ്പില്‍ ഒരു മെസേജ് വന്നു. കാസ്റ്റിങ് ഏജൻസി വഴി ജയിലർ 2വിനു വേണ്ടി അപേക്ഷിച്ച നിങ്ങളുടെ അപേക്ഷ ഞങ്ങൾ പരിഗണിച്ചുവെന്നും രജനിയുടെ മകളുടെയും മകന്‍റെയും വേഷത്തിലാണ് ഇപ്പോൾ ആളുകളെ നോക്കുന്നതെന്നും പറഞ്ഞു. എന്‍റെ പ്രായത്തിനനുസരിച്ചുള്ള വേഷമെന്തെങ്കിലും വേണമെന്നു പറഞ്ഞപ്പോള്‍ അവർക്കു വിവരങ്ങളെല്ലാം നൽകി.

പിറ്റേന്ന് സുരേഷ് കുമാര്‍ കാസ്റ്റിങ്സ് എന്ന പേരിലുള്ള കമ്പനിയിൽ നിന്നും ഒരാള്‍ വാട്സാപ്പിൽ വന്ന് പാസ്പോർട്ട് ഉണ്ടോ, തമിഴ്നാട്ടിലും മലേഷ്യയിലുമാണ് ഷൂട്ടെന്നു പറഞ്ഞു. കാസ്റ്റിങിൽ തിരഞ്ഞെടുത്താൽ പത്തര ലക്ഷം രൂപയാണ് പ്രതിഫലമെന്നും പറഞ്ഞു. പ്രൊഫഷനലായ രീതിയിലുള്ള ഇവരുടെ ഇടപെടലിൽ ഞാൻ വീണു. ഒരു നിമിഷം എന്‍റെ മനസ്സിൽ ലഡു പൊട്ടി. നാളെ രാവിലെ പതിനൊന്നു മണിക്ക് സുരേഷ് സർ വിളിക്കുമെന്നും അയാള്‍ പറഞ്ഞു. പക്ഷേ രണ്ട് ദിവസം കഴിഞ്ഞിട്ടും വിളിച്ചില്ല. മൂന്നാം ദിവസം സുരേഷ് എന്നു പറയുന്ന ആൾ ഓഡിയോ കോൾ ചെയ്ത ശേഷം ഉടൻ റെഡിയാകണം, വിഡിയോ കോളിൽ വരണം എന്നൊക്കെ പറഞ്ഞു.

ഒരുപാട് പേരെ അഭിമുഖം നടത്താനുണ്ട്, മുടി അഴിച്ചിട്ട് സാരി ഉടുത്ത് വരണം എന്നൊക്കെയായിരുന്നു നിര്‍ദേശം. ഞാന്‍ കേട്ട പാതി കേള്‍ക്കാത്ത പാതി വീട്ടിലെത്തി സാരിയൊക്കെ ഉടുത്ത് റെഡിയായി. അയാൾ വിളിക്കുന്നു, അങ്ങനെ അഭിമുഖം തുടങ്ങി. ആദ്യം എന്‍റെ പ്രൊഫൈൽ പറഞ്ഞു. ചെരിഞ്ഞു നിൽക്കൂ, നീങ്ങി നിൽക്കൂ എന്നൊക്കെ അയാള്‍ പറയുന്നുണ്ട്. വളരെ മാന്യമായാണ് സംസാരിക്കുന്നത്. ഷൂട്ടിങിനു വരുമ്പോൾ ഗാർഡിയനെ നിർബന്ധമായും കൊണ്ടുവരണമെന്നു പറഞ്ഞു. അതിനു ശേഷം ആർട്ടിസ്റ്റ് കാർഡ് ഉണ്ടോ എന്നു ചോദിച്ചു. അതിവിടെ നമുക്ക് ഇല്ല.

ഞാൻ എടുത്തിട്ടുമില്ല. തമിഴ്നാട്ടിൽ അത് അത്യാവശ്യമാണെന്നും 12500 രൂപയാണ് അതിനു വരുന്നതെന്നും അവർ പറഞ്ഞു. എനിക്കു വേണ്ടി അവർ അത് എടുത്തു തരാമെന്ന വാഗ്ദാനവും ചെയ്തു. അതിനായി ആധാർ കാര്‍ഡിന്‍റെ കോപ്പി, ഫോട്ടോ എന്നിവ അയയ്ക്കണമെന്നും പറഞ്ഞു. ഒരു ഇമെയ്ൽ അയയ്ക്കാം, അതിനു ഓക്കെ തന്നാൽ ആർട്ടിസ്റ്റ് കാർഡിനുള്ള അപേക്ഷ കൊടുക്കാമെന്നു പറഞ്ഞു. വളരെ പ്രൊഫഷനായ മെയിലാണ് വന്നത്. ഞാന്‍ ആ മെയിലിന് ഓക്കെ കൊടുത്തു. അതിനുശേഷം അവർ ഓഡിയോ കോൾ വിളിച്ചു.

മെയിൽ കിട്ടി, ഇന്നു തന്നെ ആർടിസ്റ്റ് കാർഡ് എടുക്കാന്‍ പൈസ അയക്കണമെന്നു പറഞ്ഞു. പൈസ വേണമെന്നു പറഞ്ഞപ്പോൾ, അതിനു കുറച്ച് സമയം വേണമെന്നു ഞാൻ പറഞ്ഞു. നിങ്ങൾ ഓക്കെ പറഞ്ഞതുകൊണ്ടല്ലേ കൺഫർമേഷൻ മെയിൽ അയച്ചതെന്നും വേറെ പല അഭിനേതാക്കളും ക്യൂവിലാണെന്നും അവർ പറഞ്ഞു. നിങ്ങളെ പെട്ടെന്ന് കാസ്റ്റ് ചെയ്യുന്നതിനാണ് ആർട്ടിസ്റ്റ് കാർഡ് ഇപ്പോള്‍ തന്നെ എടുക്കാമെന്നു പറഞ്ഞത്, എത്ര സമയം വേണമെന്നും എന്നോടു ചോദിച്ചു. രണ്ട് ദിവസമെന്ന് ഞാൻ പറഞ്ഞെങ്കിലും രണ്ട് ദിവസം പറ്റില്ല, പകുതി പൈസ ഇപ്പോൾ അയക്കൂ, ബാക്കി പൈസ പിന്നെ അയച്ചാൽ മതിയെന്നും ക്യൂ ആർ കോഡ് തരാമെന്നും പറഞ്ഞു.

ഇതു കേട്ടതോടെ പിടുത്തം കിട്ടി. ഓക്കെ സർ എന്നു പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അതിനുശേഷം തമിഴ് ചിത്രങ്ങളിലൊക്കെ അഭിനയിക്കുന്ന മാലാ പാർവതിയെയും ലിജോമോളെയും വിളിച്ചെങ്കിലും രണ്ട് പേരെയും കിട്ടിയില്ല. വേറൊരു തമിഴ് സുഹൃത്തിനെ വിളിച്ച് ആർട്ടിസ്റ്റ് കാർഡിന്‍റെ കാര്യം ചോദിച്ചു. അങ്ങനെയൊരു കാർഡ് ആവശ്യമില്ലെന്നായിരുന്നു അവരുടെ മറുപടി". ഈ സംഭവത്തിന് പിന്നാലെ മാല പാര്‍വതിയും ഷൈനിയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

'പുതിയ വെട്ടിപ്പുമായി സുരേഷ് കുമാര്‍ കാസ്റ്റിങ്സ്. നെല്‍സന്‍റെ ജയിലര്‍ 2വില്‍ ഗംഭീര വേഷം. ഷൂട്ട് ഷെഡ്യൂൾ, വേണ്ട ഡേറ്റുകൾ, റെമ്യൂണറേഷൻ അടക്കം സകല ഡിറ്റെയിൽസും. ഒരേ ഒരു തടസ്സം ആർട്ടിസ്റ്റ് കാർഡാണ് പോലും.12500 രൂപ അടയ്ക്കണം.7535801976. ഈ നമ്പറിൽ നിന്നാണ് കോൾ. ഷൈനി സാറയ്ക്ക് കിട്ടിയ കള്ള കോൾ, ഷൈനി തിരിച്ചറിഞ്ഞു. തട്ടിപ്പാണ് എന്ന് വേണ്ടപ്പെട്ടവരെ വിളിച്ച് തിരക്കി ഉറപ്പ് വരുത്തുകയും ചെയ്തു. സുരേഷ് കുമാർമാര്‍ കറങ്ങി നടപ്പുണ്ട്. ജാഗ്രതൈ! തമിഴിൽ അഭിനയിക്കാൻ ഇങ്ങനെ ഒരു കാർഡും ആവശ്യമില്ല. ഷൈനി രക്ഷപ്പെട്ടു' എന്ന അടിക്കുറിപ്പോടെയാണ് ഷൈനിയുടെ വിഡിയോ മാല പാര്‍വതി പങ്കുവെച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT